വ്യാഴാഴ്‌ച, മേയ് 31, 2012

'ശുംഭന്‍മാര്‍ ' ഇനി 'യുവര്‍ ഓണര്‍മാര്‍ '


മലയാളം ന്യൂസ് .31 May 2012

ന്ദ്രശേഖരന്‍ വധ കേസ് അന്വേഷണം ഉന്നത നേതാക്കളിലേക്ക് തിരിഞ്ഞ  സാഹചര്യത്തില്‍ 
മാധ്യമങ്ങളുടെ വായ്‌ മൂടിക്കെട്ടാന്‍ സി .പി .എം .കോടതിയിലേക്ക് നീങ്ങിയിരിക്കുകയാണ് .
കൊലപാതകത്തില്‍ തങ്ങള്‍ക്ക് അണുവിട പോലും ബന്ധം ഇല്ല എന്ന് സര്‍വ്വശക്തിയും ഉപയോഗിച്ച്  പാര്‍ട്ടി നേതൃത്വം പ്രചരണം നടത്തുന്നതിനിടയിലും അറസ്റ്റിലായ പ്രതികള്‍ എല്ലാം തന്നെ  സി പി എം ബന്ധം ഉള്ളവരാവുകയും അവര്‍ പോലീസിനു നല്‍കിയ മൊഴികള്‍ മാധ്യമങ്ങള്‍ വഴി പുറത്താവുകയും ചെയ്യുന്നതാണ് സി പി എമ്മിനെ നിയമ നടപടികള്‍ക്ക് പ്രേരിപ്പിക്കുന്നത് .

കൊലപാതക ഗൂഢ ാലോചനയില്‍ നേതാക്കളുടെ പങ്കു വെളിവാക്കുന്ന മൊഴികള്‍ മാധ്യമങ്ങള്‍ 
വഴി പുറത്തു വന്നു കൊണ്ടിരിക്കുന്നത് സി പി എമ്മിന് വലിയ ക്ഷതങ്ങളാണ്‌ ഉണ്ടാക്കിയിട്ടുള്ളത് .
പ്രതിരോധം ശക്തിപ്പെടുത്താനുള്ള പാര്‍ട്ടിയുടെ ശ്രമങ്ങള്‍  പുതിയ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുക വഴി മാധ്യമങ്ങള്‍ നിരന്തരം തകര്‍ക്കുകയാണ്  എന്നാണു അവരുടെ വിലയിരുത്തല്‍ 

കൊലപാതക പാര്‍ട്ടി യല്ല സി പി എം എന്ന് കേന്ദ്ര -സംസ്ഥാന നേതാക്കള്‍ ജനങ്ങളെയും അണികളെയും വിശ്വസിപ്പിക്കാന്‍ പാടുപെടുകയാണ് . ഇതിനിടയിലാണ്  പാര്‍ട്ടി ശത്രുക്കളെ പട്ടിക തയ്യാറാക്കി കൊന്നിട്ടുണ്ട് എന്ന  ഇടുക്കി ജില്ലാ സെക്രട്ടറി മണിയുടെ അഭിമാനപൂര്‍വ്വമുള്ള വെളിപ്പെടുത്തല്‍ ചാനലുകള്‍ ചൂടോടെ പ്രചരിപ്പിച്ചത് . അന്തര്‍ ദേശീയ തലത്തില്‍ പ്രചരിപ്പിച്ച ആ വാര്‍ത്ത  പാര്‍ട്ടിയെ അടിമുടി ഉലച്ചു കളഞ്ഞു .ചന്ദ്ര ശേഖരന്‍ വധത്തില്‍ മൌനം പാലിച്ച പാര്‍ട്ടി കേന്ദ്ര  നേതൃത്വത്തിന്റെ പോലും വായ്‌ തുറപ്പിച്ച വാര്‍ത്ത . ചന്ദ്ര ശേഖരന്‍ വധവും അതേതുടര്‍ന്ന് ഉണ്ടായ കോലാഹലവും സി പി എമ്മിന്റെ  ആഭ്യന്തര കാര്യമാണെന്ന് പറഞ്ഞു കൈ കഴുകിയ സി പി ഐ പോലും മണിയുടെ തുറന്നു പറച്ചില്‍ കേട്ട് ഞെട്ടിപ്പോയി എന്നത് കൊണ്ടാണ് ഈ മണിയുടെ മേല്‍ ഒരു കണ്ണ് വേണം എന്ന് സി പി ഐ ദേശീയ സെക്രട്ടറി എ .ബി .ബര്‍ദ്ദന്‍ പ്രകാശ്‌ കാരാട്ടിനോട്  പറഞ്ഞു പോയത് !  
എല്ലാം മാധ്യമങ്ങള്‍ പറ്റിച്ച പണിയാണ് ..മണി സഖാവൊക്കെ ഈ ക്വട്ടേഷന്‍ പണി നടത്തുന്ന കാലത്ത്  ദൃശ്യമാധ്യമങ്ങള്‍ ഇത്ര ശക്തമായിരുന്നില്ല .ഇപ്പോളത്തെ പിള്ളേര്‍ അങ്ങനെയല്ല ..ചാനലുകാര്‍ വന്നില്ലെങ്കില്‍ പറഞ്ഞതും ചെയ്തതും എല്ലാം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി എത്തിക്കാനും പയ്യന്മാര്‍  റെഡിയാണ് ..

