ശനിയാഴ്‌ച, സെപ്റ്റംബർ 08, 2012

എമേര്‍ജിംഗ് കേരള സര്‍ക്കാര്‍ നടത്തുന്ന ചൂതാട്ടമോ ?



സംസ്ഥാനത്ത്  മൂലധന നിക്ഷേപം സമാഹരിക്കാനും വിദേശ വ്യവസായ സംരംഭകരെ ആകര്‍ഷിക്കാനും ലക്ഷ്യമിട്ട്  (?) യു ഡി എഫ്  സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന എമെര്‍ജിംഗ് കേരള  മറ്റ് ഏതു പദ്ധതിയിലും സംഭവിക്കാറുള്ളത് പോലെ      വിവാദച്ചുഴി  യില്‍  പെട്ടിരിക്കുകയാണ് . 

വിവര സാങ്കേതിക വിദ്യ വളര്‍ച്ച പ്രാപിക്കവേ സ്വാഭാവികമായുണ്ടായ കമ്പ്യൂട്ടര്‍ വല്‍ക്കരണവും  ഇന്ഗ്ലിഷ് മീഡിയം സ്കൂളുകളും  എതിര്‍ക്കപ്പെട്ടത് പോലെ ,, നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെയും  ,കൊച്ചിയിലെ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സ്റ്റേഡിയത്തിന്റെയും നിര്‍മ്മാണം എതിര്‍ക്കപ്പെട്ടത് പോലെ  
പ്രീഡിഗ്രീ ബോര്‍ഡും പ്ലസ്‌ ടൂ വും , സ്വാശ്രയ കോളെജുകളും വിദേശ ഫണ്ടിങ്ങും , സ്മാര്‍ട്ട്‌ സിറ്റിയും എല്ലാം എതിര്‍ക്കപ്പെട്ടത് പോലെ ഇപ്പോള്‍ "എമെര്‍ജിംഗ് കേരളയും " അതി ശക്തമായി  വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുകയാണ് . ആന്റണി സര്‍ക്കാരിന്റെ കാലത്ത്  2003 ല്‍  സംഘടിപ്പിക്കപ്പെട്ട "ആഗോള നിക്ഷേപക സംഗമവും" (GIM) അതി ശക്തമായ എതിര്‍പ്പുകള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും നടുവിലാണ് നടത്തപ്പെട്ടത് .
 
തടസ്സങ്ങളും സമരങ്ങളും മുറ പോലെ നടന്നെങ്കിലും കേരളത്തിന്റെ സാമൂഹിക സാമ്പത്തിക സാംസ്കാരിക മേഖലകളില്‍ വലിയ തോതില്‍ പരിവര്‍ത്തനങ്ങള്‍  ഉണ്ടാക്കിയ മേല്‍പ്പടി സംരംഭങ്ങള്‍ പലതും പിന്നീട്  വേറെ വേറെ രൂപത്തിലും ഭാവത്തിലുമൊക്കെ നടപ്പില്‍ വരുന്നതിനു കേരള ജനത സാക്ഷികളാണ്  . പ്രക്ഷോഭാഭാസങ്ങള്‍ പദ്ധതികള്‍ക്ക് കാല വിളംബം ഉണ്ടാക്കി എന്നതല്ലാതെ മറ്റെന്തെങ്കിലും ലക്‌ഷ്യം കണ്ടതായി  ചരിത്രവുമില്ല . സമരങ്ങള്‍ സംഘടിപ്പിച്ചവര്‍ തന്നെ പിന്നീട് ഈ പദ്ധതികളില്‍ പലതിന്റെയും ഗുണഭോക്താക്കളും ഉപഭോക്താക്കളും ആയി തീര്‍ന്നു എന്ന വിരോധാഭാസവും നാം കണ്ടു .
പതിവ് പോലെ എതിര്‍പ്പുകളും സമരങ്ങളും പ്രക്ഷോഭങ്ങളും കൊണ്ടുവരുന്ന സ്ഥിരം നേതാക്കന്മാരും ,രാഷ്ട്രീയ കക്ഷികളും മുദ്രാവാക്യങ്ങളും എമെര്‍ജിംഗ് കേരളയ്ക്ക് മുന്നിലും തടസ്സ വാദങ്ങളുമായി നിലയുറപ്പിച്ചിട്ടുണ്ട് . 
വന്‍കിട കുത്തകകള്‍ക്ക് കേരളത്തിലെ സര്‍ക്കാര്‍ ഭൂമികള്‍ പതിച്ചു നല്‍കാനുള്ള ശ്രമമാണിതെന്നും ജിമ്മിനെക്കാള്‍ വലിയ വിപത്താണ് എമെര്‍ജിംഗ് കേരള എന്നും  പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ ആരോപിക്കുന്നു .

