ചൊവ്വാഴ്ച, ജൂലൈ 24, 2012

വി എസ് ജയിച്ചു ; പാര്‍ട്ടി തോറ്റു



പാര്‍ട്ടി നേതാക്കളെയും സംഘടനാ തത്വങ്ങളെയും വെല്ലുവിളിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്ന വി എസ് അച്ചുതാനന്ദന് എതിരെയുള്ള  കേന്ദ്ര നേതൃത്വത്തിന്റെ അച്ചടക്ക നടപടി വെറും പരസ്യ ശാസനയില്‍ ഒതുക്കിയത്  ഔദ്യോഗിക പക്ഷത്തിനേറ്റ തിരിച്ചടിയെന്ന് വിലയിരുത്തല്‍ . ഒപ്പം സി പി എം ഉയര്‍ത്തിപ്പിടിക്കുന്ന ഭരണ ഘടനാ തത്വങ്ങളില്‍  വി എസിന് വേണ്ടി കേന്ദ്ര നേതാക്കള്‍ക്ക് വെള്ളം ചേര്‍ക്കേണ്ടിയും വന്നു .  . 

കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് തരം താഴ്ത്തുകയോ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയോ ചെയ്യണം എന്ന പിണറായി പക്ഷത്തിന്റെ കുറഞ്ഞ ആവശ്യം തള്ളിയാണ്   കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്രക്കമ്മിറ്റി വി എസിനെതിരെയുള്ള നടപടി പരസ്യ ശാസനയില്‍ ഒതുക്കിയത് . കടുത്ത നടപടി ഉണ്ടാകുന്ന പക്ഷം അത് വകവയ്ക്കില്ലെന്നു പോളിറ്റ് ബ്യൂറോയും കേന്ദ്രക്കമ്മിറ്റിയും ചേരുന്നതിനു തൊട്ടു മുന്‍പ്  വി എസ് മുന്നറിയിപ്പ് നല്‍കിയിരുന്നത്  അതേ പടി അനുസരിക്കുന്നത് പോലായി 
കേന്ദ്ര  നേതൃത്വത്തിന്റെ തീരുമാനം . വി എസ് അച്യുതാനന്ദനെ മാറ്റി നിര്‍ത്തിക്കൊണ്ട് കേരളത്തിലെ പാര്‍ട്ടിക്ക് ഇന്നത്തെ നിലയില്‍ മുന്നോട്ടു പോകാന്‍ കഴിയില്ല എന്ന തിരിച്ചറിവും ഉന്നത നേതൃത്വത്തിനുണ്ടായി എന്നനുമാനിക്കാം .

