തിങ്കളാഴ്‌ച, ജൂലൈ 30, 2012

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ ...



അഭ്യസ്ത വിദ്യരും തൊഴില്‍ രഹിതരുമായ യുവാക്കളുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാന്‍ അണിയറയില്‍ നീക്കം നടക്കുന്നതായി വ്യാപകമായ പരാതികളും അഭ്യൂഹങ്ങളും കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി .ഈയടുത്ത് വീണ്ടും സംസ്ഥാന ധനകാര്യവകുപ്പ് ഇതിനായുള്ള ചരടുവലികള്‍ ഊര്‍ജ്ജിതമാക്കി എന്നാണു അറിയാന്‍ കഴിഞ്ഞത് .

ഭരണ ചെലവു നിയന്ത്രിക്കാന്‍ തസ്തികകള്‍ ഇല്ലാതാക്കുക ,നിയമന നിരോധനം കൂടുതല്‍ വകുപ്പുകളിലേക്ക് വ്യാപിപ്പിക്കുക 
തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ക്കും മുഖ്യമന്ത്രി അനുമതി നല്‍കിയെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത് . ഇതിനെതിരെ യുവജന സംഘടനകളുടെ ഭാഗത്ത് നിന്നു ഉയരുന്ന മുറുമുറുപ്പുകള്‍ പരിഗണിച്ചു ,പെന്‍ഷന്‍ പ്രായത്തിന്റെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ല 
എന്ന് ധനമന്ത്രി കെ എം മാണി നിയമസഭയില്‍ ഒരു പ്രസ്താവന നടത്തിയിട്ടുണ്ട് . തീരുമാനം ആയില്ല എന്ന് മാത്രമേ അദ്ദേഹം പറഞ്ഞിട്ടുള്ളൂ .തീരുമാനിക്കില്ല എന്ന് പറഞ്ഞിട്ടില്ല .

ചെലവു ചുരുക്കി ഭരിക്കുക എന്നത് നല്ലൊരു ആശയമാണ് . പ്രഖ്യാപനം നടത്തിയാല്‍ പോലും കയ്യടി കിട്ടുന്ന സംഗതി .മുന്‍ മുഖ്യമന്ത്രി എ കെ .ആന്റണി സാര്‍ തുടങ്ങിവച്ച ആശയം .അദ്ദേഹത്തിനും കയ്യടി ഒരു പാട് കിട്ടിയെങ്കിലും'ഖജനവില്‍ പത്തു പൈസ പോലും ഇല്ല ' എന്നൊക്കെ അദ്ദേഹം പറഞ്ഞെങ്കിലും ചെലവുകള്‍ ഒട്ടും ചുരുങ്ങിയില്ല എന്നതായിരുന്നു പരമാര്‍ത്ഥം .

ഇപ്പോള്‍  ഉമ്മന്‍ ചാണ്ടി മന്ത്രി സഭയും ചെലവു ചുരുക്കലിന്റെ ഭാഗമായാണ് തസ്തിക വെട്ടിച്ചുരുക്കനും പെന്‍ഷന്‍ പ്രായം കൂട്ടാനും 
ഒരുങ്ങുന്നത് . നടപ്പായാല്‍ കൊള്ളാം എന്ന് തോന്നും .

സംസ്ഥാനത്ത് ഇപ്പോള്‍ 5 .44 ലക്ഷം  സര്‍ക്കാര്‍ ജീവനക്കാരും 5 .33 ലക്ഷം പെന്‍ഷന്‍ കാരുമുണ്ട് .ഏറെക്കുറെ തുല്യ അനുപാതം .ഇരുപതിനായിരം പേര്‍ കൂടി ഈ വര്ഷം മാര്‍ച്ചോടെ പെന്‍ഷന്‍ ആകാനിരിക്കുന്നു .ഇതും കൂടി  ചേര്‍ക്കുമ്പോള്‍ തുല്യം തുല്യം ആകും .

