തിങ്കളാഴ്‌ച, ജൂലൈ 30, 2012

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ ...



അഭ്യസ്ത വിദ്യരും തൊഴില്‍ രഹിതരുമായ യുവാക്കളുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാന്‍ അണിയറയില്‍ നീക്കം നടക്കുന്നതായി വ്യാപകമായ പരാതികളും അഭ്യൂഹങ്ങളും കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി .ഈയടുത്ത് വീണ്ടും സംസ്ഥാന ധനകാര്യവകുപ്പ് ഇതിനായുള്ള ചരടുവലികള്‍ ഊര്‍ജ്ജിതമാക്കി എന്നാണു അറിയാന്‍ കഴിഞ്ഞത് .

ഭരണ ചെലവു നിയന്ത്രിക്കാന്‍ തസ്തികകള്‍ ഇല്ലാതാക്കുക ,നിയമന നിരോധനം കൂടുതല്‍ വകുപ്പുകളിലേക്ക് വ്യാപിപ്പിക്കുക 
തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ക്കും മുഖ്യമന്ത്രി അനുമതി നല്‍കിയെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത് . ഇതിനെതിരെ യുവജന സംഘടനകളുടെ ഭാഗത്ത് നിന്നു ഉയരുന്ന മുറുമുറുപ്പുകള്‍ പരിഗണിച്ചു ,പെന്‍ഷന്‍ പ്രായത്തിന്റെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ല 
എന്ന് ധനമന്ത്രി കെ എം മാണി നിയമസഭയില്‍ ഒരു പ്രസ്താവന നടത്തിയിട്ടുണ്ട് . തീരുമാനം ആയില്ല എന്ന് മാത്രമേ അദ്ദേഹം പറഞ്ഞിട്ടുള്ളൂ .തീരുമാനിക്കില്ല എന്ന് പറഞ്ഞിട്ടില്ല .

ചെലവു ചുരുക്കി ഭരിക്കുക എന്നത് നല്ലൊരു ആശയമാണ് . പ്രഖ്യാപനം നടത്തിയാല്‍ പോലും കയ്യടി കിട്ടുന്ന സംഗതി .മുന്‍ മുഖ്യമന്ത്രി എ കെ .ആന്റണി സാര്‍ തുടങ്ങിവച്ച ആശയം .അദ്ദേഹത്തിനും കയ്യടി ഒരു പാട് കിട്ടിയെങ്കിലും'ഖജനവില്‍ പത്തു പൈസ പോലും ഇല്ല ' എന്നൊക്കെ അദ്ദേഹം പറഞ്ഞെങ്കിലും ചെലവുകള്‍ ഒട്ടും ചുരുങ്ങിയില്ല എന്നതായിരുന്നു പരമാര്‍ത്ഥം .

ഇപ്പോള്‍  ഉമ്മന്‍ ചാണ്ടി മന്ത്രി സഭയും ചെലവു ചുരുക്കലിന്റെ ഭാഗമായാണ് തസ്തിക വെട്ടിച്ചുരുക്കനും പെന്‍ഷന്‍ പ്രായം കൂട്ടാനും 
ഒരുങ്ങുന്നത് . നടപ്പായാല്‍ കൊള്ളാം എന്ന് തോന്നും .

സംസ്ഥാനത്ത് ഇപ്പോള്‍ 5 .44 ലക്ഷം  സര്‍ക്കാര്‍ ജീവനക്കാരും 5 .33 ലക്ഷം പെന്‍ഷന്‍ കാരുമുണ്ട് .ഏറെക്കുറെ തുല്യ അനുപാതം .ഇരുപതിനായിരം പേര്‍ കൂടി ഈ വര്ഷം മാര്‍ച്ചോടെ പെന്‍ഷന്‍ ആകാനിരിക്കുന്നു .ഇതും കൂടി  ചേര്‍ക്കുമ്പോള്‍ തുല്യം തുല്യം ആകും .

16765 കോടി രൂപയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്  നല്‍കിവരുന്ന പ്രതിമാസ ശമ്പളം .ഇതിന്റെ പകുതിയോളം അതായത് 8178 കോടി രൂപ പെന്‍ഷന്‍ ഇനത്തില്‍ ചെലവാക്കുന്നുണ്ട് .സര്‍ക്കാരിന്റെ മൊത്തം റെവന്യൂ വരുമാനത്തിന്റെ 21 % ആണിത് . മറ്റു സംസ്ഥാനങ്ങള്‍ അവരുടെ വരുമാനത്തിന്റെ 11 % മാത്രമേ പെന്‍ഷനായി നല്‍കുന്നുള്ളൂ .കേന്ദ്രസര്‍ക്കാര്‍ ആവട്ടെ വെറും ഒമ്പത് ശതമാനമാണ് 
പെന്‍ഷന്‍ നല്‍കുന്നത് . എന്നിരിക്കെ കേരള സര്‍ക്കാര്‍ പെന്‍ഷന്‍ ഇനത്തില്‍ ഇത്ര ഭീമമായ തുക നല്‍കേണ്ടി വരുന്നത് ഒഴിവാക്കേണ്ടത് തന്നെയാണ് .

പക്ഷെ ചെലവു ചുരുക്കല്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് കൊണ്ടു മാത്രം നടപ്പാകുന്ന കാര്യമല്ല .അനാവശ്യമായ എല്ലാ ചിലവുകളും ഒഴിവാക്കണം .പക്ഷെ സര്‍ക്കാര്‍ ഈ ഭാഗം ചിന്തിക്കുന്നേയില്ല .

കേവലം മൂന്നരക്കോടി  ജനങ്ങള്‍ മാത്രമുള്ള ഈ കൊച്ചു കേരളത്തില്‍ എന്തിനാണ് ഇത്ര അധികം മന്ത്രിമാര്‍ ?  ഇവര്‍ക്ക് എന്തിനാണ് ഇത്ര അധികം പേര്‍സണല്‍ സ്റ്റാഫ്‌? എന്തിന്നാണ് ആഡംബര കാറുകള്‍ ? എന്തിനാണ് ഇവര്‍ സംസ്ഥാനത്തിനകത്ത് പോലും  വിമാനങ്ങളില്‍ സഞ്ചരിക്കുന്നത് ? ആവശ്യമില്ലാത്ത ബോര്‍ഡുകളും കോര്‍പ്പറേഷനുകളും  പിരിച്ചു വിട്ടു കൂടെ? എന്തിനാണ് കോടികള്‍ ധൂര്‍ത്തടിച്ച് ആഘോഷങ്ങള്‍  സംഘടിപ്പിക്കുന്നത് ? 

എം എല്‍ എ മാര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍  വിലകൂടിയ സൌജന്യ സമ്മാനങ്ങള്‍ വാങ്ങി നല്‍കാന്‍ ധനമന്ത്രി കെ എം .മാണി അടക്കമുള്ള മന്ത്രിമാര്‍   മത്സരിക്കുന്ന കാഴ്ചയാണ് പോയ ദിവസങ്ങളില്‍ കേരളം കണ്ടത് . മുപ്പതിനായിരം രൂപയോളം വിലവരുന്ന സാം സംഗ് മൊബൈല്‍ ഫോണുകളാണ്  മന്ത്രി മാണി എം എല്‍ എ മാര്‍ക്ക് നല്‍കിയത് . ലീഗ് മന്ത്രി വി .കെ .ഇബ്രാഹിം കുഞ്ഞു 15000 രൂപയോളം  വില മതിക്കുന്ന സാം സുനൈറ്റ് ലെതര്‍ ട്രോളി ബാഗുകളാണ് സമ്മാനമായി നല്‍കിയത് . തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ ക്യാമറകളും ,മന്ത്രി എം .കെ .മുനീര്‍   ഫാക്സ് ,സ്കാനര്‍ ,പ്രിന്‍റര്‍ എന്നിവയുള്ള സമ്മാന കിറ്റും നല്‍കി . മന്ത്രിമാര്‍ ഇനിയും ബാക്കിയുള്ളത് കൊണ്ടു സമ്മാന പെരുമഴ പ്രതീക്ഷിച്ചു കൊതി പൂണ്ടിരിക്കുകയാണ് എം എല്‍ എ മാര്‍ . ഇതിനൊക്കെ കൂടി സര്‍ക്കാര്‍ ഖജനാവില്‍ നിന്നു എത്ര കോടിയാവും എഴുതിത്തള്ളുക എന്ന്  ആര്‍ക്കറിയാം ?

സംസ്ഥാനത്തെ അഭ്യസ്ത വിദ്യരായ തൊഴില്‍ രഹിതരുടെ സംഖ്യ കുതിച്ചുയരുകയാണ് . തൊഴിലിനായി എംപ്ളോയ് മെന്റ്  എക്സ്ചേഞ്ചുകളില്‍  രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 43 .61  ലക്ഷം കവിഞ്ഞു .ഇവരില്‍ മുക്കാല്‍ ലക്ഷത്തില്‍ പരം യുവാക്കള്‍ തൊഴിലധിഷ്ടിത വിദ്യാഭ്യാസം നേടിയവരാണ് . വിദേശ തൊഴിലിനായി വിവിധ വിഭാഗങ്ങളിലായി 18,270 പേര്‍ പൊതുമേഖലാ സ്ഥാപനമായ ഒഡെപകില്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം നിയമസഭയില്‍ മന്ത്രി ഷിബു ബേബിജോണ്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞിരുന്നു .
ഇതിലൊന്നും പെടാതെ ഗള്‍ഫില്‍ നിന്നു ജോലി നഷ്ടപ്പെട്ട് മടങ്ങിയ 13 ലക്ഷം പേര്‍ വേറെയുമുണ്ട് .

  കഴിഞ്ഞ മേയ് 31 വരെയുള്ള  പി എസ് സി കണക്കനുസരിച്ച്  1897 തസ്തികകളിലേക്കുള്ള റാങ്ക്  ലിസ്റ്റുകള്‍ നിലവിലുണ്ട് .അടുത്ത വര്‍ഷങ്ങളില്‍ നിയമിക്കപ്പെടെണ്ടാവരാണ്  ഈ ലിസ്റ്റുകളില്‍ ഉള്ള ലക്ഷക്കനകിനു പേര്‍ . പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതോടെ സ്വാഭാവികമായും ഈ നിയമനങ്ങള്‍ റദ്ദു ചെയ്യപ്പെടുകയോ കാലാവധി അതിക്രമിക്കുകയോ ചെയ്യും . 

ഇപ്പോള്‍ തന്നെ ഒട്ടു മിക്ക വകുപ്പുകളിലും അപ്രഖ്യാപിത നിയമന നിരോധനം നിലവിലുണ്ട് . നിയമനങ്ങള്‍ നടത്തുന്ന പി എസ് സിയില്‍ പോലും ആവശ്യത്തിനു ജീവനക്കാര്‍ ഇല്ലാതിരിക്കെ നിലവിലുള്ള 240  ജീവനക്കാരെ  അവിടെ നിന്നു വെട്ടിക്കുറക്കണം എന്നാണ് ധനകാര്യ വകുപ്പ് 
നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത് . മോട്ടോര്‍ വാഹന വകുപ്പില്‍ വര്‍ഷങ്ങളായി ആരെയും നിയമിച്ചിട്ടില്ല . നിലവിലുള്ള ഒഴിവുകള്‍ കൂടാതെ അധികരിച്ച റോഡ്‌ അപകടങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി  47 സബ്  ആര്‍ ടി ഓഫീസുകളുമായി ബന്ധപ്പെട്ടു 205 ഓളം തസ്തികകള്‍ 
വേണമെന്ന ഹേമ ചന്ദ്രന്‍ ശുപാര്‍ശകള്‍ പൊടിപിടിച്ചു കിടക്കുന്നു .