വി എസിനെതിരെ കടുത്ത അച്ചടക്ക നടപടി വേണം എന്നാവശ്യപ്പെട്ടത് സംസ്ഥാന സെക്രട്ടറിയേറ്റിലെ കണ്ണൂര്‍ ലോബിയാണ് .ഇവരാകട്ടെ അടുത്ത കാലത്ത് നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ പങ്കുള്ളവര്‍ എന്ന് സംശയിക്കപ്പെടുന്നവരും .
.
കൊലപാതക രാഷ്ട്രീയത്തിനും മാഫിയാ വല്‍ക്കരണത്തിനും വലതു പക്ഷ വ്യതിയാനത്തിനും എതിരെയാണ് വി എസിന്റെ പോരാട്ടം . ഈ ആവശ്യങ്ങളില്‍  ഊന്നിക്കൊണ്ടുള്ള കേന്ദ്രക്കമ്മിറ്റി യോഗത്തിലെ അദ്ദേഹത്തിന്‍റെ പ്രസംഗം ഔദ്യോഗിക പക്ഷത്തു പോലും വിള്ളല്‍ ഉണ്ടാക്കി എന്നാണ് സൂചന . വര്‍ഷങ്ങളായി പിണറായിക്കൊപ്പം നിന്നിരുന്ന തോമസ്‌ ഐസക്കിനെ പോലുള്ളവര്‍ കേന്ദ്ര കമ്മിറ്റിയില്‍ വി എസിന് വേണ്ടി വാദിച്ചു എന്നതാണ്  അദ്ദേഹത്തിന്‍റെ  നിലപാടുകള്‍ക്കുണ്ടായ നേട്ടം .മാത്രമല്ല അദ്ദേഹത്തെ അധിക്ഷേപിച്ച ടി കെ ഹംസയ്ക്കെതിരെ നടപടി എടുക്കാന്‍ തീരുമാനിപ്പിക്കുകയും  പാര്‍ട്ടി അറിവോടെ കൊലപാതകങ്ങള്‍ നടത്തി എന്ന് പ്രസംഗിച്ച ഇടുക്കി ജില്ലാ സെക്രട്ടറി എം .എം .മണിക്കെതിരെ കൂടുതല്‍ ശക്തമായ നടപടിക്കു ശുപാര്‍ശ ചെയ്യിക്കാന്‍  കഴിഞ്ഞതും വി എസിന് ണ്ടായ അധിക ലാഭം ആയി കരുതാം .
വി എസിനെതിരെ കുറ്റപത്രം തയ്യാറാക്കി കടുത്ത അച്ചടക്ക നടപടി പ്രതീക്ഷിച്ചു കേന്ദ്ര കമ്മിറ്റി യോഗത്തിനെത്തിയ കണ്ണൂര്‍ ലോബിക്കേറ്റ വലിയ ആഘാതവും ഇത് തന്നെ. 

 ഇതോടെ ടി .പി ചന്ദ്ര ശേഖരന്റെ കൊലപതകമടക്കം  ചൂണ്ടിക്കാട്ടി ഔദ്യോഗിക പക്ഷത്തെ  പ്രതിക്കൂട്ടിലാക്കിയുള്ള പ്രചരണങ്ങള്‍ക്കെതിരെ  പിണറായി പക്ഷം തുടരുന്ന  പ്രതിരോധങ്ങളും ദുര്‍ബലമായേക്കും.

കൊലപാതകങ്ങളില്‍ വി എസ് ആരോപിക്കുന്ന നേതാക്കള്‍ക്ക് പങ്കുണ്ടോ എന്നത് സംബന്ധിച്ച് പാര്‍ട്ടിതല അന്വേഷണം നടത്താനും കേന്ദ്ര കമ്മിറ്റി യോഗം തീരുമാനമെടുത്തിട്ടുണ്ട് . വി എസിന് കൂടി വിശ്വാസമുള്ള നേതാക്കളെ മാത്രമേ അന്വേഷണ കമ്മീഷനില്‍ ഉള്‍പ്പെടുത്തൂ എന്നാണ് സൂചന . ഈ തീരുമാനവും ഫലത്തില്‍ പിണറായി പക്ഷത്തിനു ഗുണം ചെയ്യില്ല എന്നാണ്  വിലയിരുത്തല്‍ .

പരസ്യ ശാസന എന്ന സാങ്കേതിക നടപടി നേരിട്ടു എന്നതൊഴിച്ചാല്‍ വി എസിന്  തന്റെ നിലപാടുകളില്‍ ഉറച്ചു നിന്ന് കൊണ്ട് നേട്ടം ഉണ്ടാക്കാനാണ് കഴിഞ്ഞ പോളിറ്റ് ബ്യൂറോ - കേന്ദ്ര കമ്മിറ്റി യോഗങ്ങളിലൂടെ അവസരം ലഭിച്ചത് . കേരളത്തിനു പുറത്തുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളെ കേരളത്തിലെ പാര്‍ട്ടിയുടെ ഇന്നത്തെ പോക്കിനെ കുറിച്ച് പഠിപ്പിക്കാനും അവരുടെ വിശ്വാസം പിടിച്ചു പറ്റാനും അദ്ദേഹത്തിനു അവസരവും കിട്ടി .

