Malayalam News Daily-27 |
ഇലന്തിക്കരയിലേയ്ക്കുള്ള റോഡുകളെല്ലാം ആയുധ ധാരികളായ പോലീസിനെ കൊണ്ടു നിറഞ്ഞിരിക്കുന്നു ..എല്ലാ നീക്കവും അവരുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ്. കടല്‍വഴിയുള്ള യാത്രയ്ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ മറൈന്‍ പോലീസിനെ നിയോഗിച്ചു. നാല് സ്പീഡ്ബോട്ടുകളിലായി അവര്‍ ശത്രുവിനെ തേടി റോന്തുചുറ്റുകയാണ്.
കോസ്റ്റ്ഗാര്‍ഡിന്റെ രണ്ട് കപ്പലുകള്‍ തൂത്തുക്കുടിയിലെത്തിയിട്ടുണ്ട് . അഹല്യാദേവി, വീര എന്നീ പേരുകളുള്ള ഈ കപ്പലുകള്‍ കിഴക്കന്‍തീരം നിരീക്ഷിച്ചുവരികയാണ്. എങ്ങും യുദ്ധ സമാനമായ
അന്തരീക്ഷം ...ഏതു നിമിഷവും ഉയരാവുന്ന നിലവിളികല്‍ക്കായി കരയും കടലും വീര്‍പ്പടക്കി പിടിച്ചു നില്‍ക്കുന്നു .
ജനിച്ചു പോയി എന്ന അനിവാര്യമായ തെറ്റ് സംഭവിച്ചു പോയത് കൊണ്ട് മാത്രം മരിക്കും വരെ ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരു കൂട്ടം നിസ്സഹായരായ മനുഷ്യ ജന്മങ്ങളെ ഭസ്മീകരിക്കാന്‍ വേണ്ടി മാത്രമാണ് ഭരണകൂടത്തിന്റെ ഈ സന്നാഹങ്ങള്‍ എന്നറിയുമ്പോളാണ് നമ്മുടെ ശിരസ്സുകള്‍ അപമാന ഭാരം കൊണ്ട് കുനിഞ്ഞു പോവുക ...തങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് സമരമുഖത്തു നിലയുറപ്പിച്ച ജനതയ്ക്ക് വേണ്ടി സ്വയം തീപ്പന്തങ്ങളാകാന്‍ കാത്തു നില്‍ക്കുന്ന പുഷ്പരാജനെയും ഉദയകുമാറിനെയും ഭീകരന്മാരായ രാജ്യദ്രോഹികളായി മുദ്രകുത്തി വേട്ടയാടുന്ന തിരക്കിലാണ് തമിഴ്നാട് സര്‍ക്കാരും അവരുടെ പോലീസും .
പിറന്നു വീണ മണ്ണ് കാല്‍ച്ചുവട്ടില്‍ നിന്ന് നഷ്ടപ്പെടുന്നു എന്നറിയുമ്പോള്‍ അതി ജീവനത്തിനായി പോരാടുന്ന വിലകെട്ട ജന്മങ്ങളെ പുഴുക്കളെ പോലെ ഞെരിച്ചും കാല്‍ച്ചുവട്ടിലിട്ടു ചതച്ചരച്ചും തോക്കുകള്‍ കൊണ്ട് ചുട്ടുകരിച്ചും ഭരണകൂട ഭീകരത ലോകത്തിന്റെ ഓരോ കോണിലും തങ്ങളുടെ അധികാരക്കോയ്മയുടെ കൊടികള്‍ നാട്ടുന്നു . വിഷം വിറ്റും .ആയുധം വിറ്റും ,കള്ള ക്കമ്മട്ടങ്ങള്‍ ഉണ്ടാക്കിയും മണ്ണും വെള്ളവും പ്രകൃതി വിഭവങ്ങളും വിറ്റു തുലച്ചും ദല്ലാളന്‍ മാര്‍ക്ക് കൂട്ട് നിന്നും ഭരണ വര്‍ഗ്ഗം തിമിര്‍ക്കുമ്പോള്‍ അതിനിടയി ല്‍ പെട്ട് പോകുന്ന നിരാലംബരുടെ നിലവിളികള്‍ ശക്തരുടെ വാചാടോപ കോലാഹലങ്ങള്‍ക്കിടയില്‍ ഒന്നുമല്ലാതാകുന്നു.
അന്തരീക്ഷത്തില്‍ ലയിച്ചു പോയ അത്തരം നിലവിളികള്‍ ഉയര്‍ന്നു താണ വയനാടും മുത്തങ്ങയും കാസര്‍ കോട്ടെ എന്‍ഡോ സള്‍ഫാന്‍ ദുരന്ത ഭൂമിയും ,വടുതലയിലെയും , ചെങ്ങറയിലെയും കുടിയിറക്ക് സമരങ്ങളും എരിഞ്ഞടങ്ങിയ അഗ്നി പര്‍വ്വതങ്ങള്‍ പോലെ ചരിത്രത്താളുകളില്‍ കരിപിടിച്ചു കിടക്കുന്നു .