  'എമെര്‍ജിംഗ് കേരള ' കേരളത്തിന്റെ പ്രകൃതി വിഭവങ്ങളും പൊതുമുതലും സ്വകാര്യ 'സംരംഭകര്‍ക്ക്' തീറെഴുതുവാനുള്ള മാമാങ്കം ആണെന്നാണ്‌   പരിസ്ഥിതി വാദികളുടെ ആരോപണം  നമ്മുടെ പ്രകൃതിവിഭവ ഉറവിടങ്ങളെ തകര്‍ക്കാത്ത, ഇവിടത്തെ മണ്ണിനെയും മനുഷ്യരേയും സ്നേഹിക്കുന്ന, തൊഴിലും ഉദ്പാദനവളര്‍ച്ചയും സാധ്യമാക്കുന്ന വികസനപരിപാടിയാണ് വേണ്ടതെന്നു അവര്‍ ആവശ്യപ്പെടുന്നു
'എമെര്‍ജിംഗ് കേരള 'യ്ക്ക് ജനകീയ ബദല്‍ എന്ന മുദ്രാവാക്യമുയര്‍ത്തി സെപ്തംബര്‍ 8 ന് അവര്‍ തൃശൂരില്‍ സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്മ പ്രമുഖ പദ്ധതി ആസൂത്രകനായ പ്രൊഫ. പ്രഭാത് പട്നായിക്  ഉദ്ഘാടനം ചെയ്യുമെന്നാണ്  അറിയിച്ചിട്ടുള്ളത് .

ഒട്ടും പ്രത്യുല്പാദനപരമല്ലാത്ത, അതേ സമയം കേരളത്തിന്‍റെ സമ്പുഷ്ടമായ വിഭവ സമ്പത്തുകളെയും , സമ൪ത്ഥവും  വിപുലവുമായ മാനവ  വിഭവ ശേഷി യെയും കൊള്ളയടിക്കാനും പ്രകൃതി രമണീയതയെ ചൂഷണം ചെയ്യാനും മാത്രം ഉദ്ദേശിച്ചു കൊണ്ടുള്ള പദ്ധതികളാണ്  ഇതില്‍ മുന്നോട്ടു വെക്കപ്പെടുന്നത് . വിവധ തരം ടൂറിസം ആണ് ഒരു പ്രധാന ഇനം . ഔട്ട്‌ സോര്‍സിങ്ങും മറ്റും അതിനു താഴെയായി വരുന്നു. ഇവക്കാവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുക എന്നതും ഈ വികസന പ്രക്രിയയുടെ ഭാഗമാണ് . അതിനുള്ള നിയമ ഭേദഗതികളും നിര്‍മ്മാണങ്ങളും നേരത്തെ തന്നെ വരുത്തി കഴിഞ്ഞു . രൂക്ഷമായ വ്യവസ്ഥാ പ്രതിസന്ധിയിലും തകര്‍ച്ചയിലും അകപ്പെട്ടിട്ടുള്ള ആഗോള മുതലാളിത്ത സമ്പത്ത് ഘടനയുമായി കൂടുതല്‍ കൂട്ടി കെട്ടുന്ന ഈ വികസന പദ്ധതി കേരളത്തിന്‍റെ തനതായ ഭൌമ സംതുലിതാവസ്തയെയും , പരിസ്ഥിതിയെയും , സംസ്കാരത്തെയും , മനോഘടനയെ തന്നെയും തകിടം മറിക്കുന്നതും ജീര്‍ണ മാക്കുന്നതും  ആണ് . മുന്‍ കാലങ്ങളിലെന്നപ്പോലെ  കേരളത്തിന്‍റെ യഥാര്‍ഥ വികസനത്തെയല്ല  വിനാശത്തെയായിരിക്കും ഇത് പ്രതിനിധാനം ചെയ്യുക എന്നതാണ്   ഇടതു പക്ഷവും ശാസ്ത്ര സാഹിത്യ പരിഷത്ത് പോലുള്ള സംഘടനകളും മുന്നോട്ടുവയ്ക്കുന്ന വാദങ്ങള്‍  

അതേ സമയം  എമെര്‍ജിംഗ് കേരള കേരളത്തെ മുന്നോട്ടു നയിക്കാനുള്ള ആശയങ്ങളും പദ്ധതികളും ആണെന്നും ഇത് വെറും  ഒരു നിക്ഷേപക സംഗമമല്ല എന്നും കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി  പറയുന്നു .കേരളത്തെ സംരംഭക സമൂഹമാക്കാനാണു സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നു മുഖ്യമന്ത്രി  മറുവാദം ഉന്നയിച്ചിട്ടുണ്ട് . കേരളത്തിലേക്കു നിക്ഷേപം ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണു  എമര്‍ജിങ് കേരള 2012 എന്ന ആഗോള നിക്ഷേപ സംഗമം നടത്തുന്നത്. ഐടി, വിനോദ സഞ്ചാരം, ആരോഗ്യ രംഗം, വിദ്യാഭ്യാസം, റീട്ടെയ്ല്‍, ഭക്ഷ്യ സംസ്കരണം, ബയോ ടെക്നോളജി, നാനോ ടെക്നോളജി, തുറമുഖ നിര്‍മാണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വികസന നിക്ഷേപ സാധ്യതകളുള്ള നിരവധി മേഖലകള്‍ ഇതിലൂടെ ലക്ഷ്യമിടുന്നു. ഇതിനൊപ്പം ചെറുകിട ഇടത്തരം വ്യവസായങ്ങളെ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്‍റെ വികസനത്തില്‍ നാഴികക്കല്ലാകുന്ന എമര്‍ജിങ് കേരളയിലേക്കു പ്രവാസി മലയാളികളുടെ പങ്കും അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ട് . അതിനുള്ള  കാരണം വ്യക്തമാണ്
2011ല്‍ കേരളത്തിലേക്കു പ്രവാസി മലയാളികള്‍ അയച്ചത് 49,965 കോടി രൂപയാണ്. ഇതു കേരളത്തിന്‍റെ മൊത്തം ആഭ്യന്തര വരുമാനത്തേക്കാള്‍ 22% കൂടുതലാണ്. പ്രവാസി മലയാളികളുടെ വരുമാനം സംസ്ഥാനത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് എന്ന്  സര്‍ക്കാരിനു നന്നായി അറിയാം . 