സര്‍ക്കാര്‍ മേഖലയില്‍ തൊഴിലവസരങ്ങള്‍ തേടുന്ന യുവാക്കളെ ഗുരുതരമായി ബാധിക്കുന്ന ഈ പ്രശ്നങ്ങള്‍ക്കെതിരെ പക്ഷെ  പ്രതിപക്ഷ യുവജന സംഘടനകള്‍ കാര്യമായ പ്രതിഷേധം  സംഘടിപ്പിക്കുന്നില്ല എന്നത് കൌതുക കരമാണ് . ഭരണ കക്ഷി യുവജന സംഘടനകള്‍ 
സുഖാലസ്യത്തിലും ആണ് . ധൂര്‍ത്ത് നടക്കുന്ന വകുപ്പുകളില്‍ പലതും ഘടക കക്ഷികളുടെത് ആകയാല്‍ യൂത്ത് കൊണ്ഗ്രസിലും കെ എസ് യു വിലും മറ്റും  ഇതിനെതിരെ ചെറിയ മുറുമുറുപ്പുകള്‍ ഉണ്ടെന്നാണ് കേള്‍ക്കുന്നത് .പക്ഷെ തലപൊക്കി നിന്നു സമരം ചെയ്യാനോ ഘടക കക്ഷികള്‍ക്കെതിരെ മുദ്രാവാക്യം വിളിക്കാനോ നിലവിലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനുള്ള ബലക്കുറവു അവരെ അനുവദിക്കുന്നില്ല .
 കാര്യമായ എതിര്‍പ്പുകള്‍ ഉയര്‍ന്നു വരാത്ത സാഹചര്യത്തില്‍ ഈ നിയമ സഭാ സമ്മേളനം അവനിക്കുന്നതിനു തൊട്ടു മുന്‍പ്  പെന്‍ഷന്‍ പ്രായം 
ഉയര്‍ത്തുന്നത് സംബന്ധിച്ച നിയമം പാസാക്കാനാണ് സര്‍ക്കാര്‍ ശ്രമം . എന്തെങ്കിലും എതിര്‍പ്പ് ഉണ്ടായാല്‍ അതിനു തടയിടാന്‍ പാകത്തില്‍ 
പി എസ് സി അപേക്ഷാ പ്രായപരിധിയില്‍ ചെറിയ ഇളവു നല്‍കാനും നീക്കമുണ്ട് . നിലവില്‍ അപേക്ഷാ പ്രായ പരിധി പൊതു വിഭാഗത്തിന്  35 എന്നത്  38 ഉം പട്ടിക ജാതി /പട്ടിക വര്‍ഗ്ഗത്തിന്  നാല്പതും ആക്കി ഉയര്‍ത്താനാണ് നീക്കം .

ധൂര്‍ത്തും ആഡംബരവും ആഘോഷമാക്കിയ ഒരു സര്‍ക്കാരിനു കേവലം പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത്‌ കൊണ്ടു മാത്രം അതിന്റെ ക്ഷീണിച്ച  ധനസ്ഥിതിയില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ കഴിയുമോ ? കതിരില്‍ വളം വയ്ക്കുന്നത് പോലുള്ള ഭരണ പരിഷ്കാരങ്ങള്‍ കൊണ്ടു സമരങ്ങളും ബാധ്യതകളും വരുത്തി വയ്ക്കാം എന്നല്ലാതെ !

ചൊവ്വാഴ്ച, ജൂലൈ 24, 2012

വി എസ് ജയിച്ചു ; പാര്‍ട്ടി തോറ്റു



പാര്‍ട്ടി നേതാക്കളെയും സംഘടനാ തത്വങ്ങളെയും വെല്ലുവിളിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്ന വി എസ് അച്ചുതാനന്ദന് എതിരെയുള്ള  കേന്ദ്ര നേതൃത്വത്തിന്റെ അച്ചടക്ക നടപടി വെറും പരസ്യ ശാസനയില്‍ ഒതുക്കിയത്  ഔദ്യോഗിക പക്ഷത്തിനേറ്റ തിരിച്ചടിയെന്ന് വിലയിരുത്തല്‍ . ഒപ്പം സി പി എം ഉയര്‍ത്തിപ്പിടിക്കുന്ന ഭരണ ഘടനാ തത്വങ്ങളില്‍  വി എസിന് വേണ്ടി കേന്ദ്ര നേതാക്കള്‍ക്ക് വെള്ളം ചേര്‍ക്കേണ്ടിയും വന്നു .  . 

കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് തരം താഴ്ത്തുകയോ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയോ ചെയ്യണം എന്ന പിണറായി പക്ഷത്തിന്റെ കുറഞ്ഞ ആവശ്യം തള്ളിയാണ്   കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്രക്കമ്മിറ്റി വി എസിനെതിരെയുള്ള നടപടി പരസ്യ ശാസനയില്‍ ഒതുക്കിയത് . കടുത്ത നടപടി ഉണ്ടാകുന്ന പക്ഷം അത് വകവയ്ക്കില്ലെന്നു പോളിറ്റ് ബ്യൂറോയും കേന്ദ്രക്കമ്മിറ്റിയും ചേരുന്നതിനു തൊട്ടു മുന്‍പ്  വി എസ് മുന്നറിയിപ്പ് നല്‍കിയിരുന്നത്  അതേ പടി അനുസരിക്കുന്നത് പോലായി 
കേന്ദ്ര  നേതൃത്വത്തിന്റെ തീരുമാനം . വി എസ് അച്യുതാനന്ദനെ മാറ്റി നിര്‍ത്തിക്കൊണ്ട് കേരളത്തിലെ പാര്‍ട്ടിക്ക് ഇന്നത്തെ നിലയില്‍ മുന്നോട്ടു പോകാന്‍ കഴിയില്ല എന്ന തിരിച്ചറിവും ഉന്നത നേതൃത്വത്തിനുണ്ടായി എന്നനുമാനിക്കാം .

വി എസിനെതിരെ കടുത്ത അച്ചടക്ക നടപടി വേണം എന്നാവശ്യപ്പെട്ടത് സംസ്ഥാന സെക്രട്ടറിയേറ്റിലെ കണ്ണൂര്‍ ലോബിയാണ് .ഇവരാകട്ടെ അടുത്ത കാലത്ത് നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ പങ്കുള്ളവര്‍ എന്ന് സംശയിക്കപ്പെടുന്നവരും .
.
കൊലപാതക രാഷ്ട്രീയത്തിനും മാഫിയാ വല്‍ക്കരണത്തിനും വലതു പക്ഷ വ്യതിയാനത്തിനും എതിരെയാണ് വി എസിന്റെ പോരാട്ടം . ഈ ആവശ്യങ്ങളില്‍  ഊന്നിക്കൊണ്ടുള്ള കേന്ദ്രക്കമ്മിറ്റി യോഗത്തിലെ അദ്ദേഹത്തിന്‍റെ പ്രസംഗം ഔദ്യോഗിക പക്ഷത്തു പോലും വിള്ളല്‍ ഉണ്ടാക്കി എന്നാണ് സൂചന . വര്‍ഷങ്ങളായി പിണറായിക്കൊപ്പം നിന്നിരുന്ന തോമസ്‌ ഐസക്കിനെ പോലുള്ളവര്‍ കേന്ദ്ര കമ്മിറ്റിയില്‍ വി എസിന് വേണ്ടി വാദിച്ചു എന്നതാണ്  അദ്ദേഹത്തിന്‍റെ  നിലപാടുകള്‍ക്കുണ്ടായ നേട്ടം .മാത്രമല്ല അദ്ദേഹത്തെ അധിക്ഷേപിച്ച ടി കെ ഹംസയ്ക്കെതിരെ നടപടി എടുക്കാന്‍ തീരുമാനിപ്പിക്കുകയും  പാര്‍ട്ടി അറിവോടെ കൊലപാതകങ്ങള്‍ നടത്തി എന്ന് പ്രസംഗിച്ച ഇടുക്കി ജില്ലാ സെക്രട്ടറി എം .എം .മണിക്കെതിരെ കൂടുതല്‍ ശക്തമായ നടപടിക്കു ശുപാര്‍ശ ചെയ്യിക്കാന്‍  കഴിഞ്ഞതും വി എസിന് ണ്ടായ അധിക ലാഭം ആയി കരുതാം .
വി എസിനെതിരെ കുറ്റപത്രം തയ്യാറാക്കി കടുത്ത അച്ചടക്ക നടപടി പ്രതീക്ഷിച്ചു കേന്ദ്ര കമ്മിറ്റി യോഗത്തിനെത്തിയ കണ്ണൂര്‍ ലോബിക്കേറ്റ വലിയ ആഘാതവും ഇത് തന്നെ. 

 ഇതോടെ ടി .പി ചന്ദ്ര ശേഖരന്റെ കൊലപതകമടക്കം  ചൂണ്ടിക്കാട്ടി ഔദ്യോഗിക പക്ഷത്തെ  പ്രതിക്കൂട്ടിലാക്കിയുള്ള പ്രചരണങ്ങള്‍ക്കെതിരെ  പിണറായി പക്ഷം തുടരുന്ന  പ്രതിരോധങ്ങളും ദുര്‍ബലമായേക്കും.

കൊലപാതകങ്ങളില്‍ വി എസ് ആരോപിക്കുന്ന നേതാക്കള്‍ക്ക് പങ്കുണ്ടോ എന്നത് സംബന്ധിച്ച് പാര്‍ട്ടിതല അന്വേഷണം നടത്താനും കേന്ദ്ര കമ്മിറ്റി യോഗം തീരുമാനമെടുത്തിട്ടുണ്ട് . വി എസിന് കൂടി വിശ്വാസമുള്ള നേതാക്കളെ മാത്രമേ അന്വേഷണ കമ്മീഷനില്‍ ഉള്‍പ്പെടുത്തൂ എന്നാണ് സൂചന . ഈ തീരുമാനവും ഫലത്തില്‍ പിണറായി പക്ഷത്തിനു ഗുണം ചെയ്യില്ല എന്നാണ്  വിലയിരുത്തല്‍ .

പരസ്യ ശാസന എന്ന സാങ്കേതിക നടപടി നേരിട്ടു എന്നതൊഴിച്ചാല്‍ വി എസിന്  തന്റെ നിലപാടുകളില്‍ ഉറച്ചു നിന്ന് കൊണ്ട് നേട്ടം ഉണ്ടാക്കാനാണ് കഴിഞ്ഞ പോളിറ്റ് ബ്യൂറോ - കേന്ദ്ര കമ്മിറ്റി യോഗങ്ങളിലൂടെ അവസരം ലഭിച്ചത് . കേരളത്തിനു പുറത്തുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളെ കേരളത്തിലെ പാര്‍ട്ടിയുടെ ഇന്നത്തെ പോക്കിനെ കുറിച്ച് പഠിപ്പിക്കാനും അവരുടെ വിശ്വാസം പിടിച്ചു പറ്റാനും അദ്ദേഹത്തിനു അവസരവും കിട്ടി .

ചില തെറ്റുകള്‍ വി എസിന് സംഭവിച്ചിട്ടുണ്ടെങ്കിലും  പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന അംഗം എന്ന നിലയില്‍ അദ്ദേഹത്തിനെതിരെ കടുത്ത നടപടി എടുക്കുന്നതിനെ ഭൂരിപക്ഷം പേരും എതിര്‍ക്കുകയാണുണ്ടായത്  .

ശാസന എന്നത് പാര്‍ട്ടി അംഗങ്ങള്‍ക്ക് എതിരെയുള്ള സാധാരണ നടപടിയാണ് .അല്പം കൂടി മുന്നോട്ടു പോയാല്‍ താക്കീത് . അന്ത്യ ശാസനം തരം താഴ്ത്തല്‍  എന്നിങ്ങനെയും അച്ചടക്ക നടപടികള്‍ ഉണ്ട് . വളരെ ഗുരുതരമായ നടപടികള്‍ ചെയ്യുന്നവരെ തെറ്റിന്റെ ഗൌരവം കണക്കിലെടുത്ത് കാലപരിധി നിശ്ചയിച്ചു  സസ്പെണ്ട്  ചെയ്യുന്ന നടപടിയും ഉണ്ട് . ഒരു തരത്തിലും പാര്‍ട്ടിക്ക് ഉള്‍കൊള്ളാന്‍ കഴിയാതെ വരുമ്പോളാണ്  പാര്‍ട്ടിയില്‍ നിന്ന്  പുറത്തു കളയുന്നത് . ഈ നടപടി ക്രമങ്ങള്‍ പരിശോധിച്ചാല്‍  പ്രാഥമികവും താരതമ്യേന വീര്യം കുറഞ്ഞതുമായ ഒരു നടപടിയാണ് വി എസിനെതിരെ ഉണ്ടായതെന്ന് കാണാം .

അതേ സമയം പാര്‍ട്ടി വര്‍ഷങ്ങളായി പിന്തുടരുന്ന സംഘടനാ സംവിധാനത്തിനും ഭരണ ഘടനയ്ക്കും മേല്‍ ഉണ്ടായ ഒരു പൊളിച്ചെഴുത്തായും വി എസിനെതിരെയുള്ള ഈ നടപടിയെ വ്യാഖ്യാനിക്കാം .   