തമിഴ്നാട് കന്യാകുമാരി ജില്ലയിലെ കൂടംകുളത്ത് ജനങ്ങളുടെ എതിര്‍പ്പുകളെ മറികടന്ന് ആണവ നിലയം സ്ഥാപിക്കാനുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നീക്കത്തിനെതിരെ യാണ് ഇലന്തിക്കര എന്ന ഗ്രാമത്തിലെ ദരിദ്ര ജനങ്ങള്‍ നാനൂറു ദിവസങ്ങള്‍ പിന്നിട്ട സമരം തുടരുന്നത് ..കഴിഞ്ഞ വര്ഷം സെപ്തംബര്‍ 12-ന് ആണവ നിലയത്തിനെതിരെ രാമനാഥപുരത്തെ പരമക്കുടിയില്‍ സമരം ചെയ്ത ജനക്കൂട്ടത്തിനു നേരെ ജയലളിതയുടെ പോലീസ് നടത്തിയ വെടിവയ്പ്പില്‍ ആറു ദളിതര്‍ മരിച്ചിരുന്നു . അതോടെ ആ സമരം തല്‍ക്കാലം എരിഞ്ഞടങ്ങി ..എന്നാലും ചാരം മൂടി കിടന്ന കനലുകള്‍ ഒരു കൊല്ലത്തിനിപ്പുറം വീണ്ടും ഇലന്തിക്കരയില്‍ ആളിക്കത്തുമ്പോള്‍ ഒരു പോലിസ് വെടിവെപ്പും മരണവുമുണ്ടായിരിക്കുകയാണ്. സഹന സമരത്തെ നര വേട്ടയ്ക്കുള്ള അങ്കത്തട്ടായി സര്‍ക്കാര്‍ മാറ്റിയപ്പോള്‍ ഭയചകിതനായി കടലില്‍ വീണു പാറക്കെട്ടില്‍ തലയിടിച്ചു മറ്റൊരു ജീവനും പൊലിഞ്ഞു..
സമരപ്പന്തലില്‍ നിന്ന് അനുയായികളുടെ സ്നേഹപൂര്‍വ്വമുള്ള നിര്ബന്ധത് തിനു വഴങ്ങി അവരുടെ നേതാവ് ഉദയകുമാര്‍ ഒളിവില്‍ പോയിരിക്കുകയാണ് . ഒളിവിലിരുന്നും അയാള്‍ തന്റെ കൂട്ടത്തിനു വേണ്ടി പോരാടുന്നു . ആ പോരാട്ട വീര്യത്തില്‍ നിന്ന് ഊര്‍ജ്ജം സംഭരിച്ചു കുഞ്ഞു കുട്ടികളും വൃദ്ധന്മാരും അടക്കം നൂറുകണക്കിന് തമിഴ് മക്കള്‍ കടലിലും കരയിലുമായി മരണം മണക്കുന്ന സമരം തുടരുന്നു ...
എന്നിട്ടും അവര്‍ പോരാടുകയാണ് ..കഴിഞ്ഞ നാനൂറു ദിവങ്ങസളായി ........
കേരളത്തിന്റെയും തമിഴ്നാടിന്റെയും ഗ്രാമീണ ജീവിതത്തെ വകഞ്ഞു മാറ്റിക്കൊണ്ട് കൂടങ്കുളത്തെ താപനിലയം ഉയര്‍ന്നാല്‍ തമിഴ്‌നാടന്‍ നഗരങ്ങളില്‍ വൈദ്യതിയും വികസനവും വരും ..വ്യവസായങ്ങള്‍ ആകാശത്തിലേക്ക് പുകക്കുഴലുകള്‍ നീട്ടി നിവര്‍ന്നു നില്‍ക്കും . സംസ്ഥാനം സാമ്പത്തികമായി മെച്ചപ്പെടും .നഗരങ്ങളിലെ വിദ്യാസമ്പന്നരായ പരിഷ്ക്രുതര്‍ക്ക് തൊഴിലുകള്‍ ലഭിക്കും ..രാഷ്ട്രം ആണവ നിലയങ്ങളുടെ ഗരിമയില്‍ തിളങ്ങി നില്‍ക്കും .
നഗരങ്ങള്‍ വളരാനായി ചോരയും നീരും ജീവനും കൊടുക്കുന്ന ഗ്രാമങ്ങളാകട്ടെ വികസനത്തിന്റെ പുകക്കുഴലുകള്‍ തുപ്പുന്ന വിഷപ്പുകയേറ്റ് ശ്വാസം കിട്ടാതെ പിടയും ..അവരുടെ കുടിവെള്ളത്തില്‍ മാരകമായ വിഷം കലരും .മജ്ജ ചോര്‍ന്നു പോയ . ജീവ കോശങ്ങളില്‍ അര്ബുദത്തിന്റെയും ജനിതക വൈകല്യങ്ങളുടെയും രോഗ ബീജങ്ങള്‍ നുരച്ചു നടക്കും .അവര്‍ ജനിച്ച മണ്ണില്‍ നിന്നു ആട്ടിയിറക്കപ്പെടും ,സൂര്യകാന്തിയും .ചോളവും , തക്കാളിയും ,കരിമ്പും വിളഞ്ഞിരുന്ന അവരുടെ മണ്ണ് പുല്‍നാമ്പിനു പോലും തല നീട്ടാനാവാതെ ഊഷരമാകും . അവര്‍ ആവാസ വ്യവസ്ഥകളില്‍ നിന്ന് കുടിയിറക്കപ്പെട്ടു പരദേശികളെ പോലെ നാല് ദിക്കിലേക്കും പിഴുതെറിയപ്പെടും...അതാണ് ,,,അത് മാത്രമാണ് സംഭവിക്കുക .നഗരങ്ങള്‍ വളരാന്‍ ഗ്രാമങ്ങളെ കുരുതി കൊടുക്കുന്ന അധിനിവേശ വികസന ശക്തികളുടെ പരമ്പരാഗത വികസന ശൈലി ഇതൊകെയാണ് നമുക്ക് നല്‍കുന്ന പാഠങ്ങള്‍ ...
