ഞായറാഴ്‌ച, ജൂലൈ 22, 2012

വി എസിനെ മെരുക്കാന്‍ സിപിഎമ്മിന്റെ കയ്യില്‍ മരുന്നില്ല ..

പ്രഹസനമായി പരസ്യ ശാസന . കടുത്ത നടപടി എടുക്കാന്‍ കഴിയാതെ സി പി എം .കേന്ദ്ര നേതൃത്വം .

സി പി എമ്മിന്റെ സംഘടനാ സംവിധാനത്തെ വെല്ലുവിളിച്ചു കൊണ്ടു പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ  വി എസ് അച്ചുതാനന്ദന്‍  തുടരുന്ന ആക്രമണങ്ങള്‍ അദ്ദേഹത്തിന്‍റെ ഭാവി പ്രവര്‍ത്തനങ്ങളുടെ  ദിശാസൂചന ആവുകയാണോ എന്നതാണ്  കേരള രാഷ്ട്രീയത്തിലെ സജീവ ചര്‍ച്ചാ വിഷയം . 
പരമകോടിയില്‍  എത്തി നില്‍ക്കുന്ന സംസ്ഥാന സി പിഎമ്മിലെ സംഘടനാ വിഷയങ്ങളും വിഭാഗീയ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് വിളിച്ചു ചേര്‍ത്ത പി ബി യോഗത്തിനും കേന്ദ്ര കമ്മറ്റി യോഗത്തിനും തൊട്ടു മുന്‍പുള്ള നിമിഷം പോലും കേന്ദ്ര -സംസ്ഥാന നേതാക്കളെയും പ്രവര്‍ത്തകരെയും ആശയ ക്കുഴപ്പത്തിലാക്കിക്കൊണ്ട് വി എസ് നടത്തിയ വെല്ലുവിളികള്‍ 
വിലയിരുത്തുമ്പോള്‍ അദ്ദേഹം രണ്ടും കല്‍പ്പിച്ചുള്ള ഏതോ തീരുമാനത്തിന് അടിവരയിടാന്‍ ശ്രമിക്കുകയാണ് എന്ന്  പറയേണ്ടി യിരിക്കുന്നു .
വര്‍ഷങ്ങളായി പാര്‍ടിയില്‍ പുകയുന്ന വി എസ് -പിണറായി വിഭാഗീയ പോരാട്ടങ്ങള്‍ ടി പി ചന്ദ്ര ശേഖരന്റെ കൊലപതകത്തോടെയാണ് സ്ഫോടനാത്മകമായ നിലയില്‍ എത്തിയത് .സി പി എം വിട്ട്  റവല്യൂഷനറി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി രൂപീകരിച്ച  ചന്ദ്ര ശേഖരന്റെ കൊലപാതകത്തില്‍ സി പിഎമ്മിനു ഉള്ളതായി ആരോപിക്കപ്പെടുന്ന പങ്കു മറച്ചു വയ്ക്കാനോ നിഷേധിക്കാനോ പാര്‍ട്ടി സംസ്ഥാന നേതൃത്വം പാട് പെടുമ്പോള്‍ കൊലയാളികള്‍ ഔദ്യോഗിക നേതൃത്വത്തില്‍ തന്നെ ഉള്ളവരാണ് എന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചു കൊണ്ടാണ് വി എസ് .ഔദ്യോഗിക പക്ഷത്തിനെതിരെയുള്ള പോര്‍ മുഖം തുറന്നു വച്ചത് .

കൊലപാതകം സംബന്ധിച്ച അന്വേഷണം നടക്കുമ്പോള്‍ പരസ്യ പ്രസ്താവനകള്‍ അരുത് എന്ന പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു . ഇത്   നിലനില്‍ക്കെയാണ് പിണറായി വിജയനെ പാര്‍ട്ടി നശിപ്പിക്കാന്‍ ശ്രമിക്കുന്ന അഭിനവ ഡാങ്കെയോട് ഉപമിച്ചു കൊണ്ടു വി .എസ് . ആഞ്ഞടിച്ചത് . പാര്‍ട്ടി സെക്രട്ടറി പറയുന്നതല്ല പാര്‍ട്ടി തീരുമാനം എന്ന്  പ്രസ്താവിക്കുക വഴി  നിലവിലെ സി പി എം സംഘടനാ ചട്ടക്കൂടിനെ അദ്ദേഹം തച്ചുടയ്ക്കുകയും ചെയ്തു .

