ചൊവ്വാഴ്ച, ജൂൺ 05, 2012

പിണറായിയുടെ പ്രവചനം ഫലിക്കുമോ ?

Malayalam news 5th June 2012 
നെയ്യാറ്റിന്‍കര ഉപ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ എന്തായിരിക്കും കേരള രാഷ്ട്രീയത്തില്‍ വരുന്ന  കാതലായ മാറ്റം ? 
രണ്ടാഴ്ചയില്‍ അധികമായി ചര്‍ച്ച ചെയ്യപ്പെടുന്ന  സജീവ  രാഷ്ട്രീയ  വിഷയങ്ങളില്‍ ഒന്നായിരുന്നു ഈ  ചോദ്യം .

"കേരളത്തെ ഇളക്കി മറിക്കാന്‍ പ്രാപ്തമായ  ഒരു രാഷ്ട്രീയ  ധ്രുവീകരണം ഉടന്‍ സംഭവിക്കാന്‍ പോകുന്നു ..അതിന്റെ തുടക്കമാകും 
നെയ്യാറ്റിന്‍ കര യിലെ തെരഞ്ഞെടുപ്പ്  ഫലം"  എന്ന്  ആദ്യമായി പ്രവചിച്ചത്  സി പി എം സംസ്ഥാന  സെക്രട്ടറി ശ്രീ പിണറായി വിജയനാണ് . പിണറായിയുടെ ഉള്ളിലിരുപ്പ് എന്താണ് എന്ന് ശരിക്കങ്ങോട്ട് മനസിലായില്ല എങ്കിലും നെയ്യാറ്റിന്‍ കരയെ ചൊല്ലി 
വോട്ടര്‍മാരെ സമീപിച്ച ഇടതു നേതാക്കളില്‍ പലരും പല വേദികളിലും പിണറായിയുടെ പ്രവചനം ആവര്‍ത്തിച്ചു ..
"കേരളത്തില്‍ വലിയ രാഷ്ട്രീയ മാറ്റം ഉണ്ടാകാന്‍ പോകുന്നു" 

 ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിലം പതിക്കുമെന്നും പുതിയ സര്‍ക്കാര്‍ ഉടന്‍ നിലവില്‍ വരുമെന്നും പിണറായിയുടെ പ്രവചനത്തെ വ്യാഖ്യാനിച്ചു കൊണ്ട്  മറ്റു സി പി എം നേതാക്കളും ആര്‍ എസ്.പി .നേതാവ് ചന്ദ്ര ചൂഡനും  രംഗത്ത് വരികയും മാധ്യമങ്ങളോട് ആവര്‍ത്തിക്കുകയും ചെയ്തു .എന്ത് കൊണ്ടോ സി പി ഐ .ഈ പ്രവചനത്തെ അത്ര കാര്യമായി വ്യാഖ്യാനിക്കാതിരുന്നതും ശ്രദ്ധേയമായി .
 എല്ലാവര്ക്കും അറിയാവുന്നത് പോലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് ഇപ്പോള്‍ വിരലില്‍ എന്നാവുന്ന നുറുങ്ങു ഭൂരിപക്ഷമെ ഉള്ളൂ ..പിറവത്ത് ജയിച്ചത്‌ യു ഡി എഫ് ആയത് കൊണ്ട് കണക്കില്‍ മാറ്റം വന്നില്ല . നെയ്യാറ്റിന്‍കര കിട്ടിയില്ല എങ്കിലും  അത് കണക്കില്‍ പെടാത്തതുമാണ് .ആകെ ഉടക്കി നില്‍ക്കുന്നത്  ബാല കൃഷ്ണപിള്ളയാണ് .പക്ഷെ അദ്ദേഹം എം എല്‍ എ യും അല്ല മന്ത്രിയും അല്ല . 