രാജ്യം വികസിക്കുന്നതില്‍ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനതയ്ക്ക് വിരോധമില്ല .നഗരങ്ങള്‍ വളരുന്നതിലും .വന്‍കിടക്കാരുടെ കുടങ്ങളിലേക്ക് മാത്രം ഇടതടവില്ലാതെ കോരിയോഴിക്കപ്പെടുന്നതാണ് വികസനമെങ്കിലും അതിന്റെ വശങ്ങളിലൂടെ വീണു കിട്ടുന്ന പൊട്ടും പോടിയുമെങ്കിലും തങ്ങളുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കുമെന്ന് പാവങ്ങളും പ്രത്യാശിക്കുന്നു .
പക്ഷെ തങ്ങളുടെ നെഞ്ചില്‍ ചവിട്ടി നിന്ന് കൊണ്ടുമാത്രമേ ഭരണ വര്‍ഗ്ഗം നാട്ടില്‍ വികസനം വരുത്തൂ എന്ന നിലപാടിന് അവര്‍ എന്നും എതിരാണ് . അവര്‍ പോരാടുന്നത് അവര്‍ക്ക് വേണ്ടി മാത്രമല്ല ..അവര്‍ ചവിട്ടി നില്‍ക്കുന്ന മണ്ണിനെയും അവരുടെ കൃഷിയിടങ്ങളെ ഫലഭൂയിഷ്ടമാക്കുന്ന നദികളെയും ,അവരുടെ ജീവനില്‍ തണലും സാന്ത്വനവും ആകുന്ന പ്രകൃതിയെയും അവയെല്ലാം ഉള്‍പ്പെടുന്ന ആവാസ വ്യവസ്ഥയെയും സംരക്ഷിക്കാന്‍ കൂടി വേണ്ടിയാണ് അവരുടെ സമരങ്ങള്‍ . കായലും കടലും മലയും താഴ്വാരവും കിളികളും മൃഗങ്ങളും കൂടി ഇല്ലെങ്കില്‍ അവരുടെ ജീവിതം
പൂര്‍ണ്ണത നേടില്ല എന്നവര്‍ വിശ്വസിക്കുന്നു . നഗരങ്ങളിലെ ശീതീകരിച്ച മുറികളില്‍ ലാഭാക്കൊതിയോടെ വികസന ഭൂപടങ്ങള്‍ വരയ്ക്കുന്നവര്‍ക്ക് അതൊന്നും മനസിലാകണം എന്നില്ല . അത് പോലെ തന്നെ പരിഷ്കൃത സമൂഹം ഉയര്‍ത്തിക്കാട്ടുന്ന വികസന നേട്ടങ്ങളുടെ ഏറ്റക്കുറച്ചില്‍ വിലയിരുത്താനും ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന കുതിപ്പുകളുടെ ഗ്രാഫ് വിശകലനം ചെയ്യാനും ഉള്ള ജ്ഞാനം ഇല്ലെങ്കിലും കൂടം കുളത്ത് എന്നല്ല എവിടെ ആണവ നിലയം വന്നാലും അത് സര്‍വ്വ നാശമാണ് ആത്യന്തികമായി കൊണ്ടുവരിക എന്ന് പാവപ്പെട്ടവരേങ്കിലും ആ ജനങ്ങളെ ആരും പഠിപ്പിച്ചു കൊടുക്കണം എന്നില്ല.
സോവ്യറ്റ് യൂണിയനിലെ ചെര്‍ണോബിലും ,ജപ്പാനിലെ ഹുകുഷിമയിലും ത്രീ മെയില്‍ ഐലണ്ടിലും ഉണ്ടായ വന്‍ ദുരന്തങ്ങള്‍ ചരിത്രത്തില്‍ ഉണങ്ങാത്ത വ്രങ്ങളായി ലോക ജനതയെ വേദനിപ്പിച്ചു നില്‍ക്കുന്നു ..ഫുകുഷിമ ദുരന്തത്തിന്റെ തീവ്രത മനസിലാക്കിയതോടെ ജപ്പാനിലെ അമ്പത്തിനാലാമാത്തെ ആണവ നിലയവും അവര്‍ അടച്ചു പൂട്ടി . അപരിഹാര്യമായ കെടുതികള്‍ മൂലം ലോക രാഷ്ട്രങ്ങള്‍ വലിച്ചെറിഞ്ഞ കാലഹരണപ്പെട്ട ആണവ സാങ്കേതിക വിദ്യ അതേപടി നടപ്പാക്കാനാണ് ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വം ശ്രമിച്ചു കൊണ്ടിരിക്കുന്നത് .