16765 കോടി രൂപയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്  നല്‍കിവരുന്ന പ്രതിമാസ ശമ്പളം .ഇതിന്റെ പകുതിയോളം അതായത് 8178 കോടി രൂപ പെന്‍ഷന്‍ ഇനത്തില്‍ ചെലവാക്കുന്നുണ്ട് .സര്‍ക്കാരിന്റെ മൊത്തം റെവന്യൂ വരുമാനത്തിന്റെ 21 % ആണിത് . മറ്റു സംസ്ഥാനങ്ങള്‍ അവരുടെ വരുമാനത്തിന്റെ 11 % മാത്രമേ പെന്‍ഷനായി നല്‍കുന്നുള്ളൂ .കേന്ദ്രസര്‍ക്കാര്‍ ആവട്ടെ വെറും ഒമ്പത് ശതമാനമാണ് 
പെന്‍ഷന്‍ നല്‍കുന്നത് . എന്നിരിക്കെ കേരള സര്‍ക്കാര്‍ പെന്‍ഷന്‍ ഇനത്തില്‍ ഇത്ര ഭീമമായ തുക നല്‍കേണ്ടി വരുന്നത് ഒഴിവാക്കേണ്ടത് തന്നെയാണ് .

പക്ഷെ ചെലവു ചുരുക്കല്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് കൊണ്ടു മാത്രം നടപ്പാകുന്ന കാര്യമല്ല .അനാവശ്യമായ എല്ലാ ചിലവുകളും ഒഴിവാക്കണം .പക്ഷെ സര്‍ക്കാര്‍ ഈ ഭാഗം ചിന്തിക്കുന്നേയില്ല .

കേവലം മൂന്നരക്കോടി  ജനങ്ങള്‍ മാത്രമുള്ള ഈ കൊച്ചു കേരളത്തില്‍ എന്തിനാണ് ഇത്ര അധികം മന്ത്രിമാര്‍ ?  ഇവര്‍ക്ക് എന്തിനാണ് ഇത്ര അധികം പേര്‍സണല്‍ സ്റ്റാഫ്‌? എന്തിന്നാണ് ആഡംബര കാറുകള്‍ ? എന്തിനാണ് ഇവര്‍ സംസ്ഥാനത്തിനകത്ത് പോലും  വിമാനങ്ങളില്‍ സഞ്ചരിക്കുന്നത് ? ആവശ്യമില്ലാത്ത ബോര്‍ഡുകളും കോര്‍പ്പറേഷനുകളും  പിരിച്ചു വിട്ടു കൂടെ? എന്തിനാണ് കോടികള്‍ ധൂര്‍ത്തടിച്ച് ആഘോഷങ്ങള്‍  സംഘടിപ്പിക്കുന്നത് ? 

എം എല്‍ എ മാര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍  വിലകൂടിയ സൌജന്യ സമ്മാനങ്ങള്‍ വാങ്ങി നല്‍കാന്‍ ധനമന്ത്രി കെ എം .മാണി അടക്കമുള്ള മന്ത്രിമാര്‍   മത്സരിക്കുന്ന കാഴ്ചയാണ് പോയ ദിവസങ്ങളില്‍ കേരളം കണ്ടത് . മുപ്പതിനായിരം രൂപയോളം വിലവരുന്ന സാം സംഗ് മൊബൈല്‍ ഫോണുകളാണ്  മന്ത്രി മാണി എം എല്‍ എ മാര്‍ക്ക് നല്‍കിയത് . ലീഗ് മന്ത്രി വി .കെ .ഇബ്രാഹിം കുഞ്ഞു 15000 രൂപയോളം  വില മതിക്കുന്ന സാം സുനൈറ്റ് ലെതര്‍ ട്രോളി ബാഗുകളാണ് സമ്മാനമായി നല്‍കിയത് . തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ ക്യാമറകളും ,മന്ത്രി എം .കെ .മുനീര്‍   ഫാക്സ് ,സ്കാനര്‍ ,പ്രിന്‍റര്‍ എന്നിവയുള്ള സമ്മാന കിറ്റും നല്‍കി . മന്ത്രിമാര്‍ ഇനിയും ബാക്കിയുള്ളത് കൊണ്ടു സമ്മാന പെരുമഴ പ്രതീക്ഷിച്ചു കൊതി പൂണ്ടിരിക്കുകയാണ് എം എല്‍ എ മാര്‍ . ഇതിനൊക്കെ കൂടി സര്‍ക്കാര്‍ ഖജനാവില്‍ നിന്നു എത്ര കോടിയാവും എഴുതിത്തള്ളുക എന്ന്  ആര്‍ക്കറിയാം ?