വികസനത്തിന്റെ കാര്യം വന്‍കിട സംരംഭകരെ ക്ഷണിച്ചു വരുത്തുന്നതിന് മുന്നേ തന്നെ വരുമ്പോള്‍ ഏകാഭിപ്രായം സ്വരൂപിക്കുന്നതില്‍ സര്‍ക്കാരുകള്‍ക്ക് പരാജയം സംഭവിക്കാറുണ്ട് . പന്തിയില്‍ ഇല വച്ചതിനു ശേഷം മാത്രം ആളുകളെ ഉണ്ണാന്‍ വിളിക്കുന്നത്‌ പോലുള്ള ഏര്‍പ്പാട് ആയതു കൊണ്ടാകണം ഇക്കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍  സ്ഥിരമായി ഉടക്ക് ഉണ്ടാക്കുന്നതെന്നും തോന്നുന്നു .കെറുവ് കാണിക്കാനുള്ള എതിര്‍പ്പ്  അല്ലാതെ അതൊരു നയപരമായ പ്രശ്നമായി അവര്‍ കൊണ്ടുനടക്കുന്നില്ല   അവര്‍ അധികാരത്തില്‍ വന്നാല്‍ ചിലപ്പോള്‍ പേര് മാറും എന്നതല്ലാതെ പദ്ധതികളില്‍ കാര്യമായ വ്യത്യാസം കാണാറുമില്ല..ആദ്യം എതിര്‍ക്കുക പിന്നേ അവസരം പോലെ മറക്കുക എന്നതാണ്  ഇടതു പാര്‍ട്ടികളുടെ പൊതു നയം .
എങ്കിലും ആരോപണങ്ങളില്‍ ചിലത് മൌലികമായതും കേരള സമൂഹം ആഴത്തില്‍ ചര്‍ച്ചയ്ക്കു എടുക്കേണ്ടതുമാണ്  ഏതു സര്‍ക്കാര്‍ പ്രഖ്യാപിച്ചാലും മുഴുവന്‍ പദ്ധതികളും നടപ്പാകാറില്ല.
മിക്കവാറും വന്‍കിടക്കാര്‍ തന്നെയാകും മിക്കതിന്റെയും ഗുണഭോക്താക്കള്‍ ..വാഴ നനയുമ്പോള്‍ ചീരയും നനയുന്നത് പോലെ ബഹുഭൂരിപക്ഷം വരുന്ന ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് എന്തെങ്കിലും കിട്ടിയാലായി ..ചില പദ്ധതികള്‍ വന്‍കിടക്കാര്‍ക്ക് വേണ്ടി മാത്രം രൂപം കൊടുത്തതുമാകം . എന്ത് പദ്ധതി വന്നാലും തഴച്ചു വളരുന്നത്‌ ഭൂമാഫിയാകളുടെ കച്ചവടം ആണെന്നതിലും തര്‍ക്കം ഉണ്ടാകാനിടയില്ല . 
വലിയ വികസന പദ്ധതികള്‍ വരുന്നു എന്ന പ്രചരണം വന്‍തോതില്‍ നടത്തി അവിടങ്ങളിലുള്ള ഭൂമി മുഴുവന്‍ വാങ്ങിക്കൂട്ടിയും ആളുകളെ കുടിയൊഴിപ്പിച്ചും തലമുറകളായുള്ള ആവാസ വ്യവസ്ഥ തകര്‍ത്തും ഒരു ന്യൂന വിഭാഗത്തിനു  പണം സമ്പാദിക്കാന്‍ ഇത്തരം പദ്ധതികള്‍ മറയാകാറുണ്ട്‌ .