ഈ  പശ്ചാത്തലത്തില്‍ വി എസ് ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയിരിക്കുന്നതായാണ്  പിണറായി പക്ഷത്തിനു ഭൂരിപക്ഷമുള്ള സംസ്ഥാന കമ്മിറ്റിയും സെക്രട്ടറിയെറ്റും  ആരോപിച്ചിട്ടുള്ളത് . ഇക്കാര്യങ്ങള്‍ ഉന്നയിച്ചു അവര്‍ കേന്ദ്ര നേതൃത്വത്തിന് നല്‍കിയ കത്താണ്  കഴിഞ്ഞ ദിവസം ചേര്‍ന്ന പോളിറ്റ് ബ്യൂറോയും  കേന്ദ്ര കമ്മിറ്റിയും ചര്‍ച്ച ചെയ്തത് .

പ്രത്യക്ഷത്തില്‍ വി എസിനെതിരെ ഇത്തരം ഗുരുതര അച്ചടക്ക ലംഘനം ഉള്ളതിനാല്‍  പാര്‍ട്ടിയുടെ നിലനില്‍പ്പിനു അദ്ദേഹത്തി നെതിരെ നടപടി എടുത്തെ മതിയാകൂ എന്നാണ് ഔദ്യോഗിക പക്ഷ നേതാക്കളും അവരെ അനുകൂലിക്കുന്ന  ഇടതു നിരീക്ഷകരും വാദിക്കുന്നത് . വി എസ് കയ്യാളുന്ന പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്നു അദ്ദേഹത്തെ നീക്കം ചെയ്യുക , കേന്ദ്ര കമ്മിറ്റിയില്‍ നിന്നു തരം താഴ്ത്തുക എന്നിവയാണ്   ഔദ്യോഗിക പക്ഷം ആവശ്യപ്പെടുന്ന കുറഞ്ഞ ശിക്ഷാ നടപടികള്‍ .
അച്ചടക്ക ലംഘനങ്ങളുടെ ഗുരുതരാവസ്ഥ പരിശോധിച്ചു അദ്ദേഹത്തെ  പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയാണ്  അന്തിമമായി വേണ്ടത് എന്ന് വാദിക്കുന്നവരും ഔദ്യോഗിക പക്ഷത്തുണ്ട് .

അതേ സമയം പാര്‍ടിയുടെ കാലാ കാലങ്ങളിടെ നിലപാടുകളും പ്രവര്‍ത്തന രീതികളും തയ്യാറാക്കുന്ന നയ രൂപീകരണ സമിതിയാണ്      കേന്ദ്ര കമ്മിറ്റി .   ഈ  കമ്മിറ്റിയുടെ  നിര്‍ദ്ദേശങ്ങളെ അപ്പാടെ തള്ളിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന പിണറായി വിജയനും കൂട്ടരുമാണ്  വി എസിനെക്കാള്‍ വലിയ അച്ചടക്ക ലംഘകര്‍ എന്ന്  മറു പക്ഷത്ത് ഒരു വാദമുയര്‍ന്നിട്ടുണ്ട് . ഇതിനായി അവര്‍ പറയുന്ന കാര്യങ്ങളില്‍ യുക്തിയില്ലാതെയുമില്ല  
വി എസിനെതിരെ സംസ്ഥാന നേതൃത്വം കേന്ദ്ര കമ്മിറ്റിക്ക്  നല്‍കിയ പാര്‍ട്ടി കത്ത് അക്ഷരാര്‍ഥത്തില്‍ അദ്ദേഹത്തിനെതിരെയുള്ള അതീവ ഗുരുതരമായ ഒരു കുറ്റ പത്രം കൂടിയാണ് . അതില്‍ പറയുന്ന കാര്യങ്ങള്‍ മാത്രം പരിഗണിച്ചു ഒരു തീരുമാനം എടുക്കേണ്ടി വന്നാല്‍  വി എസ്  ന്‍റെ സ്ഥാനം ഉറപ്പായും പാര്‍ട്ടിക്കു പുറത്തു തന്നെയാണ് .  സംസ്ഥാന നേതൃത്വത്തിനെതിരെ ഇത്തരത്തില്‍ രണ്ട് കത്തുകള്‍ വി എസും കേന്ദ്ര നേതാക്കള്‍ക്ക് നല്‍കിയിരുന്നു .  ഈ രണ്ട് കത്തുകളും അതിലേക്കു നയിച്ച സാഹചര്യങ്ങളുമാണ്‌ 
വെള്ളിയാഴ്ച ഏഴു മണിക്കൂര്‍ നീണ്ട പോളിറ്റ് ബ്യൂറോ യോഗത്തിലും തുടര്‍ന്ന് ശനിയും ഞായറുമായി  നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലും  സുദീര്‍ഘമായി  ചര്‍ച്ച  ചെയ്തത് . 

