ചൊവ്വാഴ്ച, മേയ് 08, 2012

മുഖം തകര്‍ക്കപ്പെട്ട ഒഞ്ചിയം

മലയാളം ന്യൂസ് /8/5/2012
 കോഴിക്കോട് വടകര ഒഞ്ചിയം ഗ്രാമത്തെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പോരാട്ട ചരിത്രത്തിലെ ചുവന്ന അദ്ധ്യായമാക്കി മാറ്റിയ അനശ്വര രക്ത സാക്ഷിയായിരുന്നു മണ്ടോടി കണ്ണന്‍ എന്ന സഖാവ് എം .കണ്ണന്‍ .  വസൂരി, കോളറ, ദാരിദ്ര്യ്യം തുടങ്ങിയവയ്‌ക്കെതിരായി ജനങ്ങള്‍ക്കിടയില്‍ രാവും, പകലും പ്രവര്‍ത്തിച്ചു പ്രശസ്‌തിയാര്‍ജ്ജിച്ച സ. മണ്ടോടി കണ്ണന്‍ ഒഞ്ചിയംകാരുടെ കണ്ണിലുണ്ണിയായിരുന്നു. 

ഭക്ഷ്യക്ഷാമത്തിനെതിരായും കൃഷിഭൂമിക്കും വേണ്ടിയുമുള്ള സമര ത്തിന്റെ പേരില്‍  ഒഞ്ചിയത്തു സ.  കണ്ണന്റെ നേതൃത്വത്തില്‍  നടന്ന  ശക്തിയായ സമരത്തെ തുടര്‍ന്നാണ്    1943 ഏപ്രിൽ 30ന്  അവിടെ പോലീസ്‌ വെടിവയ്പ്പിലും മര്‍ദ്ദനത്തിലും   , കൊല്ലാച്ചേരി കുമാരനും ,അളവക്കൻ കൃഷ്ണനും മേനോൻ കണാരനും അടക്കം പത്തോളം പേര്‍ രക്ത സാക്ഷിത്വം വരിച്ചത് . വെടിവയ്പ്പിനെ തുടര്‍ന്നു  പോലീസുകാര്‍ പിടിച്ചു കൊണ്ടുപോയ കണ്ണന്‍ ബൂട്ട് കൊണ്ടുള്ള മര്‍ദ്ദനമേറ്റ്‌ ഒഴുകിയ   രക്തം കൊണ്ട് ജയിലിലെ വെളുത്ത ഭിത്തിയില്‍ ചെങ്കൊടി വരച്ചതിനു ശേഷമാണ് മരണം വരിച്ചതത്രേ .ഒഞ്ചിയത്തുകാരെയും  വിപ്ലവ പാതയില്‍ സഞ്ചരിക്കുന്നവരെയും എന്നും ആവേശം കൊള്ളിക്കുന്ന കമ്യൂണിസ്റ്റ്‌ ചരിത്രമാണത്  . 

ആ കമ്യൂണിസ്റ്റ്‌  രക്തസാക്ഷികള്‍ അനശ്വരമാക്കിയ   ഒഞ്ചിയം ഗ്രാമത്തിന്റെ ദീപ്തമുഖമാണ്  അക്രമ രാഷ്ട്രീയത്തിന്റെ പുതിയ കോമരങ്ങള്‍ കഴിഞ്ഞ ദിവസം വെട്ടിയും കുത്തിയും വികൃതമാക്കിയത് . ത്യാഗത്തിന്റെ ബലിക്കല്ലില്‍ ജീവിതം എറിഞ്ഞുടച്ചവര്‍  ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യങ്ങള്‍ ഏറ്റെടുത്തു പ്രവര്‍ത്തിച്ച  ടി പി ചന്ദ്ര ശേഖരന്‍ എന്ന  വിപ്ലവകാരിയുടെ കൊലപാതകത്തോടെ ഒഞ്ചിയം ഉയര്‍ത്തിപ്പിടിച്ച കമ്യൂണിസ്റ്റ്‌ പാരമ്പര്യത്തിനാണ് മുറിവേറ്റത്     ചന്ദ്ര ശേഖരനും സ:കണ്ണനെ പോലെ ആദര്‍ശ ഭ്രംശമില്ലാതെ പ്രവര്‍ത്തിച്ചു വന്ന നേതാവായിരുന്നു എന്നതിന് തെളിവായിരുന്നു ഒഞ്ചിയത്തെ ജനങ്ങള്‍ ഔദ്യോഗിക കമ്യൂണിസ്റ്റു പാര്‍ട്ടിയെ വിട്ടു കൂട്ടത്തോടെ അദ്ദേഹത്തിനൊപ്പം അണിനിരന്ന സംഭവം .

പൊരുതുന്ന ജനതയുടെ വിപ്ലവ പ്രതീക്ഷകള്‍ക്ക് എന്നും  ആവേശവും മാതൃകയും ആയിരുന്നു 'ഒഞ്ചിയംസമരവും' എക്കാലവും  കമ്യൂണിസ്റ്റ് മൂല്യം ഉയര്‍ത്തിപ്പിടിച്ച നിലകൊള്ളുന്ന  അവിടുത്തെ  ഗ്രാമീണ ജനങ്ങളും .

ബ്രിട്ടീഷ്‌ അടിമത്തത്തിനെതിരെയും ജന്മിത്ത ഭീകരതയ്ക്കെതിരെയും  കമ്യൂണിസ്റ്റ്‌ പ്രവര്‍ത്തകര്‍ നടത്തിയ  സമരം പോലീസ്‌ വെടിവയ്പ്പില്‍ കലാശിച്ചതോടെ  ഒഞ്ചിയത്തിന്റെ മുഖം ചരിത്രം ഒരിക്കലും വിസ്മരിച്ചു പോകാത്തവിധം  തുടുത്തു നിന്നു  . ആ മുഖ ശോഭയില്‍ തുടര്‍ന്നങ്ങോട്ട് കമ്യൂണിസ്റ്റ്‌  പ്രസ്ഥാനം  മലബാര്‍ മേഖലയില്‍ ആത്മ വിശ്വാസത്തോടെ മുന്നേറി   .ബ്രിട്ടീഷ്‌ ഭരണം കടല്‍ കടന്നു .ജന്മിത്തവും നാട് വാഴിത്തവും കുഴിച്ചു മൂടപ്പെട്ടു .അധികാരത്തിന്റെ കോട്ട കൊത്തളങ്ങളില്‍  വിജയങ്ങളുടെ    ചെങ്കൊടി പലകുറി പാറി.  രക്ത സാക്ഷികളുടെ ചോരപ്പൂക്കള്‍ വീണു നനഞ്ഞ മണ്ണില്‍ പിന്നീട് ചെങ്കൊടി രണ്ടായി കീറി സി പി എമ്മും ,സിപി ഐയും ഉണ്ടായപ്പോള്‍ ഇടതു പക്ഷത്തു ഉറച്ചു നിന്ന സിപിഎം  ഒഞ്ചിയത്തെ   അധീശത്വ ശക്തിയായി   തഴച്ചു വളര്‍ന്നു . 

ആധുനികവല്ക്കരിക്കപ്പെട്ട പാര്‍ട്ടിയില്‍ നവ ലിബറലിസത്തിന് കീഴ്പ്പെട്ട നേതാക്കള്‍ നടപ്പിലാക്കിത്തുടങ്ങിയ  വലതു പക്ഷ വ്യതിയാനങ്ങള്‍ ശക്തമായപ്പോള്‍ ഒഞ്ചിയം വീണ്ടും കൂടുതല്‍ ഇടതു പക്ഷത്തേക്ക് ചേര്‍ന്ന് നിന്നുകൊണ്ട് ശക്തമായി പ്രതികരിച്ചു ..അതിന്റെ ഫലമാണ് ടി .പി .ചന്ദ്രശേഖരന്‍ നേതൃത്വം കൊടുത്ത മാര്‍ക്സിസ്റ്റ്‌ (റവല്യൂഷനറി )പാര്‍ട്ടിയുടെ ഉദയം  . ഒഞ്ചിയം സമര പാരമ്പര്യത്തെ മുറുകെപിടിച്ചവര്‍ ഒന്നായി പുതിയ ബദലില്‍ അണിനിരന്നു മാര്‍ക്സിസ്റ്റ്‌ ചിന്തകനായ പ്രൊഫ :എം .എന്‍ .വിജയന്‍ ഒരിക്കല്‍ പ്രവചിച്ചത് പോലെ  സി പി എം ഒഞ്ചിയത്തെ  നേതാക്കളുടെ മാത്രം പാര്‍ട്ടിയായി .. സി.പി എമ്മിനെ പിന്നോട്ട് തള്ളി  മാര്‍ക്സിസ്റ്റ്‌ (റവല്യൂഷനറി)  പാര്‍ട്ടി ഒഞ്ചിയത്തെ ഒന്നാം പാര്‍ട്ടിയായി . 