പാര്‍ട്ടി പത്രവും ചാനലും ഒഴികെ ലോകത്താകമാനമുള്ള എല്ലാ പത്രങ്ങളും ചാനലുകളും വലതു 
പക്ഷ പിന്തിരിപ്പന്‍ ശക്തികള്‍ നിയന്ത്രിക്കുന്നതാണ് എന്ന ആക്ഷേപമാണ്  എല്ലാ കാലത്തും 
സി പി എം  ഉന്നയിച്ചു കൊണ്ടിരിക്കുന്നത് . കൊണ്ഗ്രസിനെ സഹായിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ 
കൂട്ടായി സിണ്ടിക്കേറ്റ്  രൂപീകരിച്ചു പ്രവര്‍ത്തിക്കുകയാണെന്നും അവര്‍ കാലങ്ങളായി ആക്ഷേപിക്കുന്നു .
പാര്‍ട്ടി സമ്മേളനങ്ങളില്‍ പ്രവര്‍ത്തകരും നേതാക്കളും  ചേരി തിരിഞ്ഞു കമ്മറ്റികള്‍ പിടിച്ചടക്കാന്‍ ശ്രമിച്ചെന്നും പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെയാണ് ലാവലിന്‍ അഴിമതി നടത്തിയതെന്നും മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു എന്നാണു അതില്‍ ഒരാക്ഷേപം. 

 മാധ്യമ പ്രവര്‍ത്തകരെ ഒന്നാകെ സ്പോണ്‍സര്‍ ചെയ്തിട്ടുള്ളത് കോണ്ഗ്രസ് പാര്‍ട്ടിയാണെന്നും അവര്‍ക്കുള്ള  ശമ്പളം നല്‍കുന്നത് വലതു പക്ഷമാണെന്നും മറ്റൊരാക്ഷേപം കൂടിയുണ്ട് . പാര്‍ട്ടി നേതാക്കള്‍ അഴിമതിയോ കൊലപാതകമോ സ്ത്രീപീഡനമോ നടത്തിയാല്‍  ഈ സിണ്ടിക്കേറ്റ് പത്രങ്ങളും  ചാനലുകളും അപ്പോള്‍ തന്നെ അത് വാര്‍ത്തയാക്കുകയും ചര്‍ച്ച നടത്തുകയും   പാര്‍ട്ടിയെ   വന്‍തോതില്‍  അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യും ! 

പാര്‍ട്ടിയ്ക്ക് അംഗീകാരം ലഭിക്കുന്ന കാര്യങ്ങള്‍ എന്തെങ്കിലുമാണ് സിണ്ടിക്കേറ്റ് പത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് എങ്കില്‍ തല്‍ക്കാലം മിണ്ടാതിരിക്കാം..പക്ഷെ ഇത്  തുടര്‍ച്ചയായി പാര്‍ട്ടിയെ ശത്രുക്കളും മാധ്യമങ്ങളും വളഞ്ഞിട്ടു കൊത്തിക്കീറുകയല്ലേ ചെയ്യുന്നത് ? ഇങ്ങനെ പോയാല്‍ എന്താകും പാര്‍ട്ടിയുടെ ഭാവി ?  

കോണ്ഗ്രസ് നേതാക്കളും ഉമ്മന്‍ ചാണ്ടി സര്‍ക്കാരും പോലീസും കൂടി എഴുതി കൊടുക്കുന്ന കഥയും തിരക്കഥയും സംഭാഷണവും  അതേപടി മാധ്യമങ്ങളില്‍  നല്‍കുകയാണത്രേ ! 

കുത്തക മാധ്യമങ്ങളുടെ നുണകള്‍ വിശ്വസിക്കുന്ന ജനങ്ങള്‍ മുഴുവന്‍ ദേശാഭിമാനിയും കൈരളിയും പറയുന്നത് വിശ്വസിച്ചാല്‍ പോരെ ? എന്നാണു പാര്‍ട്ടി ചോദിക്കുന്നത് .  