കേന്ദ്രീകൃത  ജനാധിപത്യത്തില്‍ അധിഷ്ടിതമായി പ്രവര്‍ത്തിക്കുന്ന കേഡര്‍ പാര്‍ട്ടിയാണ്  സി പി ഐ (എം ) എങ്കിലും ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിനും  അവര്‍ മുഖ്യമായ സ്ഥാനം കൊടുക്കുന്നുണ്ട് . ഈ അധികാരം ഉള്ളത് കൊണ്ടാണ് പാര്‍ടിയിലെ സാധാരണ അംഗത്തിന് പോലും ഏറ്റവും മുതിര്‍ന്ന അംഗത്തിന്റെ നടപടികളെ വരെ ചോദ്യം ചെയ്യാന്‍ ആവസരം ലഭിക്കുന്നത് . പാര്‍ട്ടി ഭരണ ഘടന അനുശാസിക്കുന്ന നടപടി ക്രമങ്ങള്‍ക്കും പാര്‍ട്ടി സംഘടനാ തത്വങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തികുകയോ തെറ്റുകള്‍ ചെയ്യുകയോ ചെയ്യുന്ന പാര്‍ട്ടി അംഗം എത്ര ഉന്നതനായാലും ആച്ചടക്ക നടപടിക്കു വിധേയനകേണ്ടി വരും എന്നതാണ്  നിയമവും 
കീഴ്വഴക്കവും . 

പരാതികളും വിമര്‍ശനങ്ങളും ഉണ്ടെങ്കില്‍ അത്  പരാതിക്കാരന്‍ അംഗമായ പാര്‍ട്ടി ഘടകത്തില്‍ ഉന്നയിക്കണം എന്നാണ് ചട്ടം .അല്ലാതുള്ളവയോ പരസ്യ വിമര്‍ശനമോ ഗുരുതരമായ അച്ചടക്ക ലംഘനമായാണ്‌  പരിഗണിക്കപ്പെടുക .
സ്വന്തം ഘടകം എന്ന നിലയില്‍ കേന്ദ്ര കമ്മിറ്റി യില്‍ ഉന്നയിക്കേണ്ടിയിരുന്ന വിമര്‍ശനങ്ങളും പരാതികളുമാണ് വി എസ് മാധ്യമങ്ങളിലൂടെ കഴിഞ്ഞ കാലങ്ങളില്‍  പരസ്യമായി പുറത്തു വിട്ടുകൊണ്ട്  പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കിയത് . നേതാക്കളെ അധിക്ഷേപിക്കുകയും പാര്‍ട്ടി നടപടികള്‍ വകവയ്ക്കില്ലെന്നും വരെ വി എസ് പറഞ്ഞു വച്ചു .

 ഈ ഭരണ ഘടനാ തത്വങ്ങള്‍ പരിശോധിക്കപ്പെടുമ്പോള്‍   ഇതെല്ലാം ഗുരുതരമായ ഭരണ ഘടനാ ലംഘനങ്ങള്‍ ആണെന്ന് സാധാരണ അംഗങ്ങള്‍ക്ക് പോലും ബോദ്ധ്യമാകും .     ആ നിയമങ്ങള്‍ വിഎസിന്റെ കാര്യത്തില്‍  നടപ്പിലായോ എന്ന വലിയ ചോദ്യം ചോദിക്കാനുള്ള അവസരം കൂടിയാണ്   അസാധാരണമായ  ഒരു നടപടിക്രമത്തിലൂടെ  സി പിഎം കേന്ദ്ര നേതൃത്വം പാര്‍ട്ടി അംഗങ്ങള്‍ക്ക്  നല്‍കിയിട്ടുള്ളത്  .ഈ ചോദ്യം  വരും നാളുകളില്‍ സി പിഎമ്മിലെ സജീവ ചര്‍ച്ചയാകും എന്നുറപ്പാണ് . 
ഇക്കാര്യത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് തൃപ്തികരമായ ഒരു മറുപടി കൊടുക്കാന്‍ പാര്‍ട്ടി നേതൃത്വം പാടുപെടുകതന്നെ ചെയ്യും . .

ഞായറാഴ്‌ച, ജൂലൈ 22, 2012

വി എസിനെ മെരുക്കാന്‍ സിപിഎമ്മിന്റെ കയ്യില്‍ മരുന്നില്ല ..

പ്രഹസനമായി പരസ്യ ശാസന . കടുത്ത നടപടി എടുക്കാന്‍ കഴിയാതെ സി പി എം .കേന്ദ്ര നേതൃത്വം .

സി പി എമ്മിന്റെ സംഘടനാ സംവിധാനത്തെ വെല്ലുവിളിച്ചു കൊണ്ടു പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ  വി എസ് അച്ചുതാനന്ദന്‍  തുടരുന്ന ആക്രമണങ്ങള്‍ അദ്ദേഹത്തിന്‍റെ ഭാവി പ്രവര്‍ത്തനങ്ങളുടെ  ദിശാസൂചന ആവുകയാണോ എന്നതാണ്  കേരള രാഷ്ട്രീയത്തിലെ സജീവ ചര്‍ച്ചാ വിഷയം . 
പരമകോടിയില്‍  എത്തി നില്‍ക്കുന്ന സംസ്ഥാന സി പിഎമ്മിലെ സംഘടനാ വിഷയങ്ങളും വിഭാഗീയ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് വിളിച്ചു ചേര്‍ത്ത പി ബി യോഗത്തിനും കേന്ദ്ര കമ്മറ്റി യോഗത്തിനും തൊട്ടു മുന്‍പുള്ള നിമിഷം പോലും കേന്ദ്ര -സംസ്ഥാന നേതാക്കളെയും പ്രവര്‍ത്തകരെയും ആശയ ക്കുഴപ്പത്തിലാക്കിക്കൊണ്ട് വി എസ് നടത്തിയ വെല്ലുവിളികള്‍ 
വിലയിരുത്തുമ്പോള്‍ അദ്ദേഹം രണ്ടും കല്‍പ്പിച്ചുള്ള ഏതോ തീരുമാനത്തിന് അടിവരയിടാന്‍ ശ്രമിക്കുകയാണ് എന്ന്  പറയേണ്ടി യിരിക്കുന്നു .
വര്‍ഷങ്ങളായി പാര്‍ടിയില്‍ പുകയുന്ന വി എസ് -പിണറായി വിഭാഗീയ പോരാട്ടങ്ങള്‍ ടി പി ചന്ദ്ര ശേഖരന്റെ കൊലപതകത്തോടെയാണ് സ്ഫോടനാത്മകമായ നിലയില്‍ എത്തിയത് .സി പി എം വിട്ട്  റവല്യൂഷനറി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി രൂപീകരിച്ച  ചന്ദ്ര ശേഖരന്റെ കൊലപാതകത്തില്‍ സി പിഎമ്മിനു ഉള്ളതായി ആരോപിക്കപ്പെടുന്ന പങ്കു മറച്ചു വയ്ക്കാനോ നിഷേധിക്കാനോ പാര്‍ട്ടി സംസ്ഥാന നേതൃത്വം പാട് പെടുമ്പോള്‍ കൊലയാളികള്‍ ഔദ്യോഗിക നേതൃത്വത്തില്‍ തന്നെ ഉള്ളവരാണ് എന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചു കൊണ്ടാണ് വി എസ് .ഔദ്യോഗിക പക്ഷത്തിനെതിരെയുള്ള പോര്‍ മുഖം തുറന്നു വച്ചത് .

കൊലപാതകം സംബന്ധിച്ച അന്വേഷണം നടക്കുമ്പോള്‍ പരസ്യ പ്രസ്താവനകള്‍ അരുത് എന്ന പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു . ഇത്   നിലനില്‍ക്കെയാണ് പിണറായി വിജയനെ പാര്‍ട്ടി നശിപ്പിക്കാന്‍ ശ്രമിക്കുന്ന അഭിനവ ഡാങ്കെയോട് ഉപമിച്ചു കൊണ്ടു വി .എസ് . ആഞ്ഞടിച്ചത് . പാര്‍ട്ടി സെക്രട്ടറി പറയുന്നതല്ല പാര്‍ട്ടി തീരുമാനം എന്ന്  പ്രസ്താവിക്കുക വഴി  നിലവിലെ സി പി എം സംഘടനാ ചട്ടക്കൂടിനെ അദ്ദേഹം തച്ചുടയ്ക്കുകയും ചെയ്തു .

ഈ  പശ്ചാത്തലത്തില്‍ വി എസ് ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയിരിക്കുന്നതായാണ്  പിണറായി പക്ഷത്തിനു ഭൂരിപക്ഷമുള്ള സംസ്ഥാന കമ്മിറ്റിയും സെക്രട്ടറിയെറ്റും  ആരോപിച്ചിട്ടുള്ളത് . ഇക്കാര്യങ്ങള്‍ ഉന്നയിച്ചു അവര്‍ കേന്ദ്ര നേതൃത്വത്തിന് നല്‍കിയ കത്താണ്  കഴിഞ്ഞ ദിവസം ചേര്‍ന്ന പോളിറ്റ് ബ്യൂറോയും  കേന്ദ്ര കമ്മിറ്റിയും ചര്‍ച്ച ചെയ്തത് .

പ്രത്യക്ഷത്തില്‍ വി എസിനെതിരെ ഇത്തരം ഗുരുതര അച്ചടക്ക ലംഘനം ഉള്ളതിനാല്‍  പാര്‍ട്ടിയുടെ നിലനില്‍പ്പിനു അദ്ദേഹത്തി നെതിരെ നടപടി എടുത്തെ മതിയാകൂ എന്നാണ് ഔദ്യോഗിക പക്ഷ നേതാക്കളും അവരെ അനുകൂലിക്കുന്ന  ഇടതു നിരീക്ഷകരും വാദിക്കുന്നത് . വി എസ് കയ്യാളുന്ന പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്നു അദ്ദേഹത്തെ നീക്കം ചെയ്യുക , കേന്ദ്ര കമ്മിറ്റിയില്‍ നിന്നു തരം താഴ്ത്തുക എന്നിവയാണ്   ഔദ്യോഗിക പക്ഷം ആവശ്യപ്പെടുന്ന കുറഞ്ഞ ശിക്ഷാ നടപടികള്‍ .
അച്ചടക്ക ലംഘനങ്ങളുടെ ഗുരുതരാവസ്ഥ പരിശോധിച്ചു അദ്ദേഹത്തെ  പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയാണ്  അന്തിമമായി വേണ്ടത് എന്ന് വാദിക്കുന്നവരും ഔദ്യോഗിക പക്ഷത്തുണ്ട് .

അതേ സമയം പാര്‍ടിയുടെ കാലാ കാലങ്ങളിടെ നിലപാടുകളും പ്രവര്‍ത്തന രീതികളും തയ്യാറാക്കുന്ന നയ രൂപീകരണ സമിതിയാണ്      കേന്ദ്ര കമ്മിറ്റി .   ഈ  കമ്മിറ്റിയുടെ  നിര്‍ദ്ദേശങ്ങളെ അപ്പാടെ തള്ളിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന പിണറായി വിജയനും കൂട്ടരുമാണ്  വി എസിനെക്കാള്‍ വലിയ അച്ചടക്ക ലംഘകര്‍ എന്ന്  മറു പക്ഷത്ത് ഒരു വാദമുയര്‍ന്നിട്ടുണ്ട് . ഇതിനായി അവര്‍ പറയുന്ന കാര്യങ്ങളില്‍ യുക്തിയില്ലാതെയുമില്ല  
വി എസിനെതിരെ സംസ്ഥാന നേതൃത്വം കേന്ദ്ര കമ്മിറ്റിക്ക്  നല്‍കിയ പാര്‍ട്ടി കത്ത് അക്ഷരാര്‍ഥത്തില്‍ അദ്ദേഹത്തിനെതിരെയുള്ള അതീവ ഗുരുതരമായ ഒരു കുറ്റ പത്രം കൂടിയാണ് . അതില്‍ പറയുന്ന കാര്യങ്ങള്‍ മാത്രം പരിഗണിച്ചു ഒരു തീരുമാനം എടുക്കേണ്ടി വന്നാല്‍  വി എസ്  ന്‍റെ സ്ഥാനം ഉറപ്പായും പാര്‍ട്ടിക്കു പുറത്തു തന്നെയാണ് .  സംസ്ഥാന നേതൃത്വത്തിനെതിരെ ഇത്തരത്തില്‍ രണ്ട് കത്തുകള്‍ വി എസും കേന്ദ്ര നേതാക്കള്‍ക്ക് നല്‍കിയിരുന്നു .  ഈ രണ്ട് കത്തുകളും അതിലേക്കു നയിച്ച സാഹചര്യങ്ങളുമാണ്‌ 
വെള്ളിയാഴ്ച ഏഴു മണിക്കൂര്‍ നീണ്ട പോളിറ്റ് ബ്യൂറോ യോഗത്തിലും തുടര്‍ന്ന് ശനിയും ഞായറുമായി  നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലും  സുദീര്‍ഘമായി  ചര്‍ച്ച  ചെയ്തത് . 

വി എസിന് എതിരെ പിണറായി പക്ഷം തയ്യാറാക്കിയ കുറ്റപത്രത്തില്‍ അദ്ദേഹത്തിനെതിരെയുള്ള കടുത്ത വിമര്‍ശനങ്ങളും ആച്ചടക്ക നടപടി നിര്‍ദ്ദേശങ്ങളും  ഒഴിവാക്കണം എന്ന്  കേന്ദ്ര നേതൃത്വം  മുന്നേ ആവശ്യപ്പെട്ടിരുന്നതാണ്  .