വടകര താലൂക്കിലെ ശക്തികേന്ദ്രങ്ങള്‍ ആയിരുന്ന നാല് പാര്‍ട്ടി ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും പുതിയ പാര്‍ട്ടി കീഴടക്കി . ലോകസഭാതെരഞ്ഞെടുപ്പില്‍ മത്സരിച്ച ചന്ദ്രശേഖരന്‍ ഔദ്യോഗിക പാര്‍ട്ടിയെ ബഹുദൂരം പിന്നിലാക്കി കമ്യൂണിസത്തില്‍ നിന്ന് വ്യതിചലിച്ച നേതാക്കള്‍ക്ക് വരാനിരിക്കുന്ന വിപത്തുകളെ കുറിച്ച് ജനാധിപത്യ രീതിയില്‍  മുന്നറിയിപ്പ് നല്‍കി . പ്രാദേശികമായ  വെല്ലുവിളികളെ ആശയം കൊണ്ടുമാത്രം നേരിടാനാവില്ലെന്ന് സി പിഎമ്മിന് നന്നായി അറിയാം ..
ഒഞ്ചിയത്തു പാര്‍ട്ടി വിട്ടവരെ എന്ത് വിലകൊടുത്തും നേരിടുമെന്ന് കുഞ്ഞിരാമന്‍ മാസ്റ്റര്‍ അനുസ്മരം ഉദ്ഘാടനം ചെയ്തു കൊണ്ട് പിണറായി വിജയന്‍ പറഞ്ഞു .അവരെ കുലം  കുത്തികള്‍ എന്നക്ഷേപിച്ചു .യോഗം കഴിഞ്ഞു അദ്ദേഹം എ .കെ .ജി .സെന്ററില്‍ എത്തുന്നതിനു മുന്‍പ് വിമത നേതാവും ബ്രാഞ്ച് സെക്രട്ടറിയും ആയ  ജയരാജനെ അക്രമികള്‍ അദ്ദേഹത്തിന്‍റെ ജോലിസ്ഥലത്ത് വച്ച് വെട്ടി നുറുക്കി.

പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നവരെ കൊന്നിട്ടായാലും അടിച്ചൊതുക്കിയിട്ടായാലും പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുമെന്ന് ഇ.പി .ജയരാജന്‍ മുന്നറിയിപ്പ് നല്‍കി . 
പാര്‍ട്ടി ചരിത്രത്തില്‍ എന്നും ആഘോഷിക്കപ്പെട്ട ഒഞ്ചിയം ഇന്ന്  വിജയം കൊയ്ത പ്രസ്ഥാനങ്ങളുടെ കെട്ടുകാഴ്ചകളുടെ  നരച്ച ഓര്‍മ്മ മാത്രമാണ് ..ആധുനിക വല്ക്കരണത്തിന്റെ ഭാഗമായി പരിഷ്കരിക്കപ്പെട്ട  പ്രസ്ഥാനങ്ങളില്‍ നിന്ന് ഒഞ്ചിയം കുതറി മാറിയതാണോ പാരമ്പര്യങ്ങളില്‍ മുറുകെ പിടിക്കുക വഴി  വരുതിയില്‍ നിന്ന് പിഴച്ചു പോയ  ഒഞ്ചിയത്തെ പ്രസ്ഥാനങ്ങള്‍ കൈവിട്ടതാണോ എന്നത് ചരിത്രവും രാഷ്ട്രീയവും നിരീക്ഷിക്കുന്നവരുടെ പഠന വിഷയം ആണ് .

ഏതായാലും അവര്‍ കുലം കുത്തികള്‍ ആയി പരിണാമം പൂണ്ടു എന്നതാണ് പുതിയ കമ്യൂണിസ്റ്റ്‌  ചരിത്രം .ഒഞ്ചിയത്തിന്റെ  പാരമ്പര്യത്തില്‍ ഉറച്ചു നിന്ന് കൊണ്ട് അവിടുത്തെ മൂല്യ ബോധമുള്ള ജനത വിപ്ലവത്തില്‍ മായം കലര്‍ത്തി എന്നാരോപിക്കപ്പെടുന്നവരുടെ   ഉറക്കം കെടുത്തി എന്നത് വര്‍ത്തമാന കാല സത്യവും .

അരനൂറ്റാണ്ടിനു ഇപ്പുറത്ത്  ചന്ദ്രശേഖരന്റെ അരും കൊലയോടെ  ഒഞ്ചിയത്തെ മണ്ണ് വീണ്ടും  രക്തം വീണു കുതിര്‍ന്നിരിക്കുന്നു .കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രത്തിലോ കണക്കിലോ ഒരിക്കലും വരാന്‍ ഇടയില്ലാത്ത ഒരു രക്ത സാക്ഷിത്വം .   വിപ്ലവ പ്രസ്ഥാനങ്ങള്‍ എന്നവകാശപ്പെടുന്നവര്‍ക്ക്   ഇതിനെ  വെറുമൊരു  ഗുണ്ടാ അതിക്രമം മാത്രമായി ലഘൂകരിക്കാം  ..തിരഞ്ഞെടുപ്പ് വേദികളില്‍ മുതലെടുപ്പ് രാഷ്ട്രീയത്തിന് കച്ചമുറുക്കുന്നവര്‍ക്ക് പരസ്പരം വിരല്‍ ചൂണ്ടാനുള്ള  ആരോപണ പ്രത്യാരോപണ  വിശേഷങ്ങളുമാകാം 

പക്ഷെ   ചരിത്രം പഠിച്ചു വളരുന്ന, ചുവന്ന സൂര്യോദയങ്ങളെ   സ്വപ്നം കാണുന്ന നവ മുകുള ങ്ങള്‍ക്ക്  ഒഞ്ചിയം നല്‍കുന്ന പുതിയ  പാഠം എന്താണ് ? 

സഖാവ് കണ്ണന്‍ അടക്കമുള്ള അനശ്വര രക്തസാക്ഷികള്‍ സ്വജീവിതം ത്യജിച്ചു നടത്തിയ സമരത്തിലൂടെകുഴിച്ചു മൂടപ്പെട്ട  ജന്മിത്തവും മാടമ്പി ഗുണ്ടായിസവും വീണ്ടും കുഴിമാടങ്ങള്‍ തകര്‍ത്ത് ഭീകര രൂപികളായി പുറത്തു വന്നിരിക്കുന്നു എന്നോ ? 

മരിക്കും വരെ രക്തസാക്ഷികളുടെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും  ആദര്‍ശങ്ങളില്‍ ഉറച്ചു നിന്നും പോരാടിയ അരുമ സഖാവിനെ ഇല്ലായ്മ ചെയ്യുകയും ഉറ്റവര്‍ക്ക് പിരിയും  നേരമോരന്ത്യ ചുംബനം നല്‍കാന്‍ പോലും കഴിയാത്തവിധം ആ മുഖം തകര്‍ത്തുകളയുകയും ചെയ്തപ്പോള്‍  അതിനു  അച്ചാരം നല്‍കിയവര്‍ ആരായാലും  ഒന്നോര്‍ക്കണമായിരുന്നു .

നിങ്ങള്‍ വെട്ടിയും കുത്തിയും വികൃതമാക്കിയപ്പോള്‍ തകര്‍ന്നു പോയത്  ചന്ദ്രശേഖരന്‍ എന്ന നിഷേധിയായ പച്ചമനുഷ്യന്റെ  മുഖം മാത്രമല്ല   വിപ്ലവ ചരിത്രം  പോരാട്ടവഴികളില്‍ നെഞ്ചോട്‌ ചേര്‍ത്തു പിടിച്ച ഒഞ്ചിയത്തിന്റെ മുഖം കൂടിയാണെന്ന് 

44 അഭിപ്രായങ്ങൾ:

  1. ///നിങ്ങള്‍ വെട്ടിയും കുത്തിയും വികൃതമാക്കിയപ്പോള്‍ തകര്‍ന്നു പോയത് ചന്ദ്രശേഖരന്‍ എന്ന നിഷേധിയായ പച്ചമനുഷ്യന്റെ മുഖം മാത്രമല്ല വിപ്ലവ ചരിത്രം പോരാട്ടവഴികളില്‍ നെഞ്ചോട്‌ ചേര്‍ത്തു പിടിച്ച ഒഞ്ചിയത്തിന്റെ മുഖം കൂടിയാണെന്ന് ////
    ശക്തമായ ലേഖനം.. മറക്കാന്‍ ശ്രമിക്കുന്ന ചരിത്രങ്ങളില്‍ നഷ്ടപ്പെട്ട്ടു പോകുന്നത് സ്വന്തം അസ്ഥിത്വം തന്നെയാണെന്ന് തിരിച്ച്ചരിവില്ലാതെ പോകുന്നു.. അഭിനന്ദനങ്ങള്‍ രമേഷേട്ടാ..