കൊലപാതകത്തിന്റെ പിറ്റേന്ന് ആ വാര്‍ത്ത താമസ്ക്കരിച്ച കൈരളിയും ദേശാഭിമാനിയും പിന്നീട്  ആദ്യം നിരത്തിയ വാര്‍ത്തഎന്തായിരുന്നു ?  ചന്ദ്രശേഖരനെ കൊന്നത് എന്‍ ഡി എഫു കാര്‍ ..പിന്നെ പറഞ്ഞു .ആര്‍ എസ് .എസ് . പിന്നെ പറഞ്ഞു ചന്ദ്രശേഖരന്റെ പാര്‍ട്ടിയായ ആര്‍ എം .പി . ..തുടര്‍ന്ന്  പറഞ്ഞു കോണ്ഗ്രസ് ..ഇതാ ഇപ്പോള്‍ പറയുന്നു  ചന്ദ്രശേഖരനോട് ഒരു ചെറിയ സമരത്തിന്റെ പേരില്‍  തീര്‍ത്താല്‍ തീരാത്ത കുടിപ്പകയുള്ള പ്രദേശത്തെ ഒരു വ്യവസായിയാണ് കൊലപാതകികള്‍ക്ക് ക്വട്ടേഷന്‍  കൊടുത്തതെന്ന് !  ഈ സത്യങ്ങളൊക്കെ ദേശാഭിമാനിയും കൈരളിയും ഗവേഷണം ചെയ്തു എടുത്ത സത്യങ്ങള്‍ ആകാന്‍ വഴിയില്ല .

അവിടെ പ്രവര്‍ത്തിക്കുന്ന പാവം മാധ്യമ പ്രവര്‍ത്തകര്‍ പാര്‍ട്ടി നേതാക്കള്‍ എഴുതി കൊടുക്കുന്ന കഥയും തിരക്കഥയുമല്ലേ  പ്രചരിപ്പിക്കുന്നത്   എന്ന്  തല്‍ക്കാലം ചോദിക്കുന്നില്ല . കൂട്ടത്തില്‍ നിന്ന് കുലം കുത്തുന്നത് ശരിയല്ലല്ലോ .. 

ഒരു വാദം എന്ന നിലയില്‍ ഇപ്പറഞ്ഞതൊക്കെ വിശ്വസിമാമെങ്കിലും ഇടുക്കിയിലെ മണി സഖാവ് പറഞ്ഞത് കേട്ട്  എങ്ങനെ ജനം നടുങ്ങാതിരിക്കും ? 

താന്‍ ഒരാവേശത്തില്‍ അങ്ങനെ പറഞ്ഞു പോയതാണ് പിന്നീട് മണി സഖാവ് തൃശൂരില്‍ പറഞ്ഞത് , അതും വയറു നിറച്ചു  പിണറായി വിജയന്‍റെ  ചീത്ത കേട്ടതിനു ശേഷം .മാര്‍ക്സിസ്റ്റു പാര്‍ട്ടി   ഇപ്പോള്‍ ഇന്ത്യയില്‍  പ്രചരിപ്പിക്കുന്നത്  മാര്‍ക്സിസമല്ല ശുദ്ധ  ഗാന്ധിസവും അഹിംസയും ആണെന്നും വിരണ്ടു പോയ മണി  സഖാവ്  പറഞ്ഞു കളഞ്ഞു .

 അഹിംസാ വാദികളായ കൊണ്ഗ്രസുകാരാണ് യഥാര്‍ഥത്തില്‍ വണ്‍ .. ടൂ  .ത്രീ .ഫോര്‍ ..കണക്കില്‍ പട്ടിക  കൊലപാതകം നടത്തുന്നതെന്നാണ് അദ്ദേഹം പറഞ്ഞതായി  കുത്തക മാധ്യമങ്ങള്‍ ചൂടോടെ പ്രചരിപ്പിച്ചത്  . . ഇത്തരം സത്യങ്ങള്‍ 
വിളിച്ചു പറയുമ്പോള്‍ പാര്‍ട്ടിയുടെ രക്ഷയെ കരുതി അതെല്ലാം അപ്പപ്പോള്‍ തന്നെ ലൈവ് ആയി കൊടുക്കുന്ന മാധ്യമങ്ങളെ  കോടതിയില്‍   കയറ്റാന്‍ തുടങ്ങിയാല്‍ പിന്നെ പാവം മാധ്യമ പ്രവര്‍ത്തകര്‍ എന്ത് ചെയ്യും ? പാവം കോണ്‍ ഗ്രസുകാര്‍ എന്ത് ചെയ്യും ? 

