തിങ്കളാഴ്‌ച, ഒക്‌ടോബർ 08, 2012

കള്ളു കച്ചവടത്തിന്റെ ഉള്ളുകള്ളികള്‍


ള്ള് ഷാപ്പുകള്‍ അടച്ചു പൂട്ടണം എന്ന കോടതി നിര്‍ദ്ദേശവും അതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വിവിധ രാഷ്ട്രീയ കക്ഷികളുടെ നിലപാടുകളുമാണ് ഇപ്പോള്‍ നാട്ടിലെ പ്രധാന ചര്‍ച്ച . ഒറ്റനോട്ടത്തില്‍ നല്ല തീരുമാനമെന്ന്  ഒരു വിഭാഗം വാദിക്കുമ്പോള്‍  ഒട്ടും അനുവദനീയമായ കാര്യമല്ല കള്ള് നിരോധനം എന്ന കടുത്ത നിലപാടിലാണ്  കൊണ്ഗ്രസ്സും സി പി എമ്മും അടക്കമുള്ള പ്രമുഖ  രാഷ്ട്രീയ പാര്‍ട്ടികള്‍ . കള്ളുകച്ചവട നിരോധനത്തെ സാമുദായിക വല്ക്കരിച്ചു വിവാദമാക്കാനും ശ്രമങ്ങളാരംഭിച്ചിട്ടുണ്ട് .

കള്ളിന് നിരോധനം ഉണ്ടായാല്‍  വിദേശ മദ്യത്തിന്റെ ഉപഭോഗം കൂടും എന്നതാണ്   ഒരു വാദം. കള്ള് നിരോധിക്കാന്‍  സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്  ഇതേ സമയം തന്നെ സര്‍ക്കാരിന്റെ എതിര്‍പ്പുകളെ അവഗണിച്ചു സ്വകാര്യ ബാര്‍ ലൈസന്‍സുകള്‍ക്കു അനുമതി കൊടുത്തതിലെ പൊരുത്തക്കേടും  മുഴച്ചു നില്‍ക്കുന്നു .  ഈ മേഖലയില്‍ പണി ചെയ്യുന്ന തൊഴിലാളികള്‍ക്കു തൊഴില്‍ നഷ്ടപ്പെടും എന്നതാണ്  മദ്യ വ്യവസായ തൊഴിലാളി യൂണിയനുകളുടെ കുത്തകയുള്ള പ്രമുഖ .രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന മറ്റൊരു ന്യായം . സര്‍ക്കാരാകട്ടെ  നിര്‍ത്തിയാലും നിര്‍ത്തിയില്ലെങ്കിലും ഞങ്ങള്‍ക്കൊന്നുമില്ല എന്ന നാട്യത്തിലും തുടരുന്നു .

കേരളത്തില്‍ മുസ്ലിം ലീഗ് മാത്രമാണ് ഔദ്യോഗികമായി കള്ള് നിരോധനം വേണമെന്ന് ആവശ്യമുന്നയിച്ചിട്ടുള്ളത് . പ്രധാന സാമൂഹിക വിപത്തുക്കള്‍ക്ക് കാരണം എന്ന നിലയിലാണ് അവരുടെ ആവശ്യം .അപ്പോള്‍ വിദേശ മദ്യം തടയേണ്ടതല്ലേ എന്ന ന്യായമായ ചോദ്യം ഉയരുന്നുണ്ട് .മുന്‍പ് ആന്റണി സര്‍ക്കാര്‍ ചാരായ നിരോധനം കൊണ്ടുവന്നപ്പോള്‍ 
തൊഴില്‍ രഹിതരായി തീര്ന്നവരെ സര്‍ക്കാര്‍ വക ബിവറേജസ് കോര്‍പ്പരേഷന്‍ മദ്യ വില്പന കേന്ദ്രങ്ങളിലേയ്ക്ക് പുനരധിവസിപ്പിക്കുകയായിരുന്നു  തുടര്‍ന്ന് വന്ന  ഇടതു സര്‍ക്കാര്‍   സഹകരണ  സംഘങ്ങള്‍ രൂപീകരിച്ചു കള്ള് വില്പന തുടങ്ങുകയും ചെയ്തു .ഈ സംഘങ്ങള്‍ പുനരുജ്ജീവിപ്പിച്ചാല്‍   നാട്ടില്‍ ശുദ്ധമായ കള്ള് വില്‍ക്കാന്‍ കഴിയും എന്നാണു സി പി എമ്മിന്റെ അവകാശ വാദം .

വാദപ്രതിവാദങ്ങള്‍ ചൂടേറുന്നതിനിടയില്‍ കോടികള്‍ മറിയുന്ന കള്ളു വ്യവസായത്തിന് പിന്നിലെ യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് അല്പം  ആലോചിക്കുനത്  നന്നായിരിക്കും .ആ വഴി ചിന്തിച്ചാല്‍ കേരളത്തില്‍ ഒഴുകുന്ന  വ്യാജക്കള്ളിനെക്കുറിച്ച് ഏകദേശ രൂപം കിട്ടുകയും ചെയ്യും 

കേരളത്തിലാകമാനം ഉള്ള നൂറ്റി മുപ്പത്താറു .റെയ്ഞ്ച്കളിലായി പടര്‍ന്നു പന്തലിച്ചു കിടക്കുകയാണ് കള്ളുഷാപ്പുകള്‍ ..എല്ലാ ജില്ലകളിലുമായി കള്ളുചെത്താന്‍ കഴിഞ്ഞ സാമ്പത്തിക വര്ഷം എക്സൈസ്‌ വകുപ്പില്‍ കരമടച്ചത്   5,79,741 തെങ്ങുകള്‍ക്കാണ്. ഒരു ഷാപ്പിന്റെ പരിധിയില്‍ ചെത്താന്‍ കുറഞ്ഞത് അമ്പത് തെങ്ങ് എങ്കിലും വേണം എന്നതാണ് നിബന്ധന .എങ്കിലേ ഷാപ്പിനു ലൈസന്‍സ്  നല്‍കാന്‍ നിയമം ഉള്ളൂ .തെങ്ങ് ഒന്നിന് പ്രതിവര്‍ഷം മുപ്പതു രൂപയാണ് കരം .ഒരു തെങ്ങ്‌ ശരാശരി ഒന്നര ലിറ്റര്‍  ള്ളൂ മാത്രമേ ഉല്പാദിപ്പിക്കൂ  എന്നാണു എക്സൈസ്‌ വകുപ്പിന്റെ കണക്ക് . ഇതനുസരിച്ച്  കേരളത്തിലെ മൊത്തം പ്രതിദിന ള്ളൂല്പാദനം 8.7 ലക്ഷം ലിറ്റര്‍.   ഓരോ റെയ്ഞ്ചിലും ദിവസേന വില്‍ക്കുന്നത് 15,000 ലിറ്റര്‍ കള്ളെന്ന് എകൈ്‌സസ് വകുപ്പിന്റെ കണക്ക്. അങ്ങനെയാണെങ്കില്‍ ആകെ വേണ്ടത് ദിവസം 20.4 ലക്ഷം ലിറ്റര്‍. യഥാര്‍ത്ഥ ഉപഭോഗം ഇതിലും കൂടുതലാണെന്നാണ് കരുതുന്നത്. 

കള്ളുകച്ചവടം വഴി പ്രതിദിനം ഒന്‍പതു കോടി രൂപയില്‍ അധികം വിറ്റുവരവ് ഉണ്ടെന്നാണ്  ഏകദേശ കണക്ക് ..അങ്ങിനെയെങ്കില്‍ അധികമായി ഉല്‍പ്പാദിപ്പിക്കുന്ന കള്ളിന്റെ ഉറവിടം ഏതെന്നു കണ്ടുപിടിക്കേണ്ടി വരും ..അവിടെയാണ് കേരളത്തിലൊഴുകുന്ന വ്യാജ കള്ളിന്റെ വ്യാപ്തി എത്രയെന്നു തിരിച്ചറിയുക .

സര്‍ക്കാരും എക്സൈസ്‌ ,പോലീസ്‌ ഉദ്യോഗസ്ഥരും തൊഴിലാളി സംഘടനകളുംഅന്യസംസ്ഥാന സ്പിരിറ്റ് ലോബിയും അബ്കാരികളും  ചേര്‍ന്നുള്ള കൂട്ട് കച്ചവടമായി കള്ളുവ്യവസായം മാറിയിട്ടു ദശകങ്ങളായി .മാറി മാറി വരുന്ന സര്‍ക്കാരുകള്‍ എല്ലാം ഈ കച്ചവടത്തിനു മൌനാനുവാദം നല്‍കിയും പോന്നു ,വല്ലപ്പോഴും വ്യാജ മദ്യ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രംതാല്‍ക്കാലിക  നടപടികള്‍ എടുത്തു ജനങ്ങളെ  കബളിപ്പിക്കുന്ന സമ്പ്രദായമാണ് എന്നും നടക്കുന്നത് . വ്യാജ കള്ളുല്പാദനത്തിനു താരതമ്യേന നിരുപദ്രവകരമായ മായം കലര്ത്തുന്നത് മുതല്‍  മനുഷ്യജീവന്  ഹാനിവരുത്തുന്ന വീര്യം കൂടിയ വിഷ പദാര്‍ഥങ്ങളും രാസ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം ലാബരട്ടറട്ടറികളില്‍ ഉപയോഗിക്കുന്ന സ്പിരിറ്റ് വരെ വന്‍ തോതില്‍  വിഷക്കള്ള് ഉണ്ടാക്കാന്‍  ഉപയോഗിക്കപ്പെടുന്നുണ്ട് . ഈ വസ്തുതകള്‍  കള്ളുനിരോധനത്തെ എതിര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരും ബോധ പൂര്‍വ്വം മറച്ചു പിടിക്കുന്നതിനു പിന്നില്‍ ഈ വ്യവസായത്തിലൂടെ ഇവരിലേക്ക് അനധികൃതമായി എത്തിച്ചേരുന്ന സമ്പത്തിന്റെ ധാരാളിത്തം മാത്രമാണ് എന്ന് തിരിച്ചറിയാന്‍  പ്രയാസമില്ല .

തെങ്ങ് കൃഷി തന്നെ നഷ്ടത്തിലായ കേരളത്തില്‍ തെങ്ങില്‍ നിന്നുല്പാദിപ്പിക്കുന്ന കള്ളുവില്പന നിരോധിച്ചാല്‍ തൊഴില്‍ മേഖല നഷ്ടപ്പെടും  എന്നത് തികച്ചും വ്യാജമായ പ്രസ്താവനയാണ് . അങ്ങിനെയെങ്കില്‍ തെങ്ങ് കൃഷിയിലേക്ക് മദ്യ വ്യവസായ തൊഴിലാളികളെ തിരിച്ചു വിടാന്‍ 
സംഘടനകളും സര്‍ക്കാരുകളും മുന്കയ്യെടുക്കട്ടെ ..

വ്യാഴാഴ്‌ച, സെപ്റ്റംബർ 27, 2012

ഇലന്തിക്കരയില്‍ സംഭവിക്കുന്നത്‌ .....

Malayalam News Daily-27

ലന്തിക്കരയിലേയ്ക്കുള്ള  റോഡുകളെല്ലാം ആയുധ ധാരികളായ പോലീസിനെ കൊണ്ടു നിറഞ്ഞിരിക്കുന്നു ..എല്ലാ നീക്കവും അവരുടെ സൂക്ഷ്മ   നിരീക്ഷണത്തിലാണ്. കടല്‍വഴിയുള്ള യാത്രയ്ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ മറൈന്‍ പോലീസിനെ നിയോഗിച്ചു. നാല് സ്​പീഡ്‌ബോട്ടുകളിലായി അവര്‍  ശത്രുവിനെ തേടി റോന്തുചുറ്റുകയാണ്. 

കോസ്റ്റ്ഗാര്‍ഡിന്റെ രണ്ട് കപ്പലുകള്‍ തൂത്തുക്കുടിയിലെത്തിയിട്ടുണ്ട്. അഹല്യാദേവി, വീര എന്നീ പേരുകളുള്ള ഈ കപ്പലുകള്‍ കിഴക്കന്‍തീരം നിരീക്ഷിച്ചുവരികയാണ്. എങ്ങും യുദ്ധ സമാനമായ 
അന്തരീക്ഷം ...ഏതു നിമിഷവും ഉയരാവുന്ന നിലവിളികല്‍ക്കായി  കരയും കടലും വീര്‍പ്പടക്കി പിടിച്ചു നില്‍ക്കുന്നു .

 ജനിച്ചു പോയി എന്ന അനിവാര്യമായ തെറ്റ് സംഭവിച്ചു പോയത്   കൊണ്ട് മാത്രം മരിക്കും വരെ ജീവിക്കാന്‍  വിധിക്കപ്പെട്ട  ഒരു കൂട്ടം നിസ്സഹായരായ മനുഷ്യ ജന്മങ്ങളെ ഭസ്മീകരിക്കാന്‍ വേണ്ടി മാത്രമാണ്  ഭരണകൂടത്തിന്റെ ഈ സന്നാഹങ്ങള്‍ എന്നറിയുമ്പോളാണ്  നമ്മുടെ ശിരസ്സുകള്‍  അപമാന ഭാരം കൊണ്ട് കുനിഞ്ഞു പോവുക ...തങ്ങളില്‍ വിശ്വാസമര്‍പ്പിച്ച്  സമരമുഖത്തു   നിലയുറപ്പിച്ച  ജനതയ്ക്ക്  വേണ്ടി  സ്വയം തീപ്പന്തങ്ങളാകാന്‍  കാത്തു നില്‍ക്കുന്ന പുഷ്പരാജനെയും ഉദയകുമാറിനെയും    ഭീകരന്മാരായ രാജ്യദ്രോഹികളായി  മുദ്രകുത്തി വേട്ടയാടുന്ന തിരക്കിലാണ് തമിഴ്നാട്  സര്‍ക്കാരും  അവരുടെ പോലീസും .

പിറന്നു വീണ മണ്ണ് കാല്‍ച്ചുവട്ടില്‍ നിന്ന് നഷ്ടപ്പെടുന്നു എന്നറിയുമ്പോള്‍  അതി ജീവനത്തിനായി   പോരാടുന്ന വിലകെട്ട ജന്മങ്ങളെ പുഴുക്കളെ പോലെ ഞെരിച്ചും കാല്‍ച്ചുവട്ടിലിട്ടു ചതച്ചരച്ചും  തോക്കുകള്‍ കൊണ്ട് ചുട്ടുകരിച്ചും ഭരണകൂട ഭീകരത ലോകത്തിന്റെ  ഓരോ കോണിലും തങ്ങളുടെ അധികാരക്കോയ്മയുടെ കൊടികള്‍ നാട്ടുന്നു . വിഷം വിറ്റും .ആയുധം വിറ്റും ,കള്ള ക്കമ്മട്ടങ്ങള്‍  ഉണ്ടാക്കിയും മണ്ണും വെള്ളവും  പ്രകൃതി  വിഭവങ്ങളും വിറ്റു തുലച്ചും   ദല്ലാളന്‍ മാര്‍ക്ക്     കൂട്ട് നിന്നും  ഭരണ വര്‍ഗ്ഗം  തിമിര്‍ക്കുമ്പോള്‍   അതിനിടയില്‍ പെട്ട് പോകുന്ന നിരാലംബരുടെ നിലവിളികള്‍   ശക്തരുടെ  വാചാടോപ കോലാഹലങ്ങള്‍ക്കിടയില്‍  ഒന്നുമല്ലാതാകുന്നു. 

അന്തരീക്ഷത്തില്‍  ലയിച്ചു  പോയ   അത്തരം നിലവിളികള്‍  ഉയര്‍ന്നു താണ  വയനാടും   മുത്തങ്ങയും കാസര്‍ കോട്ടെ എന്‍ഡോ സള്‍ഫാന്‍ ദുരന്ത ഭൂമിയും ,വടുതലയിലെയും , ചെങ്ങറയിലെയും കുടിയിറക്ക്  സമരങ്ങളും   എരിഞ്ഞടങ്ങിയ അഗ്നി പര്‍വ്വതങ്ങള്‍ പോലെ ചരിത്രത്താളുകളില്‍   കരിപിടിച്ചു കിടക്കുന്നു .

തമിഴ്നാട് കന്യാകുമാരി ജില്ലയിലെ കൂടംകുളത്ത്  ജനങ്ങളുടെ എതിര്‍പ്പുകളെ മറികടന്ന് ആണവ നിലയം സ്ഥാപിക്കാനുള്ള കേന്ദ്ര സംസ്ഥാന  സര്‍ക്കാരുകളുടെ നീക്കത്തിനെതിരെ യാണ്  ഇലന്തിക്കര  എന്ന ഗ്രാമത്തിലെ ദരിദ്ര ജനങ്ങള്‍  നാനൂറു ദിവസങ്ങള്‍ പിന്നിട്ട സമരം തുടരുന്നത് ..കഴിഞ്ഞ വര്ഷം സെപ്തംബര്‍  12-ന്  ആണവ നിലയത്തിനെതിരെ രാമനാഥപുരത്തെ പരമക്കുടിയില്‍  സമരം ചെയ്ത  ജനക്കൂട്ടത്തിനു നേരെ ജയലളിതയുടെ പോലീസ് നടത്തിയ വെടിവയ്പ്പില്‍  ആറു ദളിതര്‍  മരിച്ചിരുന്നു .  അതോടെ ആ സമരം തല്‍ക്കാലം എരിഞ്ഞടങ്ങി ..എന്നാലും ചാരം  മൂടി കിടന്ന കനലുകള്‍   ഒരു കൊല്ലത്തിനിപ്പുറം വീണ്ടും ഇലന്തിക്കരയില്‍  ആളിക്കത്തുമ്പോള്‍ ഒരു പോലിസ് വെടിവെപ്പും മരണവുമുണ്ടായിരിക്കുകയാണ്. സഹന സമരത്തെ നര വേട്ടയ്ക്കുള്ള  അങ്കത്തട്ടായി   സര്‍ക്കാര്‍ മാറ്റിയപ്പോള്‍  ഭയചകിതനായി കടലില്‍ വീണു പാറക്കെട്ടില്‍  തലയിടിച്ചു  മറ്റൊരു ജീവനും പൊലിഞ്ഞു..

സമരപ്പന്തലില്‍ നിന്ന് അനുയായികളുടെ സ്നേഹപൂര്‍വ്വമുള്ള നിര്‍ബന്ധത്തിനു വഴങ്ങി  അവരുടെ നേതാവ് ഉദയകുമാര്‍  ഒളിവില്‍ പോയിരിക്കുകയാണ് . ഒളിവിലിരുന്നും അയാള്‍  തന്റെ കൂട്ടത്തിനു വേണ്ടി പോരാടുന്നു . ആ പോരാട്ട വീര്യത്തില്‍ നിന്ന് ഊര്‍ജ്ജം സംഭരിച്ചു  കുഞ്ഞു കുട്ടികളും  വൃദ്ധന്മാരും അടക്കം നൂറുകണക്കിന്  തമിഴ്  മക്കള്‍  കടലിലും കരയിലുമായി  മരണം മണക്കുന്ന സമരം തുടരുന്നു ... 

കൂന്തക്കുഴിക്കും മണപ്പാട്ടിനും മധ്യേയുള്ള ഏതോ ഒളിസങ്കേതത്തില്‍ ഉദയകുമാറുണ്ടെന്നാണ് പോലീസിന് കിട്ടുന്ന വിവരം. ഇവിടെനിന്ന് രക്ഷപ്പെടാതിരിക്കാനുള്ള വലയാണ് പോലീസ് വിരിച്ചിരിക്കുന്നത്.    സമരപ്പന്തലില്‍ കഴിയുന്നവരുടെ  വീടുകള്‍ കൊള്ളയടിക്കപ്പെടുന്നു ..മടങ്ങി ചെല്ലുമ്പോള്‍  അടയാളങ്ങള്‍ പോലുമില്ലാതെ  അവരുടെ കുടിലുകള്‍ തകര്‍ക്കപ്പെടുന്നു ..
എന്നിട്ടും  അവര്‍  പോരാടുകയാണ് ..കഴിഞ്ഞ നാനൂറു ദിവങ്ങസളായി ........

കേരളത്തിന്റെയും തമിഴ്നാടിന്റെയും  ഗ്രാമീണ ജീവിതത്തെ വകഞ്ഞു മാറ്റിക്കൊണ്ട്  കൂടങ്കുളത്തെ  താപനിലയം ഉയര്‍ന്നാല്‍   തമിഴ്‌നാടന്‍ നഗരങ്ങളില്‍   വൈദ്യതിയും വികസനവും  വരും ..വ്യവസായങ്ങള്‍  ആകാശത്തിലേക്ക് പുകക്കുഴലുകള്‍  നീട്ടി  നിവര്‍ന്നു നില്‍ക്കും .  സംസ്ഥാനം സാമ്പത്തികമായി  മെച്ചപ്പെടും .നഗരങ്ങളിലെ വിദ്യാസമ്പന്നരായ പരിഷ്ക്രുതര്‍ക്ക്  തൊഴിലുകള്‍ ലഭിക്കും ..രാഷ്ട്രം ആണവ നിലയങ്ങളുടെ ഗരിമയില്‍  തിളങ്ങി നില്‍ക്കും .