ഈ കുറ്റവും ആരോപണങ്ങളും കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയില്‍ ഇരിക്കെതന്നെ വി എസ് പാര്‍ട്ടി അച്ചടക്കം ലംഘിച്ചു അതിന്റെ പേരില്‍  അദ്ദേഹത്തിനെതിരെ കേന്ദ്ര നേതൃത്വം നടപടി ക്കൊരുങ്ങുകയാണ് എന്ന തരത്തില്‍ ഔദ്ധ്യോഗിക പക്ഷം സംസ്ഥാന വ്യാപകമായി പാര്‍ട്ടി അംഗങ്ങള്‍ക്ക് ഇടയില്‍  റിപ്പോര്‍ട്ടിംഗ്  നടത്തിയിരുന്നു   . ഇത്   ഗുരുതരമായ അച്ചടക്ക ലംഘനമായാണ്  വി എസ് അനുകൂലികള്‍  ആരോപിക്കുന്നത് . 
അച്ചടക്ക  നടപടിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര നേതൃത്വം ആണെന്നിരിക്കെ  ആ കമ്മിറ്റികള്‍ കൂടുന്നതിന് മുന്‍പ്  പാര്‍ട്ടി തീരുമാനങ്ങള്‍ എന്ന നിലയില്‍ സംസ്ഥാന നേതൃത്വം വ്യാപകമായി സംഘടിപ്പിച്ച മേഖലാ റിപ്പോര്‍ട്ടിങ്ങുകള്‍  പാര്‍ട്ടി കീഴവഴക്കങ്ങള്‍ക്ക്  എതിരാണെന്നും  സംഘടന വിരുദ്ധം ആണെന്നും ചൂണ്ടി കാണിക്കപ്പെടുന്നു . 
വി എസ് .പാര്‍ട്ടിക്ക് പുറത്തു പോവുകയാണ്  . അദ്ദേഹം ചന്ദ്ര ശേഖരന്റെ പാര്‍ട്ടി ശക്തമാക്കാന്‍ ശ്രമിക്കുകയാണ്  അതിന്റെ ഭാഗമായാണ് സി പി എമ്മിനെ വെല്ലുവിളിക്കുന്നത്  എന്നീ പ്രചരണങ്ങള്‍ ആണ്  പിണറായി പക്ഷം നടത്തിയത് . 

 തുടര്‍ച്ചയായി കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ തള്ളികളഞ്ഞു പാര്‍ട്ടിയെ കണ്ണൂര്‍ ലോബി കൈപ്പിടിയിലാക്കി എന്നും  ആശയ സമരം വ്യാപിപ്പിക്കുന്നതിന് പകരം ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ചു  കൊലപാതക രാഷ്ട്രീയം തൊഴിലാക്കി എന്നുമാണ് വി എസിന്റെ ആരോപണം .പാര്‍ട്ടിയുടെ ഔദ്യോഗിക  തീരുമാനം കേന്ദ്ര നേതൃത്വം കൈക്കൊള്ളുന്നതാണ് ... ഇത് നടപ്പിലാക്കാനുള്ള  ബാധ്യത മാത്രമാണ്  സംസ്ഥാന കമ്മിറ്റികള്‍ക്ക് ഉള്ളത്  . എന്നിരിക്കെ അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന നേതൃ നടപടികളെ വിമര്‍ശിക്കുക എന്ന ഉത്തരവാദിത്ത്വം   വി എസ്  നിറവേറ്റുമ്പോള്‍ അതിനെ അച്ചടക്ക ലംഘനം ആയി കണക്കാക്കാനാകില്ല എന്നാണു     വി എസ് അനുകൂലികളുടെ നിലപാട് 

ഇരു പക്ഷത്തെയും പ്രവര്‍ത്തന രീതികള്‍    പരിശോധിക്കുമ്പോള്‍ വി എസിനെതിരെ മാത്രം  ഏക പക്ഷീയമായ ഒരു നടപടി കൈകൊള്ളാന്‍ കഴിയാത്തവിധം ആശയക്കുഴപ്പത്തിലാണ് കേന്ദ്ര നേതൃത്വവും എന്ന്  വ്യക്തമാണ് . പരിത സ്ഥിതികള്‍ വച്ചു  പാര്‍ട്ടി ഗുരുതരാവസ്ഥയിലാണെങ്കിലും ഇത് സംബന്ധിച്ച  തീരുമാനങ്ങളിലെത്താനുള്ള  കാലതാമസം അതാണു സൂചിപ്പിക്കുന്നത് . 

ജനകീയ അടിത്തറയുള്ള നേതാവ് എന്ന നിലയില്‍ വി എസിനെതിരെ വലിയ തോതിലുള്ള ഒരച്ചടക്ക നടപടിക്കു കേന്ദ്ര നേതാക്കള്‍  താല്പര്യം പ്രകടിപ്പിക്കുന്നില്ല എന്നാണു സൂചന ..ഇക്കാര്യം വി എസിനും ബോധ്യമുണ്ട് . അതിരുകവിഞ്ഞ ആ വിശ്വാസമാണ്  തന്റെ വാക്കുകളെ മൂര്‍ച്ചയോടെ നിലനിര്‍ത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നതും .
അതുകൊണ്ട് തന്നെ  അച്ചടക്ക നടപടികള്‍ക്ക് പകരം വി എസിനെയും പിണറായിയെയും യോജിപ്പിച്ച് കൊണ്ടു ഒരു സമവായത്തിനാണ്  കേന്ദ്ര നേതൃത്വംമുന്തിയ പരിഗണന നല്‍കുന്നത്  .അതേ സമയം  സംഘടനയില്‍ കാതലായ മാറ്റങ്ങള്‍ ഇല്ലാതെ സംസ്ഥാന സി പി എമ്മില്‍ സമധാനം പുനസ്ഥാപിക്കപ്പെടില്ല എന്നിടത്തു ഉറച്ചു നില്‍ക്കുകയാണു .പിണറായി പക്ഷവും വി എസ് പക്ഷവും .
.നിലവിലെ അസ്വാരസ്യങ്ങള്‍ വേരോടെ പിഴുതുകളയാനുള്ള  മാന്ത്രിക ഫോര്‍മുല കേന്ദ്ര നേതൃത്വം  കണ്ടു പിടിക്കും വരെ ഈ പോരാട്ടം  തുടരുകതന്നെ ചെയ്യും .  ഈ ഫോര്‍മുലയോ വി എസിനെ പോലൊരു മുതിര്‍ന്ന നേതാവിനെ മെരുക്കാനുള്ള  അടവ്  നയങ്ങളോ ഇല്ലാത്തതാണ്  സി പിഎം നേരിടുന്ന പ്രതിസന്ധിയും .  
ഇപ്പോള്‍ വി എസ്  ന് എതിരെ എടുത്തിരിക്കുന്ന പരസ്യ ശാസന എന്ന ദുര്‍ബ്ബല നടപടി ഇക്കാര്യത്തില്‍ സി പി എം പോളിറ്റ് ബ്യൂറോ നേരിടുന്ന ഭയം കലര്‍ന്ന നിലപാടിനെ സൂചിപ്പിക്കുന്നു എന്ന് സംശയിക്കേണ്ടി വരുന്നു ..

ഞായറാഴ്‌ച, ജൂലൈ 15, 2012

മനുഷ്യനാവുക ഒരു കലയാണ്‌ ..ചില ഓര്‍മ്മപ്പെടുത്തലുകള്‍

ണ്ണൂരാന്‍ എന്ന ബ്ലോഗര്‍ തന്റെ ബ്ലോഗിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച പോസ്റ്റില്‍ എന്റെ പേര് ഉദ്ധരിച്ചു നടത്തിയ ചില പരാമര്‍ശങ്ങള്‍ ബ്ലോഗു സുഹൃത്തുക്കള്‍ക്കിടയില്‍ 
തെറ്റിദ്ധാരണ പരത്തുന്നതിനും അടുത്തകാലത്തായി ചില താല്‍പ്പര കക്ഷികള്‍ മാന്യമല്ലാത്ത 
തരത്തില്‍ നടത്തി വരുന്ന ദുഷ് പ്രചരണങ്ങള്‍ക്കും ഒരു പ്രതികരണം വേണം എന്ന് തോന്നി യതിനാലാണ് ഈ കുറിപ്പ് .
  ശ്രീ കണ്ണൂരാന്‍ ബ്ലോഗിലെയോ വ്യക്തി ജീവിതത്തിലെയോ എന്റെ സുഹൃത്ത് അല്ല .ബ്ലോഗു എഴുതുന്ന നൂറുകണക്കിന് ആളുകളില്‍ ഒരാള്‍ എന്ന നിലയില്‍ ഇദ്ദേഹത്തെ കുറച്ചു കാലമായി എനിക്കറിയാം എന്നത് നേരാണ് . വ്യക്തിപരമല്ലാത്ത എന്നാല്‍ ബ്ലോഗു എഴുത്തുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സംബന്ധിച്ച് വളരെ നാള്‍ മുന്‍പ് ഇദ്ദേഹവുമായി ആശയ വിനിമയം നടത്തിയിട്ടുണ്ട് ..ഒരിക്കല്‍ ,അതായത് നൌഷാദ് അകംപാടത്തിന്റെ ബ്ലോഗില്‍ ഇദ്ദേഹത്തിന്റെ അഭിമുഖം വന്ന രാത്രിയില്‍ എന്നോട് സംസാരിക്കണം എന്ന അദ്ദേഹത്തിന്‍റെ താല്പര്യം പരിഗണിച്ചു ഒരിക്കല്‍ മാത്രം ഗൂഗിള്‍ ടോക് വഴി സംസാരിച്ചിട്ടുമുണ്ട് ..അദ്ദേഹം ആരാണെന്നോ ? അദ്ദേഹത്തിന്‍റെ ജോലി എന്താണെന്നോ ,എന്തുകൊണ്ടാണ് സ്വന്തം വ്യക്തിത്വം മറച്ചു വച്ച് എഴുതുന്നതെന്നോ അന്വേഷിക്കാന്‍ ഒരു വേളയിലും ഞാന്‍ ശ്രമിച്ചിട്ടില്ല ..അത് അറിയേണ്ട കാര്യം എനിക്കുണ്ട് എന്നധാരണയും ഇതുവരെ ഇല്ല . 

തന്റെ അഭിമുഖം ബൂലോകത്ത് എത്രമാത്രം ഭൂകമ്പം ഉണ്ടാക്കിയിട്ടുണ്ട് ? പത്താമത്തെ പോസ്റ്റോടെ ബൂലോകം വിടുകയാണ് ,തുടര്‍ന്ന് എഴുതണമോ ? എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ആയിരുന്നു അദ്ദേഹം ആ സംഭാഷണത്തില്‍ ഉന്നയിച്ചത് .എന്റെ അഭിപ്രായത്തിനു വില മതിക്കുനത് കൊണ്ടാണ് ഇത്തരം ഒരന്വേഷണം എന്നും അദ്ദേഹം പറഞ്ഞിരുന്നു .സ്വാഭാവികമായും കൊള്ളാവുന്ന ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ കണ്ണൂരാന്‍ എഴുത്ത് നിര്‍ത്തേണ്ടതില്ല എന്നും അന്യരോട് പ്രതികരിക്കുമ്പോള്‍ കുറച്ചു കൂടി സഭ്യത പുലര്‍ത്തണം എന്നുമൊക്കെ പറഞ്ഞും  സന്തോഷത്തോടെയായിരുന്നു അന്നത്തെ സംഭാഷണം ..ഇടയില്‍ ചില ബ്ലോഗര്മാരെകുരിച്ചു പറയുകയും അവരില്‍ ചിലര്‍ക്ക് താനാണ് രചനകള്‍ കുറ്റം തീര്‍ത്ത്‌ കൊടുക്കുന്നതെന്നും ഇത് അവരുടെയും സുഹൃത്തുക്കളുടെയും കമന്റുകള്‍ തന്റെ പോസ്റ്റുകള്‍ക്ക് ലഭിക്കുന്നതിനു വേണ്ടിയാണ് എന്നും അദ്ദേഹം പറഞ്ഞു .അതില്‍ കുറ്റം പറയാന്‍ മാത്രം ഒന്നും ഉള്ളതായി അന്നും ഇന്നും എനിക്ക് തോന്നിയിരുന്നില്ല . 
പത്തു വര്‍ഷത്തില്‍ അധികമായി അച്ചടി മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന ഞാന്‍ മൂന്നു വര്ഷം മുന്‍പ് നാട്ടിലെ പത്രസ്ഥാപനത്തില്‍ നിന്ന് അവധിവാങ്ങി പ്രവാസജീവിതം തുടങ്ങിയപ്പോള്‍ പെട്ടെന്നുണ്ടായ എഴുത്തിലെ ശൂന്യത പരിഹരിക്കാനാണ്  . മരുഭൂമികളിലൂടെ എന്ന ബ്ലോഗില്‍ എഴുതാന്‍ തുടങ്ങിയത് .തുടക്ക കാലത്ത് ബ്ലോഗിങ്ങിലെ പല കാര്യങ്ങളും വശമില്ലാതിരുന്ന എനിക്ക് ഈ രംഗത്തെ മുന്‍കാല ഗുരുക്കന്മാര്‍ ആണ് പലതും പഠിപ്പിച്ചു തന്നത് .പ്രായം കൊണ്ട് മുതിര്‍ ന്നവരും പ്രായം കുറഞ്ഞവരും ഉള്ള ആ സൌഹൃദ വലയത്തില്‍ എന്നെ ഇത്തരത്തില്‍ സഹായിച്ച എല്ലാവരെയും ഗുരു സ്ഥാനീയര്‍ ആയിതന്നെയാണ് ഇന്നും കണക്കാക്കി വരുന്നത് ,അവരില്‍ പലരും ഇന്ന് രംഗത്തില്ല . പിന്നീട് കാവ്യാംശു എന്ന പേരില്‍ ഒരു കവിതാ ബ്ലോഗും തുടങ്ങി .
പുതിയ ബ്ലോഗര്‍മാര്‍ക്ക്  ചെറിയ സഹായങ്ങള്‍ ചെയ്യുന്നതിനും കുഞ്ഞറിവുകള്‍ പകര്‍ന്നു കൊടുക്കുന്നതിനും വേണ്ടി തുടര്‍ന്ന്    ഇരിപ്പിടം  എന്ന പേരില്‍ ഒരു ബ്ലോഗു കൂടി തുടങ്ങിയിരുന്നു . 