മുന്‍പെങ്ങും ഇല്ലാത്ത വിധം സി പി എം രാഷ്ട്രീയമായി തകര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലാണ് പിണറായിയുടെ പ്രവചനം എന്നോര്‍ക്കണം !
തെരഞ്ഞെടുപ്പിനിടയില്‍ ഒഞ്ചിയത്തെ ചന്ദ്രശേഖരന്റെ കൊലപാതകം സി പി എമ്മിന്റെ തായ്‌ വേര് ഇളക്കും വിധം കേരളമാകെ പ്രതിഷേധത്തിലാണ് ..ഒപ്പം തന്നെ ഫസലിന്റെയും ശുക്കൂരിന്റെയും കൊലപാതകങ്ങള്‍ പാര്‍ട്ടിക്കുനേരെ വാള്‍ ഓങ്ങി നില്‍ക്കുന്ന സമയം ഈ മാജിക്ക് എങ്ങനെ സംഭവിക്കും !!! 

യു ഡി എഫ് അധികാരത്തില്‍ വരുമ്പോള്‍ സി പി എം ആദ്യം പറഞ്ഞത് തന്നെ ഏതു വിധേനെയും കുതിര കച്ചവടം നടത്തി സര്‍ക്കാരിനെ താഴെയിറക്കുകയില്ലെന്നായിരുന്നു ..സി പി എം കേന്ദ്ര നേതാക്കളും അതൊക്കെ തന്നെയാണ് പറഞ്ഞത് ..പിന്നെങ്ങിനെയാണ് നെയ്യാറ്റിന്‍ കരയ്ക്ക് ശേഷം കേരത്തില്‍ രാഷ്ട്രീയ മാറ്റവും ഭരണ മാറ്റവും ഉണ്ടാകാന്‍ പോകുന്നത് ? 

എങ്ങനെ തല പുകച്ചിട്ടും തിരിച്ചും മറിച്ചും കണക്ക് കൂട്ടിയിട്ടും യു ഡി എഫ് സര്‍ക്കാര്‍ സ്ട്രോങ്ങ്‌ ആയി നില്‍ക്കാന്‍ തന്നെയാണ് സാധ്യത കാണുന്നത് ...
പറഞ്ഞത് പോലെ നെയ്യാറ്റിന്‍ കര തെരഞ്ഞെടുപ്പ് കഴിഞ്ഞു ..താമസിയാതെ  വോട്ടു പെട്ടി തുറക്കും ..ഫലവും വരും ..

 ഇത് വരെ പ്രവചനത്തില്‍ ക -മ -ഉരിയാടാതിരുന്ന സി പി ഐ ആദ്യ വെടി പൊട്ടിച്ചു കഴിഞ്ഞു ..
വലിയ ഭൂരി പക്ഷം പ്രതീക്ഷിക്കുന്നില്ല .എന്തിനധികം വിജയിക്കുമോ എന്ന് തന്നെ അറിയില്ല ..അഥവാ പരാജയപ്പെട്ടാല്‍ അതിനുത്തരവാദി ഇടുക്കിയിലെ കൊലവെരി ഗായകന്‍ മണി സഖാവ് ആയിരിക്കുമാത്രേ ..അതായത് സി പി ഐ ഉറപ്പിച്ചു കഴിഞ്ഞു  നെയ്യാറ്റിന്‍ കരയില്‍ ലോറന്‍സ്‌ മാനമായി തോല്‍ക്കുമെന്ന് ..വൈകിയാണെങ്കിലും പന്ന്യന്‍ രവീന്ദ്രന്‍ അത് പറഞ്ഞു .

പാളയത്തിലെ പട നായകനെ പോലെ സഖാവ് .വി എസ് .അച്യുതാനന്ദന്‍ ഒഞ്ചിയം ഏറ്റെടുത്തു മുന്നോട്ടു നീങ്ങുന്നുണ്ട് . പാര്‍ട്ടിക്ക് പുറത്തും അകത്തും കാണുന്നതും കേള്‍ക്കുന്നതും വച്ച് കൂട്ടി കിഴിക്കുംപോള്‍ സി പിഎം ഇപ്പോള്‍ അക്ഷരാര്ത്ഥത്തില്‍ രണ്ടായിരിക്കുകയാണ് ..പോളിറ്റ് ബ്യൂറോയെ പോലും അവഗണിച്ചു കൊണ്ട് നേതാക്കള്‍ ചേരി തിരിഞ്ഞു പരസ്പരം പഴി പറയാനും പരിഹസിക്കാനും തുടങ്ങി കഴിഞ്ഞു .അണികള്‍ പിണറായിയെയും വി എസിനെയും പട നായകനും പ്രതി നായകനുമായി പ്രതിഷ്ടിച്ചു 
തെരുവില്‍ ഇറങ്ങി കഴിഞ്ഞു .

