ബുധനാഴ്‌ച, സെപ്റ്റംബർ 12, 2012


സംസ്ഥാന രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കിയ ടി പി .ചന്ദ്രശേഖരന്‍ വധക്കേസ്  വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ് .സി പി എം ഔദ്യോഗിക നേതൃത്വത്തിന് നേരെ സംശയങ്ങളുടെ വാള്‍ മുനകള്‍ നീട്ടിയ കൊലപാതകവും
അതിനെ തുടര്‍ന്നുണ്ടായ സംസ്ഥാന പോലീസ് അന്വേഷണങ്ങളും  കണ്ടെത്തലുകളും സി പി എമ്മിനെ ഒട്ടൊന്നുമല്ല 
ശ്വാസം മുട്ടിച്ചത് . കൊലയാളിപ്പാര്ട്ടി എന്ന ദുഷ്പേര്  പൊതുവേ കേട്ടെന്നു മാത്രമല്ല രാഷ്രീയ  ശത്രുക്കളുംമിത്രങ്ങളും ഒരു പോലെ അവരെ പൊതു വഴിയില്‍ വിചാരണ ചെയ്യാന്‍ വരെ മുതിരുകയും ചെയ്തു .

ടീ ,പി .വധം ഉണ്ടായ ആദ്യ മണിക്കൂറുകളില്‍ തന്നെ കൊന്നത് സി പിഎം ആണെന്ന പ്രചാരണമാണ്  ചന്ദ്ര ശേഖരന്റെ പാര്‍ട്ടിയായ ആര്‍ എം പി യും കോണ്ഗ്രസ്സും കേന്ദ്ര -സംസ്ഥാന ആഭ്യന്തര മന്ത്രിമാരും പറഞ്ഞു കൊണ്ടിരുന്നത് .
അതെ സമയം കൊന്നതും കൊല്ലിച്ചതും തങ്ങളല്ല എന്ന മറുവാദം അതി ശക്തമായി തന്നെ സി പി എമ്മും ആവര്‍ത്തിച്ചു കൊണ്ടിരുന്നു .
ആരോ ചെയ്ത പാതകം പാര്‍ട്ടിയുടെ തലയില്‍ കെട്ടിവച്ചു പ്രവര്‍ത്തകരെയും നേതാക്കളെയും കള്ള കേസില്‍ കുരുക്കി 
തകര്‍ക്കാനാണ് ഉമ്മന്‍ ചാണ്ടിയും തിരുവന്ചൂരും ശ്രമിക്കുന്നതെന്നാണ് അവര്‍ ആരോപിച്ചു കൊണ്ടിരുന്നത് .അതിനായി കോണ്ഗ്രസ്  -ആര്‍ എം .പി .നേതാക്കള്‍  ഗൂഡാലോചന നടത്തുകയും  പോലീസിനെ ഉപയോഗിക്കുകയും ചെയ്യുന്നുവെന്നും അവര്‍ പറഞ്ഞു കൊണ്ടിരുന്നു.   
അത് കൊണ്ട് തന്നെ ഈ ഗൂഡാലോചന പുറത്തു കൊണ്ടുവരുന്നതടക്കം  നിഷ്പക്ഷമായ ഒരന്വേഷണം ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും അവര്‍  ആവശ്യപ്പെടുകയും ചെയ്തു  .അതിനു സംസ്ഥാന പോലീസ് ഒഴികെയുള്ള ഏതേജന്‍സി
യെയും പോളിറ്റ് ബ്യൂറോ മെമ്പര്‍ സീതാറാം യച്ചൂരി അടക്കം ഉള്ള സി പി എം നേതാക്കള്‍ സ്വാഗതം ചെയ്യുകയും ചെയ്തു 

.ഒന്നും രണ്ടുമല്ല  ,എം എല്‍ യും എം പിയും ജില്ലാ സെക്രട്ടറിയും   അടക്കം എഴുപത്തഞ്ചോളം നേതാക്കളും പ്രവര്‍ത്തകരുമാണ്  ടീ പി വധത്തില്‍  പ്രതികള്‍ എന്നാരോപിക്കപ്പെട്ടു പോലീസ് പിടിയില്‍ ആയത് . എല്ലാവരും നിരപരാധികള്‍ ആണെന്നും ആര്‍ക്കും ടീ .പി .ചന്ദ്ര ശേഖരനുമായി ഒരു വിരോധവും ഉണ്ടായിരുന്നില്ലെന്നും പാര്‍ട്ടി പല തരം യോഗങ്ങള്‍  സംഘടിപ്പിച്ചു പറഞ്ഞിട്ടും അവരെ കുടുക്കാന്‍ നടക്കുന്ന വി എസ് അച്ചുതാനന്ദനും കൊണ്ഗ്രസുകാരും ഒരു വിഭാഗം ജനങ്ങളും വിശ്വസിക്കാന്‍ കൂട്ടാക്കിയിരുന്നില്ല .
 ..
ചിലപ്പോള്‍ സാഹചര്യങ്ങള്‍ വിലയിരുത്തിയാകും ജനങ്ങള്‍  കോണ്ഗ്രസുകാരുടെ കള്ള പ്രചാരണത്തില്‍ വീണിട്ടുണ്ടാവുക.
അവര്‍ക്ക് സത്യം അറിയാന്‍ ഇപ്പോള്‍ വേറെ വഴി ഇല്ലല്ലോ ...എല്ലാവരും ദേശാഭിമാനി വായിക്കുന്നവരും അല്ല .