സംസ്ഥാനത്തെ അഭ്യസ്ത വിദ്യരായ തൊഴില്‍ രഹിതരുടെ സംഖ്യ കുതിച്ചുയരുകയാണ് . തൊഴിലിനായി എംപ്ളോയ് മെന്റ്  എക്സ്ചേഞ്ചുകളില്‍  രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 43 .61  ലക്ഷം കവിഞ്ഞു .ഇവരില്‍ മുക്കാല്‍ ലക്ഷത്തില്‍ പരം യുവാക്കള്‍ തൊഴിലധിഷ്ടിത വിദ്യാഭ്യാസം നേടിയവരാണ് . വിദേശ തൊഴിലിനായി വിവിധ വിഭാഗങ്ങളിലായി 18,270 പേര്‍ പൊതുമേഖലാ സ്ഥാപനമായ ഒഡെപകില്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം നിയമസഭയില്‍ മന്ത്രി ഷിബു ബേബിജോണ്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞിരുന്നു .
ഇതിലൊന്നും പെടാതെ ഗള്‍ഫില്‍ നിന്നു ജോലി നഷ്ടപ്പെട്ട് മടങ്ങിയ 13 ലക്ഷം പേര്‍ വേറെയുമുണ്ട് .

  കഴിഞ്ഞ മേയ് 31 വരെയുള്ള  പി എസ് സി കണക്കനുസരിച്ച്  1897 തസ്തികകളിലേക്കുള്ള റാങ്ക്  ലിസ്റ്റുകള്‍ നിലവിലുണ്ട് .അടുത്ത വര്‍ഷങ്ങളില്‍ നിയമിക്കപ്പെടെണ്ടാവരാണ്  ഈ ലിസ്റ്റുകളില്‍ ഉള്ള ലക്ഷക്കനകിനു പേര്‍ . പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതോടെ സ്വാഭാവികമായും ഈ നിയമനങ്ങള്‍ റദ്ദു ചെയ്യപ്പെടുകയോ കാലാവധി അതിക്രമിക്കുകയോ ചെയ്യും . 

ഇപ്പോള്‍ തന്നെ ഒട്ടു മിക്ക വകുപ്പുകളിലും അപ്രഖ്യാപിത നിയമന നിരോധനം നിലവിലുണ്ട് . നിയമനങ്ങള്‍ നടത്തുന്ന പി എസ് സിയില്‍ പോലും ആവശ്യത്തിനു ജീവനക്കാര്‍ ഇല്ലാതിരിക്കെ നിലവിലുള്ള 240  ജീവനക്കാരെ  അവിടെ നിന്നു വെട്ടിക്കുറക്കണം എന്നാണ് ധനകാര്യ വകുപ്പ് 
നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത് . മോട്ടോര്‍ വാഹന വകുപ്പില്‍ വര്‍ഷങ്ങളായി ആരെയും നിയമിച്ചിട്ടില്ല . നിലവിലുള്ള ഒഴിവുകള്‍ കൂടാതെ അധികരിച്ച റോഡ്‌ അപകടങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി  47 സബ്  ആര്‍ ടി ഓഫീസുകളുമായി ബന്ധപ്പെട്ടു 205 ഓളം തസ്തികകള്‍ 
വേണമെന്ന ഹേമ ചന്ദ്രന്‍ ശുപാര്‍ശകള്‍ പൊടിപിടിച്ചു കിടക്കുന്നു .