ബ്ലോഗെഴുത്ത് ഒരു ഗുസ്തി മത്സരമായി  ഇതുവരെ  കണ്ടിട്ടില്ല .ബ്ലോഗുകള്‍ എഴുതി വിപ്ലവങ്ങള്‍ ഉണ്ടാക്കാം എന്നും പ്രതീക്ഷയുമില്ല  . എനിക്ക് തോന്നുമ്പോള്‍ എഴുതണം .ആരെങ്കിലും വായിക്കണം .കമന്റു കിട്ടിയാല്‍ കിട്ടി ഇല്ലെങ്കിലും വിരോധമില്ല ..ഈ നയമാണ് എല്ലാക്കാലത്തും തുടരുന്നത് . ആദ്യകാലങ്ങളില്‍ ബ്ലോഗര്‍മാരില്‍ നിന്ന് ലഭിച്ച വലിയ പ്രോത്സാഹനങ്ങള്‍ എനിക്കും വലിയ ആവേശമായിരുന്നു നല്‍കിയിരുന്നത് .അമ്പതും നൂറും ,നൂറിനു മുകളിലും ഒക്കെ കമന്റുകള്‍  മരുഭൂമികളിലൂടെ യും കാവ്യാംശു എന്ന ബ്ലോഗിലെ പോസ്റ്റുകളും   നേടിയിട്ടുണ്ട് , പിന്നീട് പലതു കൊണ്ടും ബ്ലോഗേഴുത്തിലും വായനയിലും  മടുപ്പും വിരസതയും തോന്നി .പഴയത് പോലെ അഭിപ്രയമെഴുത്തും  ഇല്ലാതായി . കുറച്ചു എന്നതാണ് നേര് . നിലച്ചുപോയ പത്രപ്രവര്‍ത്തനം പുനരാരംഭിച്ചതും മറ്റു ജോലിത്തിരക്കുകളും മറ്റു പലരെയും പോലെ ഫെയ്സ് ബുക്ക് ആക്ടിവിസവും 
ബ്ലോഗു പ്രവര്‍ത്തനങ്ങളെ ബാധിച്ചു എന്നും പറയാം ,പക്ഷെ ഇരിപ്പിടം  തുടര്‍ച്ചയായി മുന്നോട്ടു പോകുന്നു .

വായനയില്‍ തോന്നുന്ന കാര്യങ്ങള്‍ സത്യ സന്ധമായി ബ്ലോഗര്‍മാരോട് പറയാറുണ്ട് .പലര്‍ക്കും അത് പ്രയോജനം ചെയ്യുന്നതായി അവര്‍ തന്നെ എന്നോട് പറഞ്ഞിട്ടുമുണ്ട് .എല്ലാവരും കൊള്ളാം ,സൂപ്പര്‍ എന്നൊക്കെ പറയുന്നത് കണ്ടിട്ടുണ്ട് .എന്റെ വായനയില്‍ അവ അങ്ങിനെയല്ല എന്ന് കണ്ടാല്‍ അത് പറയും . ഇത് മൂലം സൌഹൃദങ്ങള്‍ ഉണ്ടാവുകയും ഉള്ള സൌഹൃദങ്ങള്‍ ഇല്ലാതാവുകയും ചെയ്തിട്ടുണ്ട് ..ഒരു പോസ്റ്റ് കൊള്ളാം ,സൂപ്പര്‍ എന്ന് കണ്ണടച്ച് പറയാന്‍  ആര്‍ക്കും കഴിയും .അത് വായിക്കണം എന്ന് പോലും ഇല്ല .എനാല്‍ പക്ഷെ വിമര്‍ശങ്ങള്‍ ഉന്നയിക്കണമെങ്കില്‍ ആ പോസ്റ്റ്‌ പൂര്‍ണ്ണമായി മനസിരുത്തി വായിക്കണം എന്നത് വസ്തുതയാണു .
എന്റെ ഈ നടപടികളെ അംഗീകരിച്ച വ്യക്തികളില്‍ ഒരാളായിരുന്നു ശ്രീ കണ്ണൂരാന്‍ .അത് ശ്രീ നൌഷാദ് അകംപാടത്തിന്റെ  ബ്ലോഗില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ പറഞ്ഞിട്ടുമുണ്ട് . ഇത് വായിച്ചാല്‍ അറിയാം .

ആ പോസ്റ്റിന്റെ ചുവടു പിടിച്ചാണ്   ഇരിപ്പിടം  നടത്തിവന്നിരുന്ന ചെറിയ ബ്ലോഗിങ്ങ് ടിപ്പുകളില്‍ നിന്ന് കുറച്ചു കൂടി മുന്നോട്ടു പോയി ബ്ലോഗു അവലോകനങ്ങള്‍ ,നല്ല എഴുത്തുകള്‍ സംബന്ധിച്ച വിവരണം എന്നിവ ഉള്‍പ്പെടുത്തിയത് , അതിലെ ആദ്യ പോസ്റ്റില്‍ ശ്രീ കണ്ണൂരാന്‍ ഇട്ട ഒരു കമന്റ് നോക്കൂ .
ഇതിനിടയില്‍ ആണ് ഇരിപ്പിടത്തില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതും ആഴ്ച തോറും നിരവധി ബ്ലോഗുകള്‍ വായിച്ചു എന്റെ വായനയില്‍ കണ്ട നല്ല നല്ല ബ്ലോഗുകള്‍ ചൂണ്ടിക്കാട്ടി ബ്ലോഗുവായ്നക്കാരെ  അങ്ങോട്ട്‌ നയിക്കാന്‍ തുടങ്ങിയതും .ഇതോടെ മരുഭൂമികള്‍ എന്ന എന്റെ പ്രധാന ബ്ലോഗില്‍ എനിക്ക് ശ്രദ്ധിക്കാന്‍ പറ്റാതെ വന്നു .അതില്‍ പോസ്റ്റുകള്‍ കുറഞ്ഞു ,പക്ഷെ പുതുബ്ലോഗര്മാര്‍ ക്ക് ഒട്ടേറെ പ്രയോജനം ചെയ്യാന്‍ ഈ സംരംഭത്തിന് കഴിഞ്ഞു എന്ന് അവിടെ വന്ന ഇതപര്യന്തമുള്ള അഭിപ്രായങ്ങള്‍ തെളിയിച്ചു .ഞാന്‍ ആരുടേയും പേരെടുത്തു പറയുന്നില്ല .ഇന്ന് ബ്ലോഗിങ് രംഗത്ത് നല്ല രീതിയില്‍ മുന്നേറുന്ന ഒരു പിടി ബ്ലോഗര്‍മാരെ വായനക്കാരുടെ മുന്നില്‍ കൊണ്ടുവരാന്‍ ഇരിപ്പിടത്തിലൂടെ സന്മനോഭാവം ഉള്ള ചില സുഹൃത്തുക്കളുടെ സഹായത്തോടെ കഴിഞ്ഞു .ഇരിപ്പിടം എന്ന ബ്ലോഗ് ചുരുങ്ങിയ കാലം കൊണ്ട് ബൂലോകത്തെ ഭൂരിഭാഗം എഴുത്തുകാരും അറിയുന്ന ഒന്നാക്കി മാറ്റാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു . പക്ഷെ എന്തുകൊണ്ടോ 
ശ്രീ കണ്ണൂരാന്‍ ഇതിനകം ഇരിപ്പിടത്തെയും എന്നെയും അദ്ദേഹത്തിന്‍റെ  ശത്രുക്കളുടെ പട്ടികയില്‍ പെടുത്തിയിരുന്നു . ഇരിപ്പിടത്തിലെ എഴുത്തുകാരില്‍ ഒരാളായ  ശ്രീ ചന്തുനായര്‍  ശ്രീ കണ്ണൂരാന്റെ ഒരു പോസ്റ്റ് ഇരിപ്പിടത്തില്‍ പ്രതിപാദിച്ചപ്പോള്‍ അദ്ദേഹം എഴുതിയ കമന്റ് ആണ് താഴെ ..