 നടത്താന്‍പോകുന്ന ആഗോള നിക്ഷേപകസംഗമം 2003-ല്‍ യുഡിഎഫ് കൊട്ടിഘോഷിച്ചുകൊണ്ടുവന്ന 'ജിം' എന്ന വെള്ളത്തില്‍വരച്ച വരയുടെ തനിയാവര്‍ത്തനംമാത്രം.ആണെന്ന് വിശ്വസിക്കുന്നാര്‍ ഏറെയുണ്ട് . അന്ന് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയാണ് പ്രായോഗികതലത്തില്‍ വന്‍പരാജയമായി മാറിയ ആഗോള നിക്ഷേപ സംഗമം (ജിം) കൊണ്ടുവന്നത്. അത് ഇന്ന് ആഗോളനിക്ഷേപ സംഗമമായി. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്ന വ്യത്യാസം മാത്രം. 2003-ല്‍ ദീര്‍ഘവീക്ഷണത്തോടെ ജിമ്മിന്റെ അപചയം പ്രവചിച്ച വര്‍  വികസനവിരോധികള്‍ എന്ന പഴി ഏറെ കേട്ടവരാണ് . 

കേരളത്തിന്റെ അമൂല്യമായ പ്രകൃതിവിഭവങ്ങളെ ആഗോളകുത്തക കമ്പനികള്‍ക്കും ഇന്ത്യയ്ക്കകത്തുള്ള വമ്പന്‍മൂലധനകമ്പനികള്‍ക്കും അടിയറവയ്ക്കുന്നതായിരുന്നു ജിമ്മില്‍ അവതരിപ്പിച്ച പ്രോജക്ടുകള്‍. അന്ന് യുഡിഎഫ് സര്‍ക്കാര്‍ വിരിച്ച ചുവന്ന പരവതാനിയിലൂടെ ആഗോളനിക്ഷേപക സമാപഹരണത്തിനായി എത്തിച്ചേര്‍ന്നത്, കേരളത്തിന്റെ മണ്ണും വനങ്ങളും ജലാശയങ്ങളും ധാതുമണിലും കണ്ടല്‍കാടുകളും കായലും കടലോരപ്രദേശങ്ങളും കണ്ണുവച്ചുള്ള ആര്‍ത്തിപൂണ്ട കച്ചവടതാല്‍പര്യക്കാരായിരുന്നു. അന്ന് പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്‌പേയ് പ്രഖ്യാപിച്ച 10000 കോടിയുടെ കേന്ദ്രപദ്ധതിയും എ കെ ആന്റണി പ്രഖ്യാപിച്ച മറ്റ് വിവിധ പദ്ധതികളുമെല്ലാം വെള്ളത്തില്‍ വരച്ച വരപോലെ ജനങ്ങളെ പറ്റിക്കുന്നതായത് സംസ്ഥാനം പരിഹാസപൂര്‍വമാണ് നോക്കിക്കണ്ടത്.

പുതിയ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനൊപ്പം നമ്മുടെ പ്രകൃതിയും പരമ്പരാഗത തൊഴിലുകളും തൊഴിലിടങ്ങളും തൊഴിലാളികളും കൂടി സംരക്ഷിക്കപ്പെടണം എന്ന ധാര്‍മിക ചിന്ത ചോര്‍ന്നു പോകാറുണ്ട് .

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ സ്ഥിതിചെയ്യുന്നിടത്ത് അധികസ്ഥലമുണ്ടെന്ന് കണ്ടെത്തി ടൂറിസം വികസനത്തിന്റെ മറവില്‍ ഷോപ്പിംഗ്മാളുകള്‍ നിര്‍മിക്കുന്നതുള്‍പ്പെടെ പദ്ധതികളും തീരപ്രദേശത്തെ മത്‌സ്യബന്ധനത്തിന് സര്‍വനാശം വിതയ്ക്കുന്ന വന്‍കിട പദ്ധതികളും അതിലുള്‍പ്പെട്ടിരുന്നു. പുറമെ സംസ്ഥാനം കാത്തുസൂക്ഷിക്കേണ്ട ധാതുമണല്‍ശേഖരത്തിന്റെ അനിയന്ത്രിതമായി ചൂഷണം കരുതിക്കൂട്ടിയുള്ള വ്യവസായപ്രോജക്ടുകളും ജിമ്മിലുണ്ടായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ഒരു ചര്‍ച്ചയും നിയമസഭയിലോ പ്രതിപക്ഷപാര്‍ട്ടികളുമായോ തൊഴിലാളി സംഘടനകളുമായോ  നടത്തിയില്ല. . ജിമ്മില്‍ ഒപ്പുവച്ച വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അന്ന് നിയമസഭയില്‍  പ്രഖ്യാപിച്ച  പദ്ധതികള്‍ പലതും കേരളത്തില്‍ നടപ്പായില്ല. 