ജലസത്യഗ്രഹം
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനസമൂഹങ്ങള്‍ക്കിടയില്‍ അപ്രതീക്ഷിതവും മുഖ്യ ധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളാല്‍ നാളിതുവരെ പരീക്ഷിക്കപ്പെടാതിരുന്നതുമായ സമരമുറകള്‍
ഉയര്ന്നുവരുന്നതാണ് അടുത്ത കാലത്തായി കണ്ട അതി ശക്തമായ പ്രതിരോധങ്ങള്‍ .അക്രമങ്ങളും .കയ്യൂക്കും .സംഘടിത ശക്തിയും പണാധിപത്യവും കൊണ്ടു മുഖ്യ രാഷ്ട്രീയ കക്ഷികള്‍ എല്ലാം തന്നെ സമരങ്ങളെ സംഘര്‍ഷ ഭരിതവും പ്രാകൃതവുമാക്കുമ്പോള്‍ തികച്ചും സമാധാനപരവും ക്ഷമയിലും അഹിംസയിലും അധിഷ്ടിതവുമായ
ഗാന്ധിയന്‍ സമര രൂപങ്ങളുടെ തനിമയാണ് അധിനിവേശ ശക്തികള്‍ക്കെതിരെ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ സുസംഘടിതമായി ഉയര്‍ന്നു വരുന്നത് . അതില്‍ ഈയിലെ പ്രചാരം നേടിയ ഒന്നാണ് ജല സത്യാഗ്രഹം .
നര്‍മ്മദാ തീരങ്ങളില്‍ മധ്യപ്രദേശ് സംസ്ഥാനത്തിന്റെ ഭാഗമായ കാണ്ഡ്‌വ ജില്ലയില്‍പ്പെട്ട ഓംകാരേശ്വര്‍, ഹര്‍ദ ജില്ലയില്‍പ്പെട്ട ഇന്ദിരാസാഗര്‍ എന്നീ ഡാമുകളുടെ പരിസരങ്ങളിലെ പതിനായിരങ്ങള്‍ നടത്തിവന്ന ജലസമരം വിജയകരമായിരുന്നു ഓംകാരേശ്വര്‍ ഡാമിലെ ജലനിരപ്പ് 193 മീറ്ററായി ഉയര്‍ത്തിയത് 183 മീറ്ററെന്ന പഴയ സ്ഥിതിയിലേക്ക് പുനസ്ഥാപിക്കാമെന്നും ഭൂമിക്ക് നാശനഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. വിഷയങ്ങള്‍ പഠിക്കുന്നതിന് മൂന്നംഗ മന്ത്രി തല സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി സമരക്കാര്‍ക്ക് ഉറപ്പു കൊടുത്തിരുന്നു .
വെള്ളത്തില്‍ കഴുത്തോളം മുങ്ങിനിന്നുകൊണ്ട് രണ്ടാഴ്ചയിലധികമായി സമരം നടത്തുകയായിരുന്ന സത്യഗ്രഹികളില്‍ പലര്‍ക്കും ശരീരത്തില്‍ പൊള്ളലേറ്റതിന് സമാനമായ രീതിയില്‍ തൊലി പൊളിയുകയും മറ്റും സംഭവിച്ചെങ്കിലും . ഇവരില്‍ പലരും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും വിജയം വരെ ജീവനെ തൃണവല്‍ഗണിച്ചു അഹിംസാ സമരത്തില്‍ അവര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു . ഈ സമരത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടു
മധ്യപ്രദേശിലെ ഇന്ദിരസാഗര്‍ ഡാമിലെ ജലനിരപ്പ് താഴ്ത്തണമെന്നാവശ്യപ്പെട്ടു ഹര്‍ദയില്‍ ജലസമരം നടത്തിയവരെ പൊലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിച്ചിരുന്നു അമ്പതോളം ഗ്രാമീണരാണു ഹര്‍ദയില്‍ പതിനാലു ദിവസം ജലസമരം നടത്തിയത് . അനുകൂല തീരുമാനം ഉണ്ടാകുംവരെ കഴുത്തറ്റം വെള്ളത്തില്‍ നിന്നു സമരം തുടരുമെന്ന നിലപാടാണു ഗ്രാമീണര്‍ സ്വീകരിച്ചത്. സമാന സ്ഥിതി നിലനിന്നിരുന്ന ഖാണ്ഡ് വയില്‍ സമരം വിജയിച്ചത് ഇവര്‍ക്കു പ്രതീക്ഷ നല്‍കി. എന്നാല്‍ സെപ്തംബര്‍ 12 നു പുലര്‍ച്ചെ സമരക്കാരെ പിന്തിരിപ്പിക്കാന്‍ പൊലീസ് എത്തിയതോടെ സ്ഥിതിഗതികള്‍ വഷളായി. സമരക്കാര്‍ കരയിലേക്കു കയറാന്‍ വിസമ്മതിക്കുകയും കൂടുതല്‍ ആഴത്തിലേക്കു നീങ്ങുകയും ചെയ്തു. തുടര്‍ന്നു പൊലീസ് ഇവരെ ബലം പ്രയോഗിച്ചു നീക്കുകയായിരുന്നു. ഗ്രാമീണരുടെ ഭാഗത്തു നിന്നു ശക്തമായ പ്രതിഷേധമാണു പൊലീസിനു നേരെ ഉണ്ടായത്. തല്‍സമയ സംപ്രേഷണം തടയുന്നതിനായി ചാനലുകളുടെ കേബിളുകള്‍ പൊലീസ് വിച്ഛേദിച്ചു. പ്രത്യേക സാഹചര്യം പരിഗണിച്ചു മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 19 ഗ്രാമങ്ങള്‍ക്കു ഭീഷണിയായിട്ടും ജലനിരപ്പ് താഴ്ത്തില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.
