തിങ്കളാഴ്‌ച, ഏപ്രിൽ 23, 2012

ചിരിക്കൂ 'ഖമാല്‍ ഹസ്സന്‍' ചിരിക്കൂ

'മല്‍ ഹാസന്‍' എന്നാല്‍ താമരപ്പൂ പോലെ ചിരിക്കുന്നവന്‍ എന്നാണ് അര്‍ത്ഥം  1960 ഇല്‍  കുളത്തൂര്‍ കണ്ണമ്മ എന്ന സിനിമയില്‍  ബാലനടനായി അഭിനയ ജീവിതം തുടങ്ങിയ ഈ തെന്നിന്ത്യന്‍ ചലച്ചിത്ര പ്രതിഭാസം  തന്റെ  ഇത പര്യന്തമുള്ള അഭിനയ ജീവിതത്തിനിടയില്‍ എത്രയോ താമര പ്പൂക്കള്‍  വിരിയിച്ചു എന്നത് ചരിത്രത്തിന്റെ ഭാഗമാണ് . 

ഇന്ത്യന്‍ , ഹേ റാം ,എന്നിങ്ങനെ അദ്ദേഹം അഭിനയിച്ച സിനിമകളില്‍ ഏറെയും ഇന്ത്യന്‍ ദേശീയതയുടെ ഹൃദയ ഞരമ്പുകളെ ബാധിച്ച തീവ്രവാദം ,അഴിമതി ,സ്വജന പക്ഷപാതം എന്നീ മാരക രോഗങ്ങള്‍ക്ക് എതിരെയുള്ള 
അതിശക്തമായ ചെറുത്തു നില്‍പ്പുകളുടെ കഥകളും സന്ദേശങ്ങളുമാണ് പകര്‍ന്നു തന്നിട്ടുള്ളത് . 

ഈയിടെ കമല്‍ ഹാസന്‍ പ്രഖ്യാപിച്ച  വിപ്ലവകരമായ ഒരു പേര് മാറ്റമാണ് അദ്ദേഹത്തെ വീണ്ടും ജനമനസുകളില്‍ ആയിരമായിരം താമരപ്പൂക്കളുടെ സുഗന്ധവും വിശുദ്ധിയും വിടര്‍ത്തുന്ന  ചിരിയുടെ ഉടമയാക്കി തീര്‍ത്തിട്ടുള്ളത് .

കമല്‍ ഹാസന്‍ എന്ന പേരില്‍ വരുത്തുന്ന ചെറിയൊരു മാറ്റം അദ്ദേഹത്തെ ഖമാല്‍ ഹസ്സന്‍ ആക്കുന്നു  . ഒരു പേര് മാറ്റത്തില്‍ അതും സിനിമാക്കാരുടെ പേര് മാറ്റത്തില്‍ എന്തിരിക്കുന്നു ?എന്നാവും ഇത് കേള്‍ക്കുമ്പോള്‍ പൊതുജനത്തിനു തോന്നുക .ശരിയാണ് .അച്ഛനും അമ്മയും വിളിച്ചിട്ട സ്വന്തം പേര് നിലവിലെ സെറ്റപ്പിന് ചേരാതെ വരുമ്പോള്‍  
പരിഷ്കരിച്ചു  പുതുക്കിയവരാണ് സിനിമാക്കാരില്‍ പലരും .  സംഖ്യാശാസ്ത്രം നോക്കി പേര് പരിഷകരിച്ചവരും ഇക്കൂട്ടത്തില്‍ ഉണ്ട് ,അത് അവനവനിസത്തിന്റെ ഭാഗം ആയി കണക്കാക്കിയാല്‍  മതി . ഇങ്ങനെ വിവിധ കാരണങ്ങളാല്‍ പേര് പരിഷ്കരിച്ചവരില്‍ പ്രമുഖരാണ് നമ്മുടെ മമ്മൂട്ടിയും(മുഹമ്മദു കുട്ടി )  ,ദിലീപും(ഗോപാലകൃഷ്ണന്‍ ) ,സംവിധായകന്‍ കമലും(കമാലുദീന്‍)   ഒക്കെ  . എന്നാല്‍ .കമല്‍ ഹസന്‍ ഖമാല്‍ ഹസ്സന്‍ ആകാനുള്ള  പ്രേരണ ഈ അവനവനിസമല്ല എന്നതാണ് അദ്ദേഹത്തിന്‍റെ മേന്മ . 