വി എസിന് എതിരെ പിണറായി പക്ഷം തയ്യാറാക്കിയ കുറ്റപത്രത്തില്‍ അദ്ദേഹത്തിനെതിരെയുള്ള കടുത്ത വിമര്‍ശനങ്ങളും ആച്ചടക്ക നടപടി നിര്‍ദ്ദേശങ്ങളും  ഒഴിവാക്കണം എന്ന്  കേന്ദ്ര നേതൃത്വം  മുന്നേ ആവശ്യപ്പെട്ടിരുന്നതാണ്  .

ഈ കുറ്റവും ആരോപണങ്ങളും കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയില്‍ ഇരിക്കെതന്നെ വി എസ് പാര്‍ട്ടി അച്ചടക്കം ലംഘിച്ചു അതിന്റെ പേരില്‍  അദ്ദേഹത്തിനെതിരെ കേന്ദ്ര നേതൃത്വം നടപടി ക്കൊരുങ്ങുകയാണ് എന്ന തരത്തില്‍ ഔദ്ധ്യോഗിക പക്ഷം സംസ്ഥാന വ്യാപകമായി പാര്‍ട്ടി അംഗങ്ങള്‍ക്ക് ഇടയില്‍  റിപ്പോര്‍ട്ടിംഗ്  നടത്തിയിരുന്നു   . ഇത്   ഗുരുതരമായ അച്ചടക്ക ലംഘനമായാണ്  വി എസ് അനുകൂലികള്‍  ആരോപിക്കുന്നത് . 
അച്ചടക്ക  നടപടിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര നേതൃത്വം ആണെന്നിരിക്കെ  ആ കമ്മിറ്റികള്‍ കൂടുന്നതിന് മുന്‍പ്  പാര്‍ട്ടി തീരുമാനങ്ങള്‍ എന്ന നിലയില്‍ സംസ്ഥാന നേതൃത്വം വ്യാപകമായി സംഘടിപ്പിച്ച മേഖലാ റിപ്പോര്‍ട്ടിങ്ങുകള്‍  പാര്‍ട്ടി കീഴവഴക്കങ്ങള്‍ക്ക്  എതിരാണെന്നും  സംഘടന വിരുദ്ധം ആണെന്നും ചൂണ്ടി കാണിക്കപ്പെടുന്നു . 
വി എസ് .പാര്‍ട്ടിക്ക് പുറത്തു പോവുകയാണ്  . അദ്ദേഹം ചന്ദ്ര ശേഖരന്റെ പാര്‍ട്ടി ശക്തമാക്കാന്‍ ശ്രമിക്കുകയാണ്  അതിന്റെ ഭാഗമായാണ് സി പി എമ്മിനെ വെല്ലുവിളിക്കുന്നത്  എന്നീ പ്രചരണങ്ങള്‍ ആണ്  പിണറായി പക്ഷം നടത്തിയത് . 