സാധാരണ കോടതിയെയും പോലീസിനെയും ഒന്നും അംഗീകരിച്ചു നല്‍കാന്‍ ഇഷ്ടമില്ലാത്ത പാര്‍ട്ടിയാണ് സി പി എം . കോടതി എതിര്‍ത്താലും പൊതു നിരത്തില്‍ ഗതാഗതം തടസപ്പെടുത്തി അവര്‍ സമരപ്പന്തല്‍  കെട്ടും .  കോടതി അലക്‌ഷ്യം എന്ന ഓലപ്പാമ്പ്  തങ്ങള്‍ക്കു പുല്ലാണ് എന്ന് പറയും . കോടതി വിധി പുറപ്പെടുവിക്കുന്ന ജഡ്ജ് "ശുംഭന്‍" അഥവാ പ്രകാശിക്കുന്നവനാണ് എന്നാക്ഷേപിക്കും  ..റോഡില്‍ കുത്തിയിരുന്നു ഗതാഗതം  തടയുന്നവരെ നീക്കം ചെയ്യാന്‍ വരുന്ന നിയമ പാലകരോട്  "പോലീസ്‌ ഞങ്ങള്‍ക്ക് പുല്ലാണ് " "ഭരണം മാറും സൂക്ഷിച്ചോ !  " എന്നിങ്ങനെ ആക്രോശിക്കും ..അതേ സി പി എം ആണ് ഇപ്പോള്‍ മാധ്യമങ്ങളുടെ  വാ അടപ്പിക്കാന്‍ വേണ്ടി കച്ച കെട്ടിയിറങ്ങി കോടതിവരാന്ത കയറുന്നത് .  സംഭവങ്ങള്‍ ആകെ മാറുകയാണ് .അല്ലെങ്കിലും മാറ്റം ഇല്ലാത്തത് മാറ്റം എന്ന പ്രക്രിയയ്ക്ക് മാത്രമാണ് എന്ന് മാര്‍ക്സും എംഗല്‍സും ചുമ്മാ പറഞ്ഞതല്ലല്ലോ !   ഇതുവരെ  "ശുംഭന്‍മാര്‍ " ആയിരുന്നവര്‍    ഇനിമുതല്‍  "യുവര്‍ ഓണര്‍" മാര്‍  ആവുകയാണ് . ഒരു മാറ്റം ആരാണ് ഇഷ്ടപ്പെടാത്തത് ? 
ജസ്റ്റ്‌ ഫോര്‍ എ ചേഞ്ച്‌ ...
കലികാലം എന്നല്ലാതെ എന്ത് പറയാന്‍ ? 
  

20 അഭിപ്രായങ്ങൾ:

  1. ജസ്റ്റ്‌ ഫോര്‍ എ ചേഞ്ച്‌ ..

    അല്ലെങ്കിലും ഒരു മാറ്റം ആരാണ് ഇഷ്ടപ്പെടാത്തത് ?

    മറുപടിഇല്ലാതാക്കൂ
  2. മാറ്റം ആഗ്രഹിക്കുന്നവന്‍ കൊലകത്തിക്ക് ഇരയാകുന്നു

    മറുപടിഇല്ലാതാക്കൂ
  3. കോടതി വിധിയോട് എതിർപ്പു പ്രകടിപ്പിക്കുകയും അതേ സമയം ഭരണഘടന അനുവദിക്കുന്ന നിയമസ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതിൽ അസ്വഭാവികമായി എന്താണൂള്ളത് ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @@വിഡ്ഢിമാന്‍ :: ഭരണ ഘടന അനുശാസിക്കുന്ന നിയമങ്ങള്‍ അനുസരിച്ചാണല്ലോ കോടതികള്‍ കേസുകള്‍ പരിശോധിക്കുകയും വിധികള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നത് ..അല്ലാതെ ജഡ്ജിയുടെ ഭാവനയില്‍ നിന്നല്ല അതുണ്ടാകുന്നത് .ഇതാണ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ സംഭവിക്കുന്നത്
      അതില്‍ വിശ്വാസം ഉണ്ടെങ്കില്‍ വിധി എന്തായാലും അംഗീകരിക്കുകയും വേണം പക്ഷെ .വിധി .അനുകൂലമായാല്‍ അംഗീകരിക്കും പ്രതികൂലമായാല്‍ പുലഭ്യം പറയും എന്നതാണ് ഇന്നത്തെ സ്ഥിതി ..അതിനര്‍ത്ഥം ഇന്നത്തെ നിയമ വ്യവസ്ഥയില്‍ വിശ്വാസം ഇല്ല എന്നാണു .അങ്ങിനെയെങ്കില്‍ അത്തരം വ്യവസ്ഥയുടെ പിന്നാലെ പോകുന്നതില്‍ എന്താണ് അര്‍ഥം ? അതില്‍ ഒരു വൈരുദ്ധ്യം ഇല്ലേ ? അതാണ്‌ ലേഖനത്തില്‍ ചൂണ്ടി കാണിക്കാന്‍ ശ്രമിക്കുന്നത് ..