കൂടം കുളത്തും ആവര്‍ത്തിക്കപ്പെട്ട സമാധാനപൂര്‍ണ്ണമായ ഈ സമരത്തെ ഇല്ലാതാക്കാനാണ് പോലീസ് തൂത്തു ക്കുടിയില്‍ വെടിയുതിര്‍ത്തതും ഒരാളെ കൊലയ്ക്കു കൊടുത്തതും എന്നോര്‍ക്കണം . സമരത്തില്‍ ലാത്തിയടിയേറ്റ് കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധരും അടക്കം ആയിരക്കണക്കിന് ആളുകള്‍ക്കാണ് പരുക്കേറ്റത് .. കൂടംകുളം ആണവനിലയത്തില്‍ ഇന്ധനം നിറക്കാനൊരുങ്ങുന്നതില്‍ പ്രതിഷേധിച്ച് ഗ്രാമവാസികള്‍ ആണവനിലയം ഉപരോധിക്കുകയായിരുന്നു കണ്ണീര് വാതകം പ്രയോഗിച്ചു. ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് തിരുച്ചെന്തൂരിനടുത്ത മണപ്പാട്ട് പോലീസ്‌സ്റ്റേഷന്‍ ഉപരോധിച്ച ഗ്രാമീണര്‍ക്കുനേരെയുണ്ടായ പോലീസ് വെടിവെപ്പിലാണ് തൂത്തുക്കുടി ജില്ലയിലെ മണപ്പാട് ഗ്രാമത്തില്‍ നിന്നുള്ള അന്തോണി രാജ് (45) കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്ന് തൂത്തുക്കുടി , തിരുനെല്‍വേലി ജില്ലകളില്‍ കനത്തസംഘര്‍ഷം നിലനില്‍ക്കുകയാണ്.
കൂടംകുളം ആണവനിലയത്തില്‍ ആണവഇന്ധനം നിറയ്ക്കുന്നത് നിര്‍ത്തിവെക്കുക, സമരസമിതി നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കുക, സമരവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തവരെ വിട്ടയയ്ക്കുക, പോലീസ് അതിക്രമത്തിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരക്കാര്‍ ജലസത്യാഗ്രഹം നടത്തുന്നത് . കടല്‍ക്കരയില്‍ ആള്‍ താഴ്ചയില്‍ കുഴികള്‍ നിര്‍മ്മിച്ച് ശരീരം മുഴുവന്‍ മണ്ണിനടിയില്‍ പൂഴ്ത്തിയ അവരുടെ തലകള്‍ മാത്രം ഭരണകൂടത്തിന്‍റെ നെറികേടുകള്‍ക്കെതിരെ മുദ്രാവാക്യം മുഴക്കുന്ന ബോംബുകള്‍ പോലെ ഉയര്‍ന്നു നില്‍ക്കുകയാണ് ..
സംഘര്‍ഷം കണക്കിലെടുത്ത് വന്‍ പോലീസ്‌സംഘമാണ് കൂടംകുളത്തും പരിസരങ്ങളിലും ക്യാമ്പ്‌ചെയ്യുന്നത്.
ജലസത്യാഗ്രഹം തുടരുകയും ചെയ്യുന്നു . ഇടിന്തകരൈയിലും പരിസരങ്ങളിലുമുള്ള നൂറുകണക്കിന് നാട്ടുകാര്‍ ആണവനിലയവിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തി കടലില്‍ മുന്‍പ് മനുഷ്യച്ചങ്ങലയും തീര് ത്തിരുന്നു .
ആണവോര്‍ജവിരുദ്ധ ജനകീയസമിതി നടത്തുന്ന സമരം ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേയ്ക്കും പടരുകയാണ് . ചെന്നൈയില്‍ ഈ സമരവുമായി ബന്ധപ്പെട്ടു രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു . ഉദയകുമാറിന്റെ അടുത്ത അനുയായികളാണ് ഇരുവരുമെന്നും ചെന്നൈയില്‍ പ്രക്ഷോഭത്തിന് പ്രേരിപ്പിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളതെന്നും പോലീസ് പറയുന്നു . സമരസമിതി നേതാക്കളായ ഉദയകുമാര്‍, പുഷ്പരാജന്‍ തുടങ്ങിയവര്‍ക്കെതിരെ ദേശദ്രോഹമുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുത് .
സമരം നടത്തുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇടിന്തക്കരൈയിലേക്ക് വരാന്‍ ശ്രമിച്ച പെരിയാര്‍ ദ്രാവിഡകഴകം നേതാവ് കൊളത്തൂര്‍ മണി ഉള്‍പ്പെടെ 250-ഓളം പേരെ തൂത്തുക്കുടിക്കുസമീപം പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു . ദ്രാവിഡകഴകത്തില്‍ നിന്നുളളവരെക്കൂടാതെ നാന്‍ തമിഴര്‍ ഇയക്കം, തമിഴ്‌നാട് മുസ്‌ലിം മുന്നേറ്റ കഴകം എന്നിവയില്‍ നിന്നുള്ള പ്രവര്‍ത്തകരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. കൂടംകുളം ആണവവിരുദ്ധ സമിതിയുടെ സമരത്തിന് പിന്തുണയുമായി എത്തിയവരെയാണ് അറസ്റ്റ്‌ചെയ്ത് മാറ്റിയത് സമരം നടത്തുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വിടുതലൈ ചിരുതൈകള്‍ കക്ഷി നേതാവ് തിരുമാവളവനും ഇലന്തിക്കരയില്‍ എത്തിയിരുന്നു .