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നു വാഹനത്തില്‍  കേവലം അരമണിക്കൂര്‍ ദൈര്‍ഘ്യം മാത്രം സഞ്ചരിക്കാവുന്ന ദൂരം മാത്രമുള്ള കൊച്ചിയിലേക്ക്  തകര്‍ന്ന റോഡുകളിലൂടെയും എളുപ്പത്തില്‍ അഴിയാതെ മണിക്കൂറുകളോളം നീണ്ട  ഗതാഗത കുരുക്കില്‍ പെട്ടു വന്ന വിദേശ -പ്രവാസി നിക്ഷേപകരെ എതിരേറ്റത്  പ്രക്ഷോഭകരുടെ ആക്രോശങ്ങളും പോലീസിന്റെ ലാത്തി വീശലുമൊക്കെ ആയിരുന്നു എന്നതും മറന്നു കൂടാ . ഇത്തരം സംഘര്‍ഷ സാഹചര്യങ്ങളില്‍ മുതല്‍ മുടക്കുവാന്‍ ആരാണ് മുന്നോട്ടു വരിക ? ആര്‍ക്കാണ് മലയാളികളോട് അത്ര ദീനാനുകമ്പ ഉള്ളത് ? 

കാറ്റുള്ളപ്പോള്‍ പാറ്റണം എന്ന നയം യു ഡി എഫ് സര്‍ക്കാരിലെ ചിലര്‍ക്കും ഉണ്ടെന്നത് അവരുടെ ചില പ്രവര്‍ത്തനങ്ങള്‍ സൂചിപ്പിച്ചതാണ് .  പെരിയാറും നിളയും ഉള്‍പ്പെടെയുള്ള നദികളിലെ വെള്ളം കച്ചവടാടിസ്ഥാനത്തില്‍ കൈമാറാന്‍ കമ്പനികളുമായി പദ്ധതി തയ്യാറാക്കിയതിനെതിരെ ജ്ഞാനപീഠജേതാവ് എം ടി വാസുദേവന്‍ നായര്‍ അടക്കമുള്ള പ്രകൃതിസ്‌നേഹികളും പരിസ്ഥിതിപ്രവര്‍ത്തകരും തൊഴിലാളിപ്രസ്ഥാനങ്ങളും യുവജനസംഘടനകളും  പ്രക്ഷോഭണവുമായി രംഗത്തുവന്നിരുന്നു  ഇതിന്റെ ഫലമായി കുടിവെള്ളം വിറ്റ് കാശാക്കുന്നതും കുടിവെള്ളം നാടിന് അന്യമാക്കുന്നതുമായ പദ്ധതിയുമായി ആന്റണി സര്‍ക്കാരിന്മ മുന്നോട്ടുപോകാനായില്ല എന്നത് ചരിത്രം.
 ജനങ്ങളുടെ രോഷത്തിനും പ്രതിഷേധത്തിനും പാത്രമായ പഴയ ജിം തന്നെ പൊടിതട്ടിയെടുത്ത് പേരുമാറ്റി മറ്റൊരു ഗ്ലോബല്‍ ഇന്‍വെസ്റ്റിന് മുതിരുന്നതിന്റെ സൂചനകള്‍ 2011ല്‍ ഒരിടവേളയ്ക്കുശേഷം ഭരണത്തില്‍വന്ന യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യബജറ്റില്‍തന്നെ നിഴലിച്ചു. പഴയ പദ്ധതിക്ക് പുതിയൊരു പേരുമിട്ടു. എമര്‍ജിംഗ് കേരള. 14 മാസമായി കോടിക്കണക്കിന് രൂപയാണ് ഇതിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ചുകൊണ്ടിരിക്കുന്നത്. വ്യവസായവകുപ്പിന്റെ പിന്നാമ്പുറത്ത് കണ്‍സള്‍ട്ടിംഗ്കമ്പനിയും പരസ്യഏജന്‍സികളും ആഗോളകുത്തക കമ്പനികള്‍ക്ക് പ്രകൃതിസമ്പത്തും പൊതുസേവനമേഖലയും കൊള്ളയടിക്കുന്നതിനുള്ള അവസാരമൊരുക്കുന്നതിന്റെ മൗനപ്രവര്‍ത്തനങ്ങളിലാണ്. വിദേശരാജ്യങ്ങളിലും ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളുരു തുടങ്ങിയ വലിയ നഗരങ്ങളിലും പണം വമ്പിച്ചതോതില്‍ ചിലവഴിച്ച് റോഡ്‌ഷോകളും ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റും നടത്തിക്കഴിഞ്ഞു. രണ്ടുമാസത്തോളം നീണ്ടുനിന്ന് കഴിഞ്ഞ 25ന് അവസാനിച്ച നിയമസഭയുടെ സമ്പൂര്‍ണ ബജറ്റ്‌സമ്മേളനത്തില്‍പോലും ഏതൊക്കെ പദ്ധതികള്‍ക്കാണ് രൂപംകൊടുത്തിട്ടുള്ളതെന്നോ ഇതിനായുണ്ടാക്കുന്ന ധാരണാപത്രങ്ങളിലെ വ്യവസ്ഥകള്‍ എന്താണെന്നോ വ്യക്തമായിട്ടില്ലാ എന്നത്  ദുരൂഹമാണ് .