സര്‍ക്കാര്‍ മേഖലയില്‍ തൊഴിലവസരങ്ങള്‍ തേടുന്ന യുവാക്കളെ ഗുരുതരമായി ബാധിക്കുന്ന ഈ പ്രശ്നങ്ങള്‍ക്കെതിരെ പക്ഷെ  പ്രതിപക്ഷ യുവജന സംഘടനകള്‍ കാര്യമായ പ്രതിഷേധം  സംഘടിപ്പിക്കുന്നില്ല എന്നത് കൌതുക കരമാണ് . ഭരണ കക്ഷി യുവജന സംഘടനകള്‍ 
സുഖാലസ്യത്തിലും ആണ് . ധൂര്‍ത്ത് നടക്കുന്ന വകുപ്പുകളില്‍ പലതും ഘടക കക്ഷികളുടെത് ആകയാല്‍ യൂത്ത് കൊണ്ഗ്രസിലും കെ എസ് യു വിലും മറ്റും  ഇതിനെതിരെ ചെറിയ മുറുമുറുപ്പുകള്‍ ഉണ്ടെന്നാണ് കേള്‍ക്കുന്നത് .പക്ഷെ തലപൊക്കി നിന്നു സമരം ചെയ്യാനോ ഘടക കക്ഷികള്‍ക്കെതിരെ മുദ്രാവാക്യം വിളിക്കാനോ നിലവിലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനുള്ള ബലക്കുറവു അവരെ അനുവദിക്കുന്നില്ല .
 കാര്യമായ എതിര്‍പ്പുകള്‍ ഉയര്‍ന്നു വരാത്ത സാഹചര്യത്തില്‍ ഈ നിയമ സഭാ സമ്മേളനം അവനിക്കുന്നതിനു തൊട്ടു മുന്‍പ്  പെന്‍ഷന്‍ പ്രായം 
ഉയര്‍ത്തുന്നത് സംബന്ധിച്ച നിയമം പാസാക്കാനാണ് സര്‍ക്കാര്‍ ശ്രമം . എന്തെങ്കിലും എതിര്‍പ്പ് ഉണ്ടായാല്‍ അതിനു തടയിടാന്‍ പാകത്തില്‍ 
പി എസ് സി അപേക്ഷാ പ്രായപരിധിയില്‍ ചെറിയ ഇളവു നല്‍കാനും നീക്കമുണ്ട് . നിലവില്‍ അപേക്ഷാ പ്രായ പരിധി പൊതു വിഭാഗത്തിന്  35 എന്നത്  38 ഉം പട്ടിക ജാതി /പട്ടിക വര്‍ഗ്ഗത്തിന്  നാല്പതും ആക്കി ഉയര്‍ത്താനാണ് നീക്കം .

ധൂര്‍ത്തും ആഡംബരവും ആഘോഷമാക്കിയ ഒരു സര്‍ക്കാരിനു കേവലം പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത്‌ കൊണ്ടു മാത്രം അതിന്റെ ക്ഷീണിച്ച  ധനസ്ഥിതിയില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ കഴിയുമോ ? കതിരില്‍ വളം വയ്ക്കുന്നത് പോലുള്ള ഭരണ പരിഷ്കാരങ്ങള്‍ കൊണ്ടു സമരങ്ങളും ബാധ്യതകളും വരുത്തി വയ്ക്കാം എന്നല്ലാതെ !

8 അഭിപ്രായങ്ങൾ:

  1. ചെലവുകള്‍ ചുരുങ്ങുകയില്ല....വികസിക്കുകയേയുള്ളു.