ചില തെറ്റുകള്‍ വി എസിന് സംഭവിച്ചിട്ടുണ്ടെങ്കിലും  പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന അംഗം എന്ന നിലയില്‍ അദ്ദേഹത്തിനെതിരെ കടുത്ത നടപടി എടുക്കുന്നതിനെ ഭൂരിപക്ഷം പേരും എതിര്‍ക്കുകയാണുണ്ടായത്  .

ശാസന എന്നത് പാര്‍ട്ടി അംഗങ്ങള്‍ക്ക് എതിരെയുള്ള സാധാരണ നടപടിയാണ് .അല്പം കൂടി മുന്നോട്ടു പോയാല്‍ താക്കീത് . അന്ത്യ ശാസനം തരം താഴ്ത്തല്‍  എന്നിങ്ങനെയും അച്ചടക്ക നടപടികള്‍ ഉണ്ട് . വളരെ ഗുരുതരമായ നടപടികള്‍ ചെയ്യുന്നവരെ തെറ്റിന്റെ ഗൌരവം കണക്കിലെടുത്ത് കാലപരിധി നിശ്ചയിച്ചു  സസ്പെണ്ട്  ചെയ്യുന്ന നടപടിയും ഉണ്ട് . ഒരു തരത്തിലും പാര്‍ട്ടിക്ക് ഉള്‍കൊള്ളാന്‍ കഴിയാതെ വരുമ്പോളാണ്  പാര്‍ട്ടിയില്‍ നിന്ന്  പുറത്തു കളയുന്നത് . ഈ നടപടി ക്രമങ്ങള്‍ പരിശോധിച്ചാല്‍  പ്രാഥമികവും താരതമ്യേന വീര്യം കുറഞ്ഞതുമായ ഒരു നടപടിയാണ് വി എസിനെതിരെ ഉണ്ടായതെന്ന് കാണാം .

അതേ സമയം പാര്‍ട്ടി വര്‍ഷങ്ങളായി പിന്തുടരുന്ന സംഘടനാ സംവിധാനത്തിനും ഭരണ ഘടനയ്ക്കും മേല്‍ ഉണ്ടായ ഒരു പൊളിച്ചെഴുത്തായും വി എസിനെതിരെയുള്ള ഈ നടപടിയെ വ്യാഖ്യാനിക്കാം .   

കേന്ദ്രീകൃത  ജനാധിപത്യത്തില്‍ അധിഷ്ടിതമായി പ്രവര്‍ത്തിക്കുന്ന കേഡര്‍ പാര്‍ട്ടിയാണ്  സി പി ഐ (എം ) എങ്കിലും ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിനും  അവര്‍ മുഖ്യമായ സ്ഥാനം കൊടുക്കുന്നുണ്ട് . ഈ അധികാരം ഉള്ളത് കൊണ്ടാണ് പാര്‍ടിയിലെ സാധാരണ അംഗത്തിന് പോലും ഏറ്റവും മുതിര്‍ന്ന അംഗത്തിന്റെ നടപടികളെ വരെ ചോദ്യം ചെയ്യാന്‍ ആവസരം ലഭിക്കുന്നത് . പാര്‍ട്ടി ഭരണ ഘടന അനുശാസിക്കുന്ന നടപടി ക്രമങ്ങള്‍ക്കും പാര്‍ട്ടി സംഘടനാ തത്വങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തികുകയോ തെറ്റുകള്‍ ചെയ്യുകയോ ചെയ്യുന്ന പാര്‍ട്ടി അംഗം എത്ര ഉന്നതനായാലും ആച്ചടക്ക നടപടിക്കു വിധേയനകേണ്ടി വരും എന്നതാണ്  നിയമവും 
കീഴ്വഴക്കവും . 