    മറുപടിഇല്ലാതാക്കൂ
  2. രമേഷേട്ടാ, വളരെ ശക്തമായ ഒരു ലേഖനം സമ്മാനിച്ചതിന് അഭിനന്ദനങ്ങള്‍. ഇതെല്ലാം വായിക്കുമ്പോളും സഖാവ് മരിച്ച ദിവസവും പഴയ ചരിത്രങ്ങളും ഓര്‍മകളായി വന്നു നമ്മളെ വേദനിപ്പിക്കുന്നു.

    സഖാവ് ടി പി ചന്ദ്ര ശേഖരന് ആദരാഞ്ജലികള്‍...,...

    മനുഷ്യ മനസ്സിനെ ചോദ്യം ചെയ്തു പോയ ഈ രാഷ്ട്രീയ കൊലപാതകത്തിനു പിന്നില്‍ എതവനായാലും, അവന്‍ ഒരിക്കല്‍ നിയമത്തിനു മുന്നില്‍ വന്നു നിന്ന് തല താഴ്ത്തി നിക്കും. ആ ദിവസത്തിനായി ഈ ജനങ്ങള്‍ മുഴുവന്‍ കാത്തിരിക്കുന്നു.

    ഇനിയും വീണ്ടും ഒരിക്കല്‍ കൂടി രക്ത സാക്ഷി മണ്ഡപം പണിയാന്‍ ഈ ഭൂമിയില്‍ ഇടമില്ലാതാകട്ടെ...

    ഞാന്‍ ഒരു സഖാവല്ല, ഒരു മനുഷ്യന്‍..,. ഈ മൃഗീയത കണ്ടു കരഞ്ഞു പോയ വെറും ഒരു മനുഷ്യന്‍ മാത്രം..

    മറുപടിഇല്ലാതാക്കൂ
  3. ഒരു രാഷ്ട്രീയ കൊലപാതകം നടന്നു പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പ്പോലും പുറത്തു വരുന്നതിനു മുന്‍ബ് ഇത്തരത്തില്‍ ഒരു വിഭാഗത്തിന്‍റെ പേരില്‍ കുറ്റം കെട്ടിവെക്കാനുള്ള ശ്രമം ഇതില്‍ വളരെ ഭംഗി ആയി നിര്‍വഹിച്ചു ചന്ദ്ര ശേഖരന്റെ മരണം മനുഷ്യ സ്നേഹികള്‍ക്ക് ദുഖം ആണ് നല്‍കിയത് എങ്കില്‍ മറ്റുള്ളവര്‍ ആഘോഷിക്ക പെടുകയാണ് ഇത് പോലുള്ള ഗീര്‍ വാണ പ്രസങ്ങത്തിലൂടെയും പ്രബന്ധ ത്തിലൂടെയും

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ദാരുണകൊലപാതകം നടക്കുന്നതിനും മുന്‍പേ കുറ്റം ഏറ്റെടുത്തവരുടെ പട്ടികയാണ് ഈ ലേഖനം പങ്കു വെയ്ക്കുന്നത്.

      ഇല്ലാതാക്കൂ
    2. @@കൊമ്പന്‍ : ഒരു രാഷ്ട്രീയ കൊലപാതകം നടന്ന ഉടനെ പ്രതി ആരാണ് എന്ന് പറയാന്‍ ഞാന്‍ ഈ ലേഖനത്തിലൂടെ ശ്രമിച്ചിട്ടില്ല. ഒഞ്ചിയം ഗ്രാമത്തിന്റെ കമ്യൂണിസ്റ്റ്‌ സമര ചരിത്രവും ചന്ദ്രശേഖരനെ പോലുള്ള സഖാക്കള്‍ എങ്ങിനെ അവിടെ കമ്യൂണിസ്റ്റ്‌ കാരായി തുടര്‍ന്നൂ ? അവര്‍ നേരിട്ട വെല്ലുവിളികള്‍ എന്തൊക്കെയായിരുന്നു ? എന്ന് അപഗ്രഥിക്കാന്‍ ശ്രമിച്ചു എന്നേയുള്ളൂ ...ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റ്‌കാരന് ഒരു സഹജീവിയെ മുറി വേല്പ്പിക്കാനോ കൊല്ലാനോ കഴിയില്ല ..കാരണം ഉദാത്തമായ സഹജീവി സ്നേഹം ആണ്
      കമ്യൂണിസ്റ്റ്‌ പ്രതിനിധാനം ചെയ്യുന്നത് ..മനുഷ്യന് മനുഷ്യന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു ലോകമാണ് അവന്റെ സ്വപനം...അതിനു വേണ്ടിയാണ് കമ്യൂണിസ്റ്റ്‌കാര്‍ സ്വന്തം ജീവിതം കൊണ്ട് പോരാടുന്നത് ....

      ഇല്ലാതാക്കൂ
  4. കൊല്ലാം പക്ഷെ....വളരെ നല്ലൊരു ലേഖനം...ചരിത്രങ്ങളില്‍ നിന്നും പാഠം ഉള്‍കൊള്ളാന്‍ തയ്യാര്‍ ആകുന്ന കാലം വരുവോളം ചരിത്രങ്ങള്‍ ആവര്‍ത്തിക്കപ്പെടും...

    മറുപടിഇല്ലാതാക്കൂ
  5. "നിങ്ങള്‍ വെട്ടിയും കുത്തിയും വികൃതമാക്കിയപ്പോള്‍ തകര്‍ന്നു പോയത് ചന്ദ്രശേഖരന്‍ എന്ന നിഷേധിയായ പച്ചമനുഷ്യന്റെ മുഖം മാത്രമല്ല വിപ്ലവ ചരിത്രം പോരാട്ടവഴികളില്‍ നെഞ്ചോട്‌ ചേര്‍ത്തു പിടിച്ച ഒഞ്ചിയത്തിന്റെ മുഖം കൂടിയാണെന്ന്"
    ____________
    തീര്‍ച്ചയായും.ആശയങ്ങള്‍ പരാചയപ്പെടുന്നിടത്ത് ആയുധങ്ങള്‍ 'വിജയം'കൊയ്യുന്ന കൊലപാതകസിദ്ധാന്തങ്ങളുടെ വേരറ്റ് പോവുകതന്നെ ചെയ്യും.ലേഖനത്തിന് അഭിനന്ദനങ്ങള്‍ !

    മറുപടിഇല്ലാതാക്കൂ
  6. വളരെ ശക്തമായ ഒരു നിരീക്ഷണം....
    ഒന്ചിയത്തെ രാഷ്ട്രീയം എനിക്ക് അറിയില്ല...
    പക്ഷെ ഇത്ര ക്രൂരം ആയ മനസ്സുള്ള കൊലപാതകികള്‍ക്ക്
    ജന്മം കൊടുത്ത അമ്മമാരെ നിങ്ങള്‍ കരയുക കേരളത്തിന്റെ
    മണ്ണ് ചോര കൊണ്ട് നിറക്കുന്ന,എന്റെ നാട് എന്ന് പറയാന്‍
    ആവാതെ ലജ്ജിച്ചു തല താഴ്ത്തി നില്‍ക്കുന്ന ഓരോ കേരളീയന്റെയും
    വേദന കാണാന്‍ കഴിയാത്ത ഈ പുത്രന്മാര്‍ക്കു വേണ്ടി...
    അവര്‍ ജനിക്കാതിരുന്നെന്കില്‍..ഇനിയും ഒരു തല മുറയെ ജനിപ്പിക്കാതെ
    ഇരുന്നെന്കില്‍...