എന്നാല്‍ പിന്നെ കേസ് സി ബി ഐ അന്വേഷിക്കട്ടെ ..യഥാര്‍ത്ഥ പ്രതികള്‍ ആരെന്നു അവര്‍ അന്വേഷിക്കട്ടെ ..സി പി എം നേതാക്കളെ കുടുക്കാന്‍  കോണ്ഗ്രസ് കാരോ ആര്‍ എം പി ക്കാരോ അച്ചുതാനന്ദനോ ഗൂഡാലോചന നടത്തി എങ്കില്‍  അത് പുറത്തു വരട്ടെ . ഏതന്വേഷണവും നേരിടാം എന്ന് നേരത്തെ തന്നെ നേതൃത്വം പറഞ്ഞിട്ടുമുണ്ടല്ലോ  .

പക്ഷെ പറഞ്ഞു പറഞ്ഞു  കളി കാര്യമായപ്പോള്‍  ഇക്കാര്യത്തില്‍  സി ബി ഐ അന്വേഷണം വേണ്ടാ എന്നാണു പാര്‍ട്ടി പറയുന്നത് ..അത് താഴെ തട്ടില്‍ ഉള്ളവരല്ല അങ്ങ് പോളിറ്റ് ബ്യൂറോ തന്നെതീരുമാനിച്ചു  പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു . 

കേസ് സി ബി ഐ അന്വേഷിക്കണം എന്ന് ചന്ദ്രശേഖരന്റെ വിധവ രമയും അവരുടെ പാര്‍ട്ടിയും ആവശ്യപ്പെട്ടതിനു പിന്നാലെ അതില്‍ എണ്ണയും തീയും പകരാനായി വി എസ് വീണ്ടും എത്തിയതോടെയാണ്  സി പിഎം പഴയ ആവശ്യത്തില്‍ നിന്ന് പിന്നാക്കം പോയിട്ടുള്ളത് ..ഇത് പക്ഷെ എലിയെ പേടിച്ചു ഇല്ലം ചുടുന്നതിനു തുല്യമെന്നെ പറയാന്‍ പറ്റൂ .
സി ബി ഐ അന്വേഷണം വേണ്ടാ എന്ന് പറഞ്ഞാല്‍ ഇക്കാര്യത്തില്‍ അവര്‍ ആവശ്യപ്പെടുന്ന സത്യം പുറത്തു വരേണ്ടാ 
എന്നാണോ അര്‍ഥം ?  സി ബി ഐ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയാണ് എങ്കിലും അവരുടെ ചില അന്വേഷണങ്ങളെ സി പി എമ്മും സ്വാഗതം ചെയ്തിട്ടുള്ളതാണ് ,ചില ഘട്ടങ്ങളില്‍ സി ബി ഐയെ സി പിഎം പ്രകീര്‍ത്തിച്ചിട്ടു പോലുമുണ്ട് . അതിലൊന്നാണ് കവിയൂര്‍ കേസ് .യു പി യിലെ  മായാവതിക്കെതിരെയുള്ള അഴിമതിക്കേസിലും സി ബി ഐ അന്വേഷണത്തെ സി പി എം സ്വാഗതം ചെയ്തിരുന്നതാണ് . 