ഒരിക്കല്‍ ഇരിപ്പിടത്തെ ബൂലോകത്തിന്റെ ആവശ്യം എന്ന് പറഞ്ഞു അനുഗ്രഹിച്ച കണ്ണൂരാന്‍ പിന്നീട് 
ഇരിപ്പിടത്തെ കാളകൂടം എന്ന് വിശേഷിപ്പിക്കാന്‍ തക്ക പ്രകോപനം എന്തായിരുന്നു ? ബ്ലോഗ് മുറ്റത്തെ മാഷ്‌ ആയി നിലകൊള്ളണം എന്നാവശ്യപ്പെട്ട രമേശ്‌ അരൂര്‍ അദ്ദേഹത്തോട് എന്ത് തെറ്റ് ചെയ്തിട്ടാണ് അദ്ദേഹത്തിന്‍റെ ശത്രുക്കളില്‍ ഒരാളായി പ്രതിഷ്ഠിച്ചത് ? ഒരിക്കല്‍ ശ്രീ കണ്ണൂരാന്‍ എഴുതിയ ഒരു പോസ്റ്റില്‍ എന്റെ അഭിപ്രായം അറിഞ്ഞു "ഇപ്പോളാണ് എനിക്ക് സമാധാനമായത് .." എന്ന് പ്രതികരിച്ച കണ്ണൂരാന് രമേശ്‌ അരൂര്‍ എപ്പോഴാണ് ക്വട്ടേഷന്‍ സംഘത്തിലെ അംഗം ആയി മാറി എന്ന് തോന്നി തുടങ്ങിയത് ?  
ഞാന്‍ ചെയ്ത തെറ്റ് എന്താണെന്നു ഞാന്‍ പറയാം ..അദ്ദേഹത്തിന്‍റെ പോസ്റ്റുകളില്‍ എന്നെ ഇപ്പോള്‍ നിരന്തരം വേട്ടയാടി കൊണ്ടിരിക്കുന്ന സുഹൃത്തുക്കളുടെ ബ്ലോഗ് പോസ്റ്റുകളില്‍ ഞാന്‍ അഭിപ്രായം എഴുതാറില്ല . അത് മാത്രമാണു ഞാന്‍ ചെയ്ത തെറ്റ് എന്നെനിക്കറിയാം ,അവര്‍ക്കും അറിയാം .അല്ല എങ്കില്‍ എന്താണ് അതെന്നു അവര്‍ ചൂണ്ടിക്കാണിക്കട്ടെ .ഒരാളുടെ ബ്ലോഗില്‍ പോയും  പൊതു വേദിയില്‍ പറയാന്‍ കൊള്ളരുതാത്ത ഒരു വാക്കുപോലും ,മനുഷ്യ സംസ്കാരത്തിന് യോജിക്കാത്ത ഒരു പദം പോലും ഞാന്‍ ഉപയോഗിച്ചിട്ടില്ല എന്ന് ഉറപ്പിച്ചു പറയാന്‍ എനിക്ക് കഴിയും ..എന്നാല്‍ എനിക്കെതിരെ വിമര്‍ശനം ഉന്നയിച്ചു ഞാന്‍ മനുഷ്യനാകണം എന്ന് ഉപദേശിക്കുന്ന ഈ മാന്യ സുഹൃത്തുക്കള്‍ ഓരോ സന്ദര്‍ഭത്തിലും  ഉറക്കെ ഉറക്കെ വിളിച്ചു പറഞ്ഞ അസഭ്യങ്ങളും സംസ്കര ശൂന്യമായ പ്രയോഗങ്ങളും നിങ്ങളുടെ മനുഷ്യത്വം  ആണ് എന്ന് ആരെല്ലാം സമ്മതിക്കും ? അവയില്‍ ചിലത് കൂടി ഓര്‍മ്മയക്കായി സൂചിപ്പിക്കാം 
ശ്രീ ജയന്‍ ഏവൂര്‍ , ശ്രീ നിരക്ഷരന്‍ .മൈന ഉമൈബാന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ബ്ലോഗുകളും ഇ -എഴുത്തും പ്രചരിപ്പിക്കാനും അവയെ സര്‍ക്കാര്‍ തലത്തില്‍ അന്ഗീകരിപ്പിക്കുവാനും വേണ്ടി ആരംഭിച്ച ശ്രമകരമായ പ്രവര്‍ത്തനഗളുടെ ഭാഗമായി ഈയടുത്ത് കോഴിക്കോട് വച്ച് ഒരു സമ്മേളനം നടത്തിയിരുന്നു ,,അവിടെ സംഭവിച്ച കാര്യങ്ങള്‍ ക്രോഡീകരിച്ചു ശ്രീ ജയന്‍ ഏവൂര്‍ തന്റെ ബ്ലോഗില്‍ ഇട്ട പോസ്റ്റിനെ അധികരിച്ചും മികച്ച ചര്‍ച്ചകള്‍ നടന്നു ..അതിനടിയില്‍ ശ്രീ കണ്ണൂരാന്‍ എഴുതിയ അഭിപ്രായം നോക്കൂ .
വന്ദിക്കണം എന്ന് ആരും പറയുന്നില്ല .പക്ഷെ മൊത്തം ബ്ലോഗര്‍മാര്‍ക്കും പ്രയോജനം ചെയ്യാന്‍ വേണ്ടി സ്വന്തം തൊഴിലും വരുമാനവും ഉപേക്ഷിച്ചു പൊതു പപ്രവര്‍ത്തനം നടത്താന്‍ തയ്യാറായി മുന്നോട്ടുവന്ന ഈ ബഹുമാന്യരെ കാലണയുടെ പോലും വിലയില്ലാത്ത വാക്കുകള്‍ കൊണ്ട് ഇങ്ങനെ അപഹസിക്കണോ ? വരെമുറിവേല്പ്പിക്കണോ ? അവരുടെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യണോ ? അതാണോ ശ്രീ കണ്ണൂരാന്‍ ഉദ്ഘോഷിക്കുന്ന മനുഷ്യത്വം ?  ഇപ്പോളത്തെ കണ്ണൂരാന്റെ വാര്‍ഷിക പോസ്റ്റില്‍ അദ്ദേഹം ഇതിനു പ്രായശ്ചിത്തം ചെയ്യാനാണോ  " അക്ഷരസ്നേഹികളെന്നു അഹങ്കരിക്കുന്ന ചില ആസനം താങ്ങികളുടെ കറുത്തിരുണ്ട സങ്കുചിത മനസുകളെയാണ് ജയന്‍ വൈദ്യരും നിരക്ഷരനും മനോജേട്ടനും ഉദ്ധരിക്കാന്‍ നടക്കുന്നത്. " എന്നെഴുതിയത് ?

മറ്റൊരു കാര്യം അദ്ദേഹം പറയുന്നത് 

''നിസ്സാരമായൊരു തര്‍ക്കത്തിന്റെ പേരില്‍ എന്നോട് പിണങ്ങി നില്‍ക്കുന്ന രമേശ്‌ അരൂര്‍ എന്നാളോട് ഇരുപതിലധികം തവണ ഞാന്‍ ക്ഷമ ചോദിച്ചിട്ടുണ്ട്. എന്താണ് എന്റെ ഭാഗത്ത്‌ നിന്നുള്ള തെറ്റെന്നു പറഞ്ഞു തരാന്‍ ഇന്നേവരെ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. " 

എന്താണ് താങ്കള്‍ എന്നോട് ചെയ്ത നിസ്സാരമായ കുറ്റം ? എനിക്കോര്‍മ്മയില്ല . അങ്ങിനെ ഏതെന്കിലും കുറ്റം ചെയ്തതിന്റെ പേരില്‍ എനിക്ക് ആരോടും വിരോധം തോന്നുകയുമില്ല .ഉണ്ടെങ്കില്‍ ഈ അടുത്ത സമയത്ത് ഉണ്ടായ മ ഗ്രൂപ്പ് ഇഷ്യ്യുസുമായി ബന്ധപ്പെട്ടു താങ്കള്‍ അടക്കം വിവിധ ഫെയ്സ് ബുക്ക് ഗ്രൂപ്പുകളിലും ബ്ലോഗുകളിലും പറഞ്ഞ തെറിയും തെമ്മ്ടിത്തവും നോക്കി ഞാന്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമായിരുന്നു ! അതെന്റെ ശീലം അല്ല എന്നത് കൊണ്ടാണ് ഞാന്‍ അക്കാര്യത്തില്‍ മൌനം പാലിച്ചത് . അല്ലെങ്കില്‍ തന്നെ നൂറുകണക്കിന് വായനക്കാര്‍ ഉള്ള ആയിരക്കണക്കിന് ബ്ലോഗെഴുത്തുകാര്‍ ഉള്ള ഈ ബൂലോകത്ത് ഒരു രമേശ്‌ അരൂരിനു താങ്കളുടെ ബ്ലോഗിലോ സൗഹൃദ ത്തിലോ ഒരു പോസ്റ്റ് വഴി പരാമര്‍ശിക്കപ്പെടാന്‍ തക്ക പ്രാധാന്യം എന്താണുള്ളത് ?? ഞാന്‍ മിണ്ടിയില്ല ,അഭിപ്രായം പറഞ്ഞില്ല ,ചാറ്റ് ചെയ്തില്ല ,ക്ഷമ തന്നില്ല എന്നൊക്കെ വന്നാല്‍ താങ്കള്‍ക്കോ ഈ ബൂലോകത്തുള്ള മറ്റു ബ്ലോഗര്മാര്‍ക്കോ എന്താണു സംഭവിക്കുക ? ഇങ്ങനെ ഒരു ബ്ലോഗു പോസ്റ്റിലൂടെ പറഞ്ഞറിയിക്കാന്‍ വിധം അപ്രമാതിത്വം എനിക്ക് അനുവദിച്ചു തന്നത് ഒരു ബഹുമതി ആയാണ് ഞാന്‍ കണക്കാക്കുന്നത് .. അപ്പോള്‍ എന്തോ പ്രത്യേകത എനിക്കുണ്ട് എന്ന് വെറുതെ ഞാന്‍ ആശിച്ചോട്ടെ ..:)

ഓണ്‍ ലൈനില്‍ മൂന്നുകൊല്ലമായി തുടരുന്ന ഞാന്‍ എഴുത്ത് മാത്രമേ പ്രധാനമായി കണ്ടിട്ടുള്ളൂ ..ആര് എഴുതി എന്നത് നോക്കിയല്ല നല്ലതും ചീത്തയും നിശ്ചയി യിക്കുന്നതും . അഞ്ചോ ആറോ പേരില്‍ കൂടുതലായി ബ്ലോഗ് സൗഹൃദം വളര്‍ത്താന്‍ ഇഷ്ടപ്പെടാത്ത ഒരാള്‍ ആണ് ഞാന്‍ ..കണ്ണൂരാനോട് മാത്രമല്ല ബൂലോകത്ത് താങ്കളെ പോലെ പ്രബലരായ പലരോടും എനിക്ക് ഒരുതരത്തിലുള്ള ബന്ധവും ഇല്ല ..നമുക്ക് ചേരും എന്ന് തോന്നുന്നവരെ സുഹൃത്ത് ആക്കാനും അല്ലാത്തവരെ തള്ളിക്കളയാനും ഉള്ളതല്ലേ ഓരോ മനുഷ്യന്റെയും വിവേചന ബുദ്ധി ? അതില്‍ ശത്രുത എന്ന വാക്കിന് ഒരു സ്ഥാനവും ഇല്ല ..താങ്കളെ തകര്‍ക്കാന്‍ ആരെങ്കിലുമൊക്കെ ഗവേഷണം നടത്തി എന്ന് തോന്നുന്നുവെങ്കില്‍ ആ പട്ടികയില്‍ നിന്ന് ദയവായി ഇനിയെങ്കിലും എന്റെ പേര് നീക്കം ചെയ്യണം ..കാരണം താങ്കള്‍ എത്ര ശാസ്ത്രീയമായി ഗവേഷണം നടത്തിയാലും എന്നെ അവിടെ ഒരിടത്തും കാണാന്‍ കഴിയില്ല .അങ്ങിനെ ഒരാള്‍ കൂടിയാണ് താങ്കളും സുഹൃത്തുക്കളും "കൊടും ഭീകരനായി  " ചിത്രീകരിക്കുന്ന രമേശ്‌ അരൂര്‍ . 

മ ഗ്രൂപ്പിലെ പ്രശ്നങ്ങളില്‍ എന്നെ മാത്രം കോര്‍ണര്‍ ചെയ്തു ഒതുക്കത്തില്‍ ഇട്ടു പെരുമാറാന്‍ താങ്കളും കൂട്ടരും വലിയതോതില്‍ ശ്രമിക്കുന്നതായി കണ്ടു ,,താങ്കള്‍ അടക്കം പറഞ്ഞ തെറികളും അസഭ്യവര്‍ഷവും ഭീഷണികളും അടങ്ങുന്ന ഫെയ്സ് ബുക്ക് ഗ്രൂപ്പിലെ മെസേജു വായിക്കൂ എന്ന് പറഞ്ഞു കൊണ്ട് സാഡിസ്റ്റ്  മനസ്ഥിതിയോടെ എനിക്ക് അയച്ചുതന്ന ലിങ്കും കണ്ടു . ഞാനടക്കം പന്ത്രണ്ടു പേര്‍ അഡ്മിന്‍ ആയ ആ ഗ്ര്രൂപിലെ തീരുമാനങ്ങളില്‍ ഏകപക്ഷീയമായ എന്റെ മേധാവിത്ത്വം എങ്ങിനെയാണ് ഉണ്ടാവുക ? ഞാന്‍ പറയുന്നത് മുഴുവന്‍ പഞ്ച പുച്ചമടക്കി അനുസരിക്കാന്‍  മാത്രം  സ്വയം നിര്‍ണ്ണയ ബോധം ഇല്ലാത്തവര്‍ ആണോ അവര്‍ ? ആ പന്ത്രണ്ടു പേരില്‍ ഒരാള്‍ മാത്രമല്ലെ ഞാന്‍ ? എന്നിട്ടും എന്നെമാത്രം നിങ്ങള്‍ ലക്ഷ്യമിട്ടു ആക്രമിക്കാന്‍ മാത്രം നമ്മള്‍ തമ്മിലുള്ള ശത്രുത എന്താണ് ? താങ്കള്‍ക്കെതിരെ ഈ ബൂലോകത്തെ ഏതെന്കിലും ഒരു വ്യക്തിയോടു ഞാന്‍ ഉപജാപം നടത്തിയതായി എന്തെങ്കിലും തെളിവ് തരാന്‍ താങ്കള്‍ക്ക് കഴിയുമോ ? ആര്‍ക്കെങ്കിലും കഴിയുമോ ? ഉണ്ടെങ്കില്‍ പറയണം . 
മാ ഗ്രൂപ്പിലെ വിഷയങ്ങള്‍ അരുണ്‍ കറുകച്ചാല്‍ എന്ന സുഹൃത്തിന്റെ ബ്ലോഗില്‍ ഒരു പ്രതിഷേധമായി അദ്ദേഹം പോസ്റ്റ്‌ ചെയ്തപ്പോള്‍ ശ്രീ കണ്ണൂരാന്‍ ആദ്യം ഇട്ട കമന്റ് എന്തായിരുന്നു ? താങ്കള്‍ വെളിവ് കേട്ട് മനുഷ്യത്വം നഷ്ടപ്പെട്ടു എഴുതിയ ആ കമന്റാണ് താഴെ ..

പിന്നീട് താങ്കള്‍ക്ക് തെറ്റ് സ്വയം മനസിലായത് കൊണ്ടാവാം ആ കമന്റ് അവിടെ നിന്ന് പെട്ടെന്ന് നീക്കം ചെയ്തു വേറൊന്നു ഇട്ടതു ..ആ കമന്റ് ആണ് താഴെ .