    മറുപടിഇല്ലാതാക്കൂ
  7. ശക്തമായ ലേഖനം
    അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  8. ഞാനൊരു സഖാവല്ല ... പക്ഷെ രാഷ്ട്രീയത്തില്‍ നമുക്ക് ഒന്നിലധികം ചോയിസ് ഉണ്ടെന്നു വിശ്വസിക്കുന്ന ആളാണ്‌ ..കാരണം രാഷ്ട്രീയ പാര്‍ട്ടികളുടെ ആദര്‍ശങ്ങള്‍ വ്യത്യാസപ്പെടുമെങ്കിലും മനുഷ്യ നന്മയിലും മൂല്യങ്ങളിലും അവര്‍ ഒന്നാകാന്‍ ശ്രമിക്കും എന്നത് അനുഭവ യാതാര്ത്യമാണ് .. ആദര്‍ശ പോരാട്ടം വിട്ടു വീഴ്ച്ചയില്ലാതെ നടക്കുമ്പോഴും ഒരുമിച്ചു ഒരു ചായക്കടയിലോ വീട്ടിലോ ഇരുന്നു ചായ കുടിച്ചു നന്മകള്‍ നേര്‍ന്നു പിരിയാന്‍ മാത്രം പ്രബുദ്ധമാണ് നമ്മുടെ കേരളത്തിലെ സാമൂഹിക അന്തരീക്ഷം ... അത് തകര്‍ക്കുവാന്‍ ശ്രമിക്കുന്നവര്‍ ആരായാലും അവരെ ഒറ്റപ്പെടുത്തി തങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടിയുടെ വിശ്വാസ്യത പൊതു സമൂഹത്തില്‍ ഉയര്‍ത്തി പിടിക്കേണ്ടത്‌ എല്ലാ രാഷ്ട്രീയ കക്ഷികളില്‍ പെട്ട പ്രവര്‍ത്തകരുടെ ബാധ്യതയാണ് ...ടി പി ചന്ദ്ര ശേഖരന്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളോട് യോജിപ്പില്ല എങ്കിലും അതുയര്‍ത്തി പിടിച്ചു പ്രവര്‍ത്തിക്കുവാനുള്ള അദ്ധേഹത്തിന്റെ അവകാശതോട് യോജിക്കുന്നു ... കാരണം ഇന്ത്യന്‍ ഭരണ ഘടന രാജ്യത്തെ ഏതൊരു പൌരനും നല്‍കുന്ന അവകാശമാണ് അത് . ചന്ദ്രശേഖരന്‍ ഉയര്‍ത്തി പിടിച്ച മുദ്രാവാക്യങ്ങളെ ആദര്‍ശ കരുത്തു കൊണ്ട് നേരിടാന്‍ കഴിയില്ല എന്ന് ധരിച്ച ഏതാനും ഭീരുക്കലാവും ഇതിനു പിന്നില്‍ ...അവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരുമെന്ന പ്രതീക്ഷ തല്‍ക്കാലം വെച്ച് പുലര്‍ത്തുന്നു .

    മറുപടിഇല്ലാതാക്കൂ
  9. രമേഷട്ടന്‍ ആള് ഉഷാര്‍ ആണല്ലോ..
    കൊല്ലപ്പെട്ട ആളുടെ മുഖം തിരിച്ചറിയും മുന്‍പേ കൊലയാളികളെ തിരിച്ചറിഞ്ഞു ..
    അല്ലറ ചില്ലറ പ്രാദേശിക പ്രശ്നങ്ങളാല്‍ ജനിച്ചതാണ് ഒന്ജിയത്തെ പുതിയ പാര്‍ട്ടി...
    അത് അങ്ങിനെ തന്നെ ഇല്ലാതാകുകയും ചെയ്യും...
    കൊലയാളികളെ പിടിക്കാന്‍ ചന്ദ്രശേഖരന്‍ മൂട് താങ്ങി കൊടുത്ത കൊണ്ഗ്രെസ്സിനു കഴിയില്ലേല്‍ എളപ്പടി നിര്‍ത്തിക്കൂടെ...
    അല്ലേല്‍ പിണറായിയും കൊടിയെരിയെയുമൊക്കെ അറെസ്റ്റ്‌ ചെയ്യൂ...
    നിങ്ങള്ക്ക് ഉറപ്പുന്ടെല്‍ പിന്നെ എന്തിനാണീ അമാന്തം...


    ...*

    മറുപടിഇല്ലാതാക്കൂ
  10. കൊലപാതകം ആര് ചെയ്താലും അതിനെ ന്യായികരിക്കാന്‍ കഴിയില്ല. പെയ്ഡ്‌ ന്യൂസുകളും നുണക്കഥകളും തിരിച്ചറിയാന്‍ കഴിയാത്ത ഇന്നത്തെ ചുറ്റുപാടില്‍ കേള്‍ക്കുന്നതെല്ലാം പച്ചയായി വിശ്വസിക്കാന്‍ പ്രയാസമുണ്ട്. മുന്‍ധാരണയോടെയുള്ള അന്വേഷണവും പറച്ചിലും മാത്രമാണ് കേള്‍ക്കാന്‍ കഴിയുന്നത്. ഇലക്ഷന്‍ കഴിയുന്നത് വരെ ഇത്തരം സംശയങ്ങള്‍ നിലനിര്‍ത്തുക മാത്രമേ സംഭവിക്കു എന്നാണ് ഞാന്‍ കരുതുന്നത്.

    മറുപടിഇല്ലാതാക്കൂ
  11. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം ,പാര്‍ട്ടി അത് ചെയ്തെങ്കില്‍ പാര്‍ട്ടി ജനസമക്ഷം മാപ്പ് പറയുകയും കുറ്റം ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി എടുക്കുകയും വേണം .പക്ഷെ കുറ്റവാളികള്‍ വെളിച്ചത്തു വരും വരെ നമുക്ക് കാത്തിരിക്കാം

    മറുപടിഇല്ലാതാക്കൂ
  12. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  13. പ്രസക്തമായി എനിക്ക് തോന്നിയത്... ഈ വരികളാണു..

    "കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രത്തിലോ കണക്കിലോ ഒരിക്കലും വരാന്‍ ഇടയില്ലാത്ത ഒരു രക്ത സാക്ഷിത്വം . വിപ്ലവ പ്രസ്ഥാനങ്ങള്‍ എന്നവകാശപ്പെടുന്നവര്‍ക്ക് ഇതിനെ വെറുമൊരു ഗുണ്ടാ അതിക്രമം മാത്രമായി ലഘൂകരിക്കാം ..തിരഞ്ഞെടുപ്പ് വേദികളില്‍ മുതലെടുപ്പ് രാഷ്ട്രീയത്തിന് കച്ചമുറുക്കുന്നവര്‍ക്ക് പരസ്പരം വിരല്‍ ചൂണ്ടാനുള്ള ആരോപണ പ്രത്യാരോപണ വിശേഷങ്ങളുമാകാം "

    ഒഞ്ചിയത്തെ ഈ മാർക്സിസ്റ്റ് (റെവല്യൂഷണറി) പാർട്ടി കേരളമാകെ / ചുരുങ്ങിയ പക്ഷം കോഴിക്കോട് ജില്ലയിലെങ്കിലും വളരുകയാണെങ്കിൽ ഈ രക്തസാക്ഷിത്വം ചരിത്രത്തിൽ രേഘപ്പെടുത്തുക തന്നെ ചെയ്യും.... ആ ചരിത്രം ഔദ്യോഗിക പക്ഷത്തിന്റെ ചരിത്രത്തിലെ കറുത്ത ലിപികളും ആവും

    വളരെ നല്ല വിശകലനം !!! ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  14. രമേശ്‌ ജീ
    ഒരുകാര്യം ഉറപ്പിക്കാം ഇതു ചെയ്തത് സിപിഎം ആണെങ്കില്‍ രാഘവനും അമ്മയും പോയപോലെ ആയെരിക്കില്ല വലിയനഷ്ട്ടം തന്ന്നെ സിപിഎം ഉണ്ടാകും .
    ശ്രീകുമാര്‍ റിയാദ്

    മറുപടിഇല്ലാതാക്കൂ
  15. രമേശ്‌ ജീ
    ഒരുകാര്യം ഉറപ്പിക്കാം ഇതു ചെയ്തത് സിപിഎം ആണെങ്കില്‍ രാഘവനും അമ്മയും പോയപോലെ ആയെരിക്കില്ല വലിയനഷ്ട്ടം തന്ന്നെ സിപിഎം ഉണ്ടാകും .
    ശ്രീകുമാര്‍ റിയാദ്

    മറുപടിഇല്ലാതാക്കൂ
  16. ഈ അരുംകൊല ചെയ്യിപ്പിച്ച മാനുഷികത മരവിച്ച കാട്ടാളന്‍മാരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ ആവട്ടെ. പാര്‍ട്ടി ഗ്രാമങ്ങളും പാര്‍ട്ടി കോടതികളും തങ്ങളുടെ കുത്തകയാക്കി വെക്കുന്ന കാലത്തോളം കൊലപാതക രാഷ്ട്രീയത്തില്‍ നിന്നും കേരളത്തിനു മോചനമുണ്ടാവില്ല.