പരാതികളും വിമര്‍ശനങ്ങളും ഉണ്ടെങ്കില്‍ അത്  പരാതിക്കാരന്‍ അംഗമായ പാര്‍ട്ടി ഘടകത്തില്‍ ഉന്നയിക്കണം എന്നാണ് ചട്ടം .അല്ലാതുള്ളവയോ പരസ്യ വിമര്‍ശനമോ ഗുരുതരമായ അച്ചടക്ക ലംഘനമായാണ്‌  പരിഗണിക്കപ്പെടുക .
സ്വന്തം ഘടകം എന്ന നിലയില്‍ കേന്ദ്ര കമ്മിറ്റി യില്‍ ഉന്നയിക്കേണ്ടിയിരുന്ന വിമര്‍ശനങ്ങളും പരാതികളുമാണ് വി എസ് മാധ്യമങ്ങളിലൂടെ കഴിഞ്ഞ കാലങ്ങളില്‍  പരസ്യമായി പുറത്തു വിട്ടുകൊണ്ട്  പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കിയത് . നേതാക്കളെ അധിക്ഷേപിക്കുകയും പാര്‍ട്ടി നടപടികള്‍ വകവയ്ക്കില്ലെന്നും വരെ വി എസ് പറഞ്ഞു വച്ചു .

 ഈ ഭരണ ഘടനാ തത്വങ്ങള്‍ പരിശോധിക്കപ്പെടുമ്പോള്‍   ഇതെല്ലാം ഗുരുതരമായ ഭരണ ഘടനാ ലംഘനങ്ങള്‍ ആണെന്ന് സാധാരണ അംഗങ്ങള്‍ക്ക് പോലും ബോദ്ധ്യമാകും .     ആ നിയമങ്ങള്‍ വിഎസിന്റെ കാര്യത്തില്‍  നടപ്പിലായോ എന്ന വലിയ ചോദ്യം ചോദിക്കാനുള്ള അവസരം കൂടിയാണ്   അസാധാരണമായ  ഒരു നടപടിക്രമത്തിലൂടെ  സി പിഎം കേന്ദ്ര നേതൃത്വം പാര്‍ട്ടി അംഗങ്ങള്‍ക്ക്  നല്‍കിയിട്ടുള്ളത്  .ഈ ചോദ്യം  വരും നാളുകളില്‍ സി പിഎമ്മിലെ സജീവ ചര്‍ച്ചയാകും എന്നുറപ്പാണ് . 
ഇക്കാര്യത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് തൃപ്തികരമായ ഒരു മറുപടി കൊടുക്കാന്‍ പാര്‍ട്ടി നേതൃത്വം പാടുപെടുകതന്നെ ചെയ്യും . .

8 അഭിപ്രായങ്ങൾ:

  1. വര്‍ഷങ്ങളായി പിണറായിക്കൊപ്പം നിന്നിരുന്ന തോമസ്‌ ഐസക്കിനെ പോലുള്ളവര്‍ കേന്ദ്ര കമ്മിറ്റിയില്‍ വി എസിന് വേണ്ടി വാദിച്ചു എന്നതാണ് അദ്ദേഹത്തിന്‍റെ നിലപാടുകള്‍ക്കുണ്ടായ നേട്ടം.

    ഈ കാര്യം താങ്കൾ പറഞ്ഞതാണ്. ഇതിനെ വളരെ നിസ്സാരവൽക്കരിച്ച് കാണുന്ന ഏട്ടന്റെ അഭിപ്രായങ്ങൾ അധികം അറിയാനാഗ്രഹമില്ല.

    സി.പി.ഐ യിൽ നിന്ന് പൊന്നാനി സീറ്റ് പിടിച്ചെടുത്ത്,അവരെ പുകച്ച് പുറത്ത് ചാടിച്ചത് വല്ല്യേ പാർട്ടി ശക്തിപ്പെടുത്താനുള്ള ഒരു സംഘടനാ തത്വം.

    വീരേന്ദ്രകുമാറിന്റെ ജനതാദളിനെ പാർട്ടിയിൽ നിന്ന് പുകച്ച് പുറത്ത് ചാടിച്ചത്,അതിലും വലിയ പാർട്ടി തത്വം.

    ഇവരേയൊക്കെ പിണക്കുന്നതിനെന്താ ന്ന് വച്ചാൽ, പാർട്ടി നിലപാടുകളിൽ നിന്ന് വ്യതിചലിക്കാനും,സ്വന്തമിഷ്ടത്തിന് പണം വാരിക്കൂട്ടാനും ഇവരൊന്നും സമ്മതിക്കില്ല. അതാണ് കാരണം.