 കൊല്ലപ്പെട്ട ചന്ദ്രശേഖരനെന്ന  കുലം കുത്തിയെയും അദ്ദേഹം  പേറുന്ന രാഷ്ട്രീയത്തെ അനുകൂലി ക്കുന്നവരെയും അച്യുതാനന്ദന്‍ പിന്‍ പറ്റി കഴിഞ്ഞു ..നെയ്യാറ്റിന്‍ കരയില്‍ വോട്ടിംഗ് നടക്കുന്ന ദിവസം തന്നെ വി എസ് .ഒഞ്ചിയത്തു എത്തി ചന്ദ്ര ശേഖരന്റെ കുടുംബത്തെ കണ്ടു ...രക്ഷത സാക്ഷിയുടെ കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി ..
ഇനി എന്താണ് ശരിക്കും സംഭവിക്കാന്‍ പോകുന്നത് ? ഒരു ശക്തിയും വകവയ്ക്കാതെ സി പി എമ്മിനെ ഇത്രയധികം വെല്ലുവിളിക്കുന്ന വി എസ് അച്യുതാനന്ദന്‍ ഇതേ രൂപത്തില്‍ സി പി എമ്മില്‍ നില്‍ക്കുമെന്ന് കരുതാന്‍ വയ്യ ..ഒന്നുകില്‍ പുറത്താക്കും അല്ലെങ്കില്‍  അദ്ദേഹം സ്വയം പുറത്തു പോകും ..

സി പി എമ്മില്‍ നിന്ന് പലകാരണങ്ങളാല്‍ തെറ്റി പിരിഞ്ഞു പോയ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരും ഡോ:ആസാദും , ഇപ്പോള്‍ ആര്‍ എം .പി യില്‍ ഒരുമിച്ചു കൂടി നില്‍ക്കുന്നവരും എല്ലാം യഥാര്‍ത്ഥ ഇടതു പക്ഷ ബദലിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സജ്ജമാകുന്ന പുതിയ ഒരു പ്രസ്ഥാനത്തിന്  രൂപം കൊടുക്കുന്ന വിധത്തില്‍ സംസ്ഥാന വ്യാപകമായി ജനങ്ങളെ സംഘടിപ്പിക്കുന്നു എന്നത് കാണാതിരുന്നു കൂടാ .
വി എസ് എന്ന നേതാവ് സി പി എമ്മില്‍ നിന്ന് പുറത്തേക്ക് വരികയാണ് എങ്കില്‍ അദ്ദേഹത്തിനുവേണ്ടി ഒരു പാര്‍ട്ടി ഒരുക്കുന്ന  തിരക്കിലാണ് അവരെല്ലാവരുമെന്നും ചിന്തിക്കാം .

പിണറായി നമ്മള്‍ വിചാരിക്കുന്ന ആള്‍ ഒന്നും അല്ല .ബുദ്ധി രാക്ഷസനാണ് .. ഇതൊക്കെ മുന്‍കൂട്ടി കണ്ടാകുമോ അദ്ദേഹം അങ്ങനെ ഒരു പ്രവചനം നടത്തിയിരിക്കുക ? അദ്ദേഹം എപ്പോളും  അടിവരയിട്ടു  പറയുന്ന ഒരു കാര്യമുണ്ട് .."നിങ്ങള്‍ക്കൊന്നും സി പി എമ്മിനെ കുറിച്ച് ഒരു ചുക്കും അറിയില്ല " എന്ന് ..ശരിയാണ് ..പിണറായി യുടെ സ്വഭാവവും ഈ  പ്രവചനവും  വച്ച് നോക്കുമ്പോള്‍ മുന്‍കൂട്ടി ഒന്നും അങ്ങോട്ട്‌ ഉറപ്പിക്കാന്‍ പറ്റുന്നില്ല . ഏതായാലും തിരഞ്ഞെടുപ്പ് കഴിഞ്ഞല്ലോ ..ആ മാറ്റം വരുമോ എന്ന് നോക്കാം ,,മാറ്റം ഇല്ലാത്തത് 
മാറ്റം എന്ന പ്രക്രിയയ്ക്ക് മാത്രമാണ് എന്ന മാര്‍ക്സിയന്‍ വചനം ഫലിക്കാതിരിക്കില്ല . പക്ഷെ യു ഡി എഫും അതിര് കവിഞ്ഞു ആഹ്ലാദി ക്കേണ്ട ..ഉണ്ണി മന്തനെ കണ്ടു പെരുമന്തന്‍ ചിരിക്കേണ്ട എന്ന് .. 