എമര്‍ജിംഗ് കേരളയെപ്പറ്റി മുഖ്യമന്ത്രിയും മന്ത്രിമാരും വാചാലമായി സംസാരിക്കുമ്പോഴും പ്രധാനപ്പെട്ട പല കാര്യങ്ങളും മറച്ചുവച്ചിരിക്കുന്നുവെന്നുവേണം കരുതാന്‍. എമര്‍ജിംഗ് കേരള പദ്ധതിയുടെ സുഗമമായ പാതയൊരുക്കലിനായി കേരള നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം അട്ടിമറിക്കപ്പെട്ടു. സര്‍ക്കാര്‍ ഏറ്റെടുത്ത ആയിരം കോടിയോളം രൂപ വിലമതിക്കുന്ന പൈതൃകസമ്പത്തായ തിരുവനന്തപുരത്തെ ഗോള്‍ഫ്  ക്ലബ്ബിന്റെ സ്ഥലം വിട്ടുകൊടുക്കാന്‍ തീരുമാനമെടുത്തതായി ആരോപണമുണ്ട് . പാട്ടക്കാലാവധി കഴിഞ്ഞതിന്റെയും പാട്ടക്കരാര്‍ ലംഘിച്ചതിന്റെയും അടിസ്ഥാനത്തില്‍ ഏറ്റെടുത്ത വനഭൂമിയെല്ലാം വിട്ടുകൊടുക്കാനുള്ള നടപടിയും വേഗത്തില്‍ പൂര്‍ത്തിയായി. 
വന്‍കിട പദ്ധതികള്‍ ഉള്‍പ്പെടെ പതിനേഴായിരം കോടി രൂപയോളം മുടക്ക് മുതല്‍ പ്രതീക്ഷിക്കുന്ന പദ്ധതികള്‍ക്കാണ്  എമെര്‍ജിംഗ് കേരള ലക്ഷ്യമിടുന്നത് . കെ ജി ജി എല്ലുമായി ചേര്‍ന്നു കൊണ്ടു രണ്ടായിരം കോടി മുടക്കുമുതലുള്ള സപ്ലിമെന്ററി ഗ്യാസ് ഇന്ഫ്രാ സ്ട്രക്ചര്‍ പ്രോജക്റ്റ് , ഏഴായിരം കോടി മുതല്‍ മുടക്കുള്ള വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ നിര്‍മ്മാണ പദ്ധതി , നാലായിരത്തി അഞ്ഞൂറ് കോടി ചെലവു പ്രതീക്ഷിക്കുന്ന കൊച്ചി മെട്രോ റെയില്‍ ,മൂവായിരത്തി നാനൂറു കോടിയുടെ തിരുവനന്തപുരം മോണോ റെയില്‍ പ്രോജക്റ്റ് എന്നിവയാണ്  എമെര്‍ജിംഗ് കേരള വഴി ശാപമോക്ഷം പ്രതീക്ഷിക്കുന്ന വന്‍കിട പദ്ധതികള്‍ .  സര്‍ക്കാരിന്റെ ഉദ്ദേശ്യവും ലക്ഷ്യവും സത്യ സന്ധമായുള്ളതാണ് എങ്കില്‍ കേരളത്തെ മാറ്റി മറിക്കാന്‍ പോരുന്ന പദ്ധതികള്‍ തന്നെയാണ് ഇവയെന്നതില്‍ പക്ഷാന്തരമുണ്ടാകില്ല .
കേരളത്തില്‍ എമെര്‍ജിംഗ് കേരള വഴി നിക്ഷേപ സമാഹരണം നടക്കുന്നതിനു തൊട്ടു മുന്‍പ് ബാന്‍ഗ്ലൂരില്‍  കര്‍ണ്ണാടക സര്‍ക്കാരിന്റെ നേതൃത്വത്തില്‍  സമാനമായ ആഗോള നിക്ഷേപക സംഗമം നടക്കുകയുണ്ടായി .
ആറ് ലക്ഷം കോടിയെന്ന ലക്ഷ്യം മറിക്കടന്നുള്ള വിജയമാണ്  അവര്‍ നേടിയത്. രണ്ട് ദിവസമായി നടന്ന സംഗമത്തില്‍ വിവിധ പദ്ധതികള്‍ക്കായി 730 ധാരണ പത്രങ്ങള്‍ ഒപ്പിട്ടതായി ചിഫ് സെക്രട്ടറി എസ് വി രംഗനാഥ്  മാധ്യമങ്ങളെ  അറിയിച്ചിരുന്നു . ധാരണപത്രങ്ങളില്‍ 75 ശതമാനവും ഇന്ത്യയില്‍ നിന്നുള്ള കമ്പനികളുമായാണ്  .എന്നതാണു പ്രത്യേകത
നിക്ഷേപ സംഗമത്തിലൂടെ 15 ലക്ഷം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. നിക്ഷേപ സംഗമത്തില്‍ പങ്കെടുത്ത ബാങ്കുകള്‍ മൂന്ന് ലക്ഷം കോടിയുടെ വായ്പക്കായി വിവിധ കമ്പനികളുമായി കരാറിലെത്തി.