    ന്റെ രമേശേട്ടാ ങ്ങളീ പൊറാട്ട് നാടകത്തിൽ പോയല്ലോ പൊറോട്ടയടിക്കാൻ,ലജ്ജാകരം.മോശം. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  2. സംസ്ഥാനനേതൃത്വം: ഒരു പറ്റം വിഢിക്കൂശ്മാണ്ഢങ്ങള്‍, ഒരു കൊലപാതകം പോലും നന്നായിട്ട് ചെയ്യാനറിയാത്തവര്‍.


    (ഈ മണ്ടൂസന്റെ അഭിപ്രായം വായിച്ച് ഞാന്‍ കണ്‍ഫ്യൂഷനായി
    മണ്ടൂസാ പിണറായി ഗ്രൂപ്പ് ആണോ വീയെസ് ഗ്രൂപ്പ് ആണോ?)

    മറുപടിഇല്ലാതാക്കൂ
  3. “ചില തെറ്റുകള്‍ വി എസിന് സംഭവിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന അംഗം എന്ന നിലയില്‍ അദ്ദേഹത്തിനെതിരെ കടുത്ത നടപടി എടുക്കുന്നതിനെ ഭൂരിപക്ഷം പേരും എതിര്‍ക്കുകയാണുണ്ടായത് “ അതൊക്കെത്തന്നെയേ ഉള്ളൂ കാരണം. അല്ലാതെ വേറെ ഒന്നുമില്ല.

    മറുപടിഇല്ലാതാക്കൂ
  4. വി എസ് ഇല്ലെങ്കില്‍ പാര്‍ട്ടിയില്‍ അണികള്‍ ഉണ്ടാവില്ല എന്ന് കേന്ദ്ര നേതൃത്വം മനസിലാക്കി എന്ന് വേണമെങ്കിലും പറയാം...

    മറുപടിഇല്ലാതാക്കൂ
  5. പാര്‍ട്ടിയേക്കാള്‍ (രണ്ടു ഗ്രൂപ്പിലും)വ്യക്തി വളരുന്നു. പി ബി തീരുമാനം ഹൈ കമാണ്ട് തീരുമാനം പോലാകുന്നു.ഓരോ (കമ്യൂണിസ്റ്റ്)പാര്‍ട്ടി കോണ്‍ഗ്രസ്‌ കഴിയുംതോറും പാര്‍ട്ടി കോണ്‍ഗ്രസ്‌ പാര്‍ട്ടിയായി മാറുന്നു...
    ആനന്ദലബ്ധിക്കു ഇനിയെന്ത് വേണം

    മറുപടിഇല്ലാതാക്കൂ
  6. വി.എസിനേയും ,പിണറായിയേയും മാറ്റി നിർത്തിയാൽ പാർട്ടി രക്ഷപ്പെടും.

    മറുപടിഇല്ലാതാക്കൂ
  7. എന്തൊക്കെ പറഞ്ഞാലും ജനങ്ങൾ വി.എസ്സിനൊപ്പമാണെന്നത് പകൽ പോലെ വ്യക്തം... ആ തിരിച്ചറിവുണ്ടായാൽ പാർട്ടിക്ക് നന്ന്...

    മറുപടിഇല്ലാതാക്കൂ
  8. ടി പി കൊലയുടെ അലയൊലികള്‍ അടങ്ങിയാല്‍ അവര്‍ വി എസ് നെ പുറത്തു ചാടിക്കും.
    അപ്പോഴേക്കും വി എസ് നെ ഈ പാര്‍ട്ടിയില്‍ തന്നെ നില നിര്‍ത്തി അപഹാസ്യനാക്കുക എന്നതാണ് ഗെയിം പ്ലാന്‍.
    ഇത് മാറി കടക്കാന്‍ വി എസ്സിന് കഴിയുമോ?

    മറുപടിഇല്ലാതാക്കൂ