    മറുപടിഇല്ലാതാക്കൂ
  2. അധികാരം പുതുകാലത്ത് സുഖിക്കാനും സമ്പാദിക്കാനുമുള്ളതല്ലെ.
    ചിലവു ചുരുക്കുകയെന്നു പറഞ്ഞാൽ പൊതുജനങ്ങൾക്കു വേണ്ടി ചിലവാക്കുന്ന തുകയാണ് ചുരുക്കുന്നത്. സ്വന്തം സമ്പാദ്യത്തിന് ഇതു ബാധകമല്ല.
    പിന്നെ, ആഘോഷങ്ങളില്ലെങ്കിൽ ഇവിടെ ഒരു സർക്കാരുണ്ടെന്നു ജനങ്ങൾക്ക് ബോദ്ധ്യപ്പെടാൻ മറ്റെന്തു പോംവഴി..?

    മറുപടിഇല്ലാതാക്കൂ
  3. ഈ ലേഖനത്തിലെ നിലപാടിനോട് ഒട്ടും യോജിക്കാനാവുന്നില്ല, രമേശ്.

    'അഭ്യസ്ഥവിദ്യരായ' യുവാക്കള്‍ ഇക്കാലത്തും സര്‍ക്കാരിന്റെ അമ്മിഞ്ഞപ്പാലുകിട്ടിയാലേ ജീവിക്കൂ എന്ന നിലപാട് കൊണ്ടുനടക്കുന്നതിനെ ന്യായീകരിക്കാനാവില്ല. അതും അന്യസംസ്ഥാനങ്ങളില്‍നിന്ന് കൂട്ടത്തോടെ വന്ന് തൊഴില്‍ ചെയ്ത് ഭംഗിയായി കുടുംബം പോറ്റുന്ന കേരളത്തില്‍.

    സര്‍ക്കാരിന്റെ ഉത്തരവാദിത്വം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുതകുന്ന നിക്ഷേപാന്തരീക്ഷം സൃഷ്ടിക്കുക എന്നതുമാത്രമാകണം. സര്‍ക്കാര്‍ നിയമനങ്ങളും നിയമനകാലാവധികളും ജനങ്ങള്‍ സര്‍ക്കാരില്‍നിന്നു പ്രതീക്ഷിക്കുന്ന സേവനങ്ങള്‍ക്ക് ആനുപാതികം മാത്രമായിരിക്കണം. സമൂഹത്തിലെ ഉല്‍പാദനക്ഷമരായ ജനതയില്‍ നിന്ന് 'നികുതി' എന്നപേരില്‍ പണം പിടിച്ചുപറിച്ച് ഒരു പറ്റം അലസര്‍ക്ക് സൌജന്യവേതനം നല്‍കുന്ന ഏര്‍പ്പാട് നിര്‍ത്തിയേ തീരൂ. പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുകയും നിയമനങ്ങള്‍ വെട്ടിച്ചുരുക്കുകയും വേണമെന്നു തന്നെയാണ് എന്റെ അഭിപ്രായം.