    സഖാവ് ടിപി ക്ക് ആദരാഞ്ജലികള്‍

    മറുപടിഇല്ലാതാക്കൂ
  17. ഞാന്‍ വിശ്വസിക്കുന്ന തത്വ ശാസ്ത്രങ്ങളിലൊരിടത്തും എതിരാളിയെ വക വരുത്തുന്ന നയമില്ല. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് സി പി എം കാരാണെങ്കില്‍ അവരെ അറസ്റ്റ് ചെയ്യണം. നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണം,. പരമാവധി ശിക്ഷ വാങ്ങിച്ചു കൊടുക്കണം. ഞാന്‍ അതിനെ പരിപൂര്‍ണ്ണമായി പിന്താങ്ങുന്നു.

    ഒന്നു തുറിച്ചു നോക്കിയാല്‍ പോലും കേസെടുക്കുന്ന പോലീസാണു കേരളത്തിലേത്. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും മറ്റ് തലമാരും ഹര്‍ത്ത...ാല്‍ വരെ നടത്തി പ്രതിക്ഷേധിക്കുന്ന ഈ കൊലപാതകത്തിലെ സംശയിക്കേണ്ട പ്രതികള്‍ ഉണ്ടായിട്ടും, അവരെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ രണ്ടു ദിവസം കഴിഞ്ഞിട്ടും പോലീസിനായിട്ടില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം എളുപ്പത്തില്‍ അറസ്റ്റ് ചെയ്യാവുന്ന ഗുണ്ടാകളും കുറ്റവാളികളുമാണവര്‍.ഇപ്പോള്‍ കേള്‍ക്കുന്നു അവര്‍ സംസ്ഥാനം വിട്ടു എന്ന്.

    വെറുതെ സി പി എം വിരോധം മാത്രം വച്ചുകൊണ്ടിരുന്നാല്‍ ഈ നാടകത്തിന്റെ അര്‍ത്ഥം പിടികിട്ടില്ല.

    സ:ടി പിയുടെ കൊലനടന്ന മിനിറ്റുകള്‍ക്കുള്ളില്‍, പൊലീസ് ഇന്‍ക്വസ്റ് ആരംഭിക്കുന്നതിനുമുമ്പുതന്നെ കേന്ദ്ര ആഭ്യന്തരസഹമന്ത്രിയും മുഖ്യമന്ത്രിയും സംസ്ഥാന ആഭ്യന്തരമന്ത്രിയും പരസ്യപ്രസ്താവന നടത്തി "പ്രതികള്‍ സിപിഎമ്മുകാരെന്ന്''. കേസന്വേഷണത്തിനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അടച്ചിട്ട മുറിയില്‍ കെപിസിസി അധ്യക്ഷന്റെ ക്ളാസ്. എന്തിനും ഏതിനും എപ്പോഴും സിപിഐ എമ്മിനെ വാതോരാതെ തെറി വിളിക്കുന്ന പി സി ജോര്‍ജ് മാത്രം രണ്ടുദിവസത്തേക്ക് മിണ്ടിയില്ല!!!!!!

    ഇന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയില്‍ ആഭ്യന്തരമന്ത്രിയുടെ തിരുത്തല്‍: "സിപിഎമ്മുകാരാണ് പ്രതികളെന്ന് താനോ മുഖ്യമന്ത്രിയോ പറഞ്ഞിട്ടേയില്ല.... ആരാണ് പ്രതികള്‍ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല'' എന്ന്. മാധ്യമങ്ങളായ മാധ്യമങ്ങളിലൂടെയാകെ സിപിഎമ്മുകാരാണ് പ്രതികള്‍ എന്ന് വിളിച്ചുപറഞ്ഞ് അത് നാടാകെ പ്രചരിച്ചുകഴിഞ്ഞപ്പോള്‍ തിരുത്തിപ്പറയാന്‍ എന്തെളുപ്പം. ഉദ്ദേശിച്ച കാര്യം കഴിഞ്ഞല്ലോ. നെയ്യാറ്റിന്‍കരയിലടക്കം നാലാള്‍ കൂടുന്നിടത്തെല്ലം ടി പിയെ കൊന്നത് സിപിഎമ്മുകാരാണ് എന്ന് ചര്‍ച്ച ചെയ്യാന്‍ പരുവത്തില്‍ എല്ലാം ഒപ്പിച്ചിട്ട് അവസാനം പറയുന്നു ഞങ്ങള്‍ അങ്ങിനെ പറഞ്ഞിട്ടേയില്ലായെന്ന്. ഇത്രയും വൃത്തികെട്ട രാഷ്ട്രീയക്കളി ഈ നാട് ഇതിനുമുമ്പ് കണ്ടിട്ടുണ്ടോ??

    മറുപടിഇല്ലാതാക്കൂ
  18. എന്തായാലും സാക്ഷരതയ്ക്ക് മുന്നില്‍ എന്ന പ്രഖ്യാതി നേടിയതും, ദൈവത്തിന്റെ സ്വന്തം നാടെന്നു മറ്റുള്ളവര്‍ വിശേഷിപ്പിക്കുകയും ചെയ്യുന്ന കേരളത്തിന്റെയും കേരള മക്കളുടെയും ഒരു ഗതിയെ!
    കേരളവും കേരളമക്കളും നീചവും നികൃഷ്ടവുമായ കുലപാതക രാഷ്ട്രീയത്തിന് മുന്നില്‍ എന്ന സ്ഥാനവും, പിശാചിന്റ്റ് നാടെന്ന മറു പേരും നേടാന്‍ ഇനിയും നാളുകള്‍ അധികം കാതിരിക്കെണ്ടാ എന്ന് തോന്നുന്നു. ഇതിനു രണ്ടു പക്ഷം ഇല്ലാ എന്ന് ഈയടുത്ത നാളുകളില്‍ നടന്ന കുലപാതകങ്ങള്‍ വിളിച്ചറിയിക്കുന്നു.
    എങ്ങോട്ടാണീ പോക്ക് എന്ന് മാത്രം ഇനി ചിന്തിച്ചാല്‍ മതി
    കഷ്ടം കഷ്ടം അല്ലാതെന്തു പറവാന്‍
    രമേഷ്ജി ലേഖനം നന്നായി പക്ഷെ ചിലതിനോട് യോജിപ്പും ചിലതിനോട് വിയോജിപ്പും ഉണ്ട്.
    ചോദിക്കല്ലേ അതെന്താ മാഷേ എന്ന്. :-)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അഭിപ്രായങ്ങള്‍ യോജിപ്പും വിയോജിപ്പും അടക്കം തുറന്നു പറയുമ്പോളാണ് ആരോഗ്യകരമായ സംവാദം ഉണ്ടാകുന്നത്‌ ..അഭിപ്രായങ്ങളോടും ആശയങ്ങളോടും അസഹിഷ്ണുത പുലര്‍ത്തുമ്പോള്‍ അവിടെ വൈരാഗ്യവും കോപവും, തദ്വാരാ അക്രമവും ഉണ്ടാകുന്നു ..ആശയങ്ങള്‍ തമ്മില്‍ പോരാടി കരുത്തുള്ളവ വിജയിക്കട്ടെ ..അപ്പോളും മനുഷ്യര്‍ തമ്മിലുള്ള സഹവര്‍ത്തിത്വം അപസ്വരങ്ങള്‍ ഇല്ലാതെ മുന്നോട്ടു നീങ്ങട്ടെ ..നന്ദി ..

      ഇല്ലാതാക്കൂ
  19. അല്പം വികാരപരമായി എങ്കിലും മനസിൽ കൊള്ളുന്ന എഴുത്ത്.

    ഞാനൊരു രാഷ്ട്ര്രിയത്തിലും വിശസിക്കുന്നില്ല, പ്രത്യേകിച്ച് കേരള രാഷ്ടീയത്തിൽ.

    അകാലത്തിൽ മകനെ നഷ്ടപ്പെട്ട ഒരു ദേശത്തിന്റെ വേദനയിൽ പങ്കു ചേരുന്നു.