13 അഭിപ്രായങ്ങൾ:

  1. കാട്ടാക്കടക്കടുത്താണു നെയ്യാറ്റിൻകര...അതുകൊണ്ട് തന്നെ നാട്ടുകാർ പറയുന്നതും എനിക്കും കേൾക്കാം....വോട്ടുചെയ്തവർ പറയുന്നത്...കൈപ്പത്തിഛിഹ്നമാണു ഇഷ്ടപ്പെട്ടതെന്ന്...ചിലർക്ക് താമരയും ഇഷ്ടപ്പെട്ടെന്ന്.... ഇനി ഇപ്പോൾ എന്താണാവോ സംഭവിക്കുക...പതിനഞ്ചാം തീയതിവരെ ശങ്കരനു കാത്തിരിക്കാന്നും മേലാ....എന്തിരോ എന്തോ?

    മറുപടിഇല്ലാതാക്കൂ
  2. സി.പി.എം. കുറച്ച് ദുര്‍ബ്ബലമാകും എന്നത് മാത്രമാണ് ഇപ്പോഴത്തെ സംഭവികാസങ്ങളുടെ അനന്തരഫലം. അതിനപ്പുറം ഒന്നും സംഭവിക്കാ‍നില്ല. പുതിയ ഇടത്പക്ഷം വന്നിട്ടൊന്നും ചെയ്യാനില്ല. കമ്മ്യൂണിസമൊക്കെ പോയി. അത് കാലാനുസൃതമായി നവീകരിക്കണമായിരുന്നു. അതിനുള്ള ബുദ്ധിയൊന്നും ആര്‍ക്കും ഇവിടെയില്ല. ജനാധിപത്യം പോലും കക്ഷിരാഷ്ട്രീയവും തെരഞ്ഞെടുപ്പും എന്നതിനപ്പുറം ഇവിടെ വികസിച്ചിട്ടില്ല. കക്ഷിരാഷ്ട്രീയവും ഇവിടെ ശൈഥില്യം നേരിടുകയാണ്. ഇങ്ങനെയൊക്കെയാണെങ്കിലും തല്‍ക്കാലം കുഴപ്പം ഒന്നുമില്ല. രാഷ്ട്രീയമില്ലെങ്കിലും ജീവിച്ചുപോകാനുള്ള വകുപ്പൊക്കെ ആളുകള്‍ക്കുണ്ട്.

    മറുപടിഇല്ലാതാക്കൂ
  3. ആത്യന്തികമായി സി.പി.എം ഇവിടെ കേരളത്തിലും തകരും എന്ന് പറയാന്‍ വിട്ടുപോയി. ആ തകര്‍ച്ച അനിവാര്യമാണ്. ശരിയായൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോ ജനാധിപത്യപാര്‍ട്ടിയോ അല്ല സി.പി.എം. ഇന്ന്. ഏതാനും നേതാക്കള്‍ ചേര്‍ന്ന് ചാരിറ്റബിള്‍ സൊസൈറ്റികള്‍ രൂപീകരിച്ച് സ്റ്റാര്‍ ഹോട്ടലുകളും ഷോപ്പിങ്ങ് മാളുകളും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളും തീം പാര്‍ക്കുകളും ഒക്കെ ആരംഭിച്ച് വന്‍ ബിസിനസ്സ് ഇപ്പോള്‍ നടത്തിവരുന്നുണ്ട്. പേരില്‍ സൊസൈറ്റി എന്നുള്ളത്കൊണ്ട് അതൊക്കെ പാര്‍ട്ടി സ്വത്താണെന്ന് പാവം അണികള്‍ വിശ്വസിക്കുന്നു. കള്ളി വെളിച്ചത്താകുമ്പോള്‍ പാര്‍ട്ടിയെക്കൊണ്ട് വരുമാനം ഇല്ലാത്ത അനുഭാവികള്‍ സി.പി.എമ്മിനെ പൊളിച്ചടുക്കും.