 തുടര്‍ച്ചയായി കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ തള്ളികളഞ്ഞു പാര്‍ട്ടിയെ കണ്ണൂര്‍ ലോബി കൈപ്പിടിയിലാക്കി എന്നും  ആശയ സമരം വ്യാപിപ്പിക്കുന്നതിന് പകരം ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ചു  കൊലപാതക രാഷ്ട്രീയം തൊഴിലാക്കി എന്നുമാണ് വി എസിന്റെ ആരോപണം .പാര്‍ട്ടിയുടെ ഔദ്യോഗിക  തീരുമാനം കേന്ദ്ര നേതൃത്വം കൈക്കൊള്ളുന്നതാണ് ... ഇത് നടപ്പിലാക്കാനുള്ള  ബാധ്യത മാത്രമാണ്  സംസ്ഥാന കമ്മിറ്റികള്‍ക്ക് ഉള്ളത്  . എന്നിരിക്കെ അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന നേതൃ നടപടികളെ വിമര്‍ശിക്കുക എന്ന ഉത്തരവാദിത്ത്വം   വി എസ്  നിറവേറ്റുമ്പോള്‍ അതിനെ അച്ചടക്ക ലംഘനം ആയി കണക്കാക്കാനാകില്ല എന്നാണു     വി എസ് അനുകൂലികളുടെ നിലപാട് 

ഇരു പക്ഷത്തെയും പ്രവര്‍ത്തന രീതികള്‍    പരിശോധിക്കുമ്പോള്‍ വി എസിനെതിരെ മാത്രം  ഏക പക്ഷീയമായ ഒരു നടപടി കൈകൊള്ളാന്‍ കഴിയാത്തവിധം ആശയക്കുഴപ്പത്തിലാണ് കേന്ദ്ര നേതൃത്വവും എന്ന്  വ്യക്തമാണ് . പരിത സ്ഥിതികള്‍ വച്ചു  പാര്‍ട്ടി ഗുരുതരാവസ്ഥയിലാണെങ്കിലും ഇത് സംബന്ധിച്ച  തീരുമാനങ്ങളിലെത്താനുള്ള  കാലതാമസം അതാണു സൂചിപ്പിക്കുന്നത് . 

ജനകീയ അടിത്തറയുള്ള നേതാവ് എന്ന നിലയില്‍ വി എസിനെതിരെ വലിയ തോതിലുള്ള ഒരച്ചടക്ക നടപടിക്കു കേന്ദ്ര നേതാക്കള്‍  താല്പര്യം പ്രകടിപ്പിക്കുന്നില്ല എന്നാണു സൂചന ..ഇക്കാര്യം വി എസിനും ബോധ്യമുണ്ട് . അതിരുകവിഞ്ഞ ആ വിശ്വാസമാണ്  തന്റെ വാക്കുകളെ മൂര്‍ച്ചയോടെ നിലനിര്‍ത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നതും .
അതുകൊണ്ട് തന്നെ  അച്ചടക്ക നടപടികള്‍ക്ക് പകരം വി എസിനെയും പിണറായിയെയും യോജിപ്പിച്ച് കൊണ്ടു ഒരു സമവായത്തിനാണ്  കേന്ദ്ര നേതൃത്വംമുന്തിയ പരിഗണന നല്‍കുന്നത്  .അതേ സമയം  സംഘടനയില്‍ കാതലായ മാറ്റങ്ങള്‍ ഇല്ലാതെ സംസ്ഥാന സി പി എമ്മില്‍ സമധാനം പുനസ്ഥാപിക്കപ്പെടില്ല എന്നിടത്തു ഉറച്ചു നില്‍ക്കുകയാണു .പിണറായി പക്ഷവും വി എസ് പക്ഷവും .
.നിലവിലെ അസ്വാരസ്യങ്ങള്‍ വേരോടെ പിഴുതുകളയാനുള്ള  മാന്ത്രിക ഫോര്‍മുല കേന്ദ്ര നേതൃത്വം  കണ്ടു പിടിക്കും വരെ ഈ പോരാട്ടം  തുടരുകതന്നെ ചെയ്യും .  ഈ ഫോര്‍മുലയോ വി എസിനെ പോലൊരു മുതിര്‍ന്ന നേതാവിനെ മെരുക്കാനുള്ള  അടവ്  നയങ്ങളോ ഇല്ലാത്തതാണ്  സി പിഎം നേരിടുന്ന പ്രതിസന്ധിയും .  
ഇപ്പോള്‍ വി എസ്  ന് എതിരെ എടുത്തിരിക്കുന്ന പരസ്യ ശാസന എന്ന ദുര്‍ബ്ബല നടപടി ഇക്കാര്യത്തില്‍ സി പി എം പോളിറ്റ് ബ്യൂറോ നേരിടുന്ന ഭയം കലര്‍ന്ന നിലപാടിനെ സൂചിപ്പിക്കുന്നു എന്ന് സംശയിക്കേണ്ടി വരുന്നു ..