    മറുപടിഇല്ലാതാക്കൂ
  20. കൊല്ലാം പക്ഷെ തോല്പിക്കാനാവില്ല......(രമ)

    മറുപടിഇല്ലാതാക്കൂ
  21. ഈ പ്രതികരണം നന്നായി രമേഷേട്ടാ. പലര്‍ക്കും ആര് കൊന്നു എന്നതിലാണ് തര്‍ക്കം, കൊന്നതിലെ ക്രൂരത കാണാന്‍ കഴിയുന്നില്ല.. കഷ്ടം!!

    മറുപടിഇല്ലാതാക്കൂ
  22. പ്രിയപ്പെട്ട സഖാവിന്‍ ആദരാഞ്ജലികള്‍..

    മറുപടിഇല്ലാതാക്കൂ
  23. ചോരക്കളിയുടെ വീരഗാഥ പാടാന്‍ എന്നും സഖാക്കള്‍ക്ക് ആയിരം നാവാണ്. ലേഖനം നന്നായി. കണ്ണൂരിന്റെ മാര്‍ക്സിറ്റ് ചരിത്രത്തെ സ്പര്‍ശിച്ചു കൊണ്ട് ലേഖകന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ തീര്‍ത്തും വസ്തുതാപരമാണ് എന്നാണു എന്റെ പക്ഷം. എന്തായാലും ഈ ചോരക്കളിക്ക് കൂട്ട് നില്‍ക്കാനാവില്ല.

    മറുപടിഇല്ലാതാക്കൂ
  24. പ്രിയ സുഹൃത്തേ,

    ഞാനും താങ്കളെപ്പോലെ വളര്‍ന്നു വരുന്ന ഒരു എളിയ എഴുത്തുകാരനാണ്‌. മുപ്പതോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഒരു പുതിയ സംരംഭത്തിന് നാന്ദി കുറിക്കുവാന്‍ എനിക്ക് താങ്കളുടെ സഹായം ആവശ്യപ്പെടാനാണ് ഈ കുറിപ്പെഴുതുന്നത്.

    ഞാന്‍ ഈയിടെ ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി അതുമായി ഒരു പ്രമുഖ വാരികയുടെ പത്രാധിപരെ കാണുവാന്‍ പോയി. പക്ഷെ അദ്ദേഹം അത് വായിച്ച് നോക്കുന്നത് പോയിട്ട് ഒന്ന് വാങ്ങി നോക്കുവാന്‍ പോലും തയ്യാറായില്ല. പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ ആവശ്യമില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒന്ന് വായിച്ച് നോക്കിയിട്ട് തിരികെ തന്നോളൂ എന്ന് പറഞ്ഞപ്പോള്‍ വായിച്ച് നോക്കേണ്ട കാര്യമൊന്നുമില്ലെന്നും പുതിയ എഴുത്തുകാര്‍ എഴുതുന്നതൊന്നും ഇനി അത് എത്ര നല്ലതാണെങ്കിലും വായനക്കാര്‍ക്ക് വേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. പുതിയ ആളുകളുടെയൊക്കെ കഥകള്‍ ആര്‍ക്കു വേണം? എന്നാണ് അദ്ദേഹം ചോദിച്ചത്.

    വലിയ എഴുത്തുകാര്‍ കുത്തിക്കുറിച്ചു വിടുന്ന ഏത് ചവറുകളും അവരുടെ വീട്ടുപടിക്കല്‍ കാത്തു കെട്ടിക്കിടന്ന് വാങ്ങിക്കൊണ്ടുപോയി പ്രസിദ്ധീകരിക്കുന്ന ഈ പത്രാധിപന്മാര്‍ നമ്മെപ്പോലുള്ള പുതിയ എഴുത്തുകാര്‍ എത്ര നല്ല സൃഷ്ടികള്‍ എഴുതി അയച്ചാലും ഒന്ന് വായിച്ച് നോക്കുക പോലും ചെയ്യാതെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയാണ്‌ പതിവ്.

    ഈ സ്ഥിതിക്ക് ഒരു മാറ്റം വരേണ്ടത് അത്യാവശ്യമല്ലേ? ഇവിടെ ഒരു എം.ടിയും മുകുന്ദനും പുനത്തിലും മാത്രം മതിയോ? അവരുടെ കാലശേഷവും ഇവിടെ സാഹിത്യവും വായനയും നില നില്‍ക്കേണ്ടേ?

    മേല്‍ പറഞ്ഞ പത്രാധിപരുടെ മുന്നില്‍ നിന്ന് ഇറങ്ങിവന്ന ശേഷം ഞാനൊരു കാര്യം മനസ്സിലുറപ്പിച്ചിരിക്കുകയാണ്. ഇനി ഒരു കാരണവശാലും ഞാന്‍ ആ നോവലും കൊണ്ട് മറ്റൊരു പത്രാധിപരെ കാണാന്‍ പോകില്ല . ഇന്ന് മുതല്‍ ഞാനതെന്‍റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ പോകുകയാണ്. 'മുഖം' എന്ന് പേരിട്ടിരിക്കുന്ന ഈ നോവല്‍ ആദ്യന്തം ഉദ്വേഗഭരിതമായ, സസ്പെന്‍സ് നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ്.വായനക്കാര്‍ക്ക് മടുപ്പ് തോന്നാതിരിക്കാന്‍ ഓരോ വരിയിലും, ഓരോ സംഭാഷണത്തിലും ഞാന്‍ വളരെയധികം ശ്രദ്ധ കൊടുത്തിട്ടുണ്ട്‌.

    ഇന്ന് മുതല്‍ ഞാന്‍ ഇതിന്‍റെ ഓരോ അദ്ധ്യായങ്ങളായി പോസ്റ്റ്‌ ചെയ്യാന്‍ തുടങ്ങുകയാണ്. താങ്കള്‍ ഇത് മുടങ്ങാതെ വായിച്ച് താങ്കളുടെ മൂല്യവത്തായ അഭിപ്രായ നിര്‍ദേശങ്ങള്‍ നല്‍കി എന്നിലെ എളിയ കലാകാരനെ പ്രോത്സാഹിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. താങ്കള്‍ പറയുന്ന നല്ല അഭിപ്രായങ്ങളെ സ്വീകരിക്കുന്ന അതേ ഹൃദയവിശാലതയോടെ താങ്കളുടെ വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവ യഥാസമയം തിരുത്തി മുന്നോട്ട് പോകുമെന്നും ഞാന്‍ ഇതിനാല്‍ ഉറപ്പു നല്‍കുന്നു. നോവല്‍ നല്ലതല്ല എന്ന് വായനക്കാര്‍ക്ക് തോന്നുന്ന പക്ഷം അത് എന്നെ അറിയിച്ചാല്‍ അന്ന് തൊട്ട് ഈ നോവല്‍ പോസ്റ്റ്‌ ചെയ്യുന്നത് ഞാന്‍ നിര്‍ത്തിവെക്കുന്നതാണെന്നും നിങ്ങളെ അറിയിക്കുന്നു. ഇതിന്‍റെ ലിങ്ക് താങ്കളുടെ സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കണമെന്നും അപേക്ഷിക്കുന്നു.

    എനിക്ക് എന്‍റെ നോവല്‍ നല്ലതാണെന്ന് വിശ്വാസമുണ്ട്‌. അത് മറ്റുള്ളവര്‍ക്കും കൂടി കാണിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനവുമായി ഇറങ്ങിയത്‌. പുതിയ എഴുത്തുകാരുടെ രചനകളെല്ലാം മോശമാണെന്ന ധാരണ തിരുത്തിക്കുറിക്കുവാനുള്ള ഒരു എളിയ ശ്രമം കൂടിയാണിത് . ഇതിലേക്ക് താങ്കളുടെ നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.