      ഇല്ലാതാക്കൂ
    2. കോടതി വിധിയോടു എതിര്‍പ്പ് പ്രകടിപ്പിക്കുന്നു എന്നതിനര്‍ത്ഥം വിധി അംഗീകരിക്കുന്നില്ല എന്നല്ല.
      കീഴ്ക്കോടതി വിധികളെ മേല്ക്കോടതികള്‍ തിരുത്തുന്നു എന്ന് വെച്ച് കീഴ്ക്കോടതികള്‍ പൂട്ടിക്കെട്ടി പോകണം എന്നര്‍ത്ഥമുണ്ടോ?
      കോടതി വിധികളില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം പൌരനും രാഷ്ട്രീയ പാര്‍ട്ടി കള്‍ക്കും ഉണ്ടാവണം. കോടതി വിധികളെ മറികടക്കാന്‍ എത്രയോ തവണ സഭകള്‍ തന്നെ നിയമനിര്‍മ്മാണം നടത്തിയിരിക്കുന്നു.
      ഒറ്റ തിരിഞ്ഞ വിധികളോടുള്ള നിലപാടുകള്‍ ചൂണ്ടിക്കാട്ടി ഇങ്ങനെ സാമാന്യവല്ക്കരിക്കുന്നത് വെറും വിരോധം തീര്‍ക്കല്‍ ആയിപ്പോവും.

      ഇല്ലാതാക്കൂ
    3. കീഴ കോടതി വിധികളില്‍ അസംതൃപ്തി ഉണ്ടെങ്കില്‍ അത് പരിശോധിക്കാന്‍ മേല്‍ കോടതികളെ സമീപിക്കുക എന്നത് ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയിലെ വ്യവസ്ഥാപിത മാര്‍ഗ്ഗമാണ് ..എന്നാല്‍ ഏതെന്കിലും കോടതി വിധി അനുകൂലം ആകാതെ വരുമ്പോള്‍ ഇങ്ങനെ നിയമം അനുശാസിക്കുന്ന മാര്‍ഗ്ഗം സ്വീകരിക്കുന്നതിനു പകരം നീതി ന്യായ കോടതികളിലെ ന്യായാധിപന്മാരെ പൊതു ജന മദ്ധ്യത്തില്‍ആക്ഷേപിച്ചു സംസാരിക്കുന്നത് പ്രോല്സാഹിപ്പിക്കപ്പെടരുത് എന്നതാണ് ഭരണ ഘടന അനുശാസിക്കുന്നത് ..അത് രാജ്യത്തെ നിയമ വാഴ്ചയുടെ കീഴ്‌വഴക്കങ്ങള്‍ക്കു എതിരും അത് ലംഘിക്കാന്‍ സാമാന്യ ജനങ്ങളെ പ്രേരിപ്പിക്കുന്നതും ആണ് ...അന്തിമ തീരുമാനം നിയമം അനുസരിക്കുക എന്നതാണ് ...ഒരു നിയമം പോരാ എന്ന് തോന്നുമ്പോള്‍ ആണ് അത് ലംഘിക്കാന്‍ പുറപ്പെടുന്നത് ..ഒന്നുകില്‍ നിയമത്തെ അനുസരിക്കുക അല്ലെങ്കില്‍ അത് ലംഘിച്ചു പുതിയ നിയമ വ്യവസ്ഥിതി ഉണ്ടാക്കുക..ഇത് പക്ഷെ അരാജകത്വത്തിന്റെ വഴിയില്‍ പോകാനുള്ള ലൈസന്‍സ്‌ ആയിക്കൂടാ ..