നീതി ന്യായ വ്യവസ്ഥിതിയും പാവങ്ങള്‍ക്കെതിര്
കൂടംകുളം ആണവനിലയത്തിന് അപകടം സംഭവിച്ചാല്‍ റിയാക്ടര്‍ സ്ഥാപിച്ച റഷ്യന്‍കമ്പനിക്കും ഉത്തരവാദിത്വം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പ്പര്യഹര്‍ജി നല്കപ് പെട്ടിരുന്നു
റഷ്യന്‍കമ്പനിയെ എല്ലാ ബാധ്യതകളില്‍നിന്നും കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി കൊടുത്തതായി ഹര്‍ജിയില്‍ ആരോപണമുണ്ട് . സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍, കോമണ്‍കോസ് എന്നീ സംഘടനകളാണ് ഹര്‍ജിക്കാര്‍. ആണവനിലയം പൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയസമരം ശക്തമാകുന്നതിനിടെയാണ് സന്നദ്ധ സംഘടനകള്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ കൂടംകുളം ആണവനിലയത്തില്‍ ഇന്ധനം നിറയ്ക്കുന്നത് നിര്‍ത്തിവെക്കണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. കൂടംകുളത്തെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തുമാത്രമേ മുന്നോട്ടുപോകാവൂ എന്ന നിര്‍ദ്ദേശമാണ് സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിന് നല്‍കിയത് .
അപകടമുണ്ടായാല്‍ ഉത്തരവാദിത്വം റിയാക്ടര്‍ നല്‍കിയവര്‍ക്കാണെന്ന് 2010-ലെ ആണവബാധ്യതാനിയമം അനുശാസിക്കുന്നുണ്ട്. ഇതിനെതിരാണ് റഷ്യന്‍ സര്‍ക്കാറും കേന്ദ്രസര്‍ക്കാറും ഒപ്പുവെച്ച കരാര്‍.
പദ്ധതിയുമായി ബന്ധപ്പെട്ട് റഷ്യയുമായി ഒപ്പുവെച്ച എല്ലാ കരാറുകളും കോടതിമുമ്പാകെ ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അതേ സമയം കൂടംകുളത്തെ ആണവ റിയാക്ടറുകളില്‍ ഇന്ധനം നിറയ്ക്കുന്ന നടപടി സ്റ്റേ ചെയ്യണം എന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല .
ജനങ്ങള്‍ക്ക് ദോഷം ഉണ്ടാകാതെ ഇന്ധനം നിറയ്ക്കാം എന്നാണു കോടതിയുടെ നിര്‍ദ്ദേശം ..ഇന്ധനം നിറയ്ക്കുന്ന ഘട്ടം മുതല്‍ അണുവികിരണം ഉണ്ടാകാനുള്ള സാധ്യതകള്‍ ആരംഭിക്കുന്നു എന്നിരിക്കെ എന്ത് മുന്‍കരുതല്‍ നടപടിയാകും ഇക്കാര്യത്തില്‍ അധികൃതര്‍ക്ക് എടുക്കാന്‍ കഴിയുക ?
സുരക്ഷയെക്കുറിച്ചറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടായിരിക്കുമെന്നും കോടതി പറയുന്നുന്ടെങ്കിലും അവരുടെ ഭീതിയകറ്റാനുള്ള നടപടികള്‍ ആര്‍ക്കാണ് നടപ്പില്‍ വരുത്താന്‍ കഴിയുക ?
പ്രശാന്ത്ഭൂഷണ്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുരക്ഷയുമായി ബന്ധപ്പെട്ട 17 നിബന്ധനകളില്‍ 11 എണ്ണവും നടപ്പാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ ആണവനിലയത്തില്‍ ഇന്ധനം നിറയ്ക്കുന്നത് നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് പ്രശാന്ത് ഭൂഷണ്‍ വാദിച്ചു.
പ്രശാന്ത്ഭൂഷണ്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുരക്ഷയുമായി ബന്ധപ്പെട്ട 17 നിബന്ധനകളില്‍ 11 എണ്ണവും നടപ്പാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ ആണവനിലയത്തില്‍ ഇന്ധനം നിറയ്ക്കുന്നത് നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് പ്രശാന്ത് ഭൂഷണ്‍ വാദിച്ചു.
ഇന്ധനം നിറയ്ക്കല്‍ തുടങ്ങാനിരിക്കെയാണ് കൂടംകുളത്ത് പ്രതിഷേധം തുടങ്ങിയത്. എന്നാല്‍, ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയ 17 നിബന്ധനകള്‍ വര്‍ധിത സുരക്ഷയ്ക്കുള്ളത് മാത്രമാണെന്നും ആണവനിലയം സുരക്ഷിതമാണെന്നും കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ഗുലാം ഇ. വഹന്‍വതി കോടതിയെ അറിയിച്ചു. രണ്ടു മാസത്തിന്നകം നിലയം കമ്മീഷന്‍ ചെയ്യുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത് .