8 അഭിപ്രായങ്ങൾ:

  1. വീയെസിനെ തൊടാന്‍ ഇത്തിരി അറയ്ക്കും കേന്ദ്രം.

    മറുപടിഇല്ലാതാക്കൂ
  2. "ഇപ്പോള്‍ വി എസ് ന് എതിരെ എടുത്തിരിക്കുന്ന പരസ്യ ശാസന എന്ന ദുര്‍ബ്ബല നടപടി ഇക്കാര്യത്തില്‍ സി എം പോളിറ്റ് ബ്യൂറോ നേരിടുന്ന ഭയം കലര്‍ന്ന നിലപാടിനെ സൂചിപ്പിക്കുന്നു എന്ന് സംശയിക്കേണ്ടി വരുന്നു .."
    സത്യം അതുതന്നെ........
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. നമ്മുടെ നേതാവ് വി എസ് തന്നെ. പക്ഷേ ആറും അറുപതും ഒരു പോലെ എന്നത് ശരി വയ്ക്കുന്ന രീതിയിൽ ചില പ്രസ്താവനകളും പിന്നീടുള്ള മൗനവും കാണുമ്പോൾ എന്തോ ഒരു ഇത്....

    മറുപടിഇല്ലാതാക്കൂ
  4. ഇപ്പോള്‍ വി എസ് ന് എതിരെ എടുത്തിരിക്കുന്ന പരസ്യ ശാസന എന്ന ദുര്‍ബ്ബല നടപടി ഇക്കാര്യത്തില്‍ സി പി എം പോളിറ്റ് ബ്യൂറോ നേരിടുന്ന ഭയം കലര്‍ന്ന നിലപാടിനെ സൂചിപ്പിക്കുന്നു എന്ന് സംശയിക്കേണ്ടി വരുന്നു ..അതു പരോക്ഷം...പ്രത്യക്ഷത്തിൽ ,സി.പി.എം. ഏതു വഴിക്കാണു നീങ്ങുന്നത്.... അതിൽ നിന്നും സഖാക്കളും,അനുകൂലികലും കൂട്ടത്തോടെ ,മനസ്സാൽ ഒഴിഞ്ഞ് പോയിക്കൊണ്ടിരിക്കുന്നത് സത്യമായ കാര്യമാണു. പാർട്ടി ആകെ തളർന്ന് പോയി...ഇനി നന്നാവാൻ??????

    മറുപടിഇല്ലാതാക്കൂ
  5. ഒരു പാര്‍ട്ടിയുടെ നിലനില്‍പ്പും ശക്തിയും അതിന്റെ കമ്മിറ്റികളിലെ ചില വ്യക്തികളല്ല ..അണിചേരുന്ന ജനങ്ങളാണെന്ന് പിണറായിയും കൂട്ടരും ഒരിക്കലും മനസ്സിലാക്കില്ല.

    മറുപടിഇല്ലാതാക്കൂ
  6. അക്രമ രാഷ്ട്രീയത്തിന്റെ പേരില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റിരിക്കുന്ന .. ഈ ഘട്ടത്തില്‍ വീ എസിനെയം കൂടെ പിണക്കിയാലുണ്ടായെക്കാവുന്ന ഭവിഷ്യത്ത് കേന്ദ്ര കമ്മിറ്റി മുന്നില്‍ കണ്ടു എന്നതാണ് സത്യം....

    മറുപടിഇല്ലാതാക്കൂ
  7. വരുന്നെടത്തു വെച്ച് കാണാം.ഹല്ല പിന്നെ.

    മറുപടിഇല്ലാതാക്കൂ