    ചില അവശ്യവിഭാഗങ്ങളില്‍ (പരിസ്ഥിതി, വിദ്യാഭ്യാസം, ആരോഗ്യം, നീതിനിര്‍വ്വഹണം, ഭൂവിനിയോഗം, അടിസ്ഥാന സൌകര്യം തുടങ്ങിയവ) സര്‍ക്കാര്‍ നിയമനങ്ങള്‍ വേണ്ടതാണ്. പക്ഷേ ചില വമ്പന്‍ വിഭാഗങ്ങള്‍ അപ്പാടെ അടച്ചുപൂട്ടേണ്ടിയിരിക്കുന്നു. ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനും വിദ്യുച്ഛക്തി വിഭാഗവും സര്‍ക്കാരിനു കഴിയുമെങ്കില്‍ നാളെത്തന്നെ സ്വകാര്യവല്‍ക്കരിച്ചൊഴിയണമെന്നാണ് എന്റെ അഭിപ്രായം. കൃഷി/ജലസേചന വകുപ്പൊക്കെ ഇപ്പോഴുള്ളതിന്റെ നാലിലൊന്നാക്കിയാലും ഒരാളും ശ്രദ്ധിക്കുമെന്നു തോന്നുന്നില്ല.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അങ്ങിനെയെങ്കില്‍ കാര്യമായ പണിയൊന്നും എടുക്കാതെ ശമ്പളവും കിമ്പളവും വാങ്ങി സുഖിച്ചു ജീവിച്ച സര്‍ക്കാര്‍ ഉദ്ധോഗസ്തര്‍ വിരമിക്കുമ്പോള്‍ കൊടുത്തുവരുന്ന ഈ പെന്‍ഷന്‍ എന്ന ഏര്‍പ്പാടും അങ്ങ് നിര്‍ത്തിയാലോ ..? ജോലി ഉണ്ടായത് കൊണ്ടല്ലേ പെന്‍ഷന്‍ ..മരണം വരെ സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു ജോലിയും കിട്ടാതെ ജീവിച്ച സാധാരണ പൌരന് സര്‍ക്കാര്‍ ഒരു ഔദാര്യവും കൊടുക്കുന്നില്ല ..അതും ഒരു നീതി കേടുതന്നെ ..വല്ല സ്കൂള്‍ മാഷന്മാര്‍ക്കോ മറ്റോ ആയി പെന്‍ഷന്‍ ചുരുക്കാവുന്നതാണ് ..

      ഇല്ലാതാക്കൂ
    2. രമേശ് ആ പറഞ്ഞത് തമാശയ്ക്കാണോ ഗൌരവത്തിലാണോ എന്നു മനസ്സിലായില്ല. പെന്‍ഷന്‍ എന്നത് "deferred wages" ആണ് എന്ന് സുപ്രീം കോടതി പറഞ്ഞിട്ടുള്ളതാണ്. നിലവിലുള്ള പെന്‍ഷന്‍കാരുടെ കാര്യത്തില്‍ അതില്‍നിന്ന് നിയമപരമായി ഒഴിയാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല.

      പക്ഷേ ഇപ്പോള്‍ ജോലിയിലുള്ളവര്‍ക്കും ഭാവിയില്‍ നിയമിക്കപ്പെടുന്നവര്‍ക്കും പെന്‍ഷനില്‍ ഭേദഗതി വരുത്താവുന്നതാണ്. ജീവനക്കാരുടെ ഉടമസ്ഥതയിലുള്ള ഒരു പെന്‍ഷന്‍ ഫണ്ട് രൂപീകരിച്ച് അതിലേയ്ക്ക് സര്‍ക്കാരും ജീവനക്കാരും പണം നിക്ഷേപിക്കുന്ന ഒരു സംവിധാനം കൊണ്ടുവരാം. അല്ലെങ്കില്‍ ഏതെങ്കിലും സ്വകാര്യ പെന്‍ഷന്‍ ഫണ്ടില്‍ ചേരുന്നവര്‍ക്ക് അവരുടെ നിക്ഷേപത്തുകയ്ക്ക് ഇന്‍കം ടാക്സ് കിഴിവ് കൊടുക്കാം (അമേരിക്കയിലെ 401K അങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്).