സത്യത്തില്‍ ഈ രണ്ടാമത്തെ കമന്റ് താങ്കള്‍ തന്നെ അസഹിഷ്ണുത മൂലം സ്വയബോധവും സംസ്കാരവും നഷ്ടപ്പെട്ടു ഇട്ട കമന്റിന്റെ മറുപടി തന്നെയല്ലേ ? അതായതു താങ്കളുടെ വിവേകം ഉള്ള മനസാക്ഷി വിവേകം ഇല്ലാത്ത കണ്ണൂരാന്‍ എന്ന വ്യക്തിക്ക് നല്‍കുന്ന ഉപദേശം ..ഇങ്ങനെ ഓരോ വിഷയത്തിലും ചാടിക്കയറി ആവേശം പ്രകടിപ്പിച്ചു ശത്രുക്കളെ ഉണ്ടാക്കുന്നതിനു പകരം സാവകാശം ചിന്തിച്ചു പ്രവര്‍ത്തിച്ചാല്‍ ഇന്ന് ഉള്ള എത്രയോ പ്രശ്നങ്ങള്‍ ഇലയ്ക്കും മുള്ളിനും കേടില്ലാതെ  പരിഹരിക്കപെടുമായിരുന്നു !

വലിയ കഴിവും പേരും പെരുമയും ആത്മവിശ്വാസവും ഉള്ള താങ്കള്‍ ബൂലോകത്തെ ദുര്‍ബലന്മാരായ 
പാവങ്ങളുടെ മെക്കിട്ടു കയറാന്‍ എത്രയോ തവണ ശ്രമിച്ചിരിക്കുന്നു ..അത്തരം ഇരകളില്‍ ഒരാളല്ലേ താങ്കളാല്‍ നിരന്തരം വേട്ടയാടപ്പെടുന്ന പ്രദീപ്‌ പൈമ എന്ന ചെറുപ്പക്കാരന്‍ . അവന്റെ ഭാഗത്ത് തെറ്റുകള്‍ ഉണ്ടെങ്കില്‍ ഒരു സീനിയര്‍ എഴുത്തുകാരന്‍ എന്ന നിലയില്‍ ഉപദേശിച്ചു കൊണ്ടുവരാന്‍ കഴിയുമായിരുന്നിട്ടും എന്തെല്ലാം പ്രശ്നങ്ങള്‍ ആണ് സൃഷ്ടിക്കപ്പെട്ടത് ? ഇക്കാര്യവുമായി ബന്ധപ്പെട്ടു ശ്രീ പൈമ യ്ക്ക് ഞാന്‍ ഒരുപദേശവും കുത്തിത്തിരിപ്പും നല്‍കിയിട്ടില്ല ..കൂട്ടത്തില്‍ സൂചിപ്പിച്ചു എന്നേയുള്ളൂ . താങ്കളുടെ ഭീഷണിയും മാനസിക പീഡനവും മൂലം ബ്ലോഗില്‍ നിന്ന് ഒഴിഞ്ഞു പോകുന്നു എന്ന് ഒരു ഘട്ടത്തില്‍ പ്രഖ്യാപിച്ച പ്രദീപ്‌  പൈമയുടെ ഒരു കമന്റ് വായിച്ചാല്‍ അറിയാം അവന്‍ അനുഭവിച്ച മാനസിക സംഘര്‍ഷം .
വളരെ വിവാദം ഉണ്ടാക്കിയ തൂപ്പുകാരി എന്ന ബ്ലോഗ് പോസ്റ്റും ,തുടര്‍ന്നുവന്ന അലക്കുകാരി എന്നോ മറ്റോ പേരുള്ള വേറൊരു പോസ്റ്റിലും നിങ്ങള്‍ ചിലര്‍ ചേര്‍ന്ന് ബൂലോകത്ത് സൃഷ്ടിച്ച മലിനീകരണം പലരും മറന്നു കാണില്ല . രണ്ടാമത്തെ പോസ്റ്റില്‍ നിങ്ങളുടെതായി കണ്ട ചില കമന്റുകളും അതിലെ പ്രതികരങ്ങളും ആണ് താഴെ ,,മനുഷ്യത്വം എന്നത് ഒപ്പിയെടുക്കാന്‍ പറ്റുന്ന അഭിപ്രായങ്ങള്‍ ആണ് എല്ലായിടത്തും കാണുന്നത് ...നോക്കൂ ,,പിന്നിട്ട വഴികള്‍ ഓര്‍മ്മിക്കാന്‍ പറ്റും 
എനിക്കെതിരെ ,ബൂലോകത്തിലെ സുഹൃത്തുക്കല്‍ക്കെതിരെ വാള്‍ ഓങ്ങി നില്‍ക്കുന്നവര്‍ ഒന്ന് ശ്രദ്ധിക്കുക നിങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ പറഞ്ഞതും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ ? ആരാണ് കാപട്യം കാണിക്കുന്നത് ? ആരാണ് ബൂലോകത്തെ മര്യാദകള്‍ ലംഘിക്കുന്നത് ? സമാധാനം തകര്‍ക്കുന്നത് ? ചിന്തിക്കാന്‍ ഇതോരവസരമാണ് ..നിങ്ങളുടെ വാക്കുകള്‍ ഒന്ന് പിന്നോട്ട് നോക്കി പരിശോധിക്കാം ,,ഈ സുഹൃത്തുക്കളെ ആരെയും രമേശ്‌ അരൂര്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു തരത്തിലും ഉപദ്രവിച്ചിട്ടില്ല ..ബ്ലോഗ് എഴുത്ത് എന്റെ തട്ടകം അല്ല ..അതില്‍ നിന്ന് എനിക്ക് വരുമാനമോ മറ്റേതെങ്കിലും സൌകര്യങ്ങളോ കിട്ടുന്നില്ല ,കഴിയാവുന്ന തരത്തില്‍ പ്രോത്സാഹിപ്പിച്ചിട്ടെ ഉള്ളൂ ..ഇപ്പോള്‍ എന്നെ കടിച്ചു കീറാന്‍ നടക്കുന്ന മോഹിയുദീന്‍ ,പടന്നക്കാരന്‍ തുടങ്ങിയവര്‍ക്ക് ഇരിപ്പിടത്തില്‍ അര്‍ഹവും മാന്യവും ആയ സ്ഥാനം നല്‍കിയിട്ടുണ്ട് .ഒരിക്കല്‍ കണ്ണൂരാന്റെ പോസ്റ്റ് കൊടുത്തതിന്റെ  ഇരിപ്പിടത്തെ കാളകൂടം എന്ന് വിശേഷിപ്പിച്ച അദ്ദേഹം മറ്റൊരു പോസ്റ്റിന്റെ ലിങ്ക നല്‍കണം എന്ന് കാണിച്ച മെയില്‍ ഞാന്‍ അവഗണിച്ചു എന്ന് പറയുന്നതില്‍ എന്താണ് അര്‍ഥം ? 
ഇരിപ്പിടത്തില്‍ എഴുതുന്നവര്‍ മനുഷ്യര്‍ അല്ലെ ? അവര്‍ക്കും  ആത്മാഭിമാനം ഇല്ലേ ?  ഒരിക്കല്‍ കൊടുത്ത പോസ്റ്റ് നീക്കം ചെയ്യണം എന്ന് അഹങ്കാരത്തോടെ പറഞ്ഞു ഇരിപ്പിടത്തിന്റെ പ്രവര്‍ത്തനങ്ങളെ വിലയിടിച്ചു കാണിച്ച കണ്ണൂരാന്റെ ആ പോസ്റ്റ്‌ എത്ര വിലയുള്ളത് ആണെങ്കിലും 
ഇരിപ്പിടത്തില്‍ കൊടുത്ത് കളങ്കം വരുത്താന്‍ തക്ക വിഡ്ഢികള്‍ അല്ല അതിന്റെ പ്രവര്‍ത്തകള്‍ ..പക്ഷെ ആ പോസ്റ്റില്‍ ഞാന്‍ പോയി ഇട്ട അഭിപ്രായം അദ്ദേഹത്തോട് എനിക്ക് വ്യക്തിപരമായ വിരോധം ഇല്ല എന്നതിന്റെ തെളിവായി ഇപ്പോളും ഉണ്ടെന്നു കരുതുന്നു .. പിന്നീട് ഞാന്‍ വായിക്കാന്‍ പോയില്ല എന്നത് കൊണ്ട് ഞാന്‍ അദ്ദേഹത്തിന്‍റെ ശത്രു ആകുമോ ? അങ്ങിനെയെങ്കില്‍ ഇപ്പോള്‍ ബ്ലോഗില്‍ എഴുതുന്ന തൊണ്ണൂറു ശതമാനം പേരും എന്നെ ശത്രുവായി കാണാന്‍ സാധ്യത ഉണ്ട് .കാരണം ഞാന്‍ ഇപ്പോള്‍ ബ്ലോഗ് പോസ്റ്റുകള്‍ വായിക്കാറേ ഇല്ല ..അഥവാ വായിച്ചാല്‍ മിണ്ടാതെ പോരും ..അഭിപ്രായം പറഞ്ഞു ശത്രുക്കളുടെ എണ്ണം കൂട്ടേണ്ട എന്ന് കരുതി മാത്രമാണത് ..
എനിക്ക് ജയിക്കാന്‍ വേണ്ടി യല്ല ഈ പോസ്റ്റ് ..വസ്തുതകള്‍ ബോധ്യപ്പെടുത്താതെ ഇനിയും മൌനം പാലിച്ചാല്‍ നിങ്ങളുടെ ആരോപണങ്ങള്‍ ഞാന്‍ ശരിവയ്ക്കുകയാണ് എന്ന് ഒരാള്‍ എങ്കിലും വിചാരിക്കും ..പ്രിയ കണ്ണൂരാനെ എനിക്ക് താങ്കളോട് എന്നല്ല ആരോടും ശത്രുതയില്ല ...ഇനിയെങ്കിലും സാങ്കല്‍പ്പിക ശത്രുക്കളെ ഉണ്ടാക്കി കാടടച്ചു വെടിവയ്ക്കുന്ന കാട്ടുനീതി അവസാനിപ്പിക്കൂ ..അതിര്‍ത്തികള്‍ക്കു അപ്പുറത്ത് നില്‍ക്കുന്ന ഒരിക്കല്‍ പോലും തമ്മില്‍ കണ്ടിട്ടില്ലാത്ത നിരപരാധികളെ വെടിവച്ചു കൊല്ലുന്നത് പോലെയുള്ള യുദ്ധമല്ല ബ്ലോഗെഴുത്ത് ..ദയവായി .ബൂലോകം യുദ്ധക്കളം ആക്കാതിരിക്കൂ ..

ചൊവ്വാഴ്ച, ജൂലൈ 03, 2012

വി എസ് .എന്ന ജനകീയ മാധ്യമം ഏതു പക്ഷത്താണ് ?



തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം നടപ്പില്‍ വരുത്തുക എന്നതാണ് ലോകത്തിലെ എല്ലാ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെയും  ആത്യന്തിക ലക്‌ഷ്യം .

അത്തരം  ഒരു  സമൂഹത്തില്‍  സര്‍ക്കാര്‍  എന്ന്  പറയുന്നത്  പാര്‍ട്ടി  മാത്രമാണ് .. അവിടെ  വേറെ  പാര്‍ട്ടികള്‍  ഉണ്ടായിരിക്കില്ല .വേറെ അഭിപ്രായങ്ങള്‍ ഉണ്ടായിരിക്കില്ല .. അഥവാ ഉണ്ടാകാന്‍ പാടില്ല 

. വ്യത്യസ്തമായി ചിന്തിക്കുന്ന പൌരന്മാര്‍ ഉണ്ടാകില്ല . ജനങ്ങള്‍  എന്ത് പറയണം  എന്നും  എങ്ങനെ ചിന്തിക്കണം എന്നും   എന്ത്  ജോലി ചെയ്യണം എന്നും എന്ത് ആഹാരം  കഴിക്കണം എന്നും  പാര്‍ട്ടി തീരുമാനിക്കും . അവിടെ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉള്ള മാധ്യമങ്ങള്‍ ഉണ്ടായിരിക്കില്ല ..

എല്ലാവര്ക്കും ഒരേ സ്വരം ഒരേ നിറം സര്‍ക്കാരിന്റെ അപദാനങ്ങള്‍ വാഴ്ത്തുന്നതില്‍ ഒരേ യോജിപ്പ് ശക്തമായ ഇരുമ്പു മറകള്‍ കൊണ്ട്  കമ്യൂണിസ്റ്റ് സമൂഹങ്ങളെ  പാര്‍ട്ടിയും സര്‍ക്കാരും പുറം ലോകത്തുള്ള  വലതു പിന്തിരിപ്പന്‍ അശുദ്ധ വായുവില്‍ നിന്നും അനാവശ്യ സ്വാതന്ത്ര്യ ബോധത്തില്‍ നിന്നും സദാ സംരക്ഷിച്ചു  നിര്‍ത്തും .. 