രാഷ്ട്രീയ സാംസ്കാരിക നേതൃത്വം മൌനത്തില്‍
ഇന്‍ഡോ -അമേരിക്കന്‍ കരാറിനെതിരെ പ്രമേയം പാസാക്കുകയും അതിശക്തമായ കാംപയിനുകള്‍ സംഘടിപ്പികുകയും ചെയ്ത സി പിഎം അടക്കമുള്ള ഇടതു വലതു രാഷ്ട്രീയ
കക്ഷികള്‍ എല്ലാം തന്നെ കൂടം കുളത്തെ ആണവ റിയാക്ടറുകള്‍ക്കെതിരെ നിലപാട് എടുക്കാതിരുന്നത് ശ്രദ്ധേയമാണ് . സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് വേണ്ടി കൂടംകുളത്തെ അനുകൂലിച്ചു പ്രകാശ് കാരാട്ട് പുറപ്പെടുവിച്ച പ്രസ്താവന ബുദ്ധിമോശമായി പോയെന്നും ആണവ നിലയങ്ങള്‍ ലോകത്തിനു മാരകമായ വിപത്തുകള്‍ മാത്രമേ ആത്യന്തികമായി സംഭാവന ചെയ്തിട്ടുള്ളൂ എന്ന പഴയ പാര്‍ട്ടി നിലപാട് ഓര്‍ത്തെടുത്തു പറഞ്ഞത് വി എസ് അച്യുതാനന്ദന്‍ മാത്രമായി എന്നതും ചരിത്ര രേഖയായി .
പരിസ്ഥിതി പ്രവര്‍ത്തകരും പ്രകൃതി സ്നേഹികളും ഐക്യദാര്‍ഡ്യം പുലര്‍ത്തിയ കൂടം കുളം ആണവ വിരുദ്ധ സമരത്തില്‍ ഇടപെട്ടു കൊണ്ടു ജ്ഞാനപീഠം ജേതാവ് മഹാശ്വേതാ ദേവി യു പി എ അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് എഴുതിയ കത്തില്‍
കൂടംകുളത്തുപോയി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയണമെന്ന് ആവശ്യപ്പെട്ടിരുന്നു . ജനങ്ങളോട് ഇടപെടേണ്ടത് അലിവോടെയായിരിക്കണമെന്ന ടാഗോറിന്റെ വരികളും കത്തില്‍ അവര്‍ ഉദ്ധരിച്ചു .
ആണവനിലയ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവരുടെ വീടുകളില്‍ പോലീസ് നടത്തുന്ന അതിക്രമങ്ങള്‍ ഞെട്ടിപ്പിക്കുന്നവയാണെന്ന് കത്തില്‍ പറയുന്നു. പലരേയും പോലീസ് അജ്ഞാത സ്ഥലങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. വീടുകളില്‍ സമാധാനത്തോടെ ജീവിക്കുന്നതിനുള്ള അവസരം വീണ്ടെടുത്തുതരണമെന്നും പോലീസ് അറസ്റ്റു ചെയ്തുകൊണ്ടു പോയവരെ മോചിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.
ഭരണ കൂടങ്ങള്‍ ആര്‍ക്കു വേണ്ടി ? അവര്‍ ആരെയാണ് ഭയപ്പെടുന്നത് ?
രാജ്യത്തെ ഭരണം കയ്യാളുന്നവര്‍ ആരെയാണ് പ്രതി നിധാനം ചെയ്തു കൊണ്ടിരിക്കുന്നത് എന്ന ചോദ്യം എന്നും എപ്പോളും പ്രസക്തമായി നിലനില്‍ക്കുകയാണ് .
ന്യൂന പക്ഷമായ സമ്പന്ന വര്‍ഗ്ഗങ്ങളെ തീറ്റി പോറ്റാന്‍ കൃഷിഭൂമിയില്‍ മണ്ണിനോടും പ്രകൃതി യോടും മല്ലടിച്ചും ഉടുമുണ്ട് നന്നായി മുറുക്കിയുടുത്തും ജീവിക്കുക്കുന്ന കോടാനു കോടി ഭാരത പൌരന്മാര്‍ക്ക് വേണ്ടിയോ ? സകല സൌഭാഗ്യങ്ങളും അനുഭവിച്ചു സമ്പത്തും അധികാരവും ഉപയോഗിച്ച് ജനാധിപത്യ ത്തിന്റെ നെടും തൂണുകളെ അപ്പാടെ കൈപ്പിടിയില്‍ ഒതുക്കി ചൂണ്ടു വിരല്‍ അടക്കി നിര്‍ത്തുന്ന മുതലാളി വര്‍ഗ്ഗത്തിന് വേണ്ടിയോ ?