      നിലവിലുള്ള ജീവനക്കാരുടെ പെന്‍ഷന്‍ ബാധ്യതയില്‍നിന്നൊഴിവാകാന്‍ കനേഡിയന്‍ സര്‍ക്കാര്‍ ഈയിടെ കുറേ ജീവനക്കാരെ പിരിച്ചുവിട്ട് തിരികെ നിയമിച്ചിരുന്നു. പിരിച്ചുവിടുമ്പോള്‍ കൊടുക്കേണ്ട compensation ഭാവിയിലെ പെന്‍ഷന്‍ ബാധ്യതയേക്കാള്‍ ഏറെ കുറവാണെന്നതാണ് കാരണം. ആ ജീവനക്കാരെല്ലാം ഇപ്പോള്‍ സ്വകാര്യ പെന്‍ഷന്‍ ഫണ്ടുകളിലാണ് പെന്‍ഷനു വേണ്ട നിക്ഷേപം നടത്തുന്നത് - സര്‍ക്കാരിന് യാതൊരു ബാധ്യതയുമില്ല.

      ഇല്ലാതാക്കൂ
  4. കേരളത്തില്‍ എപ്പോള്‍ തിരക്കിട്ട് പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുവാന്‍ കാരണം ഈ സര്‍ക്കാരിനു വരുന്ന അധിക ബാധ്യത താല്‍കാലികമായി ഒഴിവാക്കുക എന്ന ഉദ്ദേശ്യം കൊണ്ട് മാത്രമാണ്. അല്ലാതെ നാട് നന്നാക്കുക, ചെലവ് ചുരുക്കുക എന്നിവയൊന്നും അവരുടെ നയമേ അല്ല.
    ഞാന്‍ ഒന്ന് ചോദിച്ചോട്ടെ, ഈ പെന്‍ഷന്‍ പ്രായം ഏകീകരിക്കുക എന്നതില്‍നിന്നും മാറി, മിലിട്ടറി സര്‍വീസിലെ പോലെ മാക്സിമം 25 വര്‍ഷം സര്‍വിസ് ചെയ്തു പിരിഞ്ഞുപോകുക എന്നൊരു സംവിധാനം എന്തുകൊണ്ട് ചിന്തിച്ചു കൂടാ? അതുകൊണ്ട് 25 വയസില്‍ ജോലിയില്‍ പ്രവേശിക്കുന്നവനും 35 വയസില്‍ മാത്രം ടെസ്റ്റ്‌ ജയിച്ചു ജോലി ചെയ്യാന്‍ അവസരം കിട്ടുന്നവനും ഒരേ പരിഗണന ലഭിക്കില്ലെ? വളന്റിയറി റിട്ടര്‍മെന്റ് എടുക്കെണ്ടവര്‍ക്ക് അതുമാകം. ഒക്കെ കാര്യശേഷിയും ബാധ്യതയും, നിയമന പ്രശ്നങ്ങളും ലഖൂകരിക്കുകയല്ലേയുള്ളൂ.?

    മറുപടിഇല്ലാതാക്കൂ
  5. പിന്നെ, സ്വന്തം കീശ വീര്‍പ്പിക്കാന്‍ അല്ലെങ്കില്‍ പിന്നെ നാടിനെ സേവിക്കാന്‍ വേണ്ടി മാത്രമാണോ ഇവരൊക്കെ ഇത്ര കഷ്ടപ്പെട്ട് അധികാരത്തില്‍ കയറുന്നത്.
    മുകളില്‍ പറഞ്ഞതുപോലെ കേന്ദ്രഗവണ്മെന്‍റ്റ് ഇപ്പോള്‍ കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സ്കീം നടപ്പാക്കിയിട്ടുണ്ട്.
    അതുപോലെ ഏതുപ്രായത്തില്‍ സര്‍വീസില്‍ കയറിയാലും ഇത്ര വര്‍ഷം എന്ന കണക്കും നല്ലതാണ്.
    ഇതൊക്കെ ചോദിക്കുമ്പോള്‍ അന്യസംസ്ഥാന ങ്ങളുടെ പെന്‍ഷന്‍പ്രായം എടുത്തുപിടിച്ചുകൊണ്ടുവരുന്നവരും ഉണ്ട്.

    മറുപടിഇല്ലാതാക്കൂ