      ഇല്ലാതാക്കൂ
  4. Apt analysis രമേശ്‌ ജി. വാക്കുകളുടെ സദാചാരം കൊണ്ട് പാര്‍ട്ടി വള്ഗാരിറ്റിയെ വെള്ള പൂശാതെ താങ്കള്‍ സത്യങ്ങള്‍ പറഞ്ഞു.
    ഇത് "അരിയാഹാരം" കഴിക്കുന്ന ആര്‍ക്കും വ്യക്തമാവുന്ന കാര്യങ്ങള്‍.
    ഇനി, പിണറായിയുടെ മനസ്സറിഞ്ഞാണ് ആ വിവാദ വാക്കുകള്‍ മണി ഉരുവിട്ടത് എന്ന് ആര്‍ക്കാണ് അറിയാത്തത്!
    ലഹരിപ്പുറത്താവം, വോള്‍ട്ടേജ് അല്പം ഒവറായപ്പോള്‍ കരിഞ്ഞു പോയി എങ്കിലും.
    ഇതിലൂടെ പിണറായി പക്ഷം ഇത്രയും കാര്യങ്ങള്‍ സ്ഥാപിച്ചു.
    - വി എസ് ന്റെ കപ്പ്‌ബോര്‍ഡിലും ഒളിച്ചു വെച്ച അസ്ഥികള്‍ ഏറെയുണ്ട്.
    - വിജയനെ മാത്രം കുറ്റപ്പെടുത്തേണ്ട ദാസാ.
    - ചെയ്തികളില്‍ നയമാവുന്നത് വാക്കുകളില്‍ നയവ്യതിയാനമാവാം.
    - വി എസ്സും അതില്‍ പിന്നെ വല്ലതെയൊന്നും ഹരിശ്ചന്ദ്ര വചനങ്ങള്‍ പുറപ്പെടുവിച്ചു കാണുന്നില്ല.
    - പൂച്ചയ്ക്കാരു മണി കെട്ടും എന്ന സമസ്യ അങ്ങിനെ ഒരു വിധം "പാര്‍ട്ടി" പരിഹരിച്ചിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരു സ്റ്റാറ്റിറ്റിക്സ്: വി എസ് സെക്രട്ടറി ആയിരുന്ന കാലത്താണത്രെ സി പി എം ഏറ്റവുമധികം രാഷ്ട്രീയകൊലപാതകങ്ങള്‍ നടത്തിയിട്ടുള്ളത്. “അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍”. വയസ്സാകുമ്പോള്‍ ചിലര്‍ പുണ്യാളന്മാരാകുമായിരിക്കും അല്ലേ?

      ഇല്ലാതാക്കൂ
  5. കൊല്ലുക എന്നതും കൊല്ലപ്പെടുകയെന്നതും ഒരവകാശം പോലെ കൊണ്ടു നടക്കുന്ന രാഷ്ട്രീയക്കാര്‍...എല്ലാമറിഞ്ഞിട്ടും വീണ്ടും വീണ്ടും ഇവമ്മാര്‍ക്കൊക്കെവേണ്ടി കീ ജയ് വിളിക്കുവാന്‍ നടക്കുന്ന അണികള്‍..നാളെയൊരുനാള്‍ താനും കൊലക്കത്തിയ്ക്കിരയാവാം എന്ന്‍ ഉത്തമബോധ്യമുള്ളവര്‍..തങ്ങളെപ്രതീക്ഷിച്ച് വഴിക്കണ്ണുമായി കാത്തിരിക്കുന്ന മക്കളും ഭാര്യയും അമ്മയും പെങ്ങളും ഒന്നും തന്നെ ഇവര്‍ക്ക് മുന്നില്‍ നിഴലായിപ്പോലും വരുന്നില്ല എന്നത് ആശ്ചര്യജനകമാണു...മണിയെപ്പോലുള്ള നേതാക്കള്‍ പര‍സ്യമായി ഉറഞ്ഞുതുള്ളുമ്പോള്‍ അറിയാണ്ട് മനസ്സിലെങ്കിലും ചോദിച്ചുപോകുന്ന ഒരു ചോദ്യമുണ്ട്..ഈ നാടിന്റെ പോക്കെങ്ങോട്ടാണ്...മൊത്തം ജനസംഗ്യയുടെ ഒരു ശതമാനം പോലും വരാത്ത പാര്‍ട്ടി നേതാക്കമ്മാരെ ഭീതിയോടെ കാണുവാന്‍ ജനം പ്രേരിതരാവുകയാണു...ഒരു കോടതിയും ആരുടേയും രക്ഷയ്ക്കെത്തില്ല എന്നതാണു സത്യം...

    മറുപടിഇല്ലാതാക്കൂ
  6. മണി പറഞ്ഞത്: ദ്യശ്യമാധ്യമങ്ങലുടെ കാലത്ത് വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണമെന്ന് പിണറായി ശാസിച്ചു......
    അരൂർജി പറഞ്ഞത് പ്രസക്തം.

    സിപിഎം ദുഷിക്കാൻ തുടങ്ങി ( കമ്മ്യൂണിസമല്ല) എന്നത് കൊണ്ട് കോൺഗ്രസ്സോ ബിജെപിയോ പുണ്യവാളന്മാർ എന്ന അർത്ഥം ഇല്ല. ആ രീതിയിൽ വാർത്ത കൊടുക്കുന്ന മാധ്യമങ്ങളും ഇവിടില്ലാതില്ല. അത് തിരുത്തണം, യഥാർത്ഥകാര്യങ്ങൾ അറിയാൻ മാധ്യമങ്ങൾക്ക് വിലക്ക് വരുന്നത് ഒരിക്കലും ജനാധിപത്യരീതിയല്ല.

