![]() |
മലയാളം ന്യൂസ് .31 May 2012 |
ചന്ദ്രശേഖരന് വധ കേസ് അന്വേഷണം ഉന്നത നേതാക്കളിലേക്ക് തിരിഞ്ഞ സാഹചര്യത്തില്‍
മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാന്‍ സി .പി .എം .കോടതിയിലേക്ക് നീങ്ങിയിരിക്കുകയാണ് .
കൊലപാതകത്തില്‍ തങ്ങള്‍ക്ക് അണുവിട പോലും ബന്ധം ഇല്ല എന്ന് സര്‍വ്വശക്തിയും ഉപയോഗിച്ച് പാര്‍ട്ടി നേതൃത്വം പ്രചരണം നടത്തുന്നതിനിടയിലും അറസ്റ്റിലായ പ്രതികള്‍ എല്ലാം തന്നെ സി പി എം ബന്ധം ഉള്ളവരാവുകയും അവര്‍ പോലീസിനു നല്കിയ മൊഴികള്‍ മാധ്യമങ്ങള്‍ വഴി പുറത്താവുകയും ചെയ്യുന്നതാണ് സി പി എമ്മിനെ നിയമ നടപടികള്‍ക്ക് പ്രേരിപ്പിക്കുന്നത് .
കൊലപാതക ഗൂഢ ാലോചനയില്‍ നേതാക്കളുടെ പങ്കു വെളിവാക്കുന്ന മൊഴികള്‍ മാധ്യമങ്ങള്‍
വഴി പുറത്തു വന്നു കൊണ്ടിരിക്കുന്നത് സി പി എമ്മിന് വലിയ ക്ഷതങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത് .
പ്രതിരോധം ശക്തിപ്പെടുത്താനുള്ള പാര്‍ട്ടിയുടെ ശ്രമങ്ങള്‍ പുതിയ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുക വഴി മാധ്യമങ്ങള്‍ നിരന്തരം തകര്‍ക്കുകയാണ് എന്നാണു അവരുടെ വിലയിരുത്തല്‍
കൊലപാതക പാര്‍ട്ടി യല്ല സി പി എം എന്ന് കേന്ദ്ര -സംസ്ഥാന നേതാക്കള്‍ ജനങ്ങളെയും അണികളെയും വിശ്വസിപ്പിക്കാന്‍ പാടുപെടുകയാണ് . ഇതിനിടയിലാണ് പാര്‍ട്ടി ശത്രുക്കളെ പട്ടിക തയ്യാറാക്കി കൊന്നിട്ടുണ്ട് എന്ന ഇടുക്കി ജില്ലാ സെക്രട്ടറി മണിയുടെ അഭിമാനപൂര്‍വ്വമുള്ള വെളിപ്പെടുത്തല്‍ ചാനലുകള്‍ ചൂടോടെ പ്രചരിപ്പിച്ചത് . അന്തര്‍ ദേശീയ തലത്തില്‍ പ്രചരിപ്പിച്ച ആ വാര്‍ത്ത പാര്‍ട്ടിയെ അടിമുടി ഉലച്ചു കളഞ്ഞു .ചന്ദ്ര ശേഖരന് വധത്തില്‍ മൌനം പാലിച്ച പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ പോലും വായ് തുറപ്പിച്ച വാര്‍ത്ത . ചന്ദ്ര ശേഖരന് വധവും അതേതുടര്ന്ന് ഉണ്ടായ കോലാഹലവും സി പി എമ്മിന്റെ ആഭ്യന്തര കാര്യമാണെന്ന് പറഞ്ഞു കൈ കഴുകിയ സി പി ഐ പോലും മണിയുടെ തുറന്നു പറച്ചില് കേട്ട് ഞെട്ടിപ്പോയി എന്നത് കൊണ്ടാണ് ഈ മണിയുടെ മേല്‍ ഒരു കണ്ണ് വേണം എന്ന് സി പി ഐ ദേശീയ സെക്രട്ടറി എ .ബി .ബര്ദ്ദന് പ്രകാശ് കാരാട്ടിനോട് പറഞ്ഞു പോയത് !