ഇത്തരമൊരു സാമൂഹിക വ്യവസ്ഥിതിയില്‍ ആര്‍ക്കാണ് ആധിപത്യം ലഭിക്കുക ? ആര്‍ക്കു വേണ്ടിയുള്ള നിയമങ്ങളാവും നടപ്പിലാവുക ? ആണ്ടോടാണ്ട് വരുന്ന ജനാധിപത്യം സംസ്ഥാപന പ്രക്രിയയില്‍ വരിവരിയായി ചെന്നു മൂലധന ശക്തികള്‍ മുന്നോട്ടു പൊള്ളയായ വാഗ്ദാനങ്ങളില്‍ കുരുങ്ങി അവരുടെ പണക്കൊഴുപ്പില്‍ എറിഞ്ഞു കിട്ടുന്ന പച്ചനോട്ടുകളോ
ലഹരിയോ കളര്‍ ടീവിയോ നാണം മറയ്ക്കാനുള്ള ഉടുതുണിക്ക് മറു തുണിയായി കിട്ടുന്ന കോറ ത്തുണിയോ വാങ്ങി വിവേചനാധികാരം പണയപ്പെടുത്തുന്ന വോട്ടു യന്ത്രങ്ങള്‍ മാത്രമായി ജനങ്ങള്‍ രൂപാന്തരപ്പെട്ടിരിക്കുന്നു ..
തങ്ങളുടെ അന്തകരെ അധികാരത്തിലേറ്റാന്‍ ചൂണ്ടു വിരല്‍ നഖത്തില്‍ കറുത്ത മഷി വീഴുന്ന ആ ഒരു ദിനം മാത്രം അവര്‍ രാജാവായി വാഴിക്കപ്പെടുന്നു ..പിന്നേ എല്ലാം പഴയത് പോലെ ആരൊക്കെയോ ചേര്‍ന്നു അവന്റെ ചോരയും മജ്ജയും മാംസവും പങ്കിട്ടു ഭക്ഷിക്കുന്നു ..പ്രതിഷേധ സൂചകമായി ഒന്ന് ഞരങ്ങാല്‍ പോലും കഴിയാതെ അവന്‍ ആരുടെയൊക്കെയോ ഭക്ഷണമാകുന്നു ..
‘തങ്ങളുടെ അന്തകരെ അധികാരത്തിലേറ്റാന്‍ ചൂണ്ടു വിരല്‍ നഖത്തില്‍ കറുത്ത മഷി വീഴുന്ന ആ ഒരു ദിനം മാത്രം അവര്‍ രാജാവായി വാഴിക്കപ്പെടുന്നു ..പിന്നേ എല്ലാം പഴയത് പോലെ ആരൊക്കെയോ ചേര്‍ന്നു അവന്റെ ചോരയും മജ്ജയും മാംസവും പങ്കിട്ടു ഭക്ഷിക്കുന്നു ..പ്രതിഷേധ സൂചകമായി ഒന്ന് ഞരങ്ങാൻ പോലും കഴിയാതെ അവന്‍ ആരുടെയൊക്കെയോ ഭക്ഷണമാകുന്നു ..‘
മറുപടിഇല്ലാതാക്കൂവാസ്തവം രമേഷ്ജീ....
ഒരിക്കൽ നാം നമ്മുടെ ശക്തി തിരിച്ചറിയും...!
അന്നതിനെ തടുക്കാൻ ഈ മേലാളന്മാർക്ക് ആർക്കും കഴിയില്ല തന്നെ...
ആശംസകൾ...
ഭരണ കൂടങ്ങള്‍ ആര്‍ക്കു വേണ്ടി ? അവര്‍ ആരെയാണ് ഭയപ്പെടുന്നത് ?
മറുപടിഇല്ലാതാക്കൂഈ വിഷയം എഴുതിയത് നന്നായി
രമേഷ്ജി ഈ ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങോളോട് ഞാന്‍ പൂര്‍ണ്ണമായി യോചിക്കുന്നു.ബ്രിട്ടീഷ്‌കാര്‍ക്ക് നമ്മുടെ ജനതയോട് ഈ അധികാരക്കൊതിയന്മാരെക്കാള്‍ കരുണയുണ്ടായിരുന്നു എന്ന് തോന്നുന്നു.ഇന്ത്യ വീണ്ടും ഇന്ത്യക്കാരാല്‍ കോളനിവല്കരിക്കപ്പെടുന്നു.വികസനത്തിന്റെ ഗുണങ്ങള്‍ അനുഭവിക്കുന്നത് പണക്കാരും അവരുടെ പാദസേവകരായ രാഷ്യട്രിയക്കാരും,തിക്ത ഫലം അനുഭവിക്കേണ്ടത് പാവങ്ങളായ ഗ്രാമീണരും.ആണവനിലയങ്ങള്‍ക്കായ് വാദിക്കുന്നവര്‍ സ്വന്തം വീടിനുമുന്‍പില്‍ ഇങ്ങനോരെണ്ണം വരുമ്പോഴും ഈ നിലപാട് സ്വീകരിക്കുമോ?കൂടംകുളത്തെ ജനങ്ങള്‍ക്ക് നീതി ലഭിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു
മറുപടിഇല്ലാതാക്കൂഒരു ഇടവേളക്ക് ശേഷമാ ബ്ലോഗ് വായനയിലേക്ക് വന്നത് ഞാന്‍...
മറുപടിഇല്ലാതാക്കൂവളരെ പ്രസക്തമായ ലേഖനം രമേഷ്ജി...
aashamsakal...
ഇത്തരമൊരു സാമൂഹിക
മറുപടിഇല്ലാതാക്കൂവ്യവസ്ഥിതിയില് ആര്‍ക്കാണ് ആധിപത്യം ലഭിക്കുക ?
ആര്‍ക്കു വേണ്ടിയുള്ള നിയമങ്ങളാവും നടപ്പിലാവുക ?