ഇതാണ് വിശാലമായ കമ്യൂണിസ്റ്റ്‌ കാഴ്ചപ്പാട് ..തകര്‍ന്നു പോയ സോവിയറ്റ്  റഷ്യയില്‍ ഇതായിരുന്നു അവസ്ഥ ..ഇപ്പോള്‍ ലോക ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന  ചൈനയില്‍ ഇത് തന്നെയാണ് സ്ഥിതി ....ക്യൂബയില്‍ , ത്രിപുരയില്‍ , പശ്ചിമ ബംഗാളില്‍   കേരളത്തില്‍   എല്ലാം ഇത്തരം ഒരവസ്ഥ ഉണ്ടാകണം എന്നതാണ് കമ്യൂണിസ്റ്റ്‌    പാര്‍ട്ടികളുടെ   വിശിഷ്യാ   മാര്‍ക്സിസ്റ്റ്‌   പാര്‍ട്ടിയുടെ   താല്പര്യം .

എല്ലാവരും കമ്യൂണിസ്റ്റ്‌ ആയിരിക്കുക ..അല്ലാത്തവരെ ഇല്ലാതാക്കുക .നശിപ്പിക്കുക ..അവിടെ കോണ്ഗ്രസ് ഇല്ല , ജാതിയും മതവും ഉള്ള ബി ജെ പിയും .മുസ്ലീം ലീഗും വേണ്ടേ വേണ്ട .പ്രാദേശിക വികാരം പടര്‍ത്തുന്ന കേരള കൊണ്ഗ്രസുകള്‍ ഒട്ടും വേണ്ട .എന്തിനധികം ?ഇടതു പക്ഷം എന്ന്പറഞ്ഞു   കൂടെ   കൊണ്ടുനടക്കുന്ന   സി പി ഐയും , ആര്‍ എസ്‌ .പിയും ,മറ്റു ഞാഞ്ഞൂല്‍ സന്തതികളും പോലും കമ്യൂണിസ്റ്റ്‌ ഭാരതത്തിലും  കമ്യൂണിസ്റ്റ്‌  കേരളത്തിലും  ഉണ്ടാകില്ല... 

 ഉണ്ടാവരുത് !! 

രാഷ്ട്രീയവും മതവും മത്സരവും വിപണിയും കുത്തി നിറച്ച സിനിമകളും ജീവിതവും കൊലപാതകവും  ഉണ്ടാകില്ല ..അഥവാ ഉണ്ടെങ്കില്‍ അവയുടെ തിരക്കഥകള്‍ പാര്‍ട്ടി ഓഫീസില്‍  നേതാക്കളുടെ കര്‍ശന  നിയന്ത്രണത്തിലും  നിരീക്ഷണത്തിലും  രചിക്കപ്പെടുന്നതാവണം ..മാധ്യമങ്ങള്‍ കഥയോ തിരക്കഥയോ എഴുതുന്ന ഇന്നത്തെ രീതി തുടരാന്‍ പാടില്ല . 

നിലവിലെ ബൂര്‍ഷ്വാ സെറ്റപ്പില്‍ ഉള്ള ഭരണ ഘടനയും പൌര സ്വാതന്ത്ര്യവും പരണത്ത് വച്ചിട്ടു    പാര്‍ട്ടി കൊണ്ഗ്രസ്സില്‍  പ്രത്യേകമായി എഴുതി   ഉണ്ടാക്കിയ   പാര്‍ട്ടി  നിയമങ്ങള്‍  നടപ്പില്‍  വരുത്തും ..നിയമങ്ങള്‍  ലംഘിക്കുന്നവരെ  പാര്‍ട്ടി    കോടതികള്‍  കൂടി പരസ്യ വിചാരണ നടത്തി  കൂമ്പിനു ചവിട്ടിയും , വെട്ടിയും  കുത്തിയും    ശിക്ഷ  നടപ്പാക്കും .. 

സമ്പൂര്‍ണ്ണ സോഷ്യലിസത്തിലേയ്ക്കുള്ള  പ്രയാണത്തിനിടയില്‍ ഉള്ള  ഇത്തരം സത്പ്രവൃത്തികള്‍  നേരത്തെയും നേരിട്ടും  അറിയിക്കാന്‍   പാര്‍ട്ടി പത്രവും ചാനലും അത് ഘോരഘോരം ഉദ്ഘോഷിച്ചു ജനമനസുകളില്‍ ഉറപ്പിക്കാന്‍  മാധവന്‍കുട്ടി - ഭാസുരേന്ദ്ര  പ്രഭൃതികളും സദാ സജ്ജര്‍ ..

കൊലപാതക രാഷ്ട്രീയത്തിന്റെ വാള്‍ മുനയില്‍ പതറി നില്‍ക്കുന്ന സി പി എം അക്കാര്യങ്ങള്‍ ജനസമക്ഷം സമര്‍പ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ  വീണ്ടും ചന്ദ്രഹാസം ഇളക്കുമ്പോള്‍  ഇതൊക്കെയാവും അതിനു നേതൃത്വം കൊടുക്കുന്ന പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്റെയും ദേശാഭിമാനി പത്രാധിപര്‍ വി .വി .ദക്ഷിണമൂര്‍ത്തിയുടെയുമൊക്കെ ഉള്ളില്‍ തിളച്ചുമറിയുന്ന കമ്യൂണിസ്റ്റ്‌ മാധ്യമ സങ്കല്പം ..

ഏറ്റവും ഒടുവില്‍ ചന്ദ്ര ശേഖരന്‍ വധവുമായി ബന്ധപ്പെട്ടു ആരോപണ വിധേയനായ കോഴിക്കോട് ജില്ലാ സെക്രട്ടരിയെറ്റ് അംഗം പി .മോഹനനെ പോലീസ്‌ വഴിയില്‍ വച്ച്  കാര്‍ തടഞ്ഞു നിര്‍ത്തി അറസ്റ്റു ചെയ്തതിനെ ന്യായീകരിച്ചില്ല എന്നതാണ് വലതു പക്ഷം എന്ന്  സ്ഥിരമായി പഴി കേള്‍ക്കുന്ന മാധ്യമങ്ങള്‍ സി പി എമ്മിനോട് ചെയ്ത ഏറ്റവും പുതിയ  കുറ്റം . 

എപ്പോള്‍ വിളിച്ചാലും അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക് മുന്നില്‍ ഹാജരാകുമായിരുന്നല്ലോ എന്നാണ് വേറെ ഒരു ചോദ്യം .. ന്യായമായ ആ ചോദ്യങ്ങളും ഈ മാധ്യമങ്ങളിലൂടെയാണ് ജനം അറിഞ്ഞതെന്നോര്‍ക്കണം ..
സുഖമില്ല എന്ന് പറഞ്ഞു  കൊലപാതക കേസുകളുടെ അന്വേഷണത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്ന കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്‍ നൂറുകണക്കിന് കിലോമീറ്റര്‍ അകലെയുള്ള എറണാകുളത്തെ ജയിലില്‍ അതേ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളായ കാരായി രാജനെയും ചന്ദ്രശേഖരനെയും  സന്ദര്‍ശിച്ച സംഭവം വാര്‍ത്തയാക്കിയത് മറ്റൊരു കുറ്റം ..

നോട്ടീസ്‌ കൊടുത്ത കുഞ്ഞനന്തന്‍ മുങ്ങിയതും ,രാജേഷ്‌ ,പി ജയരാജന്‍ തുടങ്ങിയവര്‍  ഒഴിവു കഴിവുകള്‍ പറഞ്ഞു സമയം നീട്ടി വയ്ക്കുന്നതും സ്വാഭാവികമായും വാര്‍ത്തയാകും ..

പാര്‍ട്ടി ഓഫീസില്‍ ചെന്ന് നേതാക്കന്മാരെ അറസ്റ്റു ചെയ്‌താല്‍ പാര്‍ട്ടി തീപ്പന്തം ആകും എന്ന് പിണറായിയും പോലീസും വന്നാല്‍ മുളക് വെള്ളം ഒഴിക്കണം  എന്ന്  എം .വി .ജയരാജനും  കയ്യും കെട്ടി നോക്കി ഇരിക്കില്ല എന്ന്   പി .ജയരാജനും ഭീഷണിപ്പെടുത്തിയത്  തല്‍ക്കാലം മറക്കാം ..പക്ഷെ ജീവനില്‍  പേടിയുണ്ടെങ്കിലും  അന്വേഷണം  ലക്ഷ്യത്തിലെത്താന്‍  ശ്രമിക്കുന്ന  പോലീസിനു ഇവരെയൊക്കെ പിടികൂടി  ചോദ്യം ചെയ്തല്ലേ പറ്റൂ  ? 

മാധ്യമങ്ങള്‍ പറയുന്നത് അപ്പാടെ ജനം വിശ്വസിച്ചു സി പി എമ്മിനെ പ്രതിക്കൂട്ടില്‍ ആക്കുകയാണ് എന്ന നേതാക്കളുടെ കണ്ടുപിടുത്തം തന്നെ സാമൂഹിക  പ്രശ്നങ്ങള്‍ വിലയിരുത്തി കൃത്യമായ നിലപാടുകളില്‍ എത്തിച്ചേരാനുള്ള   ജനങ്ങളുടെ കഴിവിനെ ചോദ്യം ചെയ്യുന്നതാണ് . ലോകത്തെ നടുക്കിയ അതി  നിഷ്ടൂരമായ കൊലപാതകങ്ങളില്‍ സി പി എമ്മിന് പങ്കില്ല എങ്കില്‍ ഈ കൊലപാതകങ്ങളെ അപലപിക്കാന്‍ അവര്‍ ഇതുവരെ തയ്യാറാകാത്തത് എന്ത് കൊണ്ടാണ് എന്ന് ചിന്തിക്കാന്‍ ജനങ്ങള്‍ക്ക്‌ ആറാം ഇന്ദ്രിയം ഒന്നും വേണമെന്നില്ല . 

പാര്‍ട്ടിക്ക് പങ്കില്ല എങ്കില്‍ പണം വാങ്ങി ചൂണ്ടിക്കാണിക്കുന്ന ശത്രുക്കളെ  വെട്ടി വീഴ്ത്താന്‍ നടക്കുന്ന  ക്വട്ടേഷന്‍ ഗുണ്ടകളെ ജയിലില്‍ പോയി കാണുന്നതും അവരെ ജാമ്യത്തില്‍ ഇറക്കാന്‍ സി പിഎം നേതാക്കള്‍ വക്കീലിനെ വയ്ക്കുന്നതും  പണം ഒഴുക്കുന്നതും എന്തിനു വേണ്ടിയാണ് ? 

 അന്വേഷണവുമായി സഹകരിച്ചു തങ്ങളുടെ നിരപരാധിത്വം ബോധ്യപ്പെടുത്തുന്നതിന് പകരം തൊടുന്യായം നിരത്തി    അന്വേഷണ ഉദ്യോഗസ്ഥന്‍മാരില്‍ നിന്ന് ഒളിച്ചു നടക്കുന്നത് എന്തിനാണ് ? 

പി .മോഹനനെ പോലുള്ള നേതാക്കളെ വഴിയില്‍ നിന്ന് പോലീസ്‌ പിടികൂടുമ്പോള്‍ അതിനെ അപലപിക്കാന്‍ വലതു  പക്ഷ മാധ്യമങ്ങള്‍ തയ്യാറായില്ല  എന്ന് കുറ്റപ്പെടുത്തുന്ന പിണറായിയും ദേശാഭിമാനി എഡിറ്റര്‍ ദക്ഷിണാ മൂര്‍ത്തിയും  .പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവും പ്രതിപക്ഷ നേതാവും ആയ സഖാവ് വി എസ്‌ .അച്യുതാന്ദന്‍ എന്തുകൊണ്ടാണ് പാര്‍ട്ടി പത്രത്തിലൂടെ പോലും ഇക്കാര്യങ്ങളെ അപലപിക്കാതിരുന്നത് , എന്ന ചോദ്യത്തിന് കൂടി ഉത്തരം പറയെണ്ടതല്ലേ ?  

പാര്‍ട്ടി സെക്രട്ടറിയും നേതാക്കളും പറയുന്നത് ജനം വിശ്വസിക്കുമോ എന്ന് കാത്തിരുന്നു കാണാം  എന്ന് വി എസ്‌ തന്നെ അതിനു മറുപടി പറഞ്ഞതായി കണ്ടു ..അത് സംഭവിച്ചതാണ് എങ്കില്‍ വി എസ്‌ ..എന്ന ഈ ജനകീയ മാധ്യമത്തെ നിങ്ങള്‍ എങ്ങിനെയാണ് വിലയിരുത്തുക ?