 നഗരങ്ങള്‍ വളരാനായി  ചോരയും നീരും ജീവനും കൊടുക്കുന്ന  ഗ്രാമങ്ങളാകട്ടെ വികസനത്തിന്റെ പുകക്കുഴലുകള്‍ തുപ്പുന്ന വിഷപ്പുകയേറ്റ്   ശ്വാസം കിട്ടാതെ പിടയും  ..അവരുടെ കുടിവെള്ളത്തില്‍   മാരകമായ വിഷം കലരും .മജ്ജ ചോര്‍ന്നു പോയ . ജീവ കോശങ്ങളില്‍  അര്ബുദത്തിന്റെയും    ജനിതക വൈകല്യങ്ങളുടെയും രോഗ ബീജങ്ങള്‍   നുരച്ചു  നടക്കും .അവര്‍ ജനിച്ച മണ്ണില്‍ നിന്നു ആട്ടിയിറക്കപ്പെടും ,സൂര്യകാന്തിയും  .ചോളവും , തക്കാളിയും ,കരിമ്പും വിളഞ്ഞിരുന്ന  അവരുടെ മണ്ണ്  പുല്‍നാമ്പിനു പോലും   തല നീട്ടാനാവാതെ   ഊഷരമാകും . അവര്‍  ആവാസ വ്യവസ്ഥകളില്‍ നിന്ന് കുടിയിറക്കപ്പെട്ടു  പരദേശികളെ പോലെ നാല് ദിക്കിലേക്കും  പിഴുതെറിയപ്പെടും...അതാണ്‌ ,,,അത് മാത്രമാണ് സംഭവിക്കുക .നഗരങ്ങള്‍ വളരാന്‍  ഗ്രാമങ്ങളെ   കുരുതി കൊടുക്കുന്ന   അധിനിവേശ വികസന ശക്തികളുടെ പരമ്പരാഗത  വികസന ശൈലി ഇതൊകെയാണ്  നമുക്ക് നല്‍കുന്ന പാഠങ്ങള്‍  ... 

രാജ്യം വികസിക്കുന്നതില്‍  ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനതയ്ക്ക്  വിരോധമില്ല .നഗരങ്ങള്‍ വളരുന്നതിലും .വന്‍കിടക്കാരുടെ കുടങ്ങളിലേക്ക്  മാത്രം ഇടതടവില്ലാതെ  കോരിയോഴിക്കപ്പെടുന്നതാണ്    വികസനമെങ്കിലും  അതിന്റെ വശങ്ങളിലൂടെ വീണു കിട്ടുന്ന പൊട്ടും പോടിയുമെങ്കിലും തങ്ങളുടെ ജീവിതത്തില്‍  മാറ്റമുണ്ടാക്കുമെന്ന്  പാവങ്ങളും പ്രത്യാശിക്കുന്നു .

പക്ഷെ തങ്ങളുടെ നെഞ്ചില്‍ ചവിട്ടി നിന്ന് കൊണ്ടുമാത്രമേ ഭരണ വര്‍ഗ്ഗം നാട്ടില്‍  വികസനം വരുത്തൂ എന്ന നിലപാടിന്  അവര്‍ എന്നും എതിരാണ് . അവര്‍ പോരാടുന്നത് അവര്‍ക്ക് വേണ്ടി മാത്രമല്ല ..അവര്‍ ചവിട്ടി നില്‍ക്കുന്ന മണ്ണിനെയും അവരുടെ കൃഷിയിടങ്ങളെ ഫലഭൂയിഷ്ടമാക്കുന്ന നദികളെയും ,അവരുടെ ജീവനില്‍ തണലും  സാന്ത്വനവും ആകുന്ന പ്രകൃതിയെയും  അവയെല്ലാം ഉള്‍പ്പെടുന്ന ആവാസ വ്യവസ്ഥയെയും സംരക്ഷിക്കാന്‍ കൂടി വേണ്ടിയാണ്  അവരുടെ സമരങ്ങള്‍ . കായലും കടലും മലയും താഴ്വാരവും കിളികളും മൃഗങ്ങളും കൂടി ഇല്ലെങ്കില്‍ അവരുടെ ജീവിതം 
പൂര്‍ണ്ണത നേടില്ല എന്നവര്‍ വിശ്വസിക്കുന്നു . നഗരങ്ങളിലെ ശീതീകരിച്ച മുറികളില്‍  ലാഭാക്കൊതിയോടെ  വികസന ഭൂപടങ്ങള്‍  വരയ്ക്കുന്നവര്‍ക്ക്  അതൊന്നും മനസിലാകണം എന്നില്ല . അത് പോലെ തന്നെ  പരിഷ്കൃത സമൂഹം  ഉയര്‍ത്തിക്കാട്ടുന്ന വികസന നേട്ടങ്ങളുടെ ഏറ്റക്കുറച്ചില്‍  വിലയിരുത്താനും ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന കുതിപ്പുകളുടെ ഗ്രാഫ്  വിശകലനം ചെയ്യാനും ഉള്ള ജ്ഞാനം  ഇല്ലെങ്കിലും കൂടം കുളത്ത് എന്നല്ല  എവിടെ  ആണവ നിലയം വന്നാലും അത് സര്‍വ്വ നാശമാണ്  ആത്യന്തികമായി കൊണ്ടുവരിക  എന്ന്  പാവപ്പെട്ടവരേങ്കിലും ആ  ജനങ്ങളെ ആരും പഠിപ്പിച്ചു കൊടുക്കണം എന്നില്ല. 

സോവ്യറ്റ് യൂണിയനിലെ  ചെര്‍ണോബിലും ,ജപ്പാനിലെ ഹുകുഷിമയിലും    ത്രീ മെയില്‍ ഐലണ്ടിലും ഉണ്ടായ വന്‍ ദുരന്തങ്ങള്‍  ചരിത്രത്തില്‍  ഉണങ്ങാത്ത  വ്രങ്ങളായി  ലോക ജനതയെ വേദനിപ്പിച്ചു നില്‍ക്കുന്നു ..ഫുകുഷിമ ദുരന്തത്തിന്റെ തീവ്രത മനസിലാക്കിയതോടെ  ജപ്പാനിലെ അമ്പത്തിനാലാമാത്തെ ആണവ നിലയവും അവര്‍ അടച്ചു പൂട്ടി . അപരിഹാര്യമായ കെടുതികള്‍ മൂലം ലോക രാഷ്ട്രങ്ങള്‍  വലിച്ചെറിഞ്ഞ കാലഹരണപ്പെട്ട ആണവ സാങ്കേതിക വിദ്യ അതേപടി നടപ്പാക്കാനാണ് ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വം  ശ്രമിച്ചു കൊണ്ടിരിക്കുന്നത് . 
ജലസത്യഗ്രഹം 
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട  ജനസമൂഹങ്ങള്‍ക്കിടയില്‍ അപ്രതീക്ഷിതവും മുഖ്യ ധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളാല്‍ നാളിതുവരെ പരീക്ഷിക്കപ്പെടാതിരുന്നതുമായ സമരമുറകള്‍
ഉയര്ന്നുവരുന്നതാണ് അടുത്ത കാലത്തായി കണ്ട  അതി ശക്തമായ പ്രതിരോധങ്ങള്‍ .അക്രമങ്ങളും .കയ്യൂക്കും .സംഘടിത ശക്തിയും പണാധിപത്യവും കൊണ്ടു മുഖ്യ രാഷ്ട്രീയ കക്ഷികള്‍ എല്ലാം തന്നെ സമരങ്ങളെ സംഘര്‍ഷ ഭരിതവും  പ്രാകൃതവുമാക്കുമ്പോള്‍ തികച്ചും സമാധാനപരവും ക്ഷമയിലും അഹിംസയിലും  അധിഷ്ടിതവുമായ 
ഗാന്ധിയന്‍ സമര രൂപങ്ങളുടെ തനിമയാണ്  അധിനിവേശ ശക്തികള്‍ക്കെതിരെ ഇന്ത്യന്‍ ഗ്രാമങ്ങളില്‍  സുസംഘടിതമായി ഉയര്‍ന്നു വരുന്നത് . അതില്‍ ഈയിലെ പ്രചാരം നേടിയ ഒന്നാണ് ജല സത്യാഗ്രഹം . 
നര്‍മ്മദാ തീരങ്ങളില്‍ മധ്യപ്രദേശ് സംസ്ഥാനത്തിന്റെ ഭാഗമായ കാണ്ഡ്‌വ ജില്ലയില്‍പ്പെട്ട ഓംകാരേശ്വര്‍, ഹര്‍ദ ജില്ലയില്‍പ്പെട്ട ഇന്ദിരാസാഗര്‍ എന്നീ ഡാമുകളുടെ പരിസരങ്ങളിലെ പതിനായിരങ്ങള്‍ നടത്തിവന്ന ജലസമരം വിജയകരമായിരുന്നു  ഓംകാരേശ്വര്‍ ഡാമിലെ ജലനിരപ്പ് 193 മീറ്ററായി ഉയര്‍ത്തിയത് 183 മീറ്ററെന്ന പഴയ സ്ഥിതിയിലേക്ക് പുനസ്ഥാപിക്കാമെന്നും ഭൂമിക്ക് നാശനഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. വിഷയങ്ങള്‍ പഠിക്കുന്നതിന് മൂന്നംഗ മന്ത്രി തല സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി സമരക്കാര്‍ക്ക് ഉറപ്പു കൊടുത്തിരുന്നു .

വെള്ളത്തില്‍ കഴുത്തോളം മുങ്ങിനിന്നുകൊണ്ട് രണ്ടാഴ്ചയിലധികമായി സമരം നടത്തുകയായിരുന്ന സത്യഗ്രഹികളില്‍ പലര്‍ക്കും ശരീരത്തില്‍ പൊള്ളലേറ്റതിന് സമാനമായ രീതിയില്‍ തൊലി പൊളിയുകയും മറ്റും സംഭവിച്ചെങ്കിലും . ഇവരില്‍ പലരും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും വിജയം വരെ ജീവനെ തൃണവല്‍ഗണിച്ചു  അഹിംസാ സമരത്തില്‍ അവര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു . ഈ സമരത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടു 
മധ്യപ്രദേശിലെ ഇന്ദിരസാഗര്‍ ഡാമിലെ ജലനിരപ്പ് താഴ്ത്തണമെന്നാവശ്യപ്പെട്ടു ഹര്‍ദയില്‍ ജലസമരം നടത്തിയവരെ പൊലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിച്ചിരുന്നു അമ്പതോളം ഗ്രാമീണരാണു ഹര്‍ദയില്‍ പതിനാലു ദിവസം ജലസമരം നടത്തിയത്  . അനുകൂല തീരുമാനം ഉണ്ടാകുംവരെ കഴുത്തറ്റം വെള്ളത്തില്‍ നിന്നു സമരം തുടരുമെന്ന നിലപാടാണു ഗ്രാമീണര്‍ സ്വീകരിച്ചത്. സമാന സ്ഥിതി നിലനിന്നിരുന്ന ഖാണ്ഡ് വയില്‍ സമരം വിജയിച്ചത് ഇവര്‍ക്കു പ്രതീക്ഷ നല്‍കി. എന്നാല്‍  സെപ്തംബര്‍ 12 നു പുലര്‍ച്ചെ  സമരക്കാരെ പിന്തിരിപ്പിക്കാന്‍ പൊലീസ് എത്തിയതോടെ സ്ഥിതിഗതികള്‍ വഷളായി. സമരക്കാര്‍ കരയിലേക്കു കയറാന്‍ വിസമ്മതിക്കുകയും കൂടുതല്‍ ആഴത്തിലേക്കു നീങ്ങുകയും ചെയ്തു. തുടര്‍ന്നു പൊലീസ് ഇവരെ ബലം പ്രയോഗിച്ചു നീക്കുകയായിരുന്നു. ഗ്രാമീണരുടെ ഭാഗത്തു നിന്നു ശക്തമായ പ്രതിഷേധമാണു പൊലീസിനു നേരെ ഉണ്ടായത്. തല്‍സമയ സംപ്രേഷണം തടയുന്നതിനായി ചാനലുകളുടെ കേബിളുകള്‍ പൊലീസ് വിച്ഛേദിച്ചു. പ്രത്യേക സാഹചര്യം പരിഗണിച്ചു മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 19 ഗ്രാമങ്ങള്‍ക്കു ഭീഷണിയായിട്ടും ജലനിരപ്പ് താഴ്ത്തില്ലെന്നായിരുന്നു  സര്‍ക്കാര്‍ നിലപാട്. 

കൂടം കുളത്തും ആവര്‍ത്തിക്കപ്പെട്ട സമാധാനപൂര്‍ണ്ണമായ ഈ സമരത്തെ ഇല്ലാതാക്കാനാണ് പോലീസ് തൂത്തു ക്കുടിയില്‍ വെടിയുതിര്‍ത്തതും ഒരാളെ കൊലയ്ക്കു കൊടുത്തതും എന്നോര്‍ക്കണം . സമരത്തില്‍ ലാത്തിയടിയേറ്റ് കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധരും അടക്കം ആയിരക്കണക്കിന് ആളുകള്‍ക്കാണ്  പരുക്കേറ്റത് .. കൂടംകുളം ആണവനിലയത്തില്‍ ഇന്ധനം നിറക്കാനൊരുങ്ങുന്നതില്‍ പ്രതിഷേധിച്ച് ഗ്രാമവാസികള്‍ ആണവനിലയം ഉപരോധിക്കുകയായിരുന്നു  കണ്ണീര്‍വാതകം പ്രയോഗിച്ചു. ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് തിരുച്ചെന്തൂരിനടുത്ത മണപ്പാട്ട് പോലീസ്‌സ്റ്റേഷന്‍ ഉപരോധിച്ച ഗ്രാമീണര്‍ക്കുനേരെയുണ്ടായ പോലീസ് വെടിവെപ്പിലാണ്  തൂത്തുക്കുടി ജില്ലയിലെ മണപ്പാട് ഗ്രാമത്തില്‍ നിന്നുള്ള അന്തോണി രാജ് (45) കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്ന് തൂത്തുക്കുടി , തിരുനെല്‍വേലി ജില്ലകളില്‍ കനത്തസംഘര്‍ഷം നിലനില്‍ക്കുകയാണ്.

കൂടംകുളം ആണവനിലയത്തില്‍ ആണവഇന്ധനം നിറയ്ക്കുന്നത് നിര്‍ത്തിവെക്കുക, സമരസമിതി നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കുക, സമരവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തവരെ വിട്ടയയ്ക്കുക, പോലീസ് അതിക്രമത്തിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്  സമരക്കാര്‍ ജലസത്യാഗ്രഹം നടത്തുന്നത് . കടല്‍ക്കരയില്‍  ആള്‍ താഴ്ചയില്‍ കുഴികള്‍ നിര്‍മ്മിച്ച്‌  ശരീരം മുഴുവന്‍ മണ്ണിനടിയില്‍ പൂഴ്ത്തിയ അവരുടെ തലകള്‍ മാത്രം ഭരണകൂടത്തിന്‍റെ നെറികേടുകള്‍ക്കെതിരെ    മുദ്രാവാക്യം മുഴക്കുന്ന ബോംബുകള്‍ പോലെ ഉയര്‍ന്നു നില്‍ക്കുകയാണ് .. 

സംഘര്‍ഷം കണക്കിലെടുത്ത് വന്‍ പോലീസ്‌സംഘമാണ് കൂടംകുളത്തും പരിസരങ്ങളിലും ക്യാമ്പ്‌ചെയ്യുന്നത്.
ജലസത്യാഗ്രഹം തുടരുകയും ചെയ്യുന്നു . ഇടിന്തകരൈയിലും പരിസരങ്ങളിലുമുള്ള നൂറുകണക്കിന് നാട്ടുകാര്‍ ആണവനിലയവിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തി കടലില്‍ മുന്‍പ് മനുഷ്യച്ചങ്ങലയും  തീര്‍ത്തിരുന്നു .

ആണവോര്‍ജവിരുദ്ധ ജനകീയസമിതി നടത്തുന്ന സമരം ഗ്രാമങ്ങളില്‍  നിന്ന് നഗരങ്ങളിലേയ്ക്കും പടരുകയാണ് . ചെന്നൈയില്‍  ഈ സമരവുമായി ബന്ധപ്പെട്ടു  രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു . ഉദയകുമാറിന്റെ അടുത്ത അനുയായികളാണ് ഇരുവരുമെന്നും ചെന്നൈയില്‍ പ്രക്ഷോഭത്തിന് പ്രേരിപ്പിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളതെന്നും പോലീസ് പറയുന്നു . സമരസമിതി നേതാക്കളായ ഉദയകുമാര്‍, പുഷ്പരാജന്‍ തുടങ്ങിയവര്‍ക്കെതിരെ ദേശദ്രോഹമുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ്  പോലീസ് കേസെടുത്തിട്ടുത് .

 സമരം നടത്തുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇടിന്തക്കരൈയിലേക്ക് വരാന്‍ ശ്രമിച്ച പെരിയാര്‍ ദ്രാവിഡകഴകം നേതാവ് കൊളത്തൂര്‍ മണി ഉള്‍പ്പെടെ 250-ഓളം പേരെ  തൂത്തുക്കുടിക്കുസമീപം പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു . ദ്രാവിഡകഴകത്തില്‍ നിന്നുളളവരെക്കൂടാതെ നാന്‍ തമിഴര്‍ ഇയക്കം, തമിഴ്‌നാട് മുസ്‌ലിം മുന്നേറ്റ കഴകം എന്നിവയില്‍ നിന്നുള്ള പ്രവര്‍ത്തകരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. കൂടംകുളം ആണവവിരുദ്ധ സമിതിയുടെ സമരത്തിന് പിന്തുണയുമായി എത്തിയവരെയാണ് അറസ്റ്റ്‌ചെയ്ത് മാറ്റിയത്  സമരം നടത്തുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വിടുതലൈ ചിരുതൈകള്‍ കക്ഷി നേതാവ് തിരുമാവളവനും  ഇലന്തിക്കരയില്‍ എത്തിയിരുന്നു .

നീതി ന്യായ വ്യവസ്ഥിതിയും പാവങ്ങള്‍ക്കെതിര് 
കൂടംകുളം ആണവനിലയത്തിന് അപകടം സംഭവിച്ചാല്‍ റിയാക്ടര്‍ സ്ഥാപിച്ച റഷ്യന്‍കമ്പനിക്കും ഉത്തരവാദിത്വം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട  പൊതുതാല്‍പ്പര്യഹര്‍ജി നല്‍കപ്പെട്ടിരുന്നു 

റഷ്യന്‍കമ്പനിയെ എല്ലാ ബാധ്യതകളില്‍നിന്നും കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി കൊടുത്തതായി ഹര്‍ജിയില്‍ ആരോപണമുണ്ട് . സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍, കോമണ്‍കോസ് എന്നീ സംഘടനകളാണ് ഹര്‍ജിക്കാര്‍. ആണവനിലയം പൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയസമരം ശക്തമാകുന്നതിനിടെയാണ് സന്നദ്ധ സംഘടനകള്‍ കോടതിയെ സമീപിച്ചത്. 
എന്നാല്‍ കൂടംകുളം ആണവനിലയത്തില്‍ ഇന്ധനം നിറയ്ക്കുന്നത് നിര്‍ത്തിവെക്കണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. കൂടംകുളത്തെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തുമാത്രമേ മുന്നോട്ടുപോകാവൂ എന്ന നിര്‍ദ്ദേശമാണ്  സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിന്  നല്‍കിയത് .  
അപകടമുണ്ടായാല്‍ ഉത്തരവാദിത്വം റിയാക്ടര്‍ നല്‍കിയവര്‍ക്കാണെന്ന് 2010-ലെ ആണവബാധ്യതാനിയമം അനുശാസിക്കുന്നുണ്ട്. ഇതിനെതിരാണ് റഷ്യന്‍ സര്‍ക്കാറും കേന്ദ്രസര്‍ക്കാറും ഒപ്പുവെച്ച കരാര്‍.

പദ്ധതിയുമായി ബന്ധപ്പെട്ട് റഷ്യയുമായി ഒപ്പുവെച്ച എല്ലാ കരാറുകളും കോടതിമുമ്പാകെ ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അതേ സമയം  കൂടംകുളത്തെ ആണവ റിയാക്ടറുകളില്‍ ഇന്ധനം നിറയ്ക്കുന്ന നടപടി സ്റ്റേ ചെയ്യണം എന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല .
ജനങ്ങള്‍ക്ക്‌  ദോഷം ഉണ്ടാകാതെ ഇന്ധനം നിറയ്ക്കാം എന്നാണു കോടതിയുടെ നിര്‍ദ്ദേശം ..ഇന്ധനം നിറയ്ക്കുന്ന ഘട്ടം മുതല്‍ അണുവികിരണം ഉണ്ടാകാനുള്ള സാധ്യതകള്‍ ആരംഭിക്കുന്നു എന്നിരിക്കെ എന്ത് മുന്‍കരുതല്‍ നടപടിയാകും ഇക്കാര്യത്തില്‍  അധികൃതര്‍ക്ക് എടുക്കാന്‍ കഴിയുക ? 
സുരക്ഷയെക്കുറിച്ചറിയാന്‍ ജനങ്ങള്‍ക്ക്‌  അവകാശമുണ്ടായിരിക്കുമെന്നും കോടതി പറയുന്നുന്ടെങ്കിലും അവരുടെ ഭീതിയകറ്റാനുള്ള  നടപടികള്‍ ആര്‍ക്കാണ് നടപ്പില്‍ വരുത്താന്‍ കഴിയുക ?
പ്രശാന്ത്ഭൂഷണ്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുരക്ഷയുമായി ബന്ധപ്പെട്ട 17 നിബന്ധനകളില്‍ 11 എണ്ണവും നടപ്പാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ ആണവനിലയത്തില്‍ ഇന്ധനം നിറയ്ക്കുന്നത് നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. 