    പക്ഷേ ഒന്നുണ്ട്,
    ഈ കാര്യത്തിലല്ല, പൊതുവേ പറഞ്ഞാൽ, മാധ്യമങ്ങൾ എന്ത് ജൻങ്ങളില്ലേക്കെത്തിക്കണം എന്ന് ചിന്തിച്ച് വേണം കാര്യങ്ങൾ ചെയ്യാൻ. വികാരത്തിനു പകരം വിവേകം വേണം അവർക്ക്. നമ്മൾ കണ്ടതല്ലേ മുംബൈ ഭീകരാക്രമണ സമയത്ത് കുളിസീൻ ഷൂട്ട് ചെയ്യുന്ന ലാഘവത്തിൽ ന്യൂസ് പബ്ലിഷ് ചെയ്തത് ? സത്യസന്ധതയ്ക്ക് പകരം എരിവും ചൂടുമുള്ള വാർത്ത അടിച്ച്‌വിട്ട് റേറ്റിംങ്ങ് കൂട്ടണ കലാപരിപാടി അവസാനിപ്പിക്കുക തന്നെ വേണം.

    മറുപടിഇല്ലാതാക്കൂ
  7. ഈ മാറ്റം തീരെ ഇഷ്ടമായില്ല.
    തികച്ചും ഏകപക്ഷീയമായ ലേഖനം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വാദങ്ങളും വാര്‍ത്തകളും സി പി എമ്മിന് എതിരാകുംപോള്‍ അത് കമ്യൂണിസത്തിന് എതിരാണ് എന്ന പ്രതി വാദം ഉന്നയിക്കുന്നതും ഒരു തന്ത്രമാണ് ..അതായത് കമ്യൂണിസത്തിന്റെ മൊത്തം കുത്തകയും പാരമ്പര്യവും സി പി എമ്മിന് മാത്രം അവകാശപ്പെട്ടതാണ് എന്ന ഒരു മേനി നടിക്കല്‍ ..ഇന്ത്യയിലെ കമ്യൂണിസത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും കൂടുതല്‍ അംഗ സംഖ്യ ഉള്ള പാര്‍ട്ടി എന്ന നിലയില്‍ സി പി എമ്മില്‍ അടിഞ്ഞു കൂടിയിട്ടുള്ള ജീര്‍ണ്ണതകളെ യാണ് എതിര്‍ക്കുന്നവര്‍ എല്ലാവരും വലതു പക്ഷം ആണെന്നും ആക്ഷേപിക്കുന്നു..ഒരു കക്ഷി രാഷ്ട്രീയത്തിലും ചേരാതെ ഇടതു പക്ഷം ശക്തിപ്പെടണം എന്നാഗ്രഹിക്കുന്ന ഒരു വിഭാഗവും ജനങ്ങള്‍ക്കിടയില്‍ ഉണ്ട് ..ഇങ്ങനെയൊക്കെ വിമര്‍ശനം വന്നിട്ടും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്തെല്ലാം കൊള്ളരുതായ്മകള്‍ കാണിക്കുന്നു എന്നത് ഓരോ ദിവസവുംപുറത്തു വന്നു കൊണ്ടിരിക്കുകയാണ് ..ഈ വിമര്‍ശങ്ങള്‍ കൂടി ഇല്ലാതായാലോ .....??????

      ഇല്ലാതാക്കൂ
    2. വാര്‍ത്തകള്‍ എന്തെങ്കിലും സി പി എമ്മിന് പ്രതികൂലം ആയതുകൊണ്ടല്ല ഇഷ്ടമായില്ലെന്നു പറഞ്ഞത്. സി പി എമ്മിനോട് വ്യക്തിപരമായി ഒരു അനുഭവം പോലും ഇല്ല. എല്ലാ ജനാധിപത്യ പാര്‍ട്ടികളും എതിര്‍ത്ത ഒരു കോടതിവിധിയെ പൊതു ജനമധ്യത്തില്‍ ഒരു നേതാവ് വെല്ലുവിളിച്ചു എന്നത് കൊണ്ട് കാലാകാലം സി പി എം കോടതിയില്‍ പോവാന്‍ പാടില്ലെന്ന വാദം ആടിനെ പട്ടിയാക്കലാണ്.