കവിയൂര്‍ കേസില്‍  സി പി എമ്മിനെ കുടുക്കാന്‍ വേണ്ടി ക്രൈം വാരിക പത്രാധിപര്‍  ടി .പി .നന്ദകുമാര്‍  നല്‍കിയ ഹര്‍ജിയെ തുടര്‍ന്നുണ്ടായ സി ബി ഐ അന്വേഷണത്തില്‍  അനഘയെ പീഡിപ്പിച്ചത് സ്വന്തം പിതാവായ നാരായണന് നമ്പൂതിരി തന്നെയാണ് എന്നായിരുന്നു കണ്ടെത്തല്‍ . ആ വിവരം സി ബി ഐ പുറത്തു വിട്ടപ്പോള്‍ ഏറെ ആശ്വാസം കൊണ്ടതും സി പി എം ആയിരുന്നല്ലോ . കിളിരൂര്‍ -കവിയൂര്‍ കേസുകളില്‍  വി എസ് അടക്കമുള്ള ആളുകളും മറ്റു  രാഷ്ട്രീയ  ശത്രുക്കളും സി പി എമ്മിനെ വെട്ടയാടിക്കൊണ്ടിരിക്കവെയാണ്  ഇക്കാര്യം സംബന്ധിച്ച സി ബി ഐ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത് , കിളിരൂര്‍ കേസില്‍ സി പി എമ്മിലെ വി ഐ പികള്‍  ശാരിയെ സന്ദര്‍ശിച്ചതിനു ശേഷമാണ്  ആ പെണ് കുട്ടി ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് എന്നുപോലും വി എസ് ആരോപിച്ചിരുന്നു ,എന്നാല്‍ സി ബി ഐ പറഞ്ഞതാകട്ടെ 
ആ കേസിന്റെ പരിസരത്തു കൂടി പോലും ഒരു വി ഐ പിയും പോയിട്ടില്ല എന്നായിരുന്നു .

മറ്റൊന്ന്  ; വര്‍ഷങ്ങളായി  കെടാത്ത കനല് പോലെ എരിഞ്ഞു കിടക്കുന്ന  ലാവലിന്‍ കേസില്‍  പിണറായി വിജയനെ പ്രതിയായി സംശയിച്ചു പ്രചാരണങ്ങള്‍ നടത്തിയിട്ട്  എന്തുണ്ടായി ? അദ്ദേഹത്തിനോ മറ്റു രാഷ്ട്രീയ നേതാക്കള്‍ക്കോ വല്ലതും സംഭവിച്ചോ ? ആ കേസും അന്വേഷിക്കുന്നത് സി ബി ഐ അല്ലെ ? പിണറായിക്ക്  ഒരു ദിവസമെന്കിലും ജയരാജനെ പോലെ ജയിലില്‍ കിടക്കേണ്ടി വന്നോ ? ഒന്നും സംഭവിച്ചില്ല,  ഇനി  ഒന്നും സംഭവിക്കാന്‍ പോകുന്നുമില്ല .അതെ സമയം ഉമ്മന്‍ ചാണ്ടിയുടെ  പോലീസാണ്  ടീ പി വധത്തില്‍ എന്നത് പോലെ ഈ കേസുകളും അന്വേഷിച്ചത് എങ്കില്‍  എന്താകുമായിരുന്നു അവസ്ഥ ? പിണറായിയെ കൊണ്ട് ഉമ്മന്‍ ചാണ്ടി ഒരു ദിവസമെന്കിലും ഉണ്ട തീറ്റിച്ചേനെ.
.
കാരണം കേരളത്തിലെ സി പി എമ്മിനെ കൊണ്ട് ഉമ്മന്‍ ചാണ്ടിക്കോ അദ്ദേഹത്തിന്റെ സര്‍ക്കാരിനോ ഉപദ്രവം അല്ലാതെ ഉപകാരമൊന്നും ഉണ്ടായിട്ടില്ല ..അത് കൊണ്ട് അദ്ദേഹത്തിനു രാഷ്ട്രീയ വൈരാഗ്യം കാണും .എന്നാല്‍ കേന്ദ്രത്തില്‍ അതല്ല 
സ്ഥിതി ,അവിടെ മന്മോഹന്‍ ജിക്ക് സി പി എമ്മിനെ കൊണ്ട് വലിയ ആവശ്യമുണ്ട് . അത് കൊണ്ടാണ്  കേരളത്തില്‍ കോണ്ഗ്രസ് കുളം കലക്കിയ ലാവലിന്‍ കേസിലൊക്കെ പിണറായി ഒരു പോറല്‍ പോലുമേല്ക്കാതെ പിടിച്ചു നില്‍ക്കുന്നത് . പോരെങ്കില്‍ ഇപ്പോള്‍ അദ്ദേഹം ലാവലിന്‍ ഇടപാടില്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയതിനു തെളിവില്ല എന്ന് കൂടി സി ബി ഐ വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു ..!!