    എന്ന്,
    വിനീതന്‍
    കെ. പി നജീമുദ്ദീന്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @@നജിമുദീന്‍ :വലിയ എഴുത്തുകാരൊക്കെ പത്രാധിപന്മാര്‍ കടാക്ഷിച്ചത് കൊണ്ട് മാത്രം എഴുത്തുകാരായിമാറിയവര്‍ അല്ല. ജ്ഞാനപീഠം നേടിയ രവീന്ദ്രനാഥ ടാഗോര്‍ തന്റെ എഴുത്തിന്റെ പേരില്‍ ഒരു പാട് പരിഹസിക്കപ്പെട്ടിട്ടുണ്ട് ..എം .ടി , ബഷീര്‍ ,തുടങ്ങിയവരൊക്കെ അക്കാലത്തെ പത്രാധിപന്മാരാന്‍ വശംകെട്ടുപോയിട്ടുണ്ട് ..പക്ഷെ മങ്ങാത്ത പ്രതിഭകൊണ്ട് നിരാശരാകാതെ അവര്‍ തങ്ങളുടെ കഴിവ് നിരന്തരം പ്രകാശിപ്പിച്ചു കൊണ്ടിരുന്നു ..എന്റെ കൃതി മഹത്തരം ആണെന്ന് എനിക്ക് തോന്നിയാല്‍ അവിടെ തീര്‍ന്നു എഴുത്തുകാരന്റെ മഹിമ..അത് വായനക്കാര്‍ വിലയിരുത്തട്ടെ എന്നാണു എന്റെ പക്ഷം.. പുതിയ എഴുത്തുകാര്‍ നിരവധി അന്ഗീകരിക്കപ്പെടുന്നുണ്ട് . ഇല്ലാ എന്ന വാദം താങ്കള്‍ എന്ത് നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഉയര്‍ത്തിയതെന്ന് മനസിലായില്ല . ഏതായാലും താങ്കളുടെ വിഷമം മനസിലാക്കുന്നു ..ഞാന്‍ എഴുതുന്ന കഥകളിലോ ലേഖനങ്ങളിലോ അത്ര വലിയ കാര്യങ്ങള്‍ ഉണ്ടെന്ന ധാരണ എനിക്കില്ല എന്ന് കൂടി സവിനയം അറിയിക്കുന്നു .

      ഇല്ലാതാക്കൂ
  25. രമേശേട്ടാ....
    ലേഖനം നന്നായിരിക്കുന്നു......
    മലബാറിലെ രാഷ്ട്രീയ ഗാഥകളെ കുറിച്ചും രക്തസാക്ഷികളെ കുറിച്ചും എനിക്ക് വലിയ അറിവില്ല...
    ആയതിനാല്‍, കുറച്ചു കാര്യങ്ങള്‍ മനസിലാക്കാന്‍ ഈ പോസ്റ്റ്‌ സഹായിച്ചു....
    ഈ സംഭവ വികാസങ്ങള്‍ ഉണ്ടായപ്പോള്‍ കുറച്ചു കാലം മുന്‍പ് നടന്ന ഒരു സംഭവമാണ് ഓര്‍മ്മ വന്നത്.......നമ്മുടെ ആ പഴയ "S " കത്തി തന്നെ...
    കൊല്ലപ്പെട്ടവന്റെ പോസ്റ്റുമോര്‍ട്ടം പോലും കഴിയും മുന്നേ കൊന്നത് "S " കത്തി കൊണ്ടാണ് എന്ന് പറഞ്ഞ ഒരു വീരനായ പോലീസ് ഓഫീസറുടെ കഥ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @@മഹേഷ്‌ :കേരളത്തില്‍ മലബാര്‍ കളരികളില്‍ ആണ് പണ്ടുകാലം മുതല്‍ കത്തി ,ചുരിക ,വാള്‍ ഉറുമി തുടങ്ങിയ പ്രയോഗിച്ചു തുടങ്ങിയതായി ചരിത്ര രേഖകളില്‍ വായിച്ചിട്ടുള്ളത് .ആരോമല്‍ ചേകവരുടെയും തച്ചോളി ഒതേനന്റെയുമെല്ലാം കഥപറയുന്ന നമ്മുടെ നാടന്‍ പാട്ട് ചരിത്രവും അത് വിളിച്ചോതുന്നു ..എസ് , എം , ഐ .കത്തികള്‍ അന്നും ഇന്നും അവിടെ ഉപയോഗിക്കുന്നു ..ഒരു ഭയവും ഇല്ലാതെ ..:)

      ഇല്ലാതാക്കൂ
  26. കേരളത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ പ്രസക്തമായ ഒരു പ്രതികരണം. ചവറ്റുകുട്ടയില്‍ ഇടേണ്ട ഒന്നല്ല ഇത് .........

    മറുപടിഇല്ലാതാക്കൂ
  27. ഈ പറയുന്ന ഒഞ്ചിയം എന്റെ വീട്ടില്‍ നിന്നും നാല് കിലോ മീറ്റര്‍ ദൂരത്തില്‍ ആണ്...പ്ലസ് ടു വരെ 'അലകിന്‍ അറ്റം ചെത്തി മിനുക്കി സര്‍ സീപ്പിയുടെ പട്ടാളത്തെ എതിരേറ്റ വരുടെ മക്കള്‍ ഞങ്ങള്‍' എന്ന് ഞാനും വില്പ്ളവ പാര്‍ട്ടിക്ക് വേണ്ടി മുദ്രാവാക്യം മുഴക്കിയിരുന്നു...പിന്നീടെപ്പോഴോ രാഷ്ട്രീയത്തില്‍ താല്പര്യം ഇല്ലാതായി...ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ടീപിയെ കൊന്നത് ആരാണെന്ന കാര്യത്തില്‍ ഒഞ്ചിയത്തെ ജനങ്ങള്‍ക്ക്‌ ഒരു സംശയവുമില്ല... ടീപിയെ വെള്ള പുതപ്പിച്ചു കിടത്തും എന്നാ മുദ്രാവാക്യം ഏരിയ സമ്മേളനത്തിന് വിളിച്ചതും, ടീ പി കൊല്ലപ്പെട്ട രാത്രി ഒഞ്ചിയത്തു നിന്ന് വീടൊഴിഞ്ഞു പോയത് ആരോക്കെയാനെന്നും ജനങ്ങള്‍ക്കറിയാം...ടീ പി ചന്ദ്രശേഖരന്‍ കുലം കുത്തിയെല്ല ധീരനായ കമ്മ്യൂണിസ്റ്റ് ആയിരുന്നു ..

    ഒഞ്ചിയം ഗ്രാമത്തിന്റെ കമ്യൂണിസ്റ്റ്‌ സമര ചരിത്രത്തെ കുറിച്ച് വിശദമാക്കിയ ഈ പോസ്റ്റ്‌ നന്നായി രെമേശേട്ടാ. .

    മറുപടിഇല്ലാതാക്കൂ
  28. ഹര്‍ത്താല്‍ എന്ന് ആദ്യം കേട്ടപ്പോള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി വീണ്ടും കട്ടിലിലേക്ക് ...മുല്ലപ്പെരിയര് പോലുള്ള സാമൂഹികപ്രശ്നങ്ങള്‍ ആകുമെന്നാ കരുതിയേ..പിന്നീടെപ്പോഴോ വാര്‍ത്ത കേട്ടപ്പൊ ശരിക്കും ഞെട്ടിപ്പോയി..ഇത് പോലൊരു കാര്യത്തിന്‍മേലായിരുന്നു ഞാന്‍ ഇത് വരെ സന്തോഷിച്ചത് എന്ന് ഓര്‍ത്ത് പോയി..!!!!
    ഇസ്മയില്‍ കുറുമ്പടി ഒരു മിനിക്കഥയില്‍ എഴുതിയ വരി ഞാന്‍ ഇവിടെ കടം എടുക്കുന്നു..അത് മാത്രമേ ഉള്ളു എനിക്കും പറയാന്‍..." മനുഷ്യത്വം കണ്ട് മൃഗീയത നാണിച്ച് പോയി.."
    മനുഷ്യത്വം കണ്ട് മൃഗീയത നാണിച്ച് പോയി..!!!!!!
    മനുഷ്യത്വം കണ്ട് മൃഗീയത നാണിച്ച് പോയി..!!!
    മനുഷ്യത്വം കണ്ട് മൃഗീയത ...................

    മറുപടിഇല്ലാതാക്കൂ
  29. ടി.പി.യെ കൊത്തി നുറുക്കുക വഴി സി.പി.എം ഒരു രാഷ്ട്രീയമായ ആത്മഹത്യ നടത്തിരിക്കുകയാണ്. അത്വര്‍ക്കല്ലാത്ത എല്ലാവര്‍ക്കും മനസ്സിലായിട്ടുമുണ്ട്. നാട്ടിലുള്ള സുഹൃത്തുക്കള്‍ തന്ന വിവരം ശരിയാണെങ്കില്‍ പാര്‍ട്ടിയിലെ സാധാരണക്കാര്‍, വിശിഷ്യാ കണ്ണൂര്‍ റെയ്ഞ്ചില്‍ വരാത്ത പ്രദേശങ്ങളിലെ, ഇതാദ്യമായി പാര്‍ട്ടിക്കെതിരെയുള്ള മുറുമുറുപ്പുകളില്‍ സജീവ പങ്കാളിത്തം വഹിക്കുന്നു. ഒരു തരം നിരാശ ബാധിച്ചത് പോലെ.
    രാഷ്ട്രീയ നരബലിക്കെതിരെയുള്ള ഒരട്ടഹാസമാകട്ടെ ഈ പോസ്റ്റ്‌.