      ഇല്ലാതാക്കൂ
    3. സി പി എം കോണ്ഗ്രസ് പോലെ ഒരു പാര്‍ട്ടിയല്ല ..കോണ്ഗ്രസിലെ ഒരു നേതാവ് പ്രതിഷേധിച്ചു എന്നാല്‍ അത് അയാളുടെ മാത്രം പ്രതിഷേധം മാത്രമാണ് ,പക്ഷെ ഒരു സി പിഎം നേതാവ് പ്രതിഷേധിച്ചു എന്ന് പറഞ്ഞാല്‍ അത് സിപി എമ്മിന്റെ മൊത്തം പ്രതിഷേധം ആണ് ..ഇത് തമ്മില്‍ മാറി പോകുന്നവര്‍ക്ക് ഇമ്മാതിരി വൈക്ലബ്യം ഉണ്ടാകാന്‍ സാധ്യത യുണ്ട് ..ഉബൈധ് ....

      ഇല്ലാതാക്കൂ
  8. കാര്യങ്ങളെ കാര്യമായി തന്നെ പറഞ്ഞു..
    പോലീസിന്റെ മുഖത്ത് നോക്കി ഞങ്ങള്‍ക്ക് വെറുപ്പാണ് നിങ്ങളെ.. അറപ്പാണ്...പ്ഫൂ.. എന്ന് പറഞ്ഞയാളാണ് മണി... ശരിക്കും നേതൃത്വങ്ങളുടെ ശരീരഭാഷ തന്നെ ചട്ടമ്പികള്‍ക്ക് സമാനമായിരിക്കുന്നു...
    ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്.. ലൈവായിത്തന്നെ...
    മതേതര്ത്വം പ്രസംഗിച്ച്ിനി ഇങ്ങട് വരട്ടെ.....സിപിഎം...


    ഇടത്പക്ഷ പാര്‍ട്ടികളുടെ ഈ അപചയം ശരിക്കും ഞെട്ടലുളവാക്കുന്നത് തന്നെ..

    മറുപടിഇല്ലാതാക്കൂ
  9. നേതൃത്വങ്ങളുടെ ശരീരഭാഷ തന്നെ ചട്ടമ്പികള്‍ക്ക് സമാനമായിരിക്കുന്നു.. അത് സത്യം.

    മറുപടിഇല്ലാതാക്കൂ
  10. "കലികാലം എന്നല്ലാതെ എന്ത് പറയാന്‍..?"
    മനുഷ്യനന്മയ്ക്ക് വേണ്ടി ത്യാഗംചെയ്ത്................!!!???
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  11. അഹങ്കാരത്തിന്റെ കുപ്പായം കമ്യൂണിസ്റ്റുകാരന് അലങ്കാരമായിരുന്ന ഒരു കാലമുണ്ടായിരുന്നു. പ്രത്യയശാസ്ത്രവിശുദ്ധിയുടെ പൊൻതിളക്കമായിരുന്നു ആ അഹംബോധം.അന്ന് കൊല്ലുന്നതിന്റെയും ചാവുന്നതിന്റെയും ജനപക്ഷ ന്യായീകരണം സാധ്യമായത് ആ ദാർശനികശരികളുടെ പിൻബലത്തിലായിരുന്നു.
    ഇന്ന് തെരുവുഗുണ്ടകൾ മാർക്സിസം പറയുന്നു. മാർക്സിസ്റ്റുകൾ ഗുണ്ടായിസം പാർട്ടി പരിപാടിയായി നടപ്പിലാക്കുന്നു. കേരളീയ പൊതുബോധം പ്രതികരിച്ചേ തീരൂ, പ്രബുദ്ധത വെറുമൊരു അവകാശവാദമല്ല എന്ന് തെളിയിക്കാനെങ്കിലും.... അഭിനന്ദനങ്ങൾ രമേഷ് ജീ..

    മറുപടിഇല്ലാതാക്കൂ
  12. കലികാലം എന്നല്ലാതെ എന്ത് പറയാന് !! CPM നേതാക്കളുടെ ഓരോ ദിവസത്തെ പ്രസ്ഥാപന കേട്ടാല്‍ ചിരിച്ചു ചിരിച്ചു മനുഷ്യന്‍ ചാകും...കണ്ണൂര്‍ ജയിലിലെ ചിത്രങ്ങള്‍ തടവുകാരുടെ കലാസൃഷ്ടി ആണെന്നുള്ള പ്രസ്ഥാപന ഇപ്പോള്‍ വായിചെയുള്ളൂ :-)

    മറുപടിഇല്ലാതാക്കൂ
  13. ഏറനാടന്‍ ചാവേറിനെയും ഹൈറേഞ്ചു ചാവേറിനെയും ഇറക്കി ഒടുക്കത്തെ കളി കളിക്കുകയാണ് പിണറായി .കേരളം ഇനിയെന്തേല്ലാം കാണാന്‍ കിടക്കുന്നു..... (പ്രകാശം പരത്തുന്ന ചാവേറുകള്‍ ഇനി രംഗത്ത് ഇറങ്ങാന്‍ ബാക്കിയുണ്ട്.)

    മറുപടിഇല്ലാതാക്കൂ