സി ബി ഐയോട് തല്‍ക്കാലം ഫയല്‍ ചുരുട്ടി കൂട്ടി വയ്ക്കാന്‍ സോണിയാ മാഡവും മന്മോഹന്‍ ജീയും കൂടി പറഞ്ഞാല്‍ അവര്‍ അതനുസരിക്കും ..എന്നിട്ടും സി ബി ഐ അന്വേഷണം വേണ്ട എന്ന് വാശി പിടിക്കാന്‍ സി പി എ മ്മിനെ പ്രേരിപ്പിക്കുന്നതെന്താണെന്ന്  ഒരു പിടിയുമില്ല ..

ചിലപ്പോള്‍ കുട്ടികള്‍ ആഹാരം വേണ്ടാ വേണ്ടാ എന്ന് പറയുമ്പോള്‍ അമ്മമാര്‍ നിര്‍ബന്ധിച്ചു തീറ്റിക്കുന്നത് പോലെ  അന്വേഷണം വേണ്ടാ വേണ്ടാ എന്ന് പറഞ്ഞു വി എസിനെയും കൊണ്ഗ്രസുകാരെയും വാശിപിടിപ്പിച്ചു അന്വേഷണം ക്ഷണിച്ചു വരുത്താനുള്ള അടവ് നയമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .സി ബി ഐ അന്വേഷണം വന്നാല്‍ ഇപ്പോള്‍ അകത്ത് കിടക്കുന്നവരൊക്കെ ജാമ്യം എടുത്തു പുറത്തു വരാന്‍ സാധ്യത തെളിയും .കേസ് അന്വേഷണം ഇനിയും നീണ്ടു നീണ്ടു പോകും . പതുക്കെ ലാവലിന്‍ കേസോ ,അഭയ കേസോ പോലെ തെളിയാതെയും വരാം .അല്ലെങ്കില്‍ സി പി എമ്മിന്റെ നിഷ്കളങ്കത പുറത്തുവരാം ..
 ന്യൂന മര്‍ദ്ദം കൊണ്ട് കേന്ദ്രത്തിലെ കോണ്ഗ്രസ് സര്‍ക്കാരുകള്‍ കാറ്റ് പിടിച്ചു നില്‍ക്കുമ്പോള്‍  സി ബി ഐ യുടെ പിപ്പിടി കാണിച്ചു  ഒരാള്‍ക്കും തങ്ങളെ വരുതിക്ക് നിര്‍ത്താന്‍ കഴിയില്ല എന്നു സി പി എമ്മിന് നന്നായി അറിയാം . അതല്ല സി ബി ഐക്കും നിഷ്പക്ഷത ഇല്ല എന്നാണ് എങ്കില്‍ ചൈനയിലോ റഷ്യയിലോ ഉള്ള നിഷ്പക്ഷമായ ഒരു ഏജന്‍സിയെ അന്വേഷണത്തിനായി  അവര്‍ക്ക്  ശുപാര്‍ശ ചെയ്യാം .

3 അഭിപ്രായങ്ങൾ:

  1. ലോക്കല്‍ പോലീസിനെ വിരട്ടുന്ന പോലെ സി ബി ഐയെ വിരട്ടാന്‍ കഴിയില്ല. അത് തന്നെ കാര്യം.

    മറുപടിഇല്ലാതാക്കൂ
  2. ലാവലിന്‍ കേസില്‍ പിടിച്ച് ഇനി പ്രചരണം സാധ്യമല്ലാത്ത നിലക്ക് പുതിയൊരു സിബിഐ കേസ്‌ കൂടി കിടക്കട്ടേന്ന്.....ഇത്രയും കാലം ലാവലിന്‍ കേസുകൊണ്ട് കാര്യങ്ങള്‍ നടന്നതല്ലേ? ഇനി അത് പറ്റുമോ എന്ന് സംശയമാണ്. എന്തിനാ ഒരു പരീക്ഷണത്തിനു മുതിരുന്നത്. അതേക്കാളൊക്കെ എന്തുകൊണ്ടും നല്ലത് പുതിയ കേസ്‌ തന്നെ.തെളിയിക്കലോ തെളിയലോ അല്ലല്ലോ കേസുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രചാരണത്തിനുള്ള സംവിധാനങ്ങള്‍ കയ്യില്‍ ഉള്ളിടത്തോളം, കാര്യങ്ങള്‍ എതിര്‍പ്പുകള്‍ ഇല്ലാതെ കൊണ്ടുപോകാന്‍ എതിര്‍ പാര്ട്ടിക്കുമേല്‍ ഒരു കടിഞ്ഞാൺ!!

    മറുപടിഇല്ലാതാക്കൂ
  3. ആരോ എന്തിനെയോ ഭയക്കുന്നു...

    മറുപടിഇല്ലാതാക്കൂ