ചെറുകിട വ്യവസായ രംഗത്ത് 35000 കോടിയുടെ രൂപയുടെ നിക്ഷേപം സമാഹരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. നഗര വികസന രംഗത്ത് ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനും കഴിഞ്ഞു.
ടാറ്റാ ഗ്രൂപ്പാണ് ഏറ്റവും കൂടുതല്‍ നിക്ഷേപത്തിന് സര്‍ക്കാറുമായി ധാരണയിലെത്തിയത്. സ്റ്റീല്‍ കമ്പനിയടക്കം 35000 കോടി രൂപയുടെ നിക്ഷേപത്തിനാണ് ടാറ്റാ ഗ്രൂപ്പ് തയ്യാറായത്.  
ഇതുപോലൊരു സാഹചര്യം കേരളത്തില്‍ വന്നുകൂടായ്കയില്ല ..വരണമെന്നതാണ്  സംസ്ഥാന താല്പര്യം കണക്കിലെടുക്കുന്നവര്‍ ചിന്തിക്കുന്നത് . ഒപ്പം ബഹുഭൂരിപക്ഷം വരുന്ന സാമാന്യ ജനങ്ങള്‍ക്ക്‌ അതിന്റെ ഗുണഫലവും ലഭിക്കണം . എന്ത് പദ്ധതി വന്നാലും കുറെ കോടികള്‍ ചോര്‍ന്നു ചില കേന്ദ്രങ്ങളിലേയ്ക്ക് സമാഹരിക്കപ്പെടും എന്നത്  ഒരു യാഥാര്‍ത്ഥ്യമാണ്‌ ..അത് ഇവിടെയും സംഭവിക്കാം .പക്ഷെ ജനതാല്പര്യം ഹനിക്കപ്പെട്ടുകൂട . ഭയപ്പെടുന്നത് പോലുള്ള ദുരന്തങ്ങള്‍ സംഭവിക്കാനും പാടില്ല . നല്ല കാര്യങ്ങള്‍ മുടക്കം കൂടാതെ  നടക്കട്ടെ ..
പക്ഷെ  മൂലധന നിക്ഷേപം വര്‍ദ്ധിപ്പിക്കാനായി  എമെര്‍ജിംഗ് കേരള സംഘടിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ പക്ഷെ യു ഡി എഫില്‍ ചര്‍ച്ച ചെയ്തു അനുവാദം വാങ്ങിയിരുന്നോ എന്ന് വ്യക്തമാക്കേണ്ടതുണ്ട് കാരണം . 2011 ഡിസംബര്‍ പത്തിന്  ചേര്‍ന്ന  യു ഡി എഫ് അടിയന്തര  യോഗം  ചേര്‍ന്നു  ചില്ലറവ്യാപാര രംഗത്തു കേരളത്തില്‍ വിദേശ നിക്ഷേപം വേണ്ടെന്ന്  തീരുമാനിച്ചിരുന്നു . ഇക്കാര്യം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടു  ശുപാര്‍ശയും  ചെയ്തിരുന്നു   റിലയന്‍സും ബിഗ് ബസാറുമൊക്കെ കേരളത്തില്‍ കടന്നുവന്നത് ഇടതു സര്‍ക്കാരിന്‍റെകാലത്താണ്. യുഡിഎഫ് ഒരുകാലത്തും ഇത്തരം സമീപനം എടുത്തിട്ടില്ല എന്നും കണ്‍ വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞതിന്  പിന്നീട് എന്തെങ്കിലും മാറ്റം വരുത്തിയതായി കണ്ടതുമില്ല . കേരള സര്‍ക്കാര്‍  വിദേശ നിക്ഷേപത്തെ അനുകൂലിച്ചു കത്തയച്ചു എന്ന് കേന്ദ്ര മന്ത്രി ആനന്ദ ശര്‍മ്മപറഞ്ഞതായി പത്രത്തില്‍ വായിച്ചിരുന്നു .കേരളം അടക്കം ഏഴു സംസ്ഥാനങ്ങള്‍ വിദേശ നിക്ഷേപത്തെ പിന്തുണച്ചിട്ടുണ്ടെന്നാണ്  ആനന്ദ് ശര്‍മ ബ്രസല്‍സില്‍ ഇക്കഴിഞ്ഞ ജൂണ്‍ അവസാനം  നടന്ന യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുമായുള്ള ചര്‍ച്ചയില്‍ വ്യക്തമാക്കിയത്  ..എന്നാല്‍ ഇങ്ങനെ ഒരു കത്തയച്ചിട്ടില്ല എന്ന്  ടി എന്‍ പ്രതാപന്‍ എം എല്‍ എ  യുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമ സഭയില്‍ ഉറപ്പു നല്‍കിയതായും അറിഞ്ഞു . ആരാണ് കള്ളം പറയുന്നതെന്നും വിദേശ മൂലധന സമാഹരണത്തെ കുറിച്ചു യു ഡി എഫിനും സര്‍ക്കാരിനും ഉള്ള പൊതു നയം എന്താണെന്നും അവരുടെ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്ക് ഇതുമായി വല്ല ബന്ധവും ഉണ്ടോ എന്നും ആര്‍ക്കും ഒന്നും അറിയില്ല . കാര്യങ്ങള്‍ മുഖ്യമന്ത്രിയും യു ഡിഎഫ് നേതാക്കളും നേരത്തെ പറഞ്ഞത് പോലെയാണ് എങ്കില്‍ പിന്നേ ഏതു നയത്തിന്റെ ഒഇന്‍ ബലത്തിലാണ് എമെര്‍ജിംഗ് കേരള നടത്താന്‍ പോകുന്നതെന്ന്  അവര്‍ വ്യക്തമാക്കേണ്ടതുണ്ട് . ഏതായാലും കേന്ദ്രത്തിന്റെ തലവനായ മന്‍മോഹന്‍ ജിയാണ് എമെര്‍ജിംഗ് കേരള ഉദ്ഘാടനം ചെയ്യാനായി കേരത്തിലേക്ക് വരുന്നത്  .അദ്ദേഹം പൊതുവേ ഒരു കാര്യത്തിലും വാ തുറന്നു പ്രതികരിക്കാത്തയാള്‍ ആണ് . കേരളത്തിന്റെ പദ്ധതികള്‍ നടപ്പാക്കാന്‍ ആവശ്യത്തിനു തുക അനുവദിക്കാന്‍ പിശുക്ക് കാണിക്കുന്ന അദ്ദേഹത്തിനു എമെര്‍ജിംഗ് കേരള നടത്തുന്നത് ഒരാശ്വാസമാണ് . കേരളം ആ വഴിക്ക്   കുറെ പണം സ്വരൂപിച്ചു കഴിഞ്ഞാല്‍ പിന്നേ ഇവിടെ നിന്നുള്ള "പണം തായോ ,,പണം തായോ ..." എന്ന മുറ വിളികള്‍ക്ക് ഒരു ശമനം ഉണ്ടാകുമല്ലോ   എമെര്‍ജിംഗ്  കേരള സാധാരണക്കാരെ സംബന്ധിച്ച്   ഗുണമായാലും ദോഷമായാലും കാത്തിരുന്നു കാണുക തന്നെ .വരാനുള്ളത്  വഴിയില്‍ തങ്ങില്ലല്ലോ ..