 ഇന്ധനം നിറയ്ക്കല്‍ തുടങ്ങാനിരിക്കെയാണ് കൂടംകുളത്ത് പ്രതിഷേധം തുടങ്ങിയത്. എന്നാല്‍, ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയ 17 നിബന്ധനകള്‍ വര്‍ധിത സുരക്ഷയ്ക്കുള്ളത് മാത്രമാണെന്നും ആണവനിലയം സുരക്ഷിതമാണെന്നും കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ഗുലാം ഇ. വഹന്‍വതി കോടതിയെ അറിയിച്ചു.  രണ്ടു മാസത്തിന്നകം നിലയം കമ്മീഷന്‍ ചെയ്യുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത് . 
രാഷ്ട്രീയ സാംസ്കാരിക നേതൃത്വം മൌനത്തില്‍ 
ഇന്‍ഡോ -അമേരിക്കന്‍ കരാറിനെതിരെ പ്രമേയം പാസാക്കുകയും അതിശക്തമായ കാംപയിനുകള്‍ സംഘടിപ്പികുകയും ചെയ്ത സി പിഎം അടക്കമുള്ള ഇടതു വലതു രാഷ്ട്രീയ 
കക്ഷികള്‍ എല്ലാം തന്നെ കൂടം കുളത്തെ ആണവ റിയാക്ടറുകള്‍ക്കെതിരെ നിലപാട് എടുക്കാതിരുന്നത്  ശ്രദ്ധേയമാണ് . സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് വേണ്ടി കൂടംകുളത്തെ അനുകൂലിച്ചു പ്രകാശ് കാരാട്ട് പുറപ്പെടുവിച്ച പ്രസ്താവന ബുദ്ധിമോശമായി പോയെന്നും ആണവ നിലയങ്ങള്‍ ലോകത്തിനു മാരകമായ വിപത്തുകള്‍ മാത്രമേ ആത്യന്തികമായി സംഭാവന ചെയ്തിട്ടുള്ളൂ എന്ന പഴയ പാര്‍ട്ടി നിലപാട് ഓര്‍ത്തെടുത്തു പറഞ്ഞത്  വി എസ്  അച്യുതാനന്ദന്‍ മാത്രമായി എന്നതും ചരിത്ര രേഖയായി .

പരിസ്ഥിതി പ്രവര്‍ത്തകരും പ്രകൃതി സ്നേഹികളും ഐക്യദാര്‍ഡ്യം പുലര്‍ത്തിയ   കൂടം കുളം ആണവ വിരുദ്ധ സമരത്തില്‍ ഇടപെട്ടു കൊണ്ടു ജ്ഞാനപീഠം ജേതാവ്  മഹാശ്വേതാ ദേവി യു പി എ അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് എഴുതിയ കത്തില്‍ 
കൂടംകുളത്തുപോയി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയണമെന്ന് ആവശ്യപ്പെട്ടിരുന്നു . ജനങ്ങളോട് ഇടപെടേണ്ടത് അലിവോടെയായിരിക്കണമെന്ന ടാഗോറിന്റെ വരികളും കത്തില്‍ അവര്‍ ഉദ്ധരിച്ചു .
ആണവനിലയ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവരുടെ വീടുകളില്‍ പോലീസ് നടത്തുന്ന അതിക്രമങ്ങള്‍ ഞെട്ടിപ്പിക്കുന്നവയാണെന്ന് കത്തില്‍ പറയുന്നു. പലരേയും പോലീസ് അജ്ഞാത സ്ഥലങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. വീടുകളില്‍ സമാധാനത്തോടെ ജീവിക്കുന്നതിനുള്ള അവസരം വീണ്ടെടുത്തുതരണമെന്നും പോലീസ് അറസ്റ്റു ചെയ്തുകൊണ്ടു പോയവരെ മോചിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. 

ഭരണ കൂടങ്ങള്‍ ആര്‍ക്കു വേണ്ടി ? അവര്‍ ആരെയാണ് ഭയപ്പെടുന്നത് ?

രാജ്യത്തെ ഭരണം കയ്യാളുന്നവര്‍ ആരെയാണ് പ്രതി നിധാനം ചെയ്തു കൊണ്ടിരിക്കുന്നത് എന്ന ചോദ്യം എന്നും എപ്പോളും പ്രസക്തമായി നിലനില്‍ക്കുകയാണ് .
ന്യൂന പക്ഷമായ സമ്പന്ന വര്‍ഗ്ഗങ്ങളെ തീറ്റി പോറ്റാന്‍ കൃഷിഭൂമിയില്‍ മണ്ണിനോടും പ്രകൃതി യോടും മല്ലടിച്ചും ഉടുമുണ്ട് നന്നായി മുറുക്കിയുടുത്തും ജീവിക്കുക്കുന്ന കോടാനു കോടി ഭാരത പൌരന്മാര്‍ക്ക് വേണ്ടിയോ ? സകല സൌഭാഗ്യങ്ങളും അനുഭവിച്ചു  സമ്പത്തും അധികാരവും ഉപയോഗിച്ച് ജനാധിപത്യ ത്തിന്റെ നെടും തൂണുകളെ അപ്പാടെ കൈപ്പിടിയില്‍ ഒതുക്കി ചൂണ്ടു വിരല്‍ അടക്കി നിര്‍ത്തുന്ന  മുതലാളി വര്‍ഗ്ഗത്തിന് വേണ്ടിയോ ?  

ഇത്തരമൊരു സാമൂഹിക വ്യവസ്ഥിതിയില്‍ ആര്‍ക്കാണ് ആധിപത്യം ലഭിക്കുക ? ആര്‍ക്കു വേണ്ടിയുള്ള നിയമങ്ങളാവും നടപ്പിലാവുക ? ആണ്ടോടാണ്ട് വരുന്ന ജനാധിപത്യം സംസ്ഥാപന  പ്രക്രിയയില്‍  വരിവരിയായി ചെന്നു  മൂലധന ശക്തികള്‍  മുന്നോട്ടു പൊള്ളയായ വാഗ്ദാനങ്ങളില്‍ കുരുങ്ങി അവരുടെ   പണക്കൊഴുപ്പില്‍  എറിഞ്ഞു കിട്ടുന്ന  പച്ചനോട്ടുകളോ 
ലഹരിയോ കളര്‍ ടീവിയോ നാണം മറയ്ക്കാനുള്ള  ഉടുതുണിക്ക്‌ മറു തുണിയായി കിട്ടുന്ന കോറ ത്തുണിയോ വാങ്ങി വിവേചനാധികാരം പണയപ്പെടുത്തുന്ന വോട്ടു യന്ത്രങ്ങള്‍ മാത്രമായി ജനങ്ങള്‍ രൂപാന്തരപ്പെട്ടിരിക്കുന്നു ..
തങ്ങളുടെ അന്തകരെ അധികാരത്തിലേറ്റാന്‍ ചൂണ്ടു വിരല്‍ നഖത്തില്‍ കറുത്ത മഷി വീഴുന്ന    ആ ഒരു ദിനം മാത്രം അവര്‍ രാജാവായി വാഴിക്കപ്പെടുന്നു ..പിന്നേ എല്ലാം പഴയത് പോലെ ആരൊക്കെയോ ചേര്‍ന്നു അവന്റെ ചോരയും മജ്ജയും മാംസവും പങ്കിട്ടു ഭക്ഷിക്കുന്നു ..പ്രതിഷേധ സൂചകമായി ഒന്ന് ഞരങ്ങാല്‍ പോലും കഴിയാതെ അവന്‍ ആരുടെയൊക്കെയോ ഭക്ഷണമാകുന്നു ..

ചൊവ്വാഴ്ച, സെപ്റ്റംബർ 25, 2012

നടന വൈഭവത്തിന് വിട ......ലയാളക്കരയില്‍ പ്രൊഫഷനല്‍  നാടകങ്ങള്‍  പൊടിപൊടിച്ച  എണ്‍പതുകളിലെ ഓരോര്മയാണ് .. നാടകങ്ങളില്‍ ഹരം കയറി അത് കാണാനും കണ്ടത് കൂട്ടം കൂടിയിരുന്നു ചര്‍ച്ചചെയ്യാനും കൂട്ടുകാരുമൊത്ത്   ഉത്സവപ്പറമ്പുകളില്‍   നിന്ന് ഉത്സവ പ്പ പറമ്പുകളിലേക്ക് പാറി നടന്നിരുന്ന  കൌമാര കാലത്ത്    അരൂര്‍ കാര്‍ത്ത്യായനി ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച്  ഒരു നാടകം  ഉണ്ടായിരുന്നു  .ശ്രീ .പി ജെ ആന്റണി എഴുതിയ തീ . നാടകം സംവിധാനം ചെയ്തതും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും തിലകന്‍ . കേട്ടവര്‍ കേട്ടവര്‍ ഉത്സവ പറമ്പിലേക്ക് വച്ചു പിടിച്ചു .

 നാടകത്തിലും എഴുത്തിലും  സിനിമയിലും  ജീനിയസ് ആയിരുന്ന പീ ജെ ആന്റണിയുടെ വലം കയ്യായിരുന്നു അന്ന് തിലകന്‍ . സിനിമയില്‍ ഒന്ന് മുഖം കാണിച്ചു വരുന്നതെ ഉള്ളൂ എങ്കിലും നാടക നടന്‍  സംവിധായകന്‍ എന്നീ നിലകളില്‍ ഏറെ  പ്രശസ്തന്‍     1979  ഇല് സംഭവിച്ച  പീ ജെയുടെ വേര്‍പാടിന് ശേഷം അതുപോലെ അരങ്ങിലും സിനിമയിലും ഒരേ പോലെ കഥാപാത്രങ്ങളുടെ ആത്മാവ്  കണ്ടെത്തി അഭിനയിച്ച    ഒരു നടന്റെ ശൂന്യത പ്രേക്ഷകര്‍  അനുഭവിക്കുന്ന ഒരു കാലം കൂടിയായിരുന്നു അത് . ഏറെക്കാലം ഒരു സഹോദരനെ പോലെ പീ ജെ കൊണ്ടുനടന്ന തിലകന്‍   പിന്നീട് സ്വാഭാവികമായും പീ ജെ തീയെറ്റെഴ്സിന്റെ    മുഖ്യ ചുമതലക്കാരനായി മാറുകകയായിരുന്നു  ,
ഉത്തസവ ചടങ്ങുകള്‍ ഒതുങ്ങി ..ലൈറ്റുകള്‍ അണഞ്ഞു  അരൂര്‍ അമ്പലം വെളി എന്നറിയപ്പെടുന്ന ആ വലിയ മൈതാനം മണ്ണ് കിള്ളിയിടാന്‍ പോലും ഇടയില്ലാത്ത വിധം ജന നിബിഡമായിരുന്നു .വര്‍ഷത്തില്‍ ഒരിക്കല്‍  അമ്പല പറമ്പുകളില്‍ അവതരിപ്പിക്കപ്പെടുന്ന കാമ്പുള്ള നാടകങ്ങളെ ജനം ഏറെ സ്നേഹിക്കുകയും   അതിലെ ഡയലോഗുകള്‍    പറഞ്ഞു കൊണ്ടു നടക്കുകയും ചെയ്യുന്ന ഒരു സുവര്‍ണ്ണ കാലംകൂടി  ആയിരുന്നു അത് .   ഇതിനകം സിനിമയില്‍  ചില  വേഷങ്ങള്‍  ചെയ്ത തിലകന്‍ എന്ന  നടന്‍ ആ നാടകത്തില്‍  അഭിനയിക്കുന്നു എന്ന സവിശേഷത    ജനക്കൂട്ടം പതിവില്‍ അധികമായി  വര്‍ദ്ധിക്കാന്‍  കാരണമായി  . എങ്ങും സമ്പൂര്‍ണ്ണ നിശബ്ദത .നാടകം തുടങ്ങി ..പ്രധാന കഥാപാത്രങ്ങള്‍   രംഗത്തു  വന്ന്‍   അഭിനയം തുടങ്ങി ..     സൂക്ഷ്മതയും സ്വാഭാവികതയും ഉള്ള അഭിനയം കൊണ്ടും ഗാംഭീര്യമാര്‍ന്ന ശബ്ദം കൊണ്ടും അതില്‍ കേന്ദ്ര കഥാപാത്രമായ  നടന്‍  ചുരുങ്ങിയ സമയം കൊണ്ടു കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റി.

ഇതിനിടയില്‍ കാണികള്‍ക്കിടയില്‍  പിന്‍ നിരയില്‍ എന്തോ പ്രശ്നം  . .അത് ബഹളമായി  ഉയര്‍ന്ന്   സ്റ്റേജിനു മുന്നില്‍ ഇരിക്കുന്നവര്‍ക്ക്  നാടകത്തിലെ സംഭാഷങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയാത്തവിധം നിയന്ത്രണാതീതമായി .ആകെ  കോലാഹലം .പെട്ടെന്ന് പ്രധാന നടന്റെ ഇടി വെട്ടുപോലുള്ള ശബ്ദം മുഴങ്ങി ..ദൂരേക്ക്‌ കൈകള്‍ വീശിയെറിഞ്ഞു നാടകത്തിലെ മര്‍മ്മ പ്രധാനമായ ഒരു സംഭാഷണം  പോലെ അദ്ദേഹം കാണികളെ നോക്കി പറഞ്ഞു:
".എന്താ അവിടെ പ്രശനം ? നിങ്ങള്‍ എല്ലാവരും കൂടി  നാടകം കളിക്കാന്‍  വിളിച്ചുവരുത്തിയ കലാകാരന്മാരാണ് ഞങ്ങള്‍  .. വിളിച്ചു വരുത്തി ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോള്‍  ബഹളം ഉണ്ടാക്കി അപമാനിക്കുന്നതാണോ മര്യാദ ? ഈ കോലാഹലം  ഇപ്പോള്‍ നിര്‍ത്തിയില്ലെങ്കില്‍ നാടകം കളിക്കാതെ ഞങ്ങള്‍ ഞങ്ങളുടെ പാട്ടിനു പോകും ..." 

   സ്വിച്ച്  ഇട്ടതു പോലെ ബഹളം നിലച്ചു .അരങ്ങത്തും  സദസ്സിലും എന്താണ്  .സംഭവിക്കുന്നത്‌  എന്നറിയാതെ ജനക്കൂട്ടവും  സംഘാടകരും ,സഹ നടന്മാരും സ്തബ്ധരായി നില്‍ക്കെ  ഒന്നും സംഭവിക്കാത്തത്  പോലെ അദ്ദേഹം ബഹളത്തിനിടയില്‍ നിര്‍ത്തിവച്ച നാടകത്തിലെ സംഭാഷണത്തിന്റെ തുടര്‍ച്ച ഏറ്റെടുത്തു .ഞൊടിയിടയില്‍ കഥാപാത്രമായി മാറി ..കര്‍ട്ടന്‍ ഇടാതെ തന്നെ ഇടയ്ക്ക് വച്ചു നിര്‍ത്തിയ  നാടകം വീണ്ടും ജീവിതം പോലെ സ്വാഭാവികമായി  തുടര്‍ന്നു ..
അല്പം മുന്‍പ് നടന്നതെല്ലാം നാടകത്തിന്റെ ഭാഗം തന്നെ ആയിരുന്നു എന്ന്  തോന്നിപ്പിക്കും  വിധമായിരുന്നു എല്ലാം
  തീരും വരെ ശ്വാസം അടക്കി പ്പിടിച്ചിരുന്ന് ശാന്തരായി എല്ലാവരും നാടകം കണ്ടു ..അതുവരെ കണ്ടിട്ടില്ലാത്ത  ഒരു നടന്‍ അരങ്ങില്‍  അനുഭവമാകുന്നത് കണ്ടു കാണികള്‍  അത്ഭുതം കൂറി .
 ചൂണ്ടു വിരലിന്റെ ചലനങ്ങള്‍  പ്രസരിപ്പിക്കുന്ന    ആജ്ഞാ ശക്തി കൊണ്ടും ഗാംഭീര്യം തുടിക്കുന്ന ശബ്ദ വിന്യാസത്തിന്റെ മാസ്മരിക പ്രഭാവം  കൊണ്ടും നിമിഷമാത്രയില്‍  .അരങ്ങിനേയും സദസ്സിനെയും ഒരേ പോലെ ഉള്ളം കയ്യിലെടുത്ത ആ അതുല്യ  നടനാണ്‌  പിന്നീട് മലയാള -തമിഴ്  ചലച്ചിത്ര വേദിയുടെ തിലകക്കുറിയായത്‌ .   അഭിനയ ഗാംഭീര്യം കൊണ്ടു നടന മികവിന്റെ ആ പെരുന്തച്ചന്‍  ആസ്വാദക ലക്ഷങ്ങളെ ഉള്ളം കയ്യില്‍  എടുത്തു . അസൂയാവഹവും അനായാസവുമായ ആ  നടന ചതുരത  അനുഭവിച്ചറിഞ്ഞ തെന്നിന്ത്യന്‍  ചലച്ചിത്ര ലോകം ഒരേ സ്വരത്തില്‍ പറഞ്ഞു .കൊട്ടാരക്കരയ്ക്കും പീ ജെ ആന്റണിക്കും ശേഷം മലയാള നാട് സമ്മാനിച്ച നടന വിസ്മയമാണ്  തിലകന്‍ എന്ന് . 
നാടകം തുടര്‍ന്നു .  നാടകത്തിന്റെ ക്ലൈമാക്സില്‍  തിലകന്റെ കഥാപാത്രം പാടുകയാണ് ..

അരുതെന്നോ പാടുവാനരുതെന്നോ
പാടും ഞാന്‍ മരണത്തിന്‍ നിമിഷം വരെ 

മരണത്തിന്‍ ശീതള ചുംബന മുദ്രയാല്‍ 
ഒരു മൌനമായ് ഞാന്‍ മാറുവോളം 
നിശയുടെ നെഞ്ചിലെന്‍ പരുഷമാം 
പാട്ടിന്റെ നിശിത ശരങ്ങളെയ്യും 
(അരുതെന്നോ ..)

ഒരു കുമ്പിള്‍ കഞ്ഞിയും പാഴ്കിനാവുമീ 
ഇരുളിന്‍ തെരുവിലൂടെ 
ഹൃദയത്തിന്‍ തകരത്തുടി കൊട്ടി നീങ്ങുമീ 
പഥികനെ വിലക്കരുതേ .

ഓ എന്‍ വിയുടെ വരികള്‍  കുമരകം രാജപ്പന്റെ സംഗീതം .ശോകമൂകമായ ആ ഗാനം .ഇന്നും ഓര്‍മ്മയില്‍ മായാതെയുണ്ട് .

ഇത് പറയുമ്പോള്‍  വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ടായ  ആ കാഴ്ചാനുഭവം ഇന്നലെ എന്ന പോലെ ഓര്ത്തു പോകുന്നു .
തിലകന്‍ എന്ന പ്രതിഭാസത്തെ  അരങ്ങത്തു കാണുവാനും  അദ്ദേഹത്തിന്‍റെ അപൂര്‍വ്വമായ അഭിനയ സിദ്ധി നേരിട്ട് കണ്ടു ആസ്വദിക്കാനും അവസരം  ലഭിച്ച ആ അപൂര്വ്വവസരം  ജീവിതത്തിലെ  വലിയ ഭാഗ്യമായി കരുതുന്നു .

കോട്ടയം ജില്ലയിലെ  മുണ്ടക്കയം എന്ന   മലയോര ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്‍റെ ബാല്യകാലം . കിളിമാനൂര്‍ സ്വദേശിയായ  ശ്രീധരന്‍ നായര്‍ എന്ന പ്ലാന്റരുടെ തോട്ടം മാനേജര്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ പിതാവ് .സുരേന്ദ്ര നാഥ്  വളരെ കണിശവും ഗൌരവ സ്വഭാവവും  ഉള്ള  അദ്ദേഹം  1960  കളില്‍   കുറേക്കാലം   നിലമ്പൂരിലെ  റീഗല്‍ എസ്റ്റേറ്റ്‌ മാനേജരായും ജോലിചെയ്തിട്ടുണ്ട് . ബ്രിട്ടീഷ് കാരെപോലെ കാല്സ്രായിയും വെളുത്ത ഷൂസും കാലില്‍ ക്രീം കളര്‍  പട്ടീസും അണിഞ്ഞു അറ്റം വളഞ്ഞ ഒരു വടിയും പിടിച്ചു വില്ലീസ്‌ ജീപ്പില്‍  എത്തുന്ന വളരെ ഗൌരവക്കാരനായ സുരേന്ദ്രനാഥ്‌  എന്ന തോട്ടം മാനേജര്‍  തന്‍റെ കുട്ടിക്കാലത്തെ മറക്കാനാവാത്ത ഓര്‍മ്മയാണെന്ന്  സുഹൃത്തായ ആര്‍ട്ടിസ്റ്റ് ഇസഹാക്കും  സാക്ഷ്യപ്പെടുത്തുന്നു . അത് കേട്ടപ്പോള്‍ മിന്നാരം എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലെ തിലകന്റെ കണിശക്കാരനായ റിട്ട :ജഡ്ജിന്റെ കഥാപാത്രം ഒരു നിമിഷം മനസ്സിന്റെ വെള്ളിത്തിരയില്‍  മിന്നിത്തെളിഞ്ഞു..ഒരു പക്ഷെ ആ പിതാവിന്റെ അതെ കണിശവും കാര്‍ക്കശ്യവുമാകാം തിലകന്റെയും പൈതൃക സമ്പാദ്യം .അഭിനയത്തിലും ജീവിതത്തിലും പിന്തുടര്‍ന്ന  വിട്ടു  വീഴ്ചയില്ലാത്ത 
നിഷ്കര്‍ഷകള്‍   ഒരു പോലെ അദ്ദേഹത്തിനു ശത്രുക്കളെയും മിത്രങ്ങളെയും നേടിക്കൊടുത്തു .

തോട്ടം തൊഴിലാളികളുടെ നരകതുല്യമായ ജീവിതവും അവരുടെ വേദനകളും ബാല്യകാലത്തില്‍ തന്നെ തിലകനെ 
സ്പര്‍ശിച്ചിരുന്നു .അവര്‍ക്കിടയില്‍ നിന്നുള്ളവര്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ കൂട്ടുകാര്‍ .ഇതിനിടയില്‍  തൊഴിലാളികളുടെ ചോര 
യും വിയര്‍പ്പും ഊറ്റിയെടുക്കുന്ന തോട്ടം ഉടമകളുടെയും അവരുടെ ആജ്ഞാനുവര്‍ത്തികള്‍ ആയ കങ്കാണി മാരുടെയും 
നടപടികളെ ചോദ്യം ചെയ്തുകൊണ്ട്  കമ്യൂണിസ്റ്റ് പാര്‍ട്ടി  മലയോര മേഖലയിലും ഒരു ശക്തിയായി ഉയര്‍ന്നു വന്നു .തിലകനും 
അവരില്‍ ഒരാളായി .തൊഴിലാളികളെ ആവേശം കൊളളിക്കാനും  അവരെ സമര സജ്ജരാക്കാനും വേണ്ടി കൂട്ടുകാരോടൊപ്പം ആരംഭിച്ച മുണ്ടക്കയം നാടക സമിതിയിലൂടെ ആ കലാകാരന്റെ നടനത്തിളക്കം ആദ്യമായി കലാലോകം തിരിച്ചറിഞ്ഞു .

 1956 ഇല് ഇന്റര്‍ മീഡിയറ്റ്  പഠനം പാതിവഴിയില്‍ നില്‍ക്കെ  സജീവ നാടക വേദിയിലേക്ക് കാല്ടുത്തു വച്ചു ...ചുരുങ്ങിയ കാലം    കൊണ്ടു അരങ്ങുകളിലെ അവിഭാജ്യ ഘടകമായിമാറി  അദ്ദേഹം .
മാതാപിതാക്കളുടെയും ബന്ധുക്കളുടെയും   അതിശക്തമായ എതിര്‍പ്പുകള്‍ക്കിടയിലാണ്  തിലകന്‍ ഒളിഞ്ഞും തെളിഞ്ഞും 
നാടക അരങ്ങുകളില്‍  പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചത് . നാടകത്തിനു വേണ്ടി വീടും ബന്ധങ്ങളും ഉപേക്ഷിക്കേണ്ട സാഹചര്യം പോലും ഉണ്ടായി ..കലാകാരന്മാര്‍ എന്ന് പറഞ്ഞാല്‍  മുടിയരായ പുത്രന്മാരും (പുത്രികളും ) ജീവിക്കാന്‍  അറിയാത്തെ പിഴച്ചു നടക്കുന്നവര്‍ എന്ന ദുഷ്പേരും മാത്രം കിട്ടിയിരുന്ന കാലഘട്ടമായിരുന്നു അതെന്നോര്‍ക്കണം . മാനികള്‍ എന്നഭിമാനിക്കുന്നവര്‍ 
കലാകാരന്മാരെ കുടുംബത്തില്‍ കയറ്റാന്‍ കൊള്ളരുതാത്തവര്‍ എന്ന്  കരുതിപ്പോന്നിരുന്ന കാലം .

 തുടര്‍ന്ന്  1966 വരെ കെ പി എ സി യിലും  .ചങ്ങനാശ്ശേരി ഗീതാ  കൊല്ലം കാളിദാസ കലാകേന്ദ്രം 
എന്നിവിടങ്ങളിലും അഭിനയിച്ച അദ്ദേഹം ഒടുവിലാണ്  പി ജെ ആന്റണി യുടെ സമിതിയില്‍ .എത്തിച്ചേര്‍ന്നത് . നാടകത്തെയും 
അതിലുള്ളവരേയും മാത്രം ബന്ധുക്കളായി കരുതി നടന്നിരുന്ന ഒരു മഹാപ്രസ്ഥാന കാലത്തെ തിലകന്റെ താങ്ങും തുണയും ആയിരുന്നു പീ ജെ ആന്റണിയും അദ്ദേഹത്തിന്‍റെ പ്രതിഭാ തീയെട്ടെഴ്സും  പീ ജെ തീയെട്ടെഴ്സും എന്ന്  കേട്ടിട്ടുണ്ട് .  ഒട്ടനവധി റേഡിയോ നാടകങ്ങളിലെ   കഥ പാത്രങ്ങളും അദ്ദേഹത്തിന്‍റെ ഗാംഭീര്യമാര്‍ന്ന ശബ്ദം കൊണ്ടു ജീവസ്സുറ്റതായി..
1979 ഇല് ഇറങ്ങിയ കെ .ജി .ജോര്‍ജ്ജിന്റെ  ഉള് ക്കടല്‍    എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം അരങ്ങില്‍ നിന്നു വെള്ളിത്തിരയിലേക്ക്  ചുവടു മാറിയത് .

പിന്നീട് 1981 ഇല് ഇറങ്ങിയ "കോലങ്ങള്‍ " എന്ന സിനിമയില്‍     മുഴുക്കുടിയനായ  കള്ള് വര്‍ക്കി എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കിയതോടെ  സിനിമയില്‍  അദ്ദേഹം കൂടുതല്‍ ശ്രദ്ധേയനായി . . തുടര്‍ന്നങ്ങോട്ട് അദ്ദേഹത്തിന്‍റെ ജൈത്രയാത്രയായിരുന്നു 
പഞ്ചാഗ്നിയിലെ  വിപ്ലവ കാരി  , മൂന്നാം   പക്കത്തിലെ മുത്തശ്ശന്‍ , യവനികയിലെ നാടക സമിതി ഉടമ , പെരുംതച്ചന്‍   ,കിരീടത്തിലെ സേതുവിന്‍റെ അച്ഛനായ പോലീസ് കാരന്‍ ,  സന്താന ഗോപാലത്തിലെ കുടുംബ നാഥന്‍ , സ്ഫടികത്തിലെ കണിശക്കാരനായ ചാക്കോ  മാഷ്‌ , വീണ്ടും ചില വീട്ടുകാര്യങ്ങളിലെ ജയറാമിന്റെ അച്ഛന്‍  അങ്ങനെ എത്രയെത്ര കഥാപാത്രങ്ങളാണ് തിലകന്‍ എന്ന അനുഗ്രഹീത നടനിലൂടെ വെള്ളിത്തിരയിലും ആസ്വാദക ഹൃദയങ്ങളിലും ചിരപ്രതിഷ്ഠ നേടിയത് !

കുട്ടിക്കാലം മുതല്‍ .അനുഭവിച്ച കര്‍ശന ശിക്ഷാ നടപടികളും ഉലപോലെ എരിഞ്ഞ  കഠിന പരീക്ഷണങ്ങളെ ജീവിതത്തില്‍  ഉരുക്കിച്ചേര്‍ത്ത      സാധാരണ തൊഴിലാളികല്‍ക്കൊപ്പമുള്ള സഹവാസവും , അവര്‍ക്കായി സമര്‍പ്പിച്ച നാടക ജീവിതവും കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധവുമൊക്കെ ചേര്‍ന്ന് ഉണ്ടായ  പ്രത്യേക സാഹചര്യമാണ്    തിലകന്‍ എന്ന മനുഷ്യനിലെ ധിക്കാരിയായ വ്യക്തിത്വം രൂപപ്പെടുത്തിയത്    കാഴ്ചയിലും സ്വഭാവത്തിലും സ്വതവേ പരുക്കനായ അദ്ദേഹം ശരിയെന്നു വിശ്വസിക്കുന്ന കാര്യങ്ങളില്‍ വിട്ടു വീഴ്ചയില്ലാതെ ഉറച്ചു നില്‍ക്കുന്ന സ്വഭാവക്കാരനുമായിരുന്നു 

സവിശേഷ സിദ്ധിയാര്‍ജ്ജിച്ച അഭിനയത്തിന്റെ ഗരിമയില്‍ നില്‍ക്കുമ്പോള്‍ തന്നെ സിനിമയിലും സാമൂഹിക ജീവിതത്തിലും നിറഞ്ഞാടിയ അനീതികള്‍ക്കെതിരെ വാക് ശരങ്ങള്‍ എയ്തു കൊണ്ടു  വിവാദനായകനായും അദ്ദേഹം മാറി . യൌവ്വനകാലത്ത്  ഉച്ചയൂണിനു വിളമ്പിയ അയലക്കറിക്കു എരിവു കൂടിയതിന്റെ പേരില്‍ പെറ്റമ്മയോട് കലഹിച്ചു  മൂന്നു പതിറ്റാണ്ടോളം  അമ്മയുടെവിളിപ്പുറത്തു നിന്നു മാറി നടന്ന  അദ്ദേഹം സിനിമാ സംഘടനയായ അമ്മയുമായും അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന്  അകന്നു മാറി  കലഹിച്ചുകൊണ്ടിരുന്നു .ഈ കലഹം  രണ്ടായിരാമാണ്ടിന്റെ തുടക്കം വരെ മലയാള സിനിമയുടെ സജീവ ഭാഗമായി ഒട്ടേറെ അവിസ്മരണീയമായ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ആ പ്രതിഭയുടെ ഭാവി സിനിമാ ജീവിതത്തെ വളരെയേറെ പിന്നാക്കം കൊണ്ടുപോയി .സിനിമയിലെ തര്‍ക്കങ്ങള്‍ ഒട്ടേറെ അവസരങ്ങള്‍ അദ്ദേഹത്തിനു നഷ്ടപ്പെടുത്തിയെങ്കിലും അവസരങ്ങള്‍ക്ക് വേണ്ടി അഭിപ്രായങ്ങള്‍ മാറ്റി പറയാനോ സിനിമാ  ലോകം നിയന്ത്രിക്കുന്ന  തമ്പുരാക്കന്മാര്‍ക്ക് മുന്നില്‍  ഓച്ചാനിച്ച്‌ നിന്നു   കീഴടങ്ങാനോ അദ്ദേഹത്തിലെ നിഷേധി ഒരിക്കലും തയ്യാറായില്ല .സൂപ്പര്‍ സ്റ്റാറുകളും മെഗാ  സ്റ്റാറുകളും മാത്രം നിയന്ത്രിക്കുന്ന സിനിമാ രീതികളോടും  അവരുടെ താളത്തിനൊത്ത് തുള്ളുന്ന സംഘടനകളോടും പൊരുത്തപ്പെടാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല സിനിമാ വിവാദങ്ങള്‍ നീറി പുകഞ്ഞു നില്‍ക്കെ .2008   ഇല്‍ കൊച്ചിയില്‍ ചേര്‍ന്ന "അമ്മ"യുടെ യോഗത്തില്‍  തനിക്ക് പറയാനുള്ളതൊക്കെ വെട്ടി ത്തുറന്നു പറഞ്ഞു ക്ഷുഭിതനായി മക്കളായ ഷോബിക്കും, ഷമ്മിക്കും ഒപ്പം   വേദി വിട്ടിറങ്ങി പോയ  തിലകന്റെ രൂപം ഇപ്പോഴും ഓര്‍മ്മയുണ്ട് .  അന്ന് മുറിഞ്ഞതാണ് സിനിമയിലെ  അമ്മയുമായുള്ള അദ്ദേഹത്തിന്‍റെ ബന്ധം .. തിലകന്‍ സംഘടനയില്‍ എത്തി മാപ്പ് പറഞ്ഞാല്‍  പ്രശങ്ങള്‍ തീര്‍ക്കാമെന്ന് അദ്ദേഹത്തിനു സിനിമാ സംഘടനകള്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍ വലിക്കാം  എന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞെങ്കിലും  അദ്ദേഹം മുന്‍കാല നിലപാടുകളില്‍ ശക്തിയുക്തം ഉറച്ചു നിന്നു  ചീഞ്ഞളിഞ്ഞ സംഘടനാ സംവിധാനങ്ങളെ വീണ്ടും വീണ്ടും വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്തു .

തീ എന്ന നാടകത്തിലെ തിലകന്‍ ചേട്ടന്‍ പാടി അഭിനയിച്ച ആ പാട്ട് ഓര്‍മ്മ വരികയാണ് ..അദ്ദേഹം വീണ്ടും വന്നു നിന്നു പാടും പോലെ ..

ഒരു കുമ്പിള്‍ കഞ്ഞിയും പാഴ്കിനാവുമീ 
ഇരുളിന്‍ തെരുവിലൂടെ 
ഹൃദയത്തിന്‍ തകരത്തുടി കൊട്ടി നീങ്ങുമീ 
പഥികനെ വിലക്കരുതേ .

ലോകത്തിലെ എല്ലാ നിയമങ്ങളും വ്യവസ്ഥകളും സംഘടനകള്‍ക്കും ഭാര വാഹികള്‍ക്കും വേണ്ടി മാത്രം ഉണ്ടാക്കിയതാണെന്നും 
മനുഷ്യര്‍ക്കും ആ സംഘടനകള്‍ ഉള്‍ക്കൊള്ളുന്ന പ്രവര്‍ത്തന മണ്ഡലത്തിനും അവ ദ്രോഹം മാത്രമേ ഉണ്ടാക്കി യിട്ടുള്ളൂ  എന്ന സത്യം തിലകന്‍ എപ്പോഴും ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു .പ്രതിഭയോ യോഗ്യതയോ അവസരങ്ങളോ  ഇല്ലാത്തവര് ചേര്‍ന്നു ആടിത്തിമിര്‍ത്ത സംഘടനാ വിഘടന നാടകത്തിലൂടെ മലയാള സിനിമാലോകത്തിനും പ്രേക്ഷകര്‍ക്കും 
ഒരു പതിറ്റാണ്ടിലധികമായി നഷ്ടമായത്  അഭിനയത്തില്‍ അത്ഭുതങ്ങള്‍  സൃഷ്ടിക്കാന്‍ കഴിയുമായിരുന്ന തിലകന്‍ എന്ന ആചാര്യ തുല്യനായ  നടനിലൂടെ ലഭിക്കുമായിരുന്ന തലമുറകളോളം ഓര്‍മ്മിക്കപ്പെടുന്ന കഥാപാത്രങ്ങളെയാണ് .
അഭിനയ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുമായിരുന്ന അഭിനയ സിദ്ധികളുടെ അക്ഷയ ഖനികലാണ് .പ്രേക്ഷകരുടെ രസനയില്‍  രുചി പകര്‍ന്നു മിന്നുന്ന   ഉജ്ജ്വല മുഹൂര്‍ത്തങ്ങളെയാണ്‌ ..അഭിനയ  കലയുടെ മുഖശ്രീ വര്‍ദ്ധിപ്പിച്ച തിലകക്കുറി  ആയി മലയാളത്തിന്റെ   തിലകന്‍ ചേട്ടന്‍  ഇനി ഇല്ല ..എല്ലാം നഷ്ടപ്പെടുത്താനും നശിപ്പിക്കാനും നമ്മള്‍ മലയാളികള്‍ കേമന്മാരാണ് ,സംഘം നശിച്ചാലും നമ്മുടെ സംഘടനകളും സംഘ ബോധവും ഉണര്‍ന്നു തന്നെയിരിക്കും ..തിലകന്‍ എന്ന നടനെ മരണം അഭിനയിപ്പിക്കാതെ മാറ്റി നിര്‍ത്തി പകരം വീട്ടുന്നതിലും  പകപോക്കുന്നതിലും  മലയാള സിനിമയേ ചുറ്റിപ്പിടിച്ച നീരാളികള്‍ വിജയിച്ചു ,അതില്‍ അവര്‍ക്ക് അഭിമാനിക്കാം .  പക്ഷെ ഇതുപോലെ സരസ്വതീ   വരപ്രസാദം നേടിയ ഒരു മഹാ നടനെ  കിട്ടാന്‍  അമ്മ മലയാളം  ഇനി  എത്ര കാലം തപസ്സിരിക്കണം ? ഇനി എത്ര പുണ്യം ചെയ്യണം ? 

ഞായറാഴ്‌ച, സെപ്റ്റംബർ 23, 2012

രണ്ട് കമ്യൂണിസ്റ്റുകള്‍ കണ്ടു മുട്ടിയാല്‍ .....?
രണ്ട് കമ്യൂണിസ്റ്റുകള്‍ കണ്ടു മുട്ടിയാല്‍ .....?

പ്രസ്ഥാനത്തിനും സമൂഹത്തിനും  വേണ്ടി ത്യാഗത്തിന്റെ ബലിക്കല്ലുകളില്‍  ജീവിതം എറിഞ്ഞുടയ്ക്കാന്‍  തയ്യാറെടുത്തു വരുന്നവരാണ് യഥാര്‍ത്ഥ കമ്യൂണിസ്റ്റ് സഖാക്കള്‍ എന്ന്  ത്യാഗോജ്ജ്വലമായ  കമ്യൂണിസ്റ്റ്  സമര ചരിത്രം കേട്ട് വളര്‍ന്ന തലമുറയെ
ആരും  പഠിപ്പിച്ചു കൊടുക്കേണ്ടതില്ല   . ചോര കൊടുത്തും ജീവന്‍ കൊടുത്തും അക്കാലത്തെ സഖാക്കള്‍  സംഘടിപ്പിച്ച പ്രവര്‍ത്തനങ്ങളും  അവര്‍ക്കിടയില്‍  ഉണ്ടായിരുന്ന ആഴത്തിലുള്ള സ്നേഹവും സാഹോദര്യ -പാരസ്പര്യങ്ങളും  , ഇന്നത്തെ സഖാക്കള്‍ക്ക് ഉണ്ടോ എന്ന് ചോദിച്ചാല്‍  അതിനുത്തരം പറയാന്‍  ചിലപ്പോള്‍  ആര്‍ക്കും കഴിഞ്ഞെന്നും വരില്ല ..

അങ്ങനെയൊരു പോരാട്ട  കാലത്ത്  പ്രസ്ഥാനത്തിന്റെ  സിരകളിലെ  രക്തവും ,ഊര്‍ജ്ജവും ആത്മാവും , ശരീരവും പോലെ
പ്രവര്‍ത്തിച്ചിരുന്ന രണ്ടു പഴയ സഖാക്കളുടെ മുഖങ്ങള്‍  കഴിഞ്ഞ ദിവസം ഒരു ടീവീ ചാനല്‍ വാര്‍ത്തയ്ക്കിടയില്‍ കണ്ടു .അവര്‍ പറഞ്ഞ കാര്യങ്ങളും കഥകളും ,ഓര്‍മകളുടെ അയവിറക്കലുമൊക്കെ കേട്ട്  അന്തവും കുന്തവും വിട്ടു ഒരു നിമിഷം തലയില്‍ കൈ വച്ചിരുന്നു പോയി !

വിഎസ് അച്ചുതാനന്ദനും എം .എം .ലോറന്‍സുമായിരുന്നു ആ നേതാക്കള്‍ . ഇരുവരും അര നൂറ്റാണ്ടിലധികമുള്ള പ്രവര്‍ത്തന പരിചയവും അനുഭവ സമ്പത്തും കൊണ്ട് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ആധികാരിക ചരിത്രം രചിക്കാന്‍ പോലും പ്രാപ്തിയുള്ള  ഇരുത്തം വന്നവര്‍ . കമ്യൂണിസ്റ്റ് വസന്തം സ്വപ്നം  കാണുന്ന ലക്ഷോപ ലക്ഷം ജനങ്ങള്‍ സ്നേഹിക്കുന്ന   ധീര സഖാക്കള്‍ .
ഒരാള്‍ പുന്നപ്ര സമര നായകന്‍ ,കേരളത്തില്‍ സി പി ഐ എം എന്ന പ്രസ്ഥാനത്തിന് അടിസ്ഥാന ശില പാകിയ കര്‍മ്മ ധീരന്‍ .
മറ്റെയാള്‍ തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിന്റെ സംഘാടകനും അമരക്കാരനും  കുപ്രസിദ്ധതമായ ഇടപ്പള്ളി പോലീസ്‌ സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രതി ,, .പാര്‍ട്ടിയോട് അകലം പാളിച്ച കൃസ്ത്യന്‍ ന്യൂന പക്ഷ കേന്ദ്രങ്ങളില്‍ പാര്‍ട്ടി വളര്‍ത്താന്‍ അക്ഷീണം പ്രയത്നിച്ച നേതാവ് , മുന്‍ ഇടതുമുന്നണി കണ്‍വീനര്‍  .
.
മുകാലത്ത് കമ്യൂണിസ്റ്റുകാര്‍ കണ്ടു മുട്ടുമ്പോള്‍ ,പരസ്പരം തിരിച്ചറിയുമ്പോള്‍ അവിടെ അനിര്‍വചനീയമായ ഒരന്തരീക്ഷം രൂപപ്പെടുമായിരുന്നു എന്ന് പല സഖാക്കളും സ്മരിച്ചിട്ടുണ്ട് .അവര്‍ക്കിടയില്‍ അലൌകികമായ ഒരൂര്‍ജ്ജ പ്രവാഹത്തിന്റെ കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുമായിരുന്നത്രേ !

ലാല്‍സലാം എന്ന മോഹന്‍ലാല്‍ സിനിമയിലെ  കഥാപാത്രങ്ങളായ കമ്യൂണിസ്റ്റുകാര്‍ പരസ്പരം പരിചയപ്പെടുമ്പോള്‍ വൈകാരിക വിക്ഷോഭം ഉണ്ടാക്കുന്ന ഒരു ചോദ്യമുണ്ട് .  " ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടി എടുക്കാന്‍ ? "

വിപ്ലവ ഭൂമിയായ ആലപ്പുഴയിലെ പഴയകാല കമ്യൂണിസ്റ്റ്‌ നേതാവായിരുന്ന സഖാവ് വര്‍ഗീസ്‌ വൈദ്യരുടെ മകന്‍  ചെറിയാന്‍ കല്പക വാടിയാണ് ആ സിനിമ എഴുതിയത് ,അതിലെ നെട്ടൂരാന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം വര്‍ഗീസ്‌ വൈദ്യര്‍ ആണ്  . സ്വന്തം പിതാവിന്റെ രാഷ്ട്രീയ ജീവിതം കൂടി ഉള്‍പ്പെട്ടത് കൊണ്ട്  " ബീഡി യുണ്ടോ സഖാവേ ഒരു തീപ്പെട്ടി എടുക്കാന്‍ ? "..എന്ന ചോദ്യം ഉള്‍പ്പെടെയുള്ള ആ സിനിമയിലെ ഒട്ടു മിക്ക ഡയലോഗുകളും  ചരിത്ര സത്യങ്ങളുടെ പുനരാഖ്യാനം തന്നെയാണ്  എന്ന് ശ്രീ കല്പകവാടി  പറഞ്ഞിട്ടുണ്ട് .

പുന്നപ്ര വയലാര്‍ സമരകാലത്തെ കമ്യൂണിസ്റ്റ്‌ നേതാക്കളില്‍ പലരും  ഇന്ന് ജീവിച്ചിരിപ്പില്ല .വര്‍ഗീസ്‌ വൈദ്യരും , ടീവീ തോമസും ,കെ എസ്  ബെന്നും ,സ്റ്റാലിന്‍ കുമാരപ്പണിക്കരും ഉള്‍പ്പെടെ ഒട്ടു മിക്ക പേരും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു .സര്‍ സി പി രാമസ്വാമി അയ്യരുടെ ചോറ്റു പട്ടാളത്തെയും അവരുടെ യന്ത്ര തോക്കുകളെയും അവഗണിച്ചു   സമര ഭൂമിയിലേയ്ക്ക് വാരിക്കുന്ത വുമായി പോയ കമ്യൂണിസ്റ്റ്  പടയെ നയിച്ച  സഖാവ് പികെ ചന്ദ്രാനന്ദനും ,വി എസ് അച്യുതാന്ദനും ,തിരുവിതാം കൂറില്‍ നിന്നു വേറിട്ട രാജ്യമായ കൊച്ചിയില്‍  നിന്ന് ആ സമരം വീക്ഷിച്ച സഖാവ് ലോറന്‍സും ഉള്‍പ്പെടെ വിരലില്‍ എണ്ണാന്‍ കഴിയുന്നവര്‍ മാത്രം  സജീവ രാഷ്ട്രീയത്തിലും അല്ലാതെയും ഇന്ന്   അവശേഷിക്കുന്നു.

ഇക്കാലത്ത് അവര്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍   സ്വാഭാവികമായും അന്നത്തെ തീഷ്ണമായ  രാഷ്ട്രീയ ജീവിത പാഠങ്ങള്‍  ഉള്‍ക്കൊണ്ട മുന്നേറിയവര്‍ എന്ന നിലയില്‍  വീണ്ടും ഓര്‍മ്മകളുടെ ഇരമ്പിക്കയറ്റം യൌവ്വന തീഷ്ണതയോടെ ഉണ്ടാകേണ്ടതാണ് .
"ബീഡി യുണ്ടോ സഖാവേ ...? എന്നൊന്നും ചോദിക്കണമെന്നില്ല പക്ഷെ അതേ വൈകാരിക ഭാവത്തോടെയും സ്നേഹത്തോടെയും  "സുഖമാണോ ? " എന്നെങ്കിലും ചോദിക്കും എന്ന് പ്രതീക്ഷിച്ചാല്‍  ആ പ്രതീക്ഷ ആസ്ഥാനത്താണെന്ന
 തിരിച്ചറിവ്  കമ്യൂണിസ്റ്റ്‌ ബന്ധങ്ങളിലെ വൈകാരികത സൂക്ഷിക്കുന്നവരെ ഏറെ വേദനിപ്പിക്കും .

അത്തരത്തില്‍ ഒരു തുടര്‍ച്ചയുടെ വൃത്തികെട്ട പര്യവസാനമാണ്  (?) കഴിഞ്ഞ ദിവസം ഉണ്ടായത് . ലോറന്സ് ആണ്  ആദ്യം ചെളി വാരി എറിഞ്ഞത് . കൂടം കുളം സമര ഭൂമിയിലേക്ക്‌ തിരിച്ച  വി എസ് പോലീസിനെ പേടിച്ചു തിരിച്ചു പോന്നു എന്ന പരിഹാസമായിരുന്നു ലോറ ന്സിന്റെത് . പണ്ട് പുന്നപ്ര സമരത്തില്‍ നിന്നും വി എസ് ഇങ്ങനെ പേടിച്ചു പിന്‍ മാറിയിട്ടുണ്ട് എന്നും അദ്ദേഹം വെളിപ്പെടുത്തി .പുന്നപ്രവയലാര്‍ സമര സേനാനി എന്ന നിലയില്‍  ധീരതയുടെ പര്യായമായി  പില്‍ക്കാലത്ത് വാഴ്ത്തപ്പെട്ട  വി. എസ് .പുന്നപ്ര സമരത്തില്‍ പങ്കെടുക്കാതെ  ഒളിച്ചോടിയ ചരിത്രം ഉണ്ടെന്നാണ്  ലോറന്‍സ്  ഓര്‍ത്തെടുത്തു  പറഞ്ഞത് . വാരിക്കുന്തവുമായി മരണം പോലും പ്രതീക്ഷിച്ചു ചന്ദ്രാനന്ദനും കൂട്ടരും മുന്നേറിയപ്പോള്‍ വി എസ് തനിക്കു അറസ്റ്റ് വാറണ്ട് ഉണ്ടെന്നു പറഞ്ഞു പിന്മാറുക യായിരുന്നത്രേ !
വി എസും  ഒട്ടും പിന്നാക്കം പോകാന്‍ തയ്യാറായില്ല .
സ്വന്തം ഭാര്യയെ  ഭ്രാന്തിയാക്കി മുദ്രകുത്തി ആശുപത്രിയില്‍ അടച്ച  വിദ്വാനാണ് ലോറന്‍സ് എന്നും താന്‍  മുഖ്യമന്ത്രിയായിരിക്കെ ലോറന്‍സിന്റെ മകള്‍  ഇക്കാര്യം പറഞ്ഞു  തനിക്ക് പരാതി തന്നിട്ടുണ്ട് എന്നും വി എസ് ഒരു മന:ക്ഷോഭവും ഇല്ലാതെ  പരസ്യമായി പറഞ്ഞു കളഞ്ഞു . സ്വന്തം ഭാര്യയെ ഭ്രാന്തിയാക്കാന്‍ തുനിഞ്ഞിറങ്ങിയ ആള്‍ ആശയപരമായി വിരുദ്ധ പക്ഷത്തു നില്‍ക്കുന്ന തന്നെ വെറുതെ വിടുമോ എന്നതാകാം വി എസ് ഈ ആരോപണം വഴി സ്ഥാപിക്കാന്‍ ശ്രമിച്ചത് .

കാലം പോകെപ്പോകെ  ആശയ അധികാര  സമരങ്ങളില്‍  പെട്ട്  ഒരേ പാര്‍ട്ടിയിലുള്ളവര്‍  വിരുദ്ധ ധ്രുവങ്ങളില്‍ ആയിത്തീര്‍ന്നു   എന്നത്    സമകാലിക  യാഥാര്‍ത്ഥ്യം . കാലങ്ങളായി  പരസ്പരം പോരാടുന്നതിനിടയില്‍  ഉന്നയിച്ച വിമര്‍ശനങ്ങളും തുടര്‍ന്നുണ്ടായ   വൈകാരിക   ദൌര്‍ബല്യങ്ങളുമാകണം    അച്യുതാനന്ദനെകൊണ്ട്  ലോറന്‍സിന്റെ കുടുംബകാര്യങ്ങളെതെരുവിലെ വിഴുപ്പലക്കു വിശേഷമാക്കാന്‍   പ്രേരിപ്പിച്ചത് .

ഇരുവരും തമ്മിലുള്ള വഴക്കുകളും പാര്‍ട്ടിയിലെ ഇന്നത്തേത് പോലുള്ള അസ്വാരസ്യങ്ങളും ഇല്ലാതിരുന്ന ഒരു കാലത്ത്  പാര്‍ട്ടി ശത്രുക്കള്‍ പറഞ്ഞു പരത്തിയ ആരോപണങ്ങള്‍ക്കും കഥകള്ക്കുമാണ്  വര്‍ഷങ്ങള്‍ക്കിപ്പുറം നാണം കെട്ട ഗ്രൂപ്പ് വഴക്കുകളുടെ ഫലമെന്നോണം ഇരു നേതാക്കളും ഔദ്യോഗികമായ ചരിത്ര ഭാഷ്യം നല്കിയിരിക്കുന്നത്.

ഭ്രാന്തോ മാനസിക അസ്വാസ്ഥ്യങ്ങളോ ആര്‍ക്കും വരാം .കമ്യൂണിസ്റ്റ്‌ കാരായത് കൊണ്ട് ലോറന്‍സിന്റെ ഭാര്യയ്ക്ക്  അത് വരാന്‍ പാടില്ല എന്നില്ല .അമ്മയ്ക്ക് ഇത്തരത്തില്‍ അസുഖമുണ്ട് അവര്‍ക്ക് ചികില്‍സ വേണം എന്ന് അച്ഛന്‍  തീരുമാനിച്ചാല്‍  അത് സ്നേഹമുള്ള എല്ലാമാക്കള്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നു വരില്ല . അവര്‍ അതിനെ എതിര്‍ത്തെക്കും ,ചിലപ്പോള്‍ കുടുംബാങ്ങല്‍ക്കിടയിലോ ഉറ്റ മിത്രങ്ങക്കിടയിലോ അവരിലുള്ള വിശ്വാസം കൊണ്ട് അതൊരു പരാതിയായി പറഞ്ഞെന്നുമിരിക്കും . കമ്യൂണിസ്റ്റ്‌ കാര്‍ക്ക്  പാര്‍ട്ടി സഖാക്കളും നേതാക്കളുമാണ്  ഏറ്റം പ്രിയപ്പെട്ട കുടുംബക്കാര്‍ .ആ നിലയില്‍ ലോറന്‍സിന്റെ മകള്‍ വി എസിനോട് പരാതി പറഞ്ഞിട്ടുണ്ടാകും ..  മൂവാറ്റുപുഴ  പൈന്കുളത്തെ ഡോ :പുളിക്കന്റെ മാനസിക ചികില്‍സാ കേന്ദ്രത്തില്‍  കഴിയുന്ന ലോറന്‍സിന്റെ ഭാര്യ യുടെ ഇന്നത്തെ അവസ്ഥ അറിഞ്ഞോ അറിയാതെയോ വര്‍ഷങ്ങള്‍ക്കു ശേഷം വി എസ് പഴിക്കു പകരം പഴി പറഞ്ഞ്  ഇത്തരം ഒരാരോപണം ഉന്നയിക്കുമ്പോള്‍  തകര്‍ന്നു പോകുന്നത് ലക്ഷോപലക്ഷം കംയൂനിസ്സ്റ്റ്‌ കുടുംബങ്ങള്‍ തങ്ങളില്‍ പരസ്പരം അര്‍പ്പിച്ചിട്ടുള്ള വിശ്വാസവും കരുതലും കൂടിയാണ്  എന്നതോര്‍ക്കണമായിരുന്നു .

പുന്നപ്ര സമരകാലത്ത് വി എസ്  പൂഞ്ഞാറില്‍ ആയിരുന്നു എന്ന ശത്രു പക്ഷത്തെ വിമര്‍ശനം വര്‍ഷങ്ങള്‍ക്കു ശേഷം ലോറന്‍സ് ഏറ്റെടുക്കുകവഴി ഇതുവരെ പാര്‍ട്ടി പ്രചരിപ്പിച്ച ആ സമര ചരിത്രത്തിനും കളങ്കമേറ്റിരിക്കുന്നു .അന്തരിച്ച  പുന്നപ്ര സമരസേനാനി കെ എസ് ബെന്നിന്റെ എഴുതി പൂര്‍ത്തീകരിക്കാതെ പോയ  ആത്മ കഥയില്‍ അദ്ദേഹം വി എസിനെ സംബന്ധിച്ച ഈ ചരിത്ര സത്യം  പറയുന്നുണ്ട്, പാര്‍ട്ടി വിജനത്തോടെ സി പി ഐയിലെത്തിയ  കെ എസ് ബെന്നുമായി നാല് വര്ഷം  മുന്‍പ് പ്രസിദ്ധീകരണാര്‍ഥം  ഈ ലേഖകനുമായി നടത്തിയ ഒരു സംഭാഷണത്തില്‍ അദ്ദേഹം ഈ സംഭവം   വായനക്കാര്‍ക്കായി  പങ്കുവച്ചിരുന്നു. പക്ഷെ ഇന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഏറെക്കുറെ വി എസിനൊപ്പം തന്നെ സിപിഎമ്മില്‍ പ്രാധാന്യമുള്ള ലോറന്‍സിനെ പോലൊരു നേതാവ് അതാവര്‍ത്തിക്കുംപോള്‍  അതിന്റെ പ്രത്യാഖാതം പാര്‍ട്ടി സമര ചരിത്ര നിഷേധത്തില്‍ മാത്രം ഒതുങ്ങുന്നതാവില്ല .

ഏതായാലും വി എസിന്റെ യഥാര്‍ത്ഥ മുഖം അറിഞ്ഞോ അറിയാതെയോ അദ്ദേഹം തന്നെ അനാവരണം ചെയ്തു കൊണ്ടിരിക്കുകയാണ്

 അദ്ദേഹത്തിന്‍റെ ഉള്ളില്‍ കത്തി ജ്വലിക്കുന്നു എന്ന്  നാം വിശ്വസിച്ച  ആദര്‍ശത്തിന്റെയും ചരിത്ര ബോധത്തിന്റെയും തീഷ്ണതയ്ക്ക്    എവിടെവച്ചോ മങ്ങല്‍ സംഭവിച്ചിരിക്കുന്നു .

,അടുത്ത കാലത്ത് ടി കെ ഹംസയ്ക്കെതിരെ നടത്തിയ രോഷ പ്രകടനത്തില്‍  എകെ ജിയുമായി ബന്ധപ്പെട്ടു വി എസ് നടത്തിയ പരാമര്‍ശവും യഥാര്‍ത്ഥ ചരിത്രത്തിനു നിരക്കുന്നതായിരുന്നില്ല .അമരാവതിയില്‍ എകെ ജി പട്ടിണി സമരം നടത്തുമ്പോള്‍  കോഴിക്കോട് ഡി സി സി പ്രസിഡന്റ്‌ ആയിരുന്ന ഹംസ "കാലന്‍ വന്നു വിളിച്ചിട്ടും എന്തേ പോകാത്തെ ഗോവാലാ ഗോവാലാ" എന്ന്  മുദ്രാവാക്യം വിളിച്ചു എന്നാണു വി എസ് പറഞ്ഞത് . ഇടുക്കി ജല വൈദ്യുതിയുമായി ബന്ധപ്പെട്ടു കുമിളിക്കടുത്തു കര്‍ഷകരെ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ക്കെതിരെ 1961 ജൂണില്‍  എ കെ ജി നടത്തിയ സമരത്തിനു എതിര്‍ മുദ്രാവാക്യം വിളിക്കാന്‍ പോയിട്ട് ടി കെ ഹംസ അന്ന്  കോണ്ഗ്രസില്‍  ഉണ്ടായിരുന്നോ  എന്ന് തന്നെ സംശയമാണ് .1968  ലാണ്  ഹംസ പ്രദേശ്‌  കോണ്ഗ്രസ്  അംഗം ആകുന്നത് 1979   -82  കാലഘട്ടത്തിലാണ്  അദ്ദേഹം ഡി സി സി പ്രസിഡന്റ്‌ ആയതും , അത് വച്ചു നോക്കുമ്പോള്‍ എക്കാലത്തെയും പോലെ   ഇതും തല്‍ക്കാലം ജയിക്കാന്‍ വേണ്ടി വി എസ് പറഞ്ഞതായിരിക്കാം എന്ന് കരുതാനേ നിര്‍വാഹമുള്ളൂ   .

പക്ഷെ  വി എസിന്റെ ഈ നടപടികള്‍ അല്പമെങ്കിലും  ചരിത്ര ബോധമുള്ളവരുടെ ഉള്ളില്‍  അദ്ദേഹത്തെ കുറിച്ചുള്ള ധാരണകളില്‍    വലിയ തോതില്‍  തിരുത്തല്‍  വരുത്താനിടയാക്കും എന്നതില്‍ തര്‍ക്കമില്ല ...

ബുധനാഴ്‌ച, സെപ്റ്റംബർ 19, 2012

പെരുമന്തന്‍ ഉണ്ണിമന്തനെ കുറ്റപ്പെടുത്തുമ്പോള്‍

യിടെ പ്രദര്‍ശന വിജയം നേടിയ ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയിലെ  അടിപൊളി റി -മിക്സ് ഗാനമായ "അപ്പങ്ങള്‍ എമ്പാടും " വികൃതമായ അനുകരണം ആണെന്നും ഗായികയ്ക്ക് ശ്രുതി ശുദ്ധത  ഇല്ലാത്തതിനാല്‍ കമ്പ്യൂട്ടര്‍ സഹായത്തോടെ യാണ് പാട്ട് ഇന്നത്തെ രൂപത്തില്‍ അവതരിപ്പിച്ചിട്ടുള്ളതെന്നുമുള്ള ശ്രീ എം .ജി ശ്രീകുമാറിന്റെ വിലപ്പെട്ട വിമര്‍ശനം പത്രത്തില്‍ വായിച്ചു .ഗോപീ സുന്ദര്‍  റീ മിക്സ് ചെയ്തു യുവ ഗായിക അന്ന കത്രീന പാടിയ ഈ ഗാനത്തെ മുന്‍പ് .ഗായകരായ ജയചന്ദ്രന്‍ , കെ ജി മാര്‍ക്കോസ് എന്നിവരും നമ്മുടെ സൂപ്പര്‍ താരം ശ്രീ സന്തോഷ്‌ പണ്ഡിറ്റും വിമര്‍ശിച്ചിരുന്നു . മലബാറിലെ പഴയ ആ പാട്ടിനെ ഏറെ സ്നേഹിച്ചിരുന്ന പലരും വൈകാരികമായി ഈ പുതുമയ്ക്കെതിരെ പ്രതികരിച്ചിരുന്നു .ശുദ്ധ സംഗീതത്തെയും തനിമയുള്ള മാപ്പിള ഗാനങ്ങളേയും സ്നേഹിക്കുന്ന ഇക്കൂട്ടരുടെ ഈ പതികരണങ്ങള്‍ അതിന്റേതായ ഗൌരവത്തില്‍  ഉള്‍ക്കൊള്ളാന്‍  നമുക്ക്   പ്രയാസമില്ല .

എന്നാല്‍ ഈ എം ജി. സാര്‍ ഈ പാട്ടില്‍ മോഷണമുണ്ട്  സംഗീതമില്ല ,ശ്രുതി പോരാ എന്നൊക്കെ പറയുമ്പോള്‍ എന്തോ ഒരിത് തോന്നുന്നു ." മറുപടിയായി ഒന്ന് കൊഞ്ഞനം കുത്തുന്നത് പോലെ .അദ്ദേഹം സംഗീതം ചെയ്ത"  നമ്മുടെ "മാധവേട്ടനിന്നു മൂക്കില്‍ തുമ്പിലാണ് കോപം ..."എന്നൊക്കെ ഒന്ന് തിരിച്ചു പാടി കൊടുത്താലോ എന്ന് പോലും  പലവട്ടം ചിന്തിച്ചു പോകും ...
സിനിമാ സംഗീതത്തിലെ മോഷണവും വിവാദവും റീ മിക്സിങ്ങും ഒന്നും പുതുമയുള്ള വാര്‍ത്തകള്‍ അല്ല .പക്ഷെ അതൊക്കെ പറയേണ്ടവര്‍ പറയുമ്പോള്‍ അതില്‍ കാര്യം ഉണ്ടെന്നു തോന്നേണ്ടവര്‍ക്ക് തോന്നും .

എന്നാല്‍ വരുന്ന വഴി മറക്കുന്ന ഈ എം ജി അണ്ണന്‍ ഇതൊക്കെ പറയുമ്പോള്‍ ആണ്  പ്രശ്നം ..മൌനമെയും ..നാഥാ നീവരും കാലൊച്ചയും ..ഓ ,,മൃദുലേ ..പോലുള്ള ക്ലാസ് ഗാനങ്ങള്‍ ഉണ്ടാക്കിയ അദ്ദേഹത്തിന്‍റെ സഹോദരനും ആരാധ്യനുമായ ശ്രീ എം ജി രാധാ കൃഷ്ണന്‍ പോലും ഒരു മുറൈ വന്ത് പാര്‍ത്തായാ ...., അമ്പല പുഴ ഉണ്ണി കണ്ണനോട് നീ എന്ത് പരിഭവം പോലുള്ള പാട്ടുകള്‍ മോഷണമുതല്‍  ആണെന്ന അപഖ്യാതി കേള്‍പ്പിച്ച ആള്‍ ആണ് ..പക്ഷെ പരാതികള്‍ക്കിടയിലും തനിമ കൊണ്ടു തിളങ്ങാന്‍ പോന്ന പ്രതിഭയുണ്ടായിരുന്നു അദ്ദേഹത്തിനെന്നു പരാതിക്കാര്‍ പോലും സമ്മതിക്കും .

എന്നാല്‍ താങ്കളുടെ കാര്യം അങ്ങിനെയാണോ ? ശ്രീ പ്രിയദര്‍ശനും ,മോഹന്‍ ലാലും ഒക്കെ താങ്കളുടെ സൌഹൃദ വലയത്തില്‍ ഇല്ലായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു ? എന്തിന്..ശ്രീ എം ജി രാധാകൃഷ്ണന്റെ സഹോദരന്‍ അല്ലായിരുന്നെങ്കില്‍ ഈ എം ജി അണ്ണന്‍ സിനിമയുടെ ഏഴയലത്ത് പോലും വരില്ലായിരുന്നു എന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത് ? ..എന്നിട്ടും നെഗളിപ്പിനു ഒരു കുറവും ഇല്ല ...

താങ്കള്‍ ഒരിക്കല്‍ പറയുന്നത്‌ കേട്ടു‌ ഒരു പാട് നല്ല ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച   ശ്രീ വേണുഗോപാലിന് പാട്ട് പാടാന്‍ അറിയില്ലെന്ന് ..അഥവാ അദ്ദേഹത്തിന് തന്‍റെ അത്രയും കഴിവില്ലെന്ന് .. ഇപ്പോള്‍ പറയുന്നു അപ്പങ്ങള്‍ എമ്പാടും പാടിയ അന്ന കത്രീനയ്ക്ക് ലൈവ് ആയി ആ പാട്ട് പാടാന്‍ കഴിയില്ല എന്ന് .സാധാരണ ആസ്വാദകരെ വേണമെങ്കില്‍ പറ്റിക്കാം പക്ഷെ .തന്നെ പോലൊരു വിദഗ്ദ്ധനു മാത്രം മനസിലാകുന്ന തട്ടിപ്പാണ് ആ പാട്ടിന്റെ സംഗീത സംവിധായകന്‍ ശ്രീ ഗോപീ സുന്ദര്‍ ഗായിക അന്ന കത്രീനയ്ക്ക് വേണ്ടി ചെയ്തിട്ടുള്ളതെന്നും അങ്ങ് പറഞ്ഞിരിക്കുന്നു .ഈ വക കാര്യങ്ങള്‍ അങ്ങേയ്ക്ക് ബാധകമല്ലേ എന്ന്  ആരും തിരിച്ചു ചോദിക്കില്ല എന്ന ധൈര്യം കൊണ്ടാണോ ഇത്തരത്തില്‍ ഒരാരോപണം ഉന്നയിക്കാന്‍ അങ്ങ്  ഉദ്യമിച്ചത് ?

 ഏഷ്യ നെറ്റിലെ ജനപ്രീതിയാര്‍ജ്ജിച്ച ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന റിയാലിറ്റി സംഗീത  പരിപാടിയിലെ എത്രയോ വര്‍ഷങ്ങളായുള്ള ജഡ്ജ് ആണ്  ശ്രീ എം ,ജി ശ്രീകുമാര്‍ . ലൈവ് എന്ന് ജനങ്ങളെ ധരിപ്പിച്ചു മൊബൈല്‍ ഫോണ്‍ എസ് എം എസ് വോട്ടുകളിലൂടെ ഏഷ്യനെറ്റ് കോടികള്‍  വാരിക്കൂട്ടിയ  ആ പരിപാടിയില്‍  ഈ എം ജി അണ്ണനും സഹ ജഡ്ജിമാരും ചേര്‍ന്നു പല തരം പാട്ടുകള്‍ പാടി ആസ്വാദകരെ കോള്‍മയിര്‍ കൊള്ളിക്കുന്നത്‌  ടെലിവിഷനിലൂടെ മലയാളികള്‍  എത്രയോ  കണ്ടിരിക്കുന്നു!! ലൈവ് എന്ന് തോന്നിച്ച ആ പാട്ടുകളിലൂടെ ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരെ ശ്രീ എം ജി അണ്ണനും കൂട്ടരും വഞ്ചിക്കുകയായിരുന്നു എന്നതല്ലേ സത്യം ? .തയ്യാറെടുപ്പില്ലാതെ ഒരു പാട്ട് പോലും  ശ്രുതി ശുദ്ധമായി പൂര്‍ണ്ണതയോടെ പാടാന്‍ കഴിയാത്തതിനാല്‍  ഈ എം ജി അണ്ണനും കൂട്ടരും അത് സമയമെ  ടുത്തു റിക്കോര്ഡ് ചെയ്തു  പ്ലേ ചെയ്യുകയും   യാതോരുളുപ്പും ഇല്ലാതെ ആ റെക്കോര്‍ഡ്‌ ന് ഒപ്പിച്ചു ചുണ്ടനക്കുകയും ചെയ്യുകയായിരുന്നില്ലേ ?    റിയാലിറ്റി ഷോ യിലെ ഈ റിയാലിറ്റി   അധികം ആര്‍ക്കും അറിയില്ലെങ്കിലും അതറിയാവുന്ന  ചിലരുണ്ട് എന്നോര്‍ക്കണം .  ആ പരിപാടിയില്‍  നിങ്ങള്‍  ശ്രുതി പോയി ,താളം ഇല്ല .മേല്‍ സ്ഥായി  കീഴെ  വന്നില്ല എന്നൊക്കെ പറഞ്ഞു ശ്വാസം മുട്ടിക്കുന്ന കുട്ടികള്‍ ഇതെല്ലാം കാണുന്നുണ്ട് എന്ന ബോധമെങ്കിലും നിങ്ങള്‍ക്കുണ്ടാകേണ്ടാതായിരുന്നു .തക്കം കിട്ടുമ്പോള്‍  ശ്രുതിയുടെ പേരില്‍  മത്സരാര്‍ഥികളെ  അവഹേളിക്കുന്ന ഈ സംഗീത പുംഗവന്മാരില്‍  നിറകുടം തുളുമ്പില്ല എന്ന വാക്കിനെ അന്വര്‍ഥമാക്കുന്ന പ്രിയ ഗായിക ചിത്ര മാത്രമായിരുന്നു ഒരപവാദം എന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു ..

ഏതായാലും അന്നയ്ക്കെതിരെയുള്ള എം ജി യുടെ  ഈ ആരോപണത്തിനു മറുപടിയായി "എന്നാല്‍ ഇനി മുതല്‍ കമ്പ്യൂട്ടറിനെ കൊണ്ടു പാടിപ്പിച്ചാല്‍ പോരെ ? " എന്ന മറു ചോദ്യം സംഗീത സംവിധായകന്‍ ഗോപീ സുന്ദര്‍ ഉന്നയിച്ചു കഴിഞ്ഞു .

രണ്ട് കാലിലും മന്ത് ഉള്ളയാള്‍ ഒറ്റക്കാലില്‍ മാത്രം ചെറിയ നീര്‍ വീക്കം ഉള്ളയാളെ കളിയാക്കുന്നത് പോലെയായി ഈ കുറ്റപ്പെടുത്തല്‍ ..മറ്റുള്ളവര്‍ ചുടുന്ന അപ്പങ്ങളെ വിമര്‍ശിക്കുന്ന  നിങ്ങള്‍ സ്വയം ഉണ്ടാക്കിയെന്നു മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ച പുളിച്ചു നാറിയ അപ്പങ്ങള്‍ കഴിച്ചു ജനങ്ങള്‍ക്ക്‌ ദഹനക്കേട് പിടിച്ച കാര്യം കൂടി ഓര്‍ക്കണമായിരുന്നു . ആരെങ്കിലും അപ്പങ്ങള്‍ ഉണ്ടാക്കിക്കോട്ടേ ..ഇഷ്ടമുള്ളവര്‍ അത് വാങ്ങി കഴിച്ചോട്ടെ ..പ്രൊഡ്യൂസര്‍മാരായ  അമ്മായിമാരുടെ കച്ചോടം പൊട്ടിയാലും നിങ്ങളൊക്കെ ഉണ്ടാക്കുന്ന അപ്പങ്ങള്‍ കൊണ്ടു നിങ്ങളുടെ പണപ്പെട്ടികള്‍ നിറയട്ടെ ..
പക്ഷെ ശുദ്ധ സംഗീതത്തെ സ്നേഹിക്കുന്ന ശുദ്ധന്മാരായ ജനങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുന്നത് പോലെ ഇടയ്ക്കിടയ്ക്ക്  സ്വയം മറന്നു മറ്റുള്ളവരെ കുറ്റപ്പെടുത്തി സ്വയം വലുപ്പം കൂട്ടാന്‍ ശ്രമിക്കരുത് ..അത് സ്വയം ചെറുതാകാനെ ഉപകരിക്കൂ ..

ബുധനാഴ്‌ച, സെപ്റ്റംബർ 12, 2012


സംസ്ഥാന രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കിയ ടി പി .ചന്ദ്രശേഖരന്‍ വധക്കേസ്  വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ് .സി പി എം ഔദ്യോഗിക നേതൃത്വത്തിന് നേരെ സംശയങ്ങളുടെ വാള്‍ മുനകള്‍ നീട്ടിയ കൊലപാതകവും
അതിനെ തുടര്‍ന്നുണ്ടായ സംസ്ഥാന പോലീസ് അന്വേഷണങ്ങളും  കണ്ടെത്തലുകളും സി പി എമ്മിനെ ഒട്ടൊന്നുമല്ല 
ശ്വാസം മുട്ടിച്ചത് . കൊലയാളിപ്പാര്ട്ടി എന്ന ദുഷ്പേര്  പൊതുവേ കേട്ടെന്നു മാത്രമല്ല രാഷ്രീയ  ശത്രുക്കളുംമിത്രങ്ങളും ഒരു പോലെ അവരെ പൊതു വഴിയില്‍ വിചാരണ ചെയ്യാന്‍ വരെ മുതിരുകയും ചെയ്തു .

ടീ ,പി .വധം ഉണ്ടായ ആദ്യ മണിക്കൂറുകളില്‍ തന്നെ കൊന്നത് സി പിഎം ആണെന്ന പ്രചാരണമാണ്  ചന്ദ്ര ശേഖരന്റെ പാര്‍ട്ടിയായ ആര്‍ എം പി യും കോണ്ഗ്രസ്സും കേന്ദ്ര -സംസ്ഥാന ആഭ്യന്തര മന്ത്രിമാരും പറഞ്ഞു കൊണ്ടിരുന്നത് .
അതെ സമയം കൊന്നതും കൊല്ലിച്ചതും തങ്ങളല്ല എന്ന മറുവാദം അതി ശക്തമായി തന്നെ സി പി എമ്മും ആവര്‍ത്തിച്ചു കൊണ്ടിരുന്നു .
ആരോ ചെയ്ത പാതകം പാര്‍ട്ടിയുടെ തലയില്‍ കെട്ടിവച്ചു പ്രവര്‍ത്തകരെയും നേതാക്കളെയും കള്ള കേസില്‍ കുരുക്കി 
തകര്‍ക്കാനാണ് ഉമ്മന്‍ ചാണ്ടിയും തിരുവന്ചൂരും ശ്രമിക്കുന്നതെന്നാണ് അവര്‍ ആരോപിച്ചു കൊണ്ടിരുന്നത് .അതിനായി കോണ്ഗ്രസ്  -ആര്‍ എം .പി .നേതാക്കള്‍  ഗൂഡാലോചന നടത്തുകയും  പോലീസിനെ ഉപയോഗിക്കുകയും ചെയ്യുന്നുവെന്നും അവര്‍ പറഞ്ഞു കൊണ്ടിരുന്നു.   
അത് കൊണ്ട് തന്നെ ഈ ഗൂഡാലോചന പുറത്തു കൊണ്ടുവരുന്നതടക്കം  നിഷ്പക്ഷമായ ഒരന്വേഷണം ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും അവര്‍  ആവശ്യപ്പെടുകയും ചെയ്തു  .അതിനു സംസ്ഥാന പോലീസ് ഒഴികെയുള്ള ഏതേജന്‍സി
യെയും പോളിറ്റ് ബ്യൂറോ മെമ്പര്‍ സീതാറാം യച്ചൂരി അടക്കം ഉള്ള സി പി എം നേതാക്കള്‍ സ്വാഗതം ചെയ്യുകയും ചെയ്തു 

.ഒന്നും രണ്ടുമല്ല  ,എം എല്‍ യും എം പിയും ജില്ലാ സെക്രട്ടറിയും   അടക്കം എഴുപത്തഞ്ചോളം നേതാക്കളും പ്രവര്‍ത്തകരുമാണ്  ടീ പി വധത്തില്‍  പ്രതികള്‍ എന്നാരോപിക്കപ്പെട്ടു പോലീസ് പിടിയില്‍ ആയത് . എല്ലാവരും നിരപരാധികള്‍ ആണെന്നും ആര്‍ക്കും ടീ .പി .ചന്ദ്ര ശേഖരനുമായി ഒരു വിരോധവും ഉണ്ടായിരുന്നില്ലെന്നും പാര്‍ട്ടി പല തരം യോഗങ്ങള്‍  സംഘടിപ്പിച്ചു പറഞ്ഞിട്ടും അവരെ കുടുക്കാന്‍ നടക്കുന്ന വി എസ് അച്ചുതാനന്ദനും കൊണ്ഗ്രസുകാരും ഒരു വിഭാഗം ജനങ്ങളും വിശ്വസിക്കാന്‍ കൂട്ടാക്കിയിരുന്നില്ല .
 ..
ചിലപ്പോള്‍ സാഹചര്യങ്ങള്‍ വിലയിരുത്തിയാകും ജനങ്ങള്‍  കോണ്ഗ്രസുകാരുടെ കള്ള പ്രചാരണത്തില്‍ വീണിട്ടുണ്ടാവുക.
അവര്‍ക്ക് സത്യം അറിയാന്‍ ഇപ്പോള്‍ വേറെ വഴി ഇല്ലല്ലോ ...എല്ലാവരും ദേശാഭിമാനി വായിക്കുന്നവരും അല്ല .

എന്നാല്‍ പിന്നെ കേസ് സി ബി ഐ അന്വേഷിക്കട്ടെ ..യഥാര്‍ത്ഥ പ്രതികള്‍ ആരെന്നു അവര്‍ അന്വേഷിക്കട്ടെ ..സി പി എം നേതാക്കളെ കുടുക്കാന്‍  കോണ്ഗ്രസ് കാരോ ആര്‍ എം പി ക്കാരോ അച്ചുതാനന്ദനോ ഗൂഡാലോചന നടത്തി എങ്കില്‍  അത് പുറത്തു വരട്ടെ . ഏതന്വേഷണവും നേരിടാം എന്ന് നേരത്തെ തന്നെ നേതൃത്വം പറഞ്ഞിട്ടുമുണ്ടല്ലോ  .

പക്ഷെ പറഞ്ഞു പറഞ്ഞു  കളി കാര്യമായപ്പോള്‍  ഇക്കാര്യത്തില്‍  സി ബി ഐ അന്വേഷണം വേണ്ടാ എന്നാണു പാര്‍ട്ടി പറയുന്നത് ..അത് താഴെ തട്ടില്‍ ഉള്ളവരല്ല അങ്ങ് പോളിറ്റ് ബ്യൂറോ തന്നെതീരുമാനിച്ചു  പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു . 

കേസ് സി ബി ഐ അന്വേഷിക്കണം എന്ന് ചന്ദ്രശേഖരന്റെ വിധവ രമയും അവരുടെ പാര്‍ട്ടിയും ആവശ്യപ്പെട്ടതിനു പിന്നാലെ അതില്‍ എണ്ണയും തീയും പകരാനായി വി എസ് വീണ്ടും എത്തിയതോടെയാണ്  സി പിഎം പഴയ ആവശ്യത്തില്‍ നിന്ന് പിന്നാക്കം പോയിട്ടുള്ളത് ..ഇത് പക്ഷെ എലിയെ പേടിച്ചു ഇല്ലം ചുടുന്നതിനു തുല്യമെന്നെ പറയാന്‍ പറ്റൂ .
സി ബി ഐ അന്വേഷണം വേണ്ടാ എന്ന് പറഞ്ഞാല്‍ ഇക്കാര്യത്തില്‍ അവര്‍ ആവശ്യപ്പെടുന്ന സത്യം പുറത്തു വരേണ്ടാ 
എന്നാണോ അര്‍ഥം ?  സി ബി ഐ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയാണ് എങ്കിലും അവരുടെ ചില അന്വേഷണങ്ങളെ സി പി എമ്മും സ്വാഗതം ചെയ്തിട്ടുള്ളതാണ് ,ചില ഘട്ടങ്ങളില്‍ സി ബി ഐയെ സി പിഎം പ്രകീര്‍ത്തിച്ചിട്ടു പോലുമുണ്ട് . അതിലൊന്നാണ് കവിയൂര്‍ കേസ് .യു പി യിലെ  മായാവതിക്കെതിരെയുള്ള അഴിമതിക്കേസിലും സി ബി ഐ അന്വേഷണത്തെ സി പി എം സ്വാഗതം ചെയ്തിരുന്നതാണ് . 

കവിയൂര്‍ കേസില്‍  സി പി എമ്മിനെ കുടുക്കാന്‍ വേണ്ടി ക്രൈം വാരിക പത്രാധിപര്‍  ടി .പി .നന്ദകുമാര്‍  നല്‍കിയ ഹര്‍ജിയെ തുടര്‍ന്നുണ്ടായ സി ബി ഐ അന്വേഷണത്തില്‍  അനഘയെ പീഡിപ്പിച്ചത് സ്വന്തം പിതാവായ നാരായണന് നമ്പൂതിരി തന്നെയാണ് എന്നായിരുന്നു കണ്ടെത്തല്‍ . ആ വിവരം സി ബി ഐ പുറത്തു വിട്ടപ്പോള്‍ ഏറെ ആശ്വാസം കൊണ്ടതും സി പി എം ആയിരുന്നല്ലോ . കിളിരൂര്‍ -കവിയൂര്‍ കേസുകളില്‍  വി എസ് അടക്കമുള്ള ആളുകളും മറ്റു  രാഷ്ട്രീയ  ശത്രുക്കളും സി പി എമ്മിനെ വെട്ടയാടിക്കൊണ്ടിരിക്കവെയാണ്  ഇക്കാര്യം സംബന്ധിച്ച സി ബി ഐ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത് , കിളിരൂര്‍ കേസില്‍ സി പി എമ്മിലെ വി ഐ പികള്‍  ശാരിയെ സന്ദര്‍ശിച്ചതിനു ശേഷമാണ്  ആ പെണ് കുട്ടി ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് എന്നുപോലും വി എസ് ആരോപിച്ചിരുന്നു ,എന്നാല്‍ സി ബി ഐ പറഞ്ഞതാകട്ടെ 
ആ കേസിന്റെ പരിസരത്തു കൂടി പോലും ഒരു വി ഐ പിയും പോയിട്ടില്ല എന്നായിരുന്നു .

മറ്റൊന്ന്  ; വര്‍ഷങ്ങളായി  കെടാത്ത കനല് പോലെ എരിഞ്ഞു കിടക്കുന്ന  ലാവലിന്‍ കേസില്‍  പിണറായി വിജയനെ പ്രതിയായി സംശയിച്ചു പ്രചാരണങ്ങള്‍ നടത്തിയിട്ട്  എന്തുണ്ടായി ? അദ്ദേഹത്തിനോ മറ്റു രാഷ്ട്രീയ നേതാക്കള്‍ക്കോ വല്ലതും സംഭവിച്ചോ ? ആ കേസും അന്വേഷിക്കുന്നത് സി ബി ഐ അല്ലെ ? പിണറായിക്ക്  ഒരു ദിവസമെന്കിലും ജയരാജനെ പോലെ ജയിലില്‍ കിടക്കേണ്ടി വന്നോ ? ഒന്നും സംഭവിച്ചില്ല,  ഇനി  ഒന്നും സംഭവിക്കാന്‍ പോകുന്നുമില്ല .അതെ സമയം ഉമ്മന്‍ ചാണ്ടിയുടെ  പോലീസാണ്  ടീ പി വധത്തില്‍ എന്നത് പോലെ ഈ കേസുകളും അന്വേഷിച്ചത് എങ്കില്‍  എന്താകുമായിരുന്നു അവസ്ഥ ? പിണറായിയെ കൊണ്ട് ഉമ്മന്‍ ചാണ്ടി ഒരു ദിവസമെന്കിലും ഉണ്ട തീറ്റിച്ചേനെ.
.
കാരണം കേരളത്തിലെ സി പി എമ്മിനെ കൊണ്ട് ഉമ്മന്‍ ചാണ്ടിക്കോ അദ്ദേഹത്തിന്റെ സര്‍ക്കാരിനോ ഉപദ്രവം അല്ലാതെ ഉപകാരമൊന്നും ഉണ്ടായിട്ടില്ല ..അത് കൊണ്ട് അദ്ദേഹത്തിനു രാഷ്ട്രീയ വൈരാഗ്യം കാണും .എന്നാല്‍ കേന്ദ്രത്തില്‍ അതല്ല 
സ്ഥിതി ,അവിടെ മന്മോഹന്‍ ജിക്ക് സി പി എമ്മിനെ കൊണ്ട് വലിയ ആവശ്യമുണ്ട് . അത് കൊണ്ടാണ്  കേരളത്തില്‍ കോണ്ഗ്രസ് കുളം കലക്കിയ ലാവലിന്‍ കേസിലൊക്കെ പിണറായി ഒരു പോറല്‍ പോലുമേല്ക്കാതെ പിടിച്ചു നില്‍ക്കുന്നത് . പോരെങ്കില്‍ ഇപ്പോള്‍ അദ്ദേഹം ലാവലിന്‍ ഇടപാടില്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയതിനു തെളിവില്ല എന്ന് കൂടി സി ബി ഐ വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു ..!!

സി ബി ഐയോട് തല്‍ക്കാലം ഫയല്‍ ചുരുട്ടി കൂട്ടി വയ്ക്കാന്‍ സോണിയാ മാഡവും മന്മോഹന്‍ ജീയും കൂടി പറഞ്ഞാല്‍ അവര്‍ അതനുസരിക്കും ..എന്നിട്ടും സി ബി ഐ അന്വേഷണം വേണ്ട എന്ന് വാശി പിടിക്കാന്‍ സി പി എ മ്മിനെ പ്രേരിപ്പിക്കുന്നതെന്താണെന്ന്  ഒരു പിടിയുമില്ല ..

ചിലപ്പോള്‍ കുട്ടികള്‍ ആഹാരം വേണ്ടാ വേണ്ടാ എന്ന് പറയുമ്പോള്‍ അമ്മമാര്‍ നിര്‍ബന്ധിച്ചു തീറ്റിക്കുന്നത് പോലെ  അന്വേഷണം വേണ്ടാ വേണ്ടാ എന്ന് പറഞ്ഞു വി എസിനെയും കൊണ്ഗ്രസുകാരെയും വാശിപിടിപ്പിച്ചു അന്വേഷണം ക്ഷണിച്ചു വരുത്താനുള്ള അടവ് നയമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .സി ബി ഐ അന്വേഷണം വന്നാല്‍ ഇപ്പോള്‍ അകത്ത് കിടക്കുന്നവരൊക്കെ ജാമ്യം എടുത്തു പുറത്തു വരാന്‍ സാധ്യത തെളിയും .കേസ് അന്വേഷണം ഇനിയും നീണ്ടു നീണ്ടു പോകും . പതുക്കെ ലാവലിന്‍ കേസോ ,അഭയ കേസോ പോലെ തെളിയാതെയും വരാം .അല്ലെങ്കില്‍ സി പി എമ്മിന്റെ നിഷ്കളങ്കത പുറത്തുവരാം ..
 ന്യൂന മര്‍ദ്ദം കൊണ്ട് കേന്ദ്രത്തിലെ കോണ്ഗ്രസ് സര്‍ക്കാരുകള്‍ കാറ്റ് പിടിച്ചു നില്‍ക്കുമ്പോള്‍  സി ബി ഐ യുടെ പിപ്പിടി കാണിച്ചു  ഒരാള്‍ക്കും തങ്ങളെ വരുതിക്ക് നിര്‍ത്താന്‍ കഴിയില്ല എന്നു സി പി എമ്മിന് നന്നായി അറിയാം . അതല്ല സി ബി ഐക്കും നിഷ്പക്ഷത ഇല്ല എന്നാണ് എങ്കില്‍ ചൈനയിലോ റഷ്യയിലോ ഉള്ള നിഷ്പക്ഷമായ ഒരു ഏജന്‍സിയെ അന്വേഷണത്തിനായി  അവര്‍ക്ക്  ശുപാര്‍ശ ചെയ്യാം .

ശനിയാഴ്‌ച, സെപ്റ്റംബർ 08, 2012

എമേര്‍ജിംഗ് കേരള സര്‍ക്കാര്‍ നടത്തുന്ന ചൂതാട്ടമോ ?സംസ്ഥാനത്ത്  മൂലധന നിക്ഷേപം സമാഹരിക്കാനും വിദേശ വ്യവസായ സംരംഭകരെ ആകര്‍ഷിക്കാനും ലക്ഷ്യമിട്ട്  (?) യു ഡി എഫ്  സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന എമെര്‍ജിംഗ് കേരള  മറ്റ് ഏതു പദ്ധതിയിലും സംഭവിക്കാറുള്ളത് പോലെ      വിവാദച്ചുഴി  യില്‍  പെട്ടിരിക്കുകയാണ് . 

വിവര സാങ്കേതിക വിദ്യ വളര്‍ച്ച പ്രാപിക്കവേ സ്വാഭാവികമായുണ്ടായ കമ്പ്യൂട്ടര്‍ വല്‍ക്കരണവും  ഇന്ഗ്ലിഷ് മീഡിയം സ്കൂളുകളും  എതിര്‍ക്കപ്പെട്ടത് പോലെ ,, നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെയും  ,കൊച്ചിയിലെ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സ്റ്റേഡിയത്തിന്റെയും നിര്‍മ്മാണം എതിര്‍ക്കപ്പെട്ടത് പോലെ  
പ്രീഡിഗ്രീ ബോര്‍ഡും പ്ലസ്‌ ടൂ വും , സ്വാശ്രയ കോളെജുകളും വിദേശ ഫണ്ടിങ്ങും , സ്മാര്‍ട്ട്‌ സിറ്റിയും എല്ലാം എതിര്‍ക്കപ്പെട്ടത് പോലെ ഇപ്പോള്‍ "എമെര്‍ജിംഗ് കേരളയും " അതി ശക്തമായി  വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുകയാണ് . ആന്റണി സര്‍ക്കാരിന്റെ കാലത്ത്  2003 ല്‍  സംഘടിപ്പിക്കപ്പെട്ട "ആഗോള നിക്ഷേപക സംഗമവും" (GIM) അതി ശക്തമായ എതിര്‍പ്പുകള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും നടുവിലാണ് നടത്തപ്പെട്ടത് .
 
തടസ്സങ്ങളും സമരങ്ങളും മുറ പോലെ നടന്നെങ്കിലും കേരളത്തിന്റെ സാമൂഹിക സാമ്പത്തിക സാംസ്കാരിക മേഖലകളില്‍ വലിയ തോതില്‍ പരിവര്‍ത്തനങ്ങള്‍  ഉണ്ടാക്കിയ മേല്‍പ്പടി സംരംഭങ്ങള്‍ പലതും പിന്നീട്  വേറെ വേറെ രൂപത്തിലും ഭാവത്തിലുമൊക്കെ നടപ്പില്‍ വരുന്നതിനു കേരള ജനത സാക്ഷികളാണ്  . പ്രക്ഷോഭാഭാസങ്ങള്‍ പദ്ധതികള്‍ക്ക് കാല വിളംബം ഉണ്ടാക്കി എന്നതല്ലാതെ മറ്റെന്തെങ്കിലും ലക്‌ഷ്യം കണ്ടതായി  ചരിത്രവുമില്ല . സമരങ്ങള്‍ സംഘടിപ്പിച്ചവര്‍ തന്നെ പിന്നീട് ഈ പദ്ധതികളില്‍ പലതിന്റെയും ഗുണഭോക്താക്കളും ഉപഭോക്താക്കളും ആയി തീര്‍ന്നു എന്ന വിരോധാഭാസവും നാം കണ്ടു .
പതിവ് പോലെ എതിര്‍പ്പുകളും സമരങ്ങളും പ്രക്ഷോഭങ്ങളും കൊണ്ടുവരുന്ന സ്ഥിരം നേതാക്കന്മാരും ,രാഷ്ട്രീയ കക്ഷികളും മുദ്രാവാക്യങ്ങളും എമെര്‍ജിംഗ് കേരളയ്ക്ക് മുന്നിലും തടസ്സ വാദങ്ങളുമായി നിലയുറപ്പിച്ചിട്ടുണ്ട് . 
വന്‍കിട കുത്തകകള്‍ക്ക് കേരളത്തിലെ സര്‍ക്കാര്‍ ഭൂമികള്‍ പതിച്ചു നല്‍കാനുള്ള ശ്രമമാണിതെന്നും ജിമ്മിനെക്കാള്‍ വലിയ വിപത്താണ് എമെര്‍ജിംഗ് കേരള എന്നും  പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ ആരോപിക്കുന്നു .

  'എമെര്‍ജിംഗ് കേരള ' കേരളത്തിന്റെ പ്രകൃതി വിഭവങ്ങളും പൊതുമുതലും സ്വകാര്യ 'സംരംഭകര്‍ക്ക്' തീറെഴുതുവാനുള്ള മാമാങ്കം ആണെന്നാണ്‌   പരിസ്ഥിതി വാദികളുടെ ആരോപണം  നമ്മുടെ പ്രകൃതിവിഭവ ഉറവിടങ്ങളെ തകര്‍ക്കാത്ത, ഇവിടത്തെ മണ്ണിനെയും മനുഷ്യരേയും സ്നേഹിക്കുന്ന, തൊഴിലും ഉദ്പാദനവളര്‍ച്ചയും സാധ്യമാക്കുന്ന വികസനപരിപാടിയാണ് വേണ്ടതെന്നു അവര്‍ ആവശ്യപ്പെടുന്നു
'എമെര്‍ജിംഗ് കേരള 'യ്ക്ക് ജനകീയ ബദല്‍ എന്ന മുദ്രാവാക്യമുയര്‍ത്തി സെപ്തംബര്‍ 8 ന് അവര്‍ തൃശൂരില്‍ സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്മ പ്രമുഖ പദ്ധതി ആസൂത്രകനായ പ്രൊഫ. പ്രഭാത് പട്നായിക്  ഉദ്ഘാടനം ചെയ്യുമെന്നാണ്  അറിയിച്ചിട്ടുള്ളത് .

ഒട്ടും പ്രത്യുല്പാദനപരമല്ലാത്ത, അതേ സമയം കേരളത്തിന്‍റെ സമ്പുഷ്ടമായ വിഭവ സമ്പത്തുകളെയും , സമ൪ത്ഥവും  വിപുലവുമായ മാനവ  വിഭവ ശേഷി യെയും കൊള്ളയടിക്കാനും പ്രകൃതി രമണീയതയെ ചൂഷണം ചെയ്യാനും മാത്രം ഉദ്ദേശിച്ചു കൊണ്ടുള്ള പദ്ധതികളാണ്  ഇതില്‍ മുന്നോട്ടു വെക്കപ്പെടുന്നത് . വിവധ തരം ടൂറിസം ആണ് ഒരു പ്രധാന ഇനം . ഔട്ട്‌ സോര്‍സിങ്ങും മറ്റും അതിനു താഴെയായി വരുന്നു. ഇവക്കാവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുക എന്നതും ഈ വികസന പ്രക്രിയയുടെ ഭാഗമാണ് . അതിനുള്ള നിയമ ഭേദഗതികളും നിര്‍മ്മാണങ്ങളും നേരത്തെ തന്നെ വരുത്തി കഴിഞ്ഞു . രൂക്ഷമായ വ്യവസ്ഥാ പ്രതിസന്ധിയിലും തകര്‍ച്ചയിലും അകപ്പെട്ടിട്ടുള്ള ആഗോള മുതലാളിത്ത സമ്പത്ത് ഘടനയുമായി കൂടുതല്‍ കൂട്ടി കെട്ടുന്ന ഈ വികസന പദ്ധതി കേരളത്തിന്‍റെ തനതായ ഭൌമ സംതുലിതാവസ്തയെയും , പരിസ്ഥിതിയെയും , സംസ്കാരത്തെയും , മനോഘടനയെ തന്നെയും തകിടം മറിക്കുന്നതും ജീര്‍ണ മാക്കുന്നതും  ആണ് . മുന്‍ കാലങ്ങളിലെന്നപ്പോലെ  കേരളത്തിന്‍റെ യഥാര്‍ഥ വികസനത്തെയല്ല  വിനാശത്തെയായിരിക്കും ഇത് പ്രതിനിധാനം ചെയ്യുക എന്നതാണ്   ഇടതു പക്ഷവും ശാസ്ത്ര സാഹിത്യ പരിഷത്ത് പോലുള്ള സംഘടനകളും മുന്നോട്ടുവയ്ക്കുന്ന വാദങ്ങള്‍  

അതേ സമയം  എമെര്‍ജിംഗ് കേരള കേരളത്തെ മുന്നോട്ടു നയിക്കാനുള്ള ആശയങ്ങളും പദ്ധതികളും ആണെന്നും ഇത് വെറും  ഒരു നിക്ഷേപക സംഗമമല്ല എന്നും കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി  പറയുന്നു .കേരളത്തെ സംരംഭക സമൂഹമാക്കാനാണു സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നു മുഖ്യമന്ത്രി  മറുവാദം ഉന്നയിച്ചിട്ടുണ്ട് . കേരളത്തിലേക്കു നിക്ഷേപം ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണു  എമര്‍ജിങ് കേരള 2012 എന്ന ആഗോള നിക്ഷേപ സംഗമം നടത്തുന്നത്. ഐടി, വിനോദ സഞ്ചാരം, ആരോഗ്യ രംഗം, വിദ്യാഭ്യാസം, റീട്ടെയ്ല്‍, ഭക്ഷ്യ സംസ്കരണം, ബയോ ടെക്നോളജി, നാനോ ടെക്നോളജി, തുറമുഖ നിര്‍മാണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വികസന നിക്ഷേപ സാധ്യതകളുള്ള നിരവധി മേഖലകള്‍ ഇതിലൂടെ ലക്ഷ്യമിടുന്നു. ഇതിനൊപ്പം ചെറുകിട ഇടത്തരം വ്യവസായങ്ങളെ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്‍റെ വികസനത്തില്‍ നാഴികക്കല്ലാകുന്ന എമര്‍ജിങ് കേരളയിലേക്കു പ്രവാസി മലയാളികളുടെ പങ്കും അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ട് . അതിനുള്ള  കാരണം വ്യക്തമാണ്
2011ല്‍ കേരളത്തിലേക്കു പ്രവാസി മലയാളികള്‍ അയച്ചത് 49,965 കോടി രൂപയാണ്. ഇതു കേരളത്തിന്‍റെ മൊത്തം ആഭ്യന്തര വരുമാനത്തേക്കാള്‍ 22% കൂടുതലാണ്. പ്രവാസി മലയാളികളുടെ വരുമാനം സംസ്ഥാനത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് എന്ന്  സര്‍ക്കാരിനു നന്നായി അറിയാം . 

വികസനത്തിന്റെ കാര്യം വന്‍കിട സംരംഭകരെ ക്ഷണിച്ചു വരുത്തുന്നതിന് മുന്നേ തന്നെ വരുമ്പോള്‍ ഏകാഭിപ്രായം സ്വരൂപിക്കുന്നതില്‍ സര്‍ക്കാരുകള്‍ക്ക് പരാജയം സംഭവിക്കാറുണ്ട് . പന്തിയില്‍ ഇല വച്ചതിനു ശേഷം മാത്രം ആളുകളെ ഉണ്ണാന്‍ വിളിക്കുന്നത്‌ പോലുള്ള ഏര്‍പ്പാട് ആയതു കൊണ്ടാകണം ഇക്കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍  സ്ഥിരമായി ഉടക്ക് ഉണ്ടാക്കുന്നതെന്നും തോന്നുന്നു .കെറുവ് കാണിക്കാനുള്ള എതിര്‍പ്പ്  അല്ലാതെ അതൊരു നയപരമായ പ്രശ്നമായി അവര്‍ കൊണ്ടുനടക്കുന്നില്ല   അവര്‍ അധികാരത്തില്‍ വന്നാല്‍ ചിലപ്പോള്‍ പേര് മാറും എന്നതല്ലാതെ പദ്ധതികളില്‍ കാര്യമായ വ്യത്യാസം കാണാറുമില്ല..ആദ്യം എതിര്‍ക്കുക പിന്നേ അവസരം പോലെ മറക്കുക എന്നതാണ്  ഇടതു പാര്‍ട്ടികളുടെ പൊതു നയം .
എങ്കിലും ആരോപണങ്ങളില്‍ ചിലത് മൌലികമായതും കേരള സമൂഹം ആഴത്തില്‍ ചര്‍ച്ചയ്ക്കു എടുക്കേണ്ടതുമാണ്  ഏതു സര്‍ക്കാര്‍ പ്രഖ്യാപിച്ചാലും മുഴുവന്‍ പദ്ധതികളും നടപ്പാകാറില്ല.
മിക്കവാറും വന്‍കിടക്കാര്‍ തന്നെയാകും മിക്കതിന്റെയും ഗുണഭോക്താക്കള്‍ ..വാഴ നനയുമ്പോള്‍ ചീരയും നനയുന്നത് പോലെ ബഹുഭൂരിപക്ഷം വരുന്ന ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് എന്തെങ്കിലും കിട്ടിയാലായി ..ചില പദ്ധതികള്‍ വന്‍കിടക്കാര്‍ക്ക് വേണ്ടി മാത്രം രൂപം കൊടുത്തതുമാകം . എന്ത് പദ്ധതി വന്നാലും തഴച്ചു വളരുന്നത്‌ ഭൂമാഫിയാകളുടെ കച്ചവടം ആണെന്നതിലും തര്‍ക്കം ഉണ്ടാകാനിടയില്ല . 
വലിയ വികസന പദ്ധതികള്‍ വരുന്നു എന്ന പ്രചരണം വന്‍തോതില്‍ നടത്തി അവിടങ്ങളിലുള്ള ഭൂമി മുഴുവന്‍ വാങ്ങിക്കൂട്ടിയും ആളുകളെ കുടിയൊഴിപ്പിച്ചും തലമുറകളായുള്ള ആവാസ വ്യവസ്ഥ തകര്‍ത്തും ഒരു ന്യൂന വിഭാഗത്തിനു  പണം സമ്പാദിക്കാന്‍ ഇത്തരം പദ്ധതികള്‍ മറയാകാറുണ്ട്‌ .

 നടത്താന്‍പോകുന്ന ആഗോള നിക്ഷേപകസംഗമം 2003-ല്‍ യുഡിഎഫ് കൊട്ടിഘോഷിച്ചുകൊണ്ടുവന്ന 'ജിം' എന്ന വെള്ളത്തില്‍വരച്ച വരയുടെ തനിയാവര്‍ത്തനംമാത്രം.ആണെന്ന് വിശ്വസിക്കുന്നാര്‍ ഏറെയുണ്ട് . അന്ന് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയാണ് പ്രായോഗികതലത്തില്‍ വന്‍പരാജയമായി മാറിയ ആഗോള നിക്ഷേപ സംഗമം (ജിം) കൊണ്ടുവന്നത്. അത് ഇന്ന് ആഗോളനിക്ഷേപ സംഗമമായി. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്ന വ്യത്യാസം മാത്രം. 2003-ല്‍ ദീര്‍ഘവീക്ഷണത്തോടെ ജിമ്മിന്റെ അപചയം പ്രവചിച്ച വര്‍  വികസനവിരോധികള്‍ എന്ന പഴി ഏറെ കേട്ടവരാണ് . 

കേരളത്തിന്റെ അമൂല്യമായ പ്രകൃതിവിഭവങ്ങളെ ആഗോളകുത്തക കമ്പനികള്‍ക്കും ഇന്ത്യയ്ക്കകത്തുള്ള വമ്പന്‍മൂലധനകമ്പനികള്‍ക്കും അടിയറവയ്ക്കുന്നതായിരുന്നു ജിമ്മില്‍ അവതരിപ്പിച്ച പ്രോജക്ടുകള്‍. അന്ന് യുഡിഎഫ് സര്‍ക്കാര്‍ വിരിച്ച ചുവന്ന പരവതാനിയിലൂടെ ആഗോളനിക്ഷേപക സമാപഹരണത്തിനായി എത്തിച്ചേര്‍ന്നത്, കേരളത്തിന്റെ മണ്ണും വനങ്ങളും ജലാശയങ്ങളും ധാതുമണിലും കണ്ടല്‍കാടുകളും കായലും കടലോരപ്രദേശങ്ങളും കണ്ണുവച്ചുള്ള ആര്‍ത്തിപൂണ്ട കച്ചവടതാല്‍പര്യക്കാരായിരുന്നു. അന്ന് പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്‌പേയ് പ്രഖ്യാപിച്ച 10000 കോടിയുടെ കേന്ദ്രപദ്ധതിയും എ കെ ആന്റണി പ്രഖ്യാപിച്ച മറ്റ് വിവിധ പദ്ധതികളുമെല്ലാം വെള്ളത്തില്‍ വരച്ച വരപോലെ ജനങ്ങളെ പറ്റിക്കുന്നതായത് സംസ്ഥാനം പരിഹാസപൂര്‍വമാണ് നോക്കിക്കണ്ടത്.

പുതിയ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനൊപ്പം നമ്മുടെ പ്രകൃതിയും പരമ്പരാഗത തൊഴിലുകളും തൊഴിലിടങ്ങളും തൊഴിലാളികളും കൂടി സംരക്ഷിക്കപ്പെടണം എന്ന ധാര്‍മിക ചിന്ത ചോര്‍ന്നു പോകാറുണ്ട് .

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ സ്ഥിതിചെയ്യുന്നിടത്ത് അധികസ്ഥലമുണ്ടെന്ന് കണ്ടെത്തി ടൂറിസം വികസനത്തിന്റെ മറവില്‍ ഷോപ്പിംഗ്മാളുകള്‍ നിര്‍മിക്കുന്നതുള്‍പ്പെടെ പദ്ധതികളും തീരപ്രദേശത്തെ മത്‌സ്യബന്ധനത്തിന് സര്‍വനാശം വിതയ്ക്കുന്ന വന്‍കിട പദ്ധതികളും അതിലുള്‍പ്പെട്ടിരുന്നു. പുറമെ സംസ്ഥാനം കാത്തുസൂക്ഷിക്കേണ്ട ധാതുമണല്‍ശേഖരത്തിന്റെ അനിയന്ത്രിതമായി ചൂഷണം കരുതിക്കൂട്ടിയുള്ള വ്യവസായപ്രോജക്ടുകളും ജിമ്മിലുണ്ടായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ഒരു ചര്‍ച്ചയും നിയമസഭയിലോ പ്രതിപക്ഷപാര്‍ട്ടികളുമായോ തൊഴിലാളി സംഘടനകളുമായോ  നടത്തിയില്ല. . ജിമ്മില്‍ ഒപ്പുവച്ച വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അന്ന് നിയമസഭയില്‍  പ്രഖ്യാപിച്ച  പദ്ധതികള്‍ പലതും കേരളത്തില്‍ നടപ്പായില്ല. 

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നു വാഹനത്തില്‍  കേവലം അരമണിക്കൂര്‍ ദൈര്‍ഘ്യം മാത്രം സഞ്ചരിക്കാവുന്ന ദൂരം മാത്രമുള്ള കൊച്ചിയിലേക്ക്  തകര്‍ന്ന റോഡുകളിലൂടെയും എളുപ്പത്തില്‍ അഴിയാതെ മണിക്കൂറുകളോളം നീണ്ട  ഗതാഗത കുരുക്കില്‍ പെട്ടു വന്ന വിദേശ -പ്രവാസി നിക്ഷേപകരെ എതിരേറ്റത്  പ്രക്ഷോഭകരുടെ ആക്രോശങ്ങളും പോലീസിന്റെ ലാത്തി വീശലുമൊക്കെ ആയിരുന്നു എന്നതും മറന്നു കൂടാ . ഇത്തരം സംഘര്‍ഷ സാഹചര്യങ്ങളില്‍ മുതല്‍ മുടക്കുവാന്‍ ആരാണ് മുന്നോട്ടു വരിക ? ആര്‍ക്കാണ് മലയാളികളോട് അത്ര ദീനാനുകമ്പ ഉള്ളത് ? 

കാറ്റുള്ളപ്പോള്‍ പാറ്റണം എന്ന നയം യു ഡി എഫ് സര്‍ക്കാരിലെ ചിലര്‍ക്കും ഉണ്ടെന്നത് അവരുടെ ചില പ്രവര്‍ത്തനങ്ങള്‍ സൂചിപ്പിച്ചതാണ് .  പെരിയാറും നിളയും ഉള്‍പ്പെടെയുള്ള നദികളിലെ വെള്ളം കച്ചവടാടിസ്ഥാനത്തില്‍ കൈമാറാന്‍ കമ്പനികളുമായി പദ്ധതി തയ്യാറാക്കിയതിനെതിരെ ജ്ഞാനപീഠജേതാവ് എം ടി വാസുദേവന്‍ നായര്‍ അടക്കമുള്ള പ്രകൃതിസ്‌നേഹികളും പരിസ്ഥിതിപ്രവര്‍ത്തകരും തൊഴിലാളിപ്രസ്ഥാനങ്ങളും യുവജനസംഘടനകളും  പ്രക്ഷോഭണവുമായി രംഗത്തുവന്നിരുന്നു  ഇതിന്റെ ഫലമായി കുടിവെള്ളം വിറ്റ് കാശാക്കുന്നതും കുടിവെള്ളം നാടിന് അന്യമാക്കുന്നതുമായ പദ്ധതിയുമായി ആന്റണി സര്‍ക്കാരിന്മ മുന്നോട്ടുപോകാനായില്ല എന്നത് ചരിത്രം.
 ജനങ്ങളുടെ രോഷത്തിനും പ്രതിഷേധത്തിനും പാത്രമായ പഴയ ജിം തന്നെ പൊടിതട്ടിയെടുത്ത് പേരുമാറ്റി മറ്റൊരു ഗ്ലോബല്‍ ഇന്‍വെസ്റ്റിന് മുതിരുന്നതിന്റെ സൂചനകള്‍ 2011ല്‍ ഒരിടവേളയ്ക്കുശേഷം ഭരണത്തില്‍വന്ന യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യബജറ്റില്‍തന്നെ നിഴലിച്ചു. പഴയ പദ്ധതിക്ക് പുതിയൊരു പേരുമിട്ടു. എമര്‍ജിംഗ് കേരള. 14 മാസമായി കോടിക്കണക്കിന് രൂപയാണ് ഇതിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ചുകൊണ്ടിരിക്കുന്നത്. വ്യവസായവകുപ്പിന്റെ പിന്നാമ്പുറത്ത് കണ്‍സള്‍ട്ടിംഗ്കമ്പനിയും പരസ്യഏജന്‍സികളും ആഗോളകുത്തക കമ്പനികള്‍ക്ക് പ്രകൃതിസമ്പത്തും പൊതുസേവനമേഖലയും കൊള്ളയടിക്കുന്നതിനുള്ള അവസാരമൊരുക്കുന്നതിന്റെ മൗനപ്രവര്‍ത്തനങ്ങളിലാണ്. വിദേശരാജ്യങ്ങളിലും ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളുരു തുടങ്ങിയ വലിയ നഗരങ്ങളിലും പണം വമ്പിച്ചതോതില്‍ ചിലവഴിച്ച് റോഡ്‌ഷോകളും ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റും നടത്തിക്കഴിഞ്ഞു. രണ്ടുമാസത്തോളം നീണ്ടുനിന്ന് കഴിഞ്ഞ 25ന് അവസാനിച്ച നിയമസഭയുടെ സമ്പൂര്‍ണ ബജറ്റ്‌സമ്മേളനത്തില്‍പോലും ഏതൊക്കെ പദ്ധതികള്‍ക്കാണ് രൂപംകൊടുത്തിട്ടുള്ളതെന്നോ ഇതിനായുണ്ടാക്കുന്ന ധാരണാപത്രങ്ങളിലെ വ്യവസ്ഥകള്‍ എന്താണെന്നോ വ്യക്തമായിട്ടില്ലാ എന്നത്  ദുരൂഹമാണ് .

എമര്‍ജിംഗ് കേരളയെപ്പറ്റി മുഖ്യമന്ത്രിയും മന്ത്രിമാരും വാചാലമായി സംസാരിക്കുമ്പോഴും പ്രധാനപ്പെട്ട പല കാര്യങ്ങളും മറച്ചുവച്ചിരിക്കുന്നുവെന്നുവേണം കരുതാന്‍. എമര്‍ജിംഗ് കേരള പദ്ധതിയുടെ സുഗമമായ പാതയൊരുക്കലിനായി കേരള നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം അട്ടിമറിക്കപ്പെട്ടു. സര്‍ക്കാര്‍ ഏറ്റെടുത്ത ആയിരം കോടിയോളം രൂപ വിലമതിക്കുന്ന പൈതൃകസമ്പത്തായ തിരുവനന്തപുരത്തെ ഗോള്‍ഫ്  ക്ലബ്ബിന്റെ സ്ഥലം വിട്ടുകൊടുക്കാന്‍ തീരുമാനമെടുത്തതായി ആരോപണമുണ്ട് . പാട്ടക്കാലാവധി കഴിഞ്ഞതിന്റെയും പാട്ടക്കരാര്‍ ലംഘിച്ചതിന്റെയും അടിസ്ഥാനത്തില്‍ ഏറ്റെടുത്ത വനഭൂമിയെല്ലാം വിട്ടുകൊടുക്കാനുള്ള നടപടിയും വേഗത്തില്‍ പൂര്‍ത്തിയായി. 
വന്‍കിട പദ്ധതികള്‍ ഉള്‍പ്പെടെ പതിനേഴായിരം കോടി രൂപയോളം മുടക്ക് മുതല്‍ പ്രതീക്ഷിക്കുന്ന പദ്ധതികള്‍ക്കാണ്  എമെര്‍ജിംഗ് കേരള ലക്ഷ്യമിടുന്നത് . കെ ജി ജി എല്ലുമായി ചേര്‍ന്നു കൊണ്ടു രണ്ടായിരം കോടി മുടക്കുമുതലുള്ള സപ്ലിമെന്ററി ഗ്യാസ് ഇന്ഫ്രാ സ്ട്രക്ചര്‍ പ്രോജക്റ്റ് , ഏഴായിരം കോടി മുതല്‍ മുടക്കുള്ള വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ നിര്‍മ്മാണ പദ്ധതി , നാലായിരത്തി അഞ്ഞൂറ് കോടി ചെലവു പ്രതീക്ഷിക്കുന്ന കൊച്ചി മെട്രോ റെയില്‍ ,മൂവായിരത്തി നാനൂറു കോടിയുടെ തിരുവനന്തപുരം മോണോ റെയില്‍ പ്രോജക്റ്റ് എന്നിവയാണ്  എമെര്‍ജിംഗ് കേരള വഴി ശാപമോക്ഷം പ്രതീക്ഷിക്കുന്ന വന്‍കിട പദ്ധതികള്‍ .  സര്‍ക്കാരിന്റെ ഉദ്ദേശ്യവും ലക്ഷ്യവും സത്യ സന്ധമായുള്ളതാണ് എങ്കില്‍ കേരളത്തെ മാറ്റി മറിക്കാന്‍ പോരുന്ന പദ്ധതികള്‍ തന്നെയാണ് ഇവയെന്നതില്‍ പക്ഷാന്തരമുണ്ടാകില്ല .
കേരളത്തില്‍ എമെര്‍ജിംഗ് കേരള വഴി നിക്ഷേപ സമാഹരണം നടക്കുന്നതിനു തൊട്ടു മുന്‍പ് ബാന്‍ഗ്ലൂരില്‍  കര്‍ണ്ണാടക സര്‍ക്കാരിന്റെ നേതൃത്വത്തില്‍  സമാനമായ ആഗോള നിക്ഷേപക സംഗമം നടക്കുകയുണ്ടായി .
ആറ് ലക്ഷം കോടിയെന്ന ലക്ഷ്യം മറിക്കടന്നുള്ള വിജയമാണ്  അവര്‍ നേടിയത്. രണ്ട് ദിവസമായി നടന്ന സംഗമത്തില്‍ വിവിധ പദ്ധതികള്‍ക്കായി 730 ധാരണ പത്രങ്ങള്‍ ഒപ്പിട്ടതായി ചിഫ് സെക്രട്ടറി എസ് വി രംഗനാഥ്  മാധ്യമങ്ങളെ  അറിയിച്ചിരുന്നു . ധാരണപത്രങ്ങളില്‍ 75 ശതമാനവും ഇന്ത്യയില്‍ നിന്നുള്ള കമ്പനികളുമായാണ്  .എന്നതാണു പ്രത്യേകത
നിക്ഷേപ സംഗമത്തിലൂടെ 15 ലക്ഷം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. നിക്ഷേപ സംഗമത്തില്‍ പങ്കെടുത്ത ബാങ്കുകള്‍ മൂന്ന് ലക്ഷം കോടിയുടെ വായ്പക്കായി വിവിധ കമ്പനികളുമായി കരാറിലെത്തി.

ചെറുകിട വ്യവസായ രംഗത്ത് 35000 കോടിയുടെ രൂപയുടെ നിക്ഷേപം സമാഹരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. നഗര വികസന രംഗത്ത് ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനും കഴിഞ്ഞു.
ടാറ്റാ ഗ്രൂപ്പാണ് ഏറ്റവും കൂടുതല്‍ നിക്ഷേപത്തിന് സര്‍ക്കാറുമായി ധാരണയിലെത്തിയത്. സ്റ്റീല്‍ കമ്പനിയടക്കം 35000 കോടി രൂപയുടെ നിക്ഷേപത്തിനാണ് ടാറ്റാ ഗ്രൂപ്പ് തയ്യാറായത്.  
ഇതുപോലൊരു സാഹചര്യം കേരളത്തില്‍ വന്നുകൂടായ്കയില്ല ..വരണമെന്നതാണ്  സംസ്ഥാന താല്പര്യം കണക്കിലെടുക്കുന്നവര്‍ ചിന്തിക്കുന്നത് . ഒപ്പം ബഹുഭൂരിപക്ഷം വരുന്ന സാമാന്യ ജനങ്ങള്‍ക്ക്‌ അതിന്റെ ഗുണഫലവും ലഭിക്കണം . എന്ത് പദ്ധതി വന്നാലും കുറെ കോടികള്‍ ചോര്‍ന്നു ചില കേന്ദ്രങ്ങളിലേയ്ക്ക് സമാഹരിക്കപ്പെടും എന്നത്  ഒരു യാഥാര്‍ത്ഥ്യമാണ്‌ ..അത് ഇവിടെയും സംഭവിക്കാം .പക്ഷെ ജനതാല്പര്യം ഹനിക്കപ്പെട്ടുകൂട . ഭയപ്പെടുന്നത് പോലുള്ള ദുരന്തങ്ങള്‍ സംഭവിക്കാനും പാടില്ല . നല്ല കാര്യങ്ങള്‍ മുടക്കം കൂടാതെ  നടക്കട്ടെ ..
പക്ഷെ  മൂലധന നിക്ഷേപം വര്‍ദ്ധിപ്പിക്കാനായി  എമെര്‍ജിംഗ് കേരള സംഘടിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ പക്ഷെ യു ഡി എഫില്‍ ചര്‍ച്ച ചെയ്തു അനുവാദം വാങ്ങിയിരുന്നോ എന്ന് വ്യക്തമാക്കേണ്ടതുണ്ട് കാരണം . 2011 ഡിസംബര്‍ പത്തിന്  ചേര്‍ന്ന  യു ഡി എഫ് അടിയന്തര  യോഗം  ചേര്‍ന്നു  ചില്ലറവ്യാപാര രംഗത്തു കേരളത്തില്‍ വിദേശ നിക്ഷേപം വേണ്ടെന്ന്  തീരുമാനിച്ചിരുന്നു . ഇക്കാര്യം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടു  ശുപാര്‍ശയും  ചെയ്തിരുന്നു   റിലയന്‍സും ബിഗ് ബസാറുമൊക്കെ കേരളത്തില്‍ കടന്നുവന്നത് ഇടതു സര്‍ക്കാരിന്‍റെകാലത്താണ്. യുഡിഎഫ് ഒരുകാലത്തും ഇത്തരം സമീപനം എടുത്തിട്ടില്ല എന്നും കണ്‍ വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞതിന്  പിന്നീട് എന്തെങ്കിലും മാറ്റം വരുത്തിയതായി കണ്ടതുമില്ല . കേരള സര്‍ക്കാര്‍  വിദേശ നിക്ഷേപത്തെ അനുകൂലിച്ചു കത്തയച്ചു എന്ന് കേന്ദ്ര മന്ത്രി ആനന്ദ ശര്‍മ്മപറഞ്ഞതായി പത്രത്തില്‍ വായിച്ചിരുന്നു .കേരളം അടക്കം ഏഴു സംസ്ഥാനങ്ങള്‍ വിദേശ നിക്ഷേപത്തെ പിന്തുണച്ചിട്ടുണ്ടെന്നാണ്  ആനന്ദ് ശര്‍മ ബ്രസല്‍സില്‍ ഇക്കഴിഞ്ഞ ജൂണ്‍ അവസാനം  നടന്ന യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുമായുള്ള ചര്‍ച്ചയില്‍ വ്യക്തമാക്കിയത്  ..എന്നാല്‍ ഇങ്ങനെ ഒരു കത്തയച്ചിട്ടില്ല എന്ന്  ടി എന്‍ പ്രതാപന്‍ എം എല്‍ എ  യുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമ സഭയില്‍ ഉറപ്പു നല്‍കിയതായും അറിഞ്ഞു . ആരാണ് കള്ളം പറയുന്നതെന്നും വിദേശ മൂലധന സമാഹരണത്തെ കുറിച്ചു യു ഡി എഫിനും സര്‍ക്കാരിനും ഉള്ള പൊതു നയം എന്താണെന്നും അവരുടെ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്ക് ഇതുമായി വല്ല ബന്ധവും ഉണ്ടോ എന്നും ആര്‍ക്കും ഒന്നും അറിയില്ല . കാര്യങ്ങള്‍ മുഖ്യമന്ത്രിയും യു ഡിഎഫ് നേതാക്കളും നേരത്തെ പറഞ്ഞത് പോലെയാണ് എങ്കില്‍ പിന്നേ ഏതു നയത്തിന്റെ ഒഇന്‍ ബലത്തിലാണ് എമെര്‍ജിംഗ് കേരള നടത്താന്‍ പോകുന്നതെന്ന്  അവര്‍ വ്യക്തമാക്കേണ്ടതുണ്ട് . ഏതായാലും കേന്ദ്രത്തിന്റെ തലവനായ മന്‍മോഹന്‍ ജിയാണ് എമെര്‍ജിംഗ് കേരള ഉദ്ഘാടനം ചെയ്യാനായി കേരത്തിലേക്ക് വരുന്നത്  .അദ്ദേഹം പൊതുവേ ഒരു കാര്യത്തിലും വാ തുറന്നു പ്രതികരിക്കാത്തയാള്‍ ആണ് . കേരളത്തിന്റെ പദ്ധതികള്‍ നടപ്പാക്കാന്‍ ആവശ്യത്തിനു തുക അനുവദിക്കാന്‍ പിശുക്ക് കാണിക്കുന്ന അദ്ദേഹത്തിനു എമെര്‍ജിംഗ് കേരള നടത്തുന്നത് ഒരാശ്വാസമാണ് . കേരളം ആ വഴിക്ക്   കുറെ പണം സ്വരൂപിച്ചു കഴിഞ്ഞാല്‍ പിന്നേ ഇവിടെ നിന്നുള്ള "പണം തായോ ,,പണം തായോ ..." എന്ന മുറ വിളികള്‍ക്ക് ഒരു ശമനം ഉണ്ടാകുമല്ലോ   എമെര്‍ജിംഗ്  കേരള സാധാരണക്കാരെ സംബന്ധിച്ച്   ഗുണമായാലും ദോഷമായാലും കാത്തിരുന്നു കാണുക തന്നെ .വരാനുള്ളത്  വഴിയില്‍ തങ്ങില്ലല്ലോ ..