    മറുപടിഇല്ലാതാക്കൂ
  30. എന്തൊരു ക്രൂരതയാണ് ദൈവമേ...
    ഈ ക്രൂരകൃത്യം ചെയ്യാനുള്ള തയ്യാറെടുപ്പുകൾ നടത്തിയത് ഒരു മംഗളകർമ്മം നടക്കാനിരുന്ന വീട്ടിൽ വച്ചാണെന്നും കേൾക്കുന്നു. എങ്ങനെയിതിനു സാധിച്ചു??? ഇതിന്റെ പിന്നിലുള്ള മനുഷ്യപ്പിശാചുകളെ - അല്ല മനുഷ്യരെന്ന പദം അവർക്ക് ചേരില്ല, പിശാചുക്കളെ എത്രയും വേഗം നിയമത്തിനു മുൻപിൽ കൊണ്ടുവരണം. ഒരു കണക്കിൽ ഈ അരും കൊലകൾ ചെയ്യുന്നവർക്കുള്ള ശിക്ഷയും അതേ രീതിയിൽ തന്നെ ആവേണ്ടതാണ്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടേണ്ടതിനു പകരം ആയുധം കൊണ്ട് നേരിടുന്ന പ്രവണത വെച്ചു പുലര്‍ത്തുന്ന പാര്‍ട്ടികള്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണ്. അവര്‍ ആരാണെന്നതല്ല പ്രസക്തം അവര്‍ ഇപ്പോഴും നമ്മുടെ മദ്ധ്യത്തില്‍ ഉണ്ട് എന്നതാണ് ശ്രദ്ധിക്കപ്പെടേണ്ടത്. അതേ ആശയം മറുഭാഗവും വെച്ചു പുലര്‍ത്തുമ്പോള്‍ സ്ഥിതി ഭയാനകമാകുന്നു.നാട്ടില്‍ സമാധാനം ഇല്ലാതാകുന്നു.രക്തസാക്ഷികള്‍ നിറയെ സൃഷ്ടിക്കപ്പെടുന്നു. കൊല്ലപ്പെട്ടവരല്ല രക്തസാക്ഷികള്‍. അവരെ പ്രസവിച്ച, പോറ്റിവളര്‍ത്തിയ, അവരെ ആശ്രയിച്ച് കഴിയുന്ന, ജീവനു തുല്യം അവരെ സ്നേഹിച്ചിരുന്ന അവരുടെ ബന്ധുക്കള്‍. അവരാണ് ജീവിക്കുന്ന രക്തസാക്ഷികള്‍.കൊല്ലപ്പെട്ടവര്‍ക്ക് അവിടം കൊണ്ട് തീര്‍ന്നു.ജീവിച്ചിരിക്കുന്നവരുടെ മനസിലെ കനലുകള്‍ അണയാത്തിടത്തോളം കാലം ചരിത്രം ആവര്‍ത്തിക്കപ്പെട്ടു കൊണ്ടേ ഇരിക്കും. നിതാന്ത ശത്രുത.
      ആശയത്തെ ആയുധം കൊണ്ട് നേരിടുക എന്ന സിദ്ധാന്തം വരുത്തുന്ന വിനയേ!

      പോസ്റ്റിലെ വിഷയത്തില്‍ നിന്നും വ്യത്യസ്തമായി മുകളില്‍ കമന്റിട്ട നജീമുദ്ദീന്‍ എന്ന ബ്ലോഗര്‍ മനസിലാക്കുക.നീണ്ട വര്‍ഷങ്ങളായി എഴുതിക്കൊണ്ടിരിക്കുന്ന എന്റെ രചനകള്‍പലതും ഇപ്പോഴും തിരിച്ചയക്കപ്പെടുന്നുണ്ട് എന്നത്.ഇത് എന്റെ മാത്രം അനുഭവമല്ല, പലരുടെയും. എഴുത്ത് പ്രസവ വേദനയാണ്. എഴുതിയേ പറ്റൂ.അത് ആരു വായിച്ചാലും ഇല്ലെങ്കിലും.അവിടെയാണ് ബ്ളോഗ് എന്നത് വരദാനമായി മാറുന്നത്. ആ സുഹൃത്ത് ഈ സത്യം തിരിച്ചറിയുക.

      ഇല്ലാതാക്കൂ
  31. നിങ്ങള്‍ വെട്ടിയും കുത്തിയും വികൃതമാക്കിയപ്പോള്‍ തകര്‍ന്നു പോയത് ചന്ദ്രശേഖരന്‍ എന്ന നിഷേധിയായ പച്ചമനുഷ്യന്റെ മുഖം മാത്രമല്ല വിപ്ലവ ചരിത്രം പോരാട്ടവഴികളില്‍ നെഞ്ചോട്‌ ചേര്‍ത്തു പിടിച്ച ഒഞ്ചിയത്തിന്റെ മുഖം കൂടിയാണെന്ന് .......ഞാൻ ഇനിയും വരും

    മറുപടിഇല്ലാതാക്കൂ
  32. മനുഷ്യജീവനെടുക്കാന്‍ ആര്‍ക്കും അധികാരമില്ല ...
    പണത്തിനുവേണ്ടി കൊല നടത്തുമ്പോള്‍ ....
    അടിച്ചമര്‍ത്തലുകള്‍ കൊലപാതകത്തില്‍ അവസാനിക്കുമ്പോള്‍ ..
    അത് ചെയ്തവനും ചെയ്യിച്ചവനും
    ഒരേ തട്ടകത്തില്‍ ..
    എടുത്ത ജീവന്‍ തിരിച്ചു കൊടുക്കാന്‍ കഴിയുന്നവന്‍ കല്ലെറിയട്ടെ ..
    എല്ലാ നന്മകളും ...

    മറുപടിഇല്ലാതാക്കൂ
  33. നിങ്ങള്‍ വെട്ടിയും കുത്തിയും വികൃതമാക്കിയപ്പോള്‍ തകര്‍ന്നു പോയത് ചന്ദ്രശേഖരന്‍ എന്ന നിഷേധിയായ പച്ചമനുഷ്യന്റെ മുഖം മാത്രമല്ല വിപ്ലവ ചരിത്രം പോരാട്ടവഴികളില്‍ നെഞ്ചോട്‌ ചേര്‍ത്തു പിടിച്ച ഒഞ്ചിയത്തിന്റെ മുഖം കൂടിയാണെന്ന് ....:(
    വളരെ വിഷമത്തോടെ തന്നെ ഞാന്‍ ഈ പോസ്റ്റ്‌ വായിച്ചത് കാരണം മറ്റൊന്നുമല്ല ഒരു ഹര്‍ത്താല്‍ കിട്ടിയ സന്തോഷത്തില്‍ എന്താണ് കാര്യം എന്ന് പോലും അന്വേഷിക്കാതെ അപ്പോള്‍ തന്നെ കറങ്ങാന്‍ പോയ ആളുകളാണ് ഞങ്ങള്‍ ..പിന്നീടാണ് വിവരം അറിയുന്നത് തന്നെ സങ്കടം ഉണ്ട് ഒരുപാട് ....:(

    മറുപടിഇല്ലാതാക്കൂ
  34. നല്ല ലേഖനം രമേശേട്ടാ...ഒഞ്ചിയം നൽകുന്ന പാഠം ഇനിയും വരാനിരിക്കുന്നതേയുള്ളു... വാൾ എടുത്തവനും എടുപ്പിച്ചവനും ഒന്നോടെ വാളാൽ.....!

    മറുപടിഇല്ലാതാക്കൂ
  35. 1943 ല് അല്ല 1948 ല് ആണ് ഒഞ്ചിയം വെടിവെപ്പ്, തിരുത്തുമല്ലോ

    മറുപടിഇല്ലാതാക്കൂ
  36. 1943 ല് അല്ല 1948 ല് ആണ് ഒഞ്ചിയം വെടിവെപ്പ്, തിരുത്തുമല്ലോ

    മറുപടിഇല്ലാതാക്കൂ