6 അഭിപ്രായങ്ങൾ:

  1. എത്ര കുറ്റമറ്റ വികസന പദ്ധതികള്‍ ആര് അവതരിപ്പിച്ചാലും എക്കാലത്തും അതിനെയൊക്കെ കണ്ണടച്ച് എതിര്‍ക്കുക എന്നതാണ് കേരളത്തില്‍ കാലാ കാലങ്ങളിലായി അതാതു പ്രതിപക്ഷ പാര്‍ട്ടികള്‍ ചെയ്തു പോന്നിട്ടുള്ളത്. ഇവിടെയും പതിവ് തെറ്റിയില്ല. ഇനി എമര്‍ജിംഗ് കേരളയുടെ സ്ഥിതിയും എന്താണാവോ. കാത്തിരുന്നു കാണുക തന്നെ വഴിയുള്ളൂ.

    മറുപടിഇല്ലാതാക്കൂ
  2. സുതാര്യം എന്ന് പറയുമ്പോഴും ലേഖനത്തില്‍ സംശയിക്കുന്നത് പോലെ ഒരുതരം ഒളിച്ചു കളി പതുങ്ങിയിരിക്കുന്നു എന്ന സംശയമാണ് മുന്നിട്ടു നില്‍ക്കുന്നത്‌.

    മറുപടിഇല്ലാതാക്കൂ
  3. എന്തെല്ലാമോ ഒളിച്ചു വച്ചു കൊണ്ടുള്ള ഓരോ കസ്ര്ത്തുകളാണ് നടക്കാൻ പോകുന്നത്. ഈയടുത്ത ദിവസം പുറത്തു വന്നല്ലൊ ഒരെണ്ണം. ‘കാബറെ’ നടത്തി കാശുണ്ടാക്കാൻ അല്ല തൊഴിൽ കൊടുക്കാൻ എമർജിങ് കേരള വഴി അവസരമൊരുക്കുന്നതായി. ഇനിയും നാമറിയാത്ത പലതും വരാനിരിക്കുന്നതേയുള്ളു. കാത്തിരുന്നു കാണുക തന്നെ.

    മറുപടിഇല്ലാതാക്കൂ
  4. അതെ കാത്തിരുന്നു കാണുക തന്നെ .വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ :-)

    മറുപടിഇല്ലാതാക്കൂ
  5. പാറ്റക്കാട്ടം നീക്കി വരുമ്പോൾ വെക്കാനുള്ള അരിയെങ്കിലും കിട്ടിയാൽ ഭാഗ്യം...!
    17000 കോടിയുടെ കാൽ ഭാഗങ്ങളെങ്കിലും നടപ്പാക്കിയാ/കിട്ടിയാലല്ലേ...

    മറുപടിഇല്ലാതാക്കൂ