    മറുപടിഇല്ലാതാക്കൂ
  4. രാഷ്ട്രീയം തന്നെ പ്രവചനാതീതമാണല്ലോ :))) ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. തൊഴിലാളി വര്‍ഗത്തിന് വേണ്ടിയെന്ന ലേബല്‍ സി പി എം മാറ്റേണ്ട കാലമായെന്ന് തോന്നുന്നു. അല്ലെങ്കില്‍ മുതലാളിത്തത്തെ എതിര്‍ക്കരുത് !

    മുതലാളിത്തത്തിന്റെ വാക്താക്കള്‍ ആകുകയും, അതെ സമയം തൊഴിലാളികള്‍ക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് മേനി പറയുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ് !

    മറുപടിഇല്ലാതാക്കൂ
  6. നെയ്യാറ്റിന്‍ കരയല്ല ഇപ്പോഴത്തെ സി പി എമ്മിന്റെ പ്രശ്നം. വസ്തുതാപരമായി ലേഖനത്തില്‍ പറഞ്ഞതെല്ലാം ശരിയാണ്. എന്നാല്‍ ഒരു മാറ്റവും സി പി എമ്മില്‍ ഉണ്ടാവാനിടയില്ല. കാരണം സി പി എമ്മില്‍ ഇപ്പോള്‍ ഉള്ളത് അച്ചടക്കമില്ലാത്ത നേതാക്കളും നിസ്സഹായരായ പോളിറ്റ് ബ്യുറോയും ആണ്. ഒരു മാറ്റത്തിന് ആര് മുന്‍ കൈ എടുക്കും.

    മറുപടിഇല്ലാതാക്കൂ
  7. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  8. ഇപ്രാവശ്യം വോട്ടു മറിയല്‍ ബിജെപിക്കാണെന്ന് കേട്ട്, അതും ചോപ്പിന്റെ പാളയത്ത് നിന്നും. ഒരു വെടിക്ക് കുറെ പക്ഷിയെ കിട്ടും. കൊണ്ഗ്രസ്സിനെ പഴിചാരാം ബിജെപിയുടെ വിജയത്തില്‍. അച്ചുതാനന്ദനെ പൂട്ടുകയും ചെയ്യാം. കുലം കുത്തി പോയവന്റെ തോല്‍വി ഉറപ്പിക്കുകയും ചെയ്യാം . അല്ലാതെന്തു ധ്രുവീകരണം. മറിച്ച വോട്ടു അടുത്ത പ്രാവശ്യം തിരിച്ച്ചിങ്ങോട്ടിട്ടാല്‍ മതിയല്ലോ. ഒരു ഇലക്ഷന്‍ പടച്ച്ചുണ്ടാക്കാനാണോ ഇപ്പൊ ഇത്ര വിഷമം. :) പെട്ടി തുറക്കുമ്പോള്‍ എന്തായാലും ഒരു ചീഞ്ഞു നാറ്റം ഉറപ്പു. അതില്‍ ആര്‍ക്കും സംശയം ഇല്ല.

    മറുപടിഇല്ലാതാക്കൂ
  9. "ഉണ്ണിമന്തനെ കണ്ട് പെരുമന്തന്‍ ചിരിക്കേണ്ട..!!!"
    നന്നായിരിക്കുന്നു.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  10. പതിനഞ്ചാം തീയതി കഴിയട്ടെ

    മറുപടിഇല്ലാതാക്കൂ
  11. പിണറായി കൈ നോട്ടവും തുടങ്ങിയോ??

    മറുപടിഇല്ലാതാക്കൂ
  12. ഇലക്ഷൻ കഴിഞ്ഞിട്ട് സംഭവിക്കുമെന്നു പറഞ്ഞ അത്ഭുതം മണി കുറച്ചു നേരത്തെ തന്നെ വെളിപ്പെടുത്തി...!!

    മറുപടിഇല്ലാതാക്കൂ
  13. മാറ്റമില്ലാത്തതൊന്നേയുള്ളൂ മാറ്റം....

    മറുപടിഇല്ലാതാക്കൂ