എല്ലാം മാധ്യമങ്ങള്‍ പറ്റിച്ച പണിയാണ് ..മണി സഖാവൊക്കെ ഈ ക്വട്ടേഷന്‍ പണി നടത്തുന്ന കാലത്ത് ദൃശ്യമാധ്യമങ്ങള്‍ ഇത്ര ശക്തമായിരുന്നില്ല .ഇപ്പോളത്തെ പിള്ളേര് അങ്ങനെയല്ല ..ചാനലുകാര് വന്നില്ലെങ്കില്‍ പറഞ്ഞതും ചെയ്തതും എല്ലാം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി എത്തിക്കാനും പയ്യന്മാര് റെഡിയാണ് ..
പാര്‍ട്ടി പത്രവും ചാനലും ഒഴികെ ലോകത്താകമാനമുള്ള എല്ലാ പത്രങ്ങളും ചാനലുകളും വലതു
പക്ഷ പിന്തിരിപ്പന് ശക്തികള്‍ നിയന്ത്രിക്കുന്നതാണ് എന്ന ആക്ഷേപമാണ് എല്ലാ കാലത്തും
സി പി എം ഉന്നയിച്ചു കൊണ്ടിരിക്കുന്നത് . കൊണ്ഗ്രസിനെ സഹായിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍
കൂട്ടായി സിണ്ടിക്കേറ്റ് രൂപീകരിച്ചു പ്രവര്‍ത്തിക്കുകയാണെന്നും അവര്‍ കാലങ്ങളായി ആക്ഷേപിക്കുന്നു .
പാര്‍ട്ടി സമ്മേളനങ്ങളില്‍ പ്രവര്‍ത്തകരും നേതാക്കളും ചേരി തിരിഞ്ഞു കമ്മറ്റികള്‍ പിടിച്ചടക്കാന്‍ ശ്രമിച്ചെന്നും പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് വൈദ്യുതി മന്ത്രിയായിരിക്കെയാണ് ലാവലിന്‍ അഴിമതി നടത്തിയതെന്നും മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു എന്നാണു അതില്‍ ഒരാക്ഷേപം.
മാധ്യമ പ്രവര്‍ത്തകരെ ഒന്നാകെ സ്പോണ്സര് ചെയ്തിട്ടുള്ളത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നും അവര്‍ക്കുള്ള ശമ്പളം നല്‍കുന്നത് വലതു പക്ഷമാണെന്നും മറ്റൊരാക്ഷേപം കൂടിയുണ്ട് . പാര്‍ട്ടി നേതാക്കള്‍ അഴിമതിയോ കൊലപാതകമോ സ്ത്രീപീഡനമോ നടത്തിയാല്‍ ഈ സിണ്ടിക്കേറ്റ് പത്രങ്ങളും ചാനലുകളും അപ്പോള്‍ തന്നെ അത് വാര്‍ത്തയാക്കുകയും ചര്‍ച്ച നടത്തുകയും പാര്‍ട്ടിയെ വന്‍തോതില്‍ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യും !
പാര്‍ട്ടിയ്ക്ക് അംഗീകാരം ലഭിക്കുന്ന കാര്യങ്ങള്‍ എന്തെങ്കിലുമാണ് സിണ്ടിക്കേറ്റ് പത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് എങ്കില്‍ തല്ക്കാലം മിണ്ടാതിരിക്കാം..പക്ഷെ ഇത് തുടര്‍ച്ചയായി പാര്‍ട്ടിയെ ശത്രുക്കളും മാധ്യമങ്ങളും വളഞ്ഞിട്ടു കൊത്തിക്കീറുകയല്ലേ ചെയ്യുന്നത് ? ഇങ്ങനെ പോയാല്‍ എന്താകും പാര്‍ട്ടിയുടെ ഭാവി ?
കോണ്‍ഗ്രസ് നേതാക്കളും ഉമ്മന്‍ ചാണ്ടി സര്‍ക്കാരും പോലീസും കൂടി എഴുതി കൊടുക്കുന്ന കഥയും തിരക്കഥയും സംഭാഷണവും അതേപടി മാധ്യമങ്ങളില്‍ നല്‍കുകയാണത്രേ !
കുത്തക മാധ്യമങ്ങളുടെ നുണകള്‍ വിശ്വസിക്കുന്ന ജനങ്ങള്‍ മുഴുവന്‍ ദേശാഭിമാനിയും കൈരളിയും പറയുന്നത് വിശ്വസിച്ചാല്‍ പോരെ ? എന്നാണു പാര്‍ട്ടി ചോദിക്കുന്നത് .
കൊലപാതകത്തിന്റെ പിറ്റേന്ന് ആ വാര്‍ത്ത താമസ്ക്കരിച്ച കൈരളിയും ദേശാഭിമാനിയും പിന്നീട് ആദ്യം നിരത്തിയ വാര്ത്തഎന്തായിരുന്നു ? ചന്ദ്രശേഖരനെ കൊന്നത് എന്‍ ഡി എഫു കാര്‍ ..പിന്നെ പറഞ്ഞു .ആര് എസ് .എസ് . പിന്നെ പറഞ്ഞു ചന്ദ്രശേഖരന്റെ പാര്‍ട്ടിയായ ആര് എം .പി . ..തുടര്‍ന്ന് പറഞ്ഞു കോണ്‍ഗ്രസ് ..ഇതാ ഇപ്പോള്‍ പറയുന്നു ചന്ദ്രശേഖരനോട് ഒരു ചെറിയ സമരത്തിന്റെ പേരില്‍ തീര്‍ത്താല്‍ തീരാത്ത കുടിപ്പകയുള്ള പ്രദേശത്തെ ഒരു വ്യവസായിയാണ് കൊലപാതകികള്‍ക്ക് ക്വട്ടേഷന്‍ കൊടുത്തതെന്ന് ! ഈ സത്യങ്ങളൊക്കെ ദേശാഭിമാനിയും കൈരളിയും ഗവേഷണം ചെയ്തു എടുത്ത സത്യങ്ങള്‍ ആകാന്‍ വഴിയില്ല .
അവിടെ പ്രവര്‍ത്തിക്കുന്ന പാവം മാധ്യമ പ്രവര്‍ത്തകര്‍ പാര്‍ട്ടി നേതാക്കള്‍ എഴുതി കൊടുക്കുന്ന കഥയും തിരക്കഥയുമല്ലേ പ്രചരിപ്പിക്കുന്നത് എന്ന് തല്ക്കാലം ചോദിക്കുന്നില്ല . കൂട്ടത്തില്‍ നിന്ന് കുലം കുത്തുന്നത് ശരിയല്ലല്ലോ ..
ഒരു വാദം എന്ന നിലയില്‍ ഇപ്പറഞ്ഞതൊക്കെ വിശ്വസിമാമെങ്കിലും ഇടുക്കിയിലെ മണി സഖാവ് പറഞ്ഞത് കേട്ട് എങ്ങനെ ജനം നടുങ്ങാതിരിക്കും ?
താന്‍ ഒരാവേശത്തില്‍ അങ്ങനെ പറഞ്ഞു പോയതാണ് പിന്നീട് മണി സഖാവ് തൃശൂരില്‍ പറഞ്ഞത് , അതും വയറു നിറച്ചു പിണറായി വിജയന്റെ ചീത്ത കേട്ടതിനു ശേഷം .മാര്‍ക്സിസ്റ്റു പാര്‍ട്ടി ഇപ്പോള്‍ ഇന്ത്യയില്‍ പ്രചരിപ്പിക്കുന്നത് മാര്‍ക്സിസമല്ല ശുദ്ധ ഗാന്ധിസവും അഹിംസയും ആണെന്നും വിരണ്ടു പോയ മണി സഖാവ് പറഞ്ഞു കളഞ്ഞു .