ബോളിവുഡിന്റെ പ്രിയ താരം ഷാരൂഖ്‌ ഖാന്‍ അമേരിക്കന്‍ വിമാനത്താവളത്തില്‍ വച്ച് സുരക്ഷാ പരിശോധനയുടെ പേരില്‍ തടഞ്ഞു വയ്ക്കപ്പെട്ട സംഭവം കോളിളക്കം ഉണ്ടാക്കിയതിനെ തുടര്‍ന്നാണ്  തെന്നിന്ത്യയുടെ പ്രിയ താരം കമല്‍ ഹാസന്‍ തന്റെ പേര് ഖമല്‍ ഹസ്സന്‍ എന്ന് തിരുത്തുന്നത്  . 
പേരിന്റെ പേരില്‍ അന്യരാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന മുസ്ലിം ജനവിഭാഗത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് കമലിന്റെ  ഈ നടപടി . 
ഷാരൂഖിന് വിനയായത് അദ്ദേഹത്തിന്‍റെ പേരിലുള്ള ഖാന്‍ എന്ന വാക്ക് ആണ് . മുന്‍പ് ഒരിക്കല്‍ ഇന്ത്യന്‍ പ്രസിഡന്റ് ആയിരുന്ന ഡോക്ടര്‍ എ .പി .ജെ .അബ്ദുല്‍ കലാമിനും സമാന ദുരന്താനുഭവം ഉണ്ടായതാണ് . ഇന്ത്യന്‍ പ്രസിഡന്റ്‌ എന്ന നിലയില്‍ അമേരിക്കയില്‍ വിവിധ പരിപാടികളുമായി ബന്ധപ്പെട്ട് 2010 സെപ്തംബര്‍ 29 നു ആണ് ജോണ്‍  എഫ് കെന്നഡി വിമാനത്താവള അധികൃതര്‍ അദ്ദേഹത്തെ ദേഹത്ത് തപ്പി പരിശോധിച്ച് അപമാനിച്ചത് .


ഇന്ത്യ പോലെ ഒരു രാഷ്ട്രത്തിന്റെ പ്രഥമ പൌരന്‍ ആയിട്ടുപോലും ഒരു മുസ്ലിം നാമത്തിന്റെ പേരിലാണ് ഡോക്ടര്‍ അബ്ദുല്‍ കലാം അപമാനിതനായത് .
ഷാരൂഖ്‌ ഖാന് രണ്ടു മണിക്കൂര്‍ നേരം അമേരിക്കന്‍ സുരക്ഷാ ഭടന്മാരുടെ തടവില്‍ ഇരിക്കേണ്ടി വന്നു എന്നാണ് വാര്‍ത്തകളിലൂടെ അറിയാന്‍ കഴിഞ്ഞത് . 
. അപൂര്‍വ്വം ഒറ്റപ്പെട്ട സംഭവമായി ഇത്തരം പീഡനങ്ങളെ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒരു പേര് ഉണ്ടാക്കുന്ന പൊല്ലാപ്പുകള്‍ നിരപരാധികളായ ഒട്ടേറെ മനുഷ്യരെ പ്രശ്നത്തില്‍ ആക്കുന്നുണ്ട് .
എ പി ജെ അബ്ദുല്‍ കലാമും .ഷാരൂഖ്‌ ഖാനും ഒക്കെ പ്രശസ്തര്‍ ആയത് കൊണ്ടാണ് ഇവര്‍ക്ക് നേരിട്ട അപമാനങ്ങള്‍ ലോകം അറിയുന്നത് .എന്നാല്‍ ആരാലും അറിയപ്പെടാത്ത പരശതം മുസ്ലിം നാമ ധാരികള്‍ അമേരിക്കയിലും യൂറോപ്പിലുമൊക്കെ തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കെടുതികള്‍ അനുഭവിക്കുന്നുണ്ട് .അത് അധികം ആരും അറിയുന്നില്ല എന്ന് മാത്രം .
പേരില്‍ ഒരു ഹസ്സന്‍ ഉള്ളതുകൊണ്ട് മുന്‍പൊരിക്കല്‍ കമല്‍ ഹാസനും  ഇങ്ങനെ കഷ്ടപ്പെടേണ്ടി വന്നതായി വാര്‍ത്തകള്‍ വന്നിരുന്നു ..


അത്  കൊണ്ട് ഷാരൂഖിന്റെ പേരില്‍ വീണ്ടും ഇന്ത്യന്‍ മുസ്ലിമുകള്‍ക്ക് ഉണ്ടായ മാനസീക വിഷമത്തിന്റെ ആഴം അദ്ദേഹത്തിനു  എളുപ്പം മനസിലാകും . 
ഒരു ബ്രാഹ്മണ കുടുംബാംഗം ആയിട്ടുപോലും കമല്‍   ഒരു മതത്തിലും ഒരു ദൈവത്തിലും  വിശ്വസിക്കുന്ന വ്യക്തിയല്ല . 
ഉല്‍പ്പതിഷ്ണുവും സ്വാതന്ത്ര്യ സമര സേനാനിയും ആയ അദ്ദേഹത്തിന്‍റെ പിതാവ് ഒരിക്കല്‍ ജയിലില്‍ അടക്കപ്പെട്ട കാലത്ത് നേരിട്ട ഒരപകടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ച അയൂബ് ഹസന്‍ എന്ന മുസ്ലിം സുഹൃത്തിനോടുള്ള ആജന്മ ബന്ധത്തിന്റെ ഓര്‍മ്മയ്ക്ക് ആണ്  കമല്‍ അടക്കമുള്ള തന്