ബുധനാഴ്‌ച, ജൂൺ 27, 2012

നികുതി വലയിലെ അടുത്ത ഇര പ്രവാസി

പ്രവാസികള്‍ക്ക് മേല്‍ നികുതി ചുമത്താനുള്ള നീക്കങ്ങള്‍ സജീവമായി നടക്കുന്നത് കൊണ്ടാകണം പ്രവാസി നിക്ഷേപത്തിന് സേവന നികുതി വരുന്നു എന്ന മട്ടില്‍ ഇന്നലെ ഒരു പത്രം പ്രസിദ്ധീകരിച്ച വാര്‍ത്ത ചൂടേറിയ ചര്‍ച്ചയായി മാറിയത് . പത്രത്തിന് അബദ്ധം സംഭവിച്ചതാണെന്ന് പിന്നീട് വ്യക്തമായെങ്കിലും കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളുടെ നക്കാപ്പിച്ചയില്‍ 
നികുതിക്കണ്ണുകള്‍ കൂര്‍പ്പിക്കുന്നുണ്ട് എന്ന ആശങ്ക ഏറെ കാലമായി നിലനില്‍ക്കുകയാണ് .

ഇടി വെട്ടിയവനെ പാമ്പ്  കടിച്ചു ,അവന്റെ തലയില്‍ തന്നെ തേങ്ങയും വീണു എന്ന് പണ്ടാരോ   പറഞ്ഞത് പോലെയായി 
പ്രവാസികളുടെ അവസ്ഥ . എയര്‍ ഇന്ത്യ  യുടെ സമരവും കെടുകാര്യസ്ഥതയും കൊണ്ടു സ്വകാര്യ  വിമാനകമ്പനികള്‍  വന്‍ തോതില്‍ പ്രവാസികളെ കൊള്ളയടിക്കുകയും എങ്ങനെയും പണം ഉണ്ടാക്കി വിമാനം കയറി നാട്ടില്‍ ചെന്നാല്‍ അവിടുത്തെ വിലക്കയറ്റം  കൊണ്ടു  നട്ടം തിരിയുകയും ചെയ്യുന്ന  സാഹചര്യത്തിലാണ്  രക്തം വിയര്‍പ്പാക്കി നാട്ടിലേക്കു അയച്ചു കൊടുക്കുന്ന പ്രവാസിയുടെ പണത്തിനു മേലും കേന്ദ്ര സര്‍ക്കാര്‍ കണ്ണ് വയ്ക്കുന്നത് ..
നേരത്തെ പ്രത്യക്ഷ നികുതി പരിഷ്കാരങ്ങള്‍ക്കുള്ള 
നിര്‍ദ്ദേശം വന്നപ്പോഴും പ്രവാസികള്‍ക്ക് നികുതി ചുമത്തും എന്ന ഭീതി വ്യാപകമായിരുന്നു .
 ഗള്‍ഫ്‌ മേഖലയില്‍ ജോലിചെയ്യുന്ന  അറുപതു ലക്ഷത്തോളം പേര്‍ അടക്കം   190  രാജ്യങ്ങളിലായി ഏതാണ്ട്   270 ലക്ഷം വിദേശ ഇന്ത്യ ക്കാര്‍  ജോലിയുമായി ബന്ധപ്പെട്ടു പ്രവാസ ജീവിതം നയിക്കുന്നുണ്ട്‌   .ലോക ബാങ്കിന്റെ കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷം  55 ബില്ല്യന്‍ ഡോളര്‍ വരുന്ന വിദേശ നാണയം   ഇന്ത്യയിലേയ്ക്ക്  വന്നിട്ടുണ്ട്   ഒരു ബില്ല്യന്‍ ഡോളര്‍ ഏകദേശം 4000  കോടി രൂപയാണ്  .  രൂപയുടെ മൂല്യം കുറഞ്ഞതോടെ കഴിഞ്ഞ ഏതാനും മാസങ്ങളായി വിദേശ ഇന്ത്യക്കാരുടെ പണം വരവ്   പല മടങ്ങ്‌ വര്‍ദ്ധിക്കുകയും ചെയ്തു . ഈ സാഹചര്യം അവസരമാക്കി നികുതി ഏര്‍പ്പെടുത്തുക വഴി അപ്രതീക്ഷിതമായി കോടിക്കണക്കിനു രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത് .
വിദേശ ഇന്ത്യക്കാരില്‍ നിന്നു ഏറ്റവും കൂടുതല്‍ പണം ലഭിക്കുന്നത് കേരളത്തിനും പഞ്ചാബിനും ആണ് .
സര്‍ക്കാരുകളുടെ നയ   വൈകല്യങ്ങള്‍ മൂലവും ഡോളറിന്റെ മൂല്യത്തില്‍ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങള്‍ മൂലവും   അടിക്കടി തകര്‍ച്ച  നേരിടുന്ന  ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ അര നൂറ്റാണ്ടില്‍ അധികമായി സഹായിച്ചു കൊണ്ടിരിക്കുന്ന പ്രബല വിഭാഗമാണ്‌ നാടും വീടും ഉപേക്ഷിച്ചു അന്യ നാടുകളിലെ പ്രതികൂല സാഹചര്യങ്ങളില്‍ പണിയെടുക്കുന്ന   പ്രവാസികള്‍ . എന്നിട്ടും യാതൊരു പരിഗണനയോ അനുതാപമോ ഇല്ലാതെ കേന്ദ്ര  -സംസ്ഥാന    സര്‍ക്കാരുകള്‍ പ്രവാസികളെ സാമ്പത്തികമായി പിഴിയുകയും സൌകര്യങ്ങള്‍ നല്‍കാതെ കഷ്ടപ്പെടുത്തുകയും നിലവില്‍ ഉള്ള നാമ മാത്രമായ   സൌകര്യങ്ങള്‍  പിടിച്ചു  വാങ്ങുകയും ചെയ്യുന്ന നടപടി   അത്യന്തം  പ്രതിഷേധാര്‍ഹമാണ്‌  ...
 വിദേശ നിക്ഷേപവും  മൂല ധനവും വര്‍ദ്ധിപ്പിക്കാന്‍  വേണ്ടി  വിദേശ രാജ്യങ്ങള്‍ക്കും  കുത്തക  വ്യവസായികള്‍ക്കും  അത്യാകര്‍ഷകമായ  സൌജന്യങ്ങളും  സഹായങ്ങളും  ചെയ്യാന്‍  സര്‍ക്കാരുകള്‍ കാണിക്കുന്ന ഉത്സാഹം സ്വന്തം നാടിനു വേണ്ടി വര്‍ഷങ്ങളായി  ജീവിതം ഹോമിക്കുന്നവര്‍ക്ക്  നേരെ കാണിക്കാത്തതില്‍ പരം ക്രൂരത വേറെ എന്താണുള്ളത് ? ആരോഗ്യം നശിച്ചും ജീവിതം തീരാറായി ഇനി പണി എടുക്കാന്‍ വയ്യ എന്ന ഘട്ടത്തില്‍ മടങ്ങിവരുന്നവര്‍ക്ക് പുനരധിവാസം നല്‍കാനുള്ള പദ്ധതികള്‍ക്കും വാഗ്ദാനങ്ങളിലും കടലാസിലും  മാത്രമായി ഒടുങ്ങുന്നു 

.പ്രവാസ മേഖലയില്‍ നിന്നുള്ള പണപ്പിരിവ് മാത്രം ലക്ഷ്യമാകി മുട്ടിനു മുട്ടിനു വിദേശ രാജ്യങ്ങളിലേയ്ക്ക് പറന്നു വരുന്ന രാഷ്ട്രീയ കക്ഷി നേതാക്കളും പ്രവാസിക്ക് ഒരപകടം വരുമ്പോള്‍ കണ്ണടച്ചു ഇരുട്ടാക്കി കളയും ..

ബുധനാഴ്‌ച, ജൂൺ 20, 2012

യു ഡി എഫിന്റെ പോസ്റ്റ്‌ മോര്‍ട്ടം അപഹാസ്യം


നെയ്യാറ്റിന്‍ കര ഉപതെരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം യു ഡി എഫില്‍ നടക്കുന്ന ചര്‍ച്ചകള്‍ ശ്രദ്ധിക്കുമ്പോള്‍ യഥാര്‍ഥത്തില്‍ അവര്‍ ഈ വിജയത്തിനു അര്‍ഹരായിരുന്നോ എന്നു ശങ്കിച്ച് പോകുന്നു .. 
തെരഞ്ഞെടുപ്പ്  ഫലം വന്നു കഴിഞ്ഞാല്‍ വിധിയെ ചൊല്ലി സാധാരണ പരാജയപ്പെട്ട മുന്നണികളാണ്  വിശകനവും വിപരീത വിവാദവും സൃഷിക്കാറുള്ളത് . .നെയ്യാറ്റിന്‍ കരയില്‍  പരാജയപ്പെട്ട  ഇടതു  മുന്നണിയാണ്  സ്വാഭാവികമായും ഇതിന്.ഒരുമ്പെടേണ്ടിയിരുന്നതും . മുന്‍ തെരഞ്ഞെടുപ്പില്‍ കിട്ടിയതിനേക്കാള്‍  ആറിരട്ടി വോട്ടു കൂടുതല്‍ കിട്ടിയ ബി ജെ പി ക്യാമ്പിലും ചെറിയ തോതില്‍ ഇച്ചാ ഭംഗം കണ്ടേക്കാം ..അതെ സമയം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക വേളയില്‍ കിട്ടിയ വിജയത്തെ യു ഡി എഫിലെ ഘടക കക്ഷികളും നേതാക്കളും ഇപ്പോള്‍ അവജ്ഞയോടെ  വിലയിരുത്തുന്നത് കാണുമ്പോള്‍ അത് പരിഹാസ്യമായൊരു നടപടിയായാണ് തോന്നിപ്പോകുന്നത് .
"യു ഡി എഫ് സംവിധാനം   ദുര്‍ബലം അല്ലായിരുന്നു എങ്കില്‍  ഭൂരിപക്ഷം അമ്പതിനായിരം ആകേണ്ടിയിരുന്നു എന്ന് എം .എം .ഹസന്‍ , 
വേറെ ആരെയെങ്കിലും നിര്‍ത്തിയിരുന്നു എങ്കില്‍  ഭൂരിപക്ഷം ഇരട്ടിക്കുമായിരുന്നു എന്ന് കെ .മുരളീധരന്‍ , 
വിജയത്തില്‍ സന്തോഷിക്കാന്‍ ഒന്നുമില്ലെന്നും യു ഡി എഫിന് ആധികാരികമായി അവകാശപ്പെടാന്‍ പറ്റുന്ന വിജയമല്ലെന്നും  മന്ത്രി ഷിബു ബേബി ജോണ്‍  !

ഇവരൊക്കെ പറയുന്നത് കേട്ടാല്‍   ഈസി വാക്കോവര്‍ ഉണ്ടായിരുന്ന    നെയ്യാറ്റിന്‍ കരയില്‍ യു ഡി എഫിന് ഇപ്പോള്‍ വിപരീതമായ ഒരു ഫലമാണ് ലഭിച്ചതെന്ന്   തോന്നും   !! 
 ഇടതു പാളയത്തില്‍ നിന്നു കാലുമാറി ഒരിക്കല്‍    തള്ളിപ്പറഞ്ഞ     യു .ഡി. എഫ്  പാളയത്തില്‍ എത്തിയ സെല്‍വരാജിനെ വീണ്ടും എം എല്‍ എ ആയി തെരഞ്ഞെടുത്ത നെയ്യാറ്റിന്‍ കരയിലെ വോട്ടര്‍മാരെ അപഹസിക്കുന്നതിനു തുല്യമാണ്  യു ഡി എഫ്  നേതാക്കളുടെ ഈ  അഭിപ്രായങ്ങള്‍ എന്ന്  പറയേണ്ടിയിരിക്കുന്നു .
  തെരഞ്ഞെടുപ്പു  പ്രഖ്യാപിക്കുമ്പോള്‍ എന്തായിരുന്നു കേരളത്തിലെ യു ഡി എഫ് രാഷ്ട്രീയത്തിലെ ആന്തരീക സംഘര്‍ഷങ്ങളുടെ നിജസ്ഥിതി എന്നത് നേതാക്കന്മാര്‍ മറന്നാലും ജനങ്ങള്‍ മറക്കാന്‍ സാധ്യതയില്ല . പിറവത്ത് ആശ്വാസ വിജയം നേടിയെങ്കിലും ലീഗിന്റെ അഞ്ചാം മന്ത്രി ആവശ്യവും ഏതെങ്കിലും ഒരു ഘടക കക്ഷി തുമ്മിയാല്‍ തെറിച്ചു പോകുന്ന  ഭൂരിപക്ഷം മാത്രമുള്ള ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അതിനു വഴങ്ങിക്കൊടുക്കേണ്ടിവന്നതും ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയില്‍ 
അതുണ്ടാക്കിയ അസ്വസ്ഥതകളും അത്ര പെട്ടെന്ന് മറക്കാന്‍ കഴിയുമോ ? .

പിറവത്ത് സിറ്റിംഗ് സീറ്റ് ആയതും പരേതനായ മന്ത്രി ടി .എം .ജേക്കബിന്റെ മകന്‍ എന്ന സിംപതിയും ജയിച്ചാല്‍ ജേക്കബ്‌ ഗ്രൂപ്പിന്  അര്‍ഹമായ മന്ത്രിയാകും എന്ന ഉറപ്പും  അവിടെ അനുകൂല ഘടകമായി .എന്നാല്‍  നെയ്യാറ്റിന്‍ കര  എന്ന  പാലം അത്ര  പെട്ടെന്ന്  കടന്നു കിട്ടുമെന്ന്  തിരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ യു ഡി എഫിലെ  എത്ര നേതാക്കള്‍ക്ക് ഉറപ്പുണ്ടായിരുന്നു .? ആത്മഹത്യ ചെയ്യേണ്ടി വന്നാല്‍ പോലും യു ഡി എഫിലേക്ക് ഇല്ല എന്ന് പ്രഖ്യാപിച്ച സെല്‍വരാജിനെ സ്ഥാനാര്‍ഥി ആക്കിയപ്പോള്‍ മുതല്‍ കോണ്ഗ്രസ് ക്യാമ്പുകളില്‍ ഉരുണ്ടുകൂടിയ അസംതൃപ്തിയുടെ പുക ക്രമേണ ഘടക കക്ഷികളിലെയ്ക്ക് വ്യാപിച്ചിരുന്നു . എം .എല്‍ .എ .ആയിരിക്കെ പെട്ടെന്നൊരു സുപ്രഭാതത്തില്‍ രാജിവച്ചു കക്ഷി മാറി വീണ്ടും വോട്ടു ചോദിച്ചു അതേ മണ്ഡലത്തിലെ തന്നെ വോട്ടര്‍മാരെ സമീപിക്കുമ്പോള്‍ ജനങ്ങളില്‍ ഉടലെടുത്ത   അവമതിപ്പും അസ്വീകാര്യതയും ഒരു പ്രധാന വെല്ലുവിളി ആയിരുന്നില്ലേ ? 

ബാലകൃഷ്ണ പിള്ളയുടെ പാര്‍ട്ടിയില്‍ സ്ഥാനത്തെയും അധികാരത്തെയും ചൊല്ലി പിള്ളയും മകന്‍ ഗണേഷ്‌ കുമാറും തമ്മിലുണ്ടായ തര്‍ക്കങ്ങള്‍ ഒരു കീറാമുട്ടിയായി മുന്നണിക്ക് മുന്നിലുണ്ടായിരുന്നു എന്നതും മറന്നു കൂടാ . യു ഡി എഫ് രാഷ്ട്രീയത്തെ സഹായിച്ചു കൊണ്ടിരിക്കുന്നു എന്ന് വീമ്പു പറയുന്ന എന്‍ എസ് എസിന്റെയും ,എസ് .എന്‍ .ഡി .പി യും പരസ്യമായി യു ഡി എഫിനെ പിന്തുണക്കുന്നില്ല  എന്ന് പറഞ്ഞത് ഈ തെരഞ്ഞെടുപ്പില്‍ അവര്‍ നേരിട്ട മറ്റൊരു വെല്ലുവിളി ആയിരുന്നില്ലേ ?
 ലീഗിനെ പ്രീതിപ്പെടുത്താന്‍ മഞ്ഞളാം കുഴി അലിയെ അഞ്ചാം മന്ത്രിയാക്കിയത് വഴി പിണങ്ങി മാറിയ  ഹൈന്ദവ സമുദായ സംഘടനകള്‍ നെയ്യാറ്റിന്‍ കരയില്‍ യു ഡി എഫിനെ പരാജയപ്പെടുത്താന്‍ കച്ച കെട്ടി ഇറങ്ങിയില്ലേ ?  
 മണ്ഡലത്തില്‍ മുന്‍പ് വെറും  ആറായിരം വോട്ടു മാത്രമുണ്ടായിരുന്ന  ബി ജെപി എങ്ങിനെയാണ് ഇത്രപെട്ടെന്നു അത് മുപ്പതിനായിരത്തിലേക്ക് ഉയര്‍ത്തി നിര്‍ത്തിയതെന്ന് മനസിലാക്കാന്‍ പാഴൂര്‍ പടിപ്പുരവരെ പോകേണ്ടതുണ്ടോ ?

എല്ലാ തെരഞ്ഞെടുപ്പുകളെയും പോലെ ഈ തെരഞ്ഞെടുപ്പിലും നേതാക്കളാല്‍ അധികം ചര്‍ച്ച ചെയ്യപ്പെടാതെയും പ്രച്ചരിപ്പിക്കപ്പെടാതെയും  പോയ കാതലായ ജനകീയ പ്രശ്നങ്ങളായ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം , പവര്‍ കട്ട്‌ ,പെട്രോള്‍ , വൈദ്യുതി ,പാചക വാതക വില വര്‍ദ്ധന ,രൂപയുടെ മൂല്യ ശോഷണം തുടങ്ങി ജനജീവിതത്തെ ദുസ്സഹമാക്കിയ കെടുതികള്‍ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് അനുകൂലമായ ഒരു വിധിയെഴുത്തിലേയ്ക്ക് നയിക്കും എന്ന് ആര്‍ക്കാണ് ഉറപ്പുണ്ടായിരുന്നത് ? 
ഈ പ്രതി സന്ധികള്‍ക്കിടയിലും നെയ്യാറ്റിന്‍കരയില്‍  യു ഡി എഫിന് വീണു കിട്ടിയ ഭാഗ്യമാണ് ഇപ്പോള്‍ സെല്‍വ രാജിന് കിട്ടിയ ഈ വിജയം ..അത് തിരിച്ചറിയാതെ വിജയത്തിന്റെ മേന്മയെ പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന യു ഡി എഫ് നേതാക്കള്‍  വസ്തുതകളോട് പുറം തിരിഞ്ഞു നില്‍ക്കുകയാണു ചെയ്യുന്നത് ..

നെയ്യാറ്റിന്‍ കരയില്‍ യു ഡി എഫിന് അനുകൂലമായ ധ്രുവീകരണം എന്തായിരുന്നു എന്ന് ചിന്തിക്കുന്നതിനേക്കാള്‍ നല്ലത്  ഇടതു മുന്നണിയെ പരാജയപ്പെടുത്തിയ ഘടകങ്ങള്‍ എന്തായിരുന്നു എന്ന് തിരയുന്നതാകും നല്ലത് .ഒഞ്ചിയത്തെ ചന്ദ്രശേഖരന്‍ വധവും ,കണ്ണൂരും മറ്റും സി പി എം നേതൃത്വത്തില്‍ നടന്ന കൊലപാതകങ്ങളും ഇടുക്കി മണിയുടെ കൊല വെറി പ്രസംഗവും  മറ്റും ഇല്ലായിരുന്നെങ്കില്‍ , ലീഗ്  പ്രീണന രാഷ്ട്രീയത്തില്‍ അസഹിഷ്ണുതയുള്ള  ഹിന്ദു സമുദായങ്ങള്‍ രാജഗോപാലിനെ പരിഗണിക്കാതെ ലോറന്‍സിനെ തുണച്ചിരുന്നു എങ്കില്‍ ..നാടാര്‍ സമുദായങ്ങള്‍  എതിര്‍പ്പുകള്‍ മാറ്റിവച്ചു ശക്തമായി സെല്‍വ  രാജിന്  പിന്തുണ നല്കിയിരുന്നില്ല  എങ്കില്‍  എന്ത് സംഭവിക്കുമായിരുന്നു ? എന്ന്  ചിന്തിച്ചാല്‍  അതാകും യുക്തി പരമായ വിലയിരുത്തല്‍ ..

വ്യാഴാഴ്‌ച, ജൂൺ 14, 2012

കൊലപാതക രാഷ്ട്രീയം ;മുന്നണികള്‍ ഒപ്പത്തിനൊപ്പം


മലയാളം ന്യൂസ് .ജൂണ്‍ 14 വ്യാഴം 

ഹാവൂ ..ഇപ്പോളാണ്  കേരളത്തിലെ ഇടതു പക്ഷ പാര്‍ട്ടികള്‍ക്ക് ശ്വാസം നേരെ വീണത്‌ .പ്രത്യേകിച്ചു സി പി എമ്മിന് !

കഴിഞ്ഞ ഒരു മാസമായി എന്തായിരുന്നു  അവസ്ഥ ?  കൊലപാതകങ്ങളുടെയും കൊലവെറി പ്രസംഗങ്ങളുടെയും പേരില്‍ ജനങ്ങളുടെയും ദേശീയ മാധ്യമങ്ങളുടെയും മുന്നില്‍ തലയില്‍ മുണ്ടിടാതെ നടക്കാന്‍ വയ്യാത്ത സ്ഥിതിയായിരുന്നു . 
ഇപ്പോള്‍ ഒരു സമാധാനമുണ്ട്  .ഇത്  വരെ പുണ്യാത്മാക്കള്‍ എന്ന് പറഞ്ഞു മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന് സിപി എമ്മിനെ കൊലപാതകികള്‍ എന്ന് കുറ്റപ്പെടുത്തുകയും ചെളി വാരി എറിയുകയും പുലഭ്യം പറയുകയും ചെയ്ത യു ഡി എഫുകാരും കൊലപാതക രാഷ്ട്രീയത്തിന്റെ ബ്രാന്‍ഡ്‌ അംബാസഡര്‍മാര്‍ ആണെന്ന് തെളിഞ്ഞിരിക്കുകയല്ലേ ! ഒറ്റയടിക്ക് രണ്ടു കൊലപാതകവും ഇടുക്കി മണിയെ പോലെ കണ്ണിനു കണ്ണ് പല്ലിനു പല്ല് എന്ന കാടന്‍ മുദ്രാവാക്യമുള്ള തട്ട് പൊളിപ്പന്‍ പ്രസംഗവും ആയി  ലീഗിന്റെ പുന്നാര മോനായ ഏറനാട്  എം .എല്‍ .എ .പി .കെ .ബഷീര്‍ സാഹിബ് അങ്ങനെ  തിങ്ങി വിളങ്ങി ,ലങ്കി  മറിഞ്ഞു നില്‍ക്കുകയല്ലേ ? ഇതില്‍ പരം ആനന്ദം വേറെന്തു വേണം ? 

പകരത്തിനു പകരം ആയി .. ഒപ്പത്തിനൊപ്പവും ..

മുന്‍പ്  ഫസലും ഷുക്കൂറും വധിക്കപ്പെട്ടത്തിന്റെ പേരില്‍ സംശത്തിന്റെ കുന്തമുനയില്‍ നില്‍ക്കുമ്പോളാണ്  ആ  ടീ .പീ .ചന്ദ്രശേഖരനെ അമ്പത്തൊന്ന്  വെട്ടിനു ആരോ (?) കശാപ്പ്  ചെയ്തതിന്റെ പാപഭാരം കൂടി സി പി എമ്മിന്റെ തലയില്‍ മാധ്യമ  സിണ്ടിക്കേറ്റ്കാര്‍ ചാര്‍ത്തി വച്ചത്  ..ഞങ്ങളല്ല ഞങ്ങളല്ല അത് ചെയ്തത് എന്ന് ഉറക്കെ ഉറക്കെ പറഞ്ഞിട്ടും ആരും അത് കേട്ടില്ല .പിടിക്കപ്പെട്ടവര്‍ സി പി എമ്മു കാര്‍ ആണെങ്കില്‍ പോലും അവരെ ശത്രുക്കള്‍ ഉപയോഗപ്പെടുത്തിയതാകാം എന്ന് ചിന്തിക്കാന്‍ ആരും തയ്യാറായതുമില്ല !

 
പക്ഷെ പാര്‍ട്ടിയെ നശിപ്പിക്കാന്‍ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ദൈവം എന്ന ഒരാള്‍ മുകളില്‍ ഇരുന്നു 
 ഇതെല്ലാം കാണുന്നുണ്ടല്ലോ ..സത്യം എന്താണെന്ന്  ഭൂമിയില്‍ ഉള്ള  ഒരാളും വിശ്വസിക്കാന്‍ കൂട്ടാക്കാതെ വരുമ്പോളാണ് അത് വെളിപ്പെടുത്താന്‍  "ധര്‍മ  സംസ്ഥാപനാര്‍ത്ഥം   സംഭവാമി  യുഗേ യുഗേ" എന്ന്  പറഞ്ഞു ദൈവം അവതരിക്കുന്നതും എതിരാളികളുടെ തനി നിറം വെളിച്ചത്തു കൊണ്ടുവരുന്നതും തക്കതായ ശിക്ഷ  കൊടുക്കുന്നതും .

പണ്ടൊക്കെ പാപികള്‍ക്കു ശിക്ഷകിട്ടാന്‍ മരിച്ചു നരകത്തില്‍ ചെല്ലണമായിരുന്നു ! ഇപ്പോള്‍ കമ്പ്യൂട്ടര്‍ യുഗമല്ലേ .ദൈവവും അപ്പ്‌ ഡേറ്റഡ്   ആണ് /ഭൂമിയില്‍ വച്ച് തന്നെ ഉടനടി ശിക്ഷ കൊടുക്കുന്ന രീതിയും സിസ്റ്റവും  ദൈവ ലോകത്തും  നടപ്പില്‍ വന്നു .അത് കൊണ്ടാണ്  അരീക്കോട് കുനിയില്‍ ദൈവം മുസ്ലീം  ലീഗ് എം എല്‍ എ യും സാക്ഷാല്‍ സീതി ഹാജിയുടെ പുന്നാര പുത്രനും ആയ പി കെ .ബഷീറി ലൂടെ കുനിയിലെ ഇരട്ട കൊലപാതക പദ്ധതി നടപ്പില്‍ വരുത്തിയത് ..

അതിനു വഴി മരുന്നിടാനായി രണ്ടു മൂന്നു  ദിവസം മുന്‍പ് അതീക്‌  റഹിമാന്‍ എന്ന ഒരു ലീഗുകാരനെ ഇരട്ട കൊലയില്‍ കൊല്ലപ്പെട്ട  സഹോദരങ്ങളെ കൊണ്ട് ദൈവം കൊല്ലിച്ചത് ..മനുഷ്യര്‍ ദൈവത്തിന്റെ ഉപകരണങ്ങള്‍ മാത്രമല്ലേ ? എല്ലാം അദ്ദേഹം പദ്ധതി യിട്ട് നടപ്പാക്കുന്നു ..എന്ന് പുരോഹിതന്മാരും സന്യാസികളുമൊക്കെ പറയുന്നത് എത്ര ശരിയാണ് !! 

സി പിഎമ്മിലെ ജയരാജന്മാരും കോടിയേരിയും ഇടുക്കി മണിയും ഒക്കെ മാത്രമാണ് ഗുണ്ടായിസം പറയുന്നതെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ ? തല്ലിയാല്‍ തല്ലും , കൊന്നാല്‍ തിരിച്ചും കൊല്ലും ,വേണമെങ്കില്‍ പോലീസ്‌ സ്റ്റേഷനില്‍ വച്ചും ബോംബു ണ്ടാക്കും, പോലീസ് പിടിക്കാന്‍ വന്നാല്‍ മുളക് വെള്ളം ഒഴിക്കും ,കേസ് വന്നാല്‍ കാശ് കൊടുത്ത് ഒതുക്കും .ആസനത്തില്‍ ഗദ കയറ്റും .ഇങ്ങനെ എന്തെല്ലാം പറഞ്ഞിരിക്കുന്നു ..? ഇതൊക്കെ യു ഡി എഫുകാരും പറഞ്ഞിട്ടുള്ളതല്ലേ ? എന്തിനാണ് അധികം ആളുകള്‍ ? കണ്ണൂറിലെ ആ സുധാകരന്‍ സാര്‍ മാത്രം പോരെ ? ഇപ്പോളിതാ അതേ മാറ്റും മതിപ്പും ഉള്ള  ബഷീര്‍ സാഹിബ്ബും കൂടി അരങ്ങത്തു വന്നതോടെ  യു ഡി എഫിന്റെ ചെമ്പും പുറത്തായില്ലേ ? മണി തൊടുപുഴയില്‍ പാര്‍ട്ടി ചരിത്രം പറഞ്ഞ കൂട്ടത്തില്‍ എന്തോ പോഴത്തം  പറഞ്ഞതിന് ചാനലുകളും പത്രങ്ങളും വലതു പക്ഷ പിന്തിരിപ്പന്മാരും കൂടി എന്തൊക്കെ കോലാഹലങ്ങളാണ് ഉണ്ടാക്കിയത് ? എന്നിട്ട് ഇപ്പോള്‍ എന്തായി ? ബഷീര്‍ പ്രസംഗിച്ചത് കേട്ടില്ലേ ? 

"അതീക്‌  റഹിമാനെ കൊന്നിട്ട് നെഞ്ചും വിരിച്ചു നടക്കുന്നവര്‍ അധികകാലം അങ്ങനെ നടക്കില്ലെ"ന്ന് ! പറഞ്ഞു തീര്‍ന്നില്ല ഒരാഴ്ച തികയുന്നതിന് മുന്‍പ് കാര്യം കൂള്‍ കൂളായി ചുണക്കുട്ടന്മാര്‍ നടത്തി ക്കൊടുത്തില്ലേ ?
എം .എല്‍ .എ .ആകുന്നതിനു മുന്‍പും ബഷീര്‍ സാഹിബ്ബ് ആ ലൈനില്‍ കൊലവെറി പ്രസംഗം നടത്തിയത് മാധ്യം സിണ്ടിക്കെറ്റ് കാര്‍ പൂഴ്ത്തി വച്ചിരിക്കുകയായിരുന്നില്ലേ ഇതുവരെ ? സ്കൂള്‍ അദ്ധ്യാപകനെ ചവിട്ടി കൊന്നിട്ട് അത് ചെയ്തില്ലെന്ന് നുണ പറയുകയും  കൊലപാതകം കാണാതെ കണ്ടെന്നു പറയാന്‍ കോടതിയില്‍ പോകുന്നവരെ തിരിച്ചു ജീവനോടെ വീട്ടില്‍ എത്തിക്കില്ലെന്നും ഈ ബഷീര്‍ സാഹിബ് പറഞ്ഞത് ഇപ്പോള്‍ യൂ ട്യൂബിലും മറ്റും പ്രചരിക്കുന്നത് ആരും കണ്ടില്ലെന്നുണ്ടോ ? 

എന്തെ ആരും ഒന്നും മിണ്ടാത്തത് ? ഇടതു പക്ഷക്കാര്‍ മാത്രമാണോ കൊലപാതകികള്‍ ? ബഷീര്‍ ലീഗുകാരന്‍ ആയത് കൊണ്ട് ഈ കേസ് മൂടിവയ്ക്കനൊന്നും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ശ്രമിക്കണ്ട ..ആളുകളെ പറ്റിക്കാന്‍ ബഷീറിനെ ആറാം പ്രതി ആയി കേസ് എടുത്തിട്ടുണ്ട് .അത് കൊണ്ടൊന്നും ആയില്ല .അറസ്റ്റു ചെയ്തു തുറന്കില്‍ അടക്കണം . ക്രിമിനല്‍ കേസില്‍ പെട്ട ബഷീര്‍  .എല്‍ .എ .സ്ഥാനം കൂടി രാജി വയ്ക്കണം .. 
യു ഡി എഫുകാര്‍ക്കും ചില പണികള്‍ ചെയ്യാം .ബഷീരിനെയോ കേസില്‍ പെട്ട മറ്റു പ്രതികലെയോ അറസ്റ്റുചെയ്യാന്‍ പോലീസ്‌ വന്നാല്‍ മുളക് വെള്ളം കരുതി വച്ചു കൊള്ളണം . അത് വകവയ്ക്കാതെ അറസ്റ്റു ചെയ്‌താല്‍ പോലീസ്‌ സ്റ്റേഷനില്‍ പോയി കുത്തി യിരുന്നു ഘോരാവോ ചെയ്യണം .പാര്‍ട്ടി ആപ്പീസില്‍ പോലീസ്‌ വന്നാല്‍ ലീഗിന്റെ സംഘ ബലം ഉപയോഗിച്ച് അവരെ തുരത്തണം.
എങ്കിലേ ഒപ്പത്തിനൊപ്പം വരൂ ...എന്ത്യേ ? 

ചൊവ്വാഴ്ച, ജൂൺ 05, 2012

പിണറായിയുടെ പ്രവചനം ഫലിക്കുമോ ?

Malayalam news 5th June 2012 
നെയ്യാറ്റിന്‍കര ഉപ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ എന്തായിരിക്കും കേരള രാഷ്ട്രീയത്തില്‍ വരുന്ന  കാതലായ മാറ്റം ? 
രണ്ടാഴ്ചയില്‍ അധികമായി ചര്‍ച്ച ചെയ്യപ്പെടുന്ന  സജീവ  രാഷ്ട്രീയ  വിഷയങ്ങളില്‍ ഒന്നായിരുന്നു ഈ  ചോദ്യം .

"കേരളത്തെ ഇളക്കി മറിക്കാന്‍ പ്രാപ്തമായ  ഒരു രാഷ്ട്രീയ  ധ്രുവീകരണം ഉടന്‍ സംഭവിക്കാന്‍ പോകുന്നു ..അതിന്റെ തുടക്കമാകും 
നെയ്യാറ്റിന്‍ കര യിലെ തെരഞ്ഞെടുപ്പ്  ഫലം"  എന്ന്  ആദ്യമായി പ്രവചിച്ചത്  സി പി എം സംസ്ഥാന  സെക്രട്ടറി ശ്രീ പിണറായി വിജയനാണ് . പിണറായിയുടെ ഉള്ളിലിരുപ്പ് എന്താണ് എന്ന് ശരിക്കങ്ങോട്ട് മനസിലായില്ല എങ്കിലും നെയ്യാറ്റിന്‍ കരയെ ചൊല്ലി 
വോട്ടര്‍മാരെ സമീപിച്ച ഇടതു നേതാക്കളില്‍ പലരും പല വേദികളിലും പിണറായിയുടെ പ്രവചനം ആവര്‍ത്തിച്ചു ..
"കേരളത്തില്‍ വലിയ രാഷ്ട്രീയ മാറ്റം ഉണ്ടാകാന്‍ പോകുന്നു" 

 ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിലം പതിക്കുമെന്നും പുതിയ സര്‍ക്കാര്‍ ഉടന്‍ നിലവില്‍ വരുമെന്നും പിണറായിയുടെ പ്രവചനത്തെ വ്യാഖ്യാനിച്ചു കൊണ്ട്  മറ്റു സി പി എം നേതാക്കളും ആര്‍ എസ്.പി .നേതാവ് ചന്ദ്ര ചൂഡനും  രംഗത്ത് വരികയും മാധ്യമങ്ങളോട് ആവര്‍ത്തിക്കുകയും ചെയ്തു .എന്ത് കൊണ്ടോ സി പി ഐ .ഈ പ്രവചനത്തെ അത്ര കാര്യമായി വ്യാഖ്യാനിക്കാതിരുന്നതും ശ്രദ്ധേയമായി .
 എല്ലാവര്ക്കും അറിയാവുന്നത് പോലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് ഇപ്പോള്‍ വിരലില്‍ എന്നാവുന്ന നുറുങ്ങു ഭൂരിപക്ഷമെ ഉള്ളൂ ..പിറവത്ത് ജയിച്ചത്‌ യു ഡി എഫ് ആയത് കൊണ്ട് കണക്കില്‍ മാറ്റം വന്നില്ല . നെയ്യാറ്റിന്‍കര കിട്ടിയില്ല എങ്കിലും  അത് കണക്കില്‍ പെടാത്തതുമാണ് .ആകെ ഉടക്കി നില്‍ക്കുന്നത്  ബാല കൃഷ്ണപിള്ളയാണ് .പക്ഷെ അദ്ദേഹം എം എല്‍ എ യും അല്ല മന്ത്രിയും അല്ല . 

മുന്‍പെങ്ങും ഇല്ലാത്ത വിധം സി പി എം രാഷ്ട്രീയമായി തകര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലാണ് പിണറായിയുടെ പ്രവചനം എന്നോര്‍ക്കണം !
തെരഞ്ഞെടുപ്പിനിടയില്‍ ഒഞ്ചിയത്തെ ചന്ദ്രശേഖരന്റെ കൊലപാതകം സി പി എമ്മിന്റെ തായ്‌ വേര് ഇളക്കും വിധം കേരളമാകെ പ്രതിഷേധത്തിലാണ് ..ഒപ്പം തന്നെ ഫസലിന്റെയും ശുക്കൂരിന്റെയും കൊലപാതകങ്ങള്‍ പാര്‍ട്ടിക്കുനേരെ വാള്‍ ഓങ്ങി നില്‍ക്കുന്ന സമയം ഈ മാജിക്ക് എങ്ങനെ സംഭവിക്കും !!! 

യു ഡി എഫ് അധികാരത്തില്‍ വരുമ്പോള്‍ സി പി എം ആദ്യം പറഞ്ഞത് തന്നെ ഏതു വിധേനെയും കുതിര കച്ചവടം നടത്തി സര്‍ക്കാരിനെ താഴെയിറക്കുകയില്ലെന്നായിരുന്നു ..സി പി എം കേന്ദ്ര നേതാക്കളും അതൊക്കെ തന്നെയാണ് പറഞ്ഞത് ..പിന്നെങ്ങിനെയാണ് നെയ്യാറ്റിന്‍ കരയ്ക്ക് ശേഷം കേരത്തില്‍ രാഷ്ട്രീയ മാറ്റവും ഭരണ മാറ്റവും ഉണ്ടാകാന്‍ പോകുന്നത് ? 

എങ്ങനെ തല പുകച്ചിട്ടും തിരിച്ചും മറിച്ചും കണക്ക് കൂട്ടിയിട്ടും യു ഡി എഫ് സര്‍ക്കാര്‍ സ്ട്രോങ്ങ്‌ ആയി നില്‍ക്കാന്‍ തന്നെയാണ് സാധ്യത കാണുന്നത് ...
പറഞ്ഞത് പോലെ നെയ്യാറ്റിന്‍ കര തെരഞ്ഞെടുപ്പ് കഴിഞ്ഞു ..താമസിയാതെ  വോട്ടു പെട്ടി തുറക്കും ..ഫലവും വരും ..

 ഇത് വരെ പ്രവചനത്തില്‍ ക -മ -ഉരിയാടാതിരുന്ന സി പി ഐ ആദ്യ വെടി പൊട്ടിച്ചു കഴിഞ്ഞു ..
വലിയ ഭൂരി പക്ഷം പ്രതീക്ഷിക്കുന്നില്ല .എന്തിനധികം വിജയിക്കുമോ എന്ന് തന്നെ അറിയില്ല ..അഥവാ പരാജയപ്പെട്ടാല്‍ അതിനുത്തരവാദി ഇടുക്കിയിലെ കൊലവെരി ഗായകന്‍ മണി സഖാവ് ആയിരിക്കുമാത്രേ ..അതായത് സി പി ഐ ഉറപ്പിച്ചു കഴിഞ്ഞു  നെയ്യാറ്റിന്‍ കരയില്‍ ലോറന്‍സ്‌ മാനമായി തോല്‍ക്കുമെന്ന് ..വൈകിയാണെങ്കിലും പന്ന്യന്‍ രവീന്ദ്രന്‍ അത് പറഞ്ഞു .

പാളയത്തിലെ പട നായകനെ പോലെ സഖാവ് .വി എസ് .അച്യുതാനന്ദന്‍ ഒഞ്ചിയം ഏറ്റെടുത്തു മുന്നോട്ടു നീങ്ങുന്നുണ്ട് . പാര്‍ട്ടിക്ക് പുറത്തും അകത്തും കാണുന്നതും കേള്‍ക്കുന്നതും വച്ച് കൂട്ടി കിഴിക്കുംപോള്‍ സി പിഎം ഇപ്പോള്‍ അക്ഷരാര്ത്ഥത്തില്‍ രണ്ടായിരിക്കുകയാണ് ..പോളിറ്റ് ബ്യൂറോയെ പോലും അവഗണിച്ചു കൊണ്ട് നേതാക്കള്‍ ചേരി തിരിഞ്ഞു പരസ്പരം പഴി പറയാനും പരിഹസിക്കാനും തുടങ്ങി കഴിഞ്ഞു .അണികള്‍ പിണറായിയെയും വി എസിനെയും പട നായകനും പ്രതി നായകനുമായി പ്രതിഷ്ടിച്ചു 
തെരുവില്‍ ഇറങ്ങി കഴിഞ്ഞു .

 കൊല്ലപ്പെട്ട ചന്ദ്രശേഖരനെന്ന  കുലം കുത്തിയെയും അദ്ദേഹം  പേറുന്ന രാഷ്ട്രീയത്തെ അനുകൂലി ക്കുന്നവരെയും അച്യുതാനന്ദന്‍ പിന്‍ പറ്റി കഴിഞ്ഞു ..നെയ്യാറ്റിന്‍ കരയില്‍ വോട്ടിംഗ് നടക്കുന്ന ദിവസം തന്നെ വി എസ് .ഒഞ്ചിയത്തു എത്തി ചന്ദ്ര ശേഖരന്റെ കുടുംബത്തെ കണ്ടു ...രക്ഷത സാക്ഷിയുടെ കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി ..
ഇനി എന്താണ് ശരിക്കും സംഭവിക്കാന്‍ പോകുന്നത് ? ഒരു ശക്തിയും വകവയ്ക്കാതെ സി പി എമ്മിനെ ഇത്രയധികം വെല്ലുവിളിക്കുന്ന വി എസ് അച്യുതാനന്ദന്‍ ഇതേ രൂപത്തില്‍ സി പി എമ്മില്‍ നില്‍ക്കുമെന്ന് കരുതാന്‍ വയ്യ ..ഒന്നുകില്‍ പുറത്താക്കും അല്ലെങ്കില്‍  അദ്ദേഹം സ്വയം പുറത്തു പോകും ..

സി പി എമ്മില്‍ നിന്ന് പലകാരണങ്ങളാല്‍ തെറ്റി പിരിഞ്ഞു പോയ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരും ഡോ:ആസാദും , ഇപ്പോള്‍ ആര്‍ എം .പി യില്‍ ഒരുമിച്ചു കൂടി നില്‍ക്കുന്നവരും എല്ലാം യഥാര്‍ത്ഥ ഇടതു പക്ഷ ബദലിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സജ്ജമാകുന്ന പുതിയ ഒരു പ്രസ്ഥാനത്തിന്  രൂപം കൊടുക്കുന്ന വിധത്തില്‍ സംസ്ഥാന വ്യാപകമായി ജനങ്ങളെ സംഘടിപ്പിക്കുന്നു എന്നത് കാണാതിരുന്നു കൂടാ .
വി എസ് എന്ന നേതാവ് സി പി എമ്മില്‍ നിന്ന് പുറത്തേക്ക് വരികയാണ് എങ്കില്‍ അദ്ദേഹത്തിനുവേണ്ടി ഒരു പാര്‍ട്ടി ഒരുക്കുന്ന  തിരക്കിലാണ് അവരെല്ലാവരുമെന്നും ചിന്തിക്കാം .

പിണറായി നമ്മള്‍ വിചാരിക്കുന്ന ആള്‍ ഒന്നും അല്ല .ബുദ്ധി രാക്ഷസനാണ് .. ഇതൊക്കെ മുന്‍കൂട്ടി കണ്ടാകുമോ അദ്ദേഹം അങ്ങനെ ഒരു പ്രവചനം നടത്തിയിരിക്കുക ? അദ്ദേഹം എപ്പോളും  അടിവരയിട്ടു  പറയുന്ന ഒരു കാര്യമുണ്ട് .."നിങ്ങള്‍ക്കൊന്നും സി പി എമ്മിനെ കുറിച്ച് ഒരു ചുക്കും അറിയില്ല " എന്ന് ..ശരിയാണ് ..പിണറായി യുടെ സ്വഭാവവും ഈ  പ്രവചനവും  വച്ച് നോക്കുമ്പോള്‍ മുന്‍കൂട്ടി ഒന്നും അങ്ങോട്ട്‌ ഉറപ്പിക്കാന്‍ പറ്റുന്നില്ല . ഏതായാലും തിരഞ്ഞെടുപ്പ് കഴിഞ്ഞല്ലോ ..ആ മാറ്റം വരുമോ എന്ന് നോക്കാം ,,മാറ്റം ഇല്ലാത്തത് 
മാറ്റം എന്ന പ്രക്രിയയ്ക്ക് മാത്രമാണ് എന്ന മാര്‍ക്സിയന്‍ വചനം ഫലിക്കാതിരിക്കില്ല . പക്ഷെ യു ഡി എഫും അതിര് കവിഞ്ഞു ആഹ്ലാദി ക്കേണ്ട ..ഉണ്ണി മന്തനെ കണ്ടു പെരുമന്തന്‍ ചിരിക്കേണ്ട എന്ന് ..