അഹിംസാ വാദികളായ കൊണ്ഗ്രസുകാരാണ് യഥാര്‍ഥത്തില്‍ വണ്‍ .. ടൂ .ത്രീ .ഫോര്‍ ..കണക്കില്‍ പട്ടിക കൊലപാതകം നടത്തുന്നതെന്നാണ് അദ്ദേഹം പറഞ്ഞതായി കുത്തക മാധ്യമങ്ങള്‍ ചൂടോടെ പ്രചരിപ്പിച്ചത് . . ഇത്തരം സത്യങ്ങള്‍
വിളിച്ചു പറയുമ്പോള്‍ പാര്‍ട്ടിയുടെ രക്ഷയെ കരുതി അതെല്ലാം അപ്പപ്പോള്‍ തന്നെ ലൈവ് ആയി കൊടുക്കുന്ന മാധ്യമങ്ങളെ കോടതിയില്‍ കയറ്റാന്‍ തുടങ്ങിയാല്‍ പിന്നെ പാവം മാധ്യമ പ്രവര്‍ത്തകര്‍ എന്ത് ചെയ്യും ? പാവം കോണ്‍ ഗ്രസുകാര്‍ എന്ത് ചെയ്യും ?
സാധാരണ കോടതിയെയും പോലീസിനെയും ഒന്നും അംഗീകരിച്ചു നല്കാന് ഇഷ്ടമില്ലാത്ത പാര്‍ട്ടിയാണ് സി പി എം . കോടതി എതിര്‍ത്താലും പൊതു നിരത്തില്‍ ഗതാഗതം തടസപ്പെടുത്തി അവര്‍ സമരപ്പന്തല്‍ കെട്ടും . കോടതി അലക്ഷ്യം എന്ന ഓലപ്പാമ്പ് തങ്ങള്‍ക്കു പുല്ലാണ് എന്ന് പറയും . കോടതി വിധി പുറപ്പെടുവിക്കുന്ന ജഡ്ജ് "ശുംഭന്" അഥവാ പ്രകാശിക്കുന്നവനാണ് എന്നാക്ഷേപിക്കും ..റോഡില്‍ കുത്തിയിരുന്നു ഗതാഗതം തടയുന്നവരെ നീക്കം ചെയ്യാന്‍ വരുന്ന നിയമ പാലകരോട് "പോലീസ് ഞങ്ങള്‍ക്ക് പുല്ലാണ് " "ഭരണം മാറും സൂക്ഷിച്ചോ ! " എന്നിങ്ങനെ ആക്രോശിക്കും ..അതേ സി പി എം ആണ് ഇപ്പോള്‍ മാധ്യമങ്ങളുടെ വാ അടപ്പിക്കാന്‍ വേണ്ടി കച്ച കെട്ടിയിറങ്ങി കോടതിവരാന്ത കയറുന്നത് . സംഭവങ്ങള്‍ ആകെ മാറുകയാണ് .അല്ലെങ്കിലും മാറ്റം ഇല്ലാത്തത് മാറ്റം എന്ന പ്രക്രിയയ്ക്ക് മാത്രമാണ് എന്ന് മാര്‍ക്സും എംഗല്‍സും ചുമ്മാ പറഞ്ഞതല്ലല്ലോ ! ഇതുവരെ "ശുംഭന്മാര് " ആയിരുന്നവര്‍ ഇനിമുതല്‍ "യുവര്‍ ഓണര്‍" മാര്‍ ആവുകയാണ് . ഒരു മാറ്റം ആരാണ് ഇഷ്ടപ്പെടാത്തത് ?
ജസ്റ്റ് ഫോര്‍ എ ചേഞ്ച് ...
കലികാലം എന്നല്ലാതെ എന്ത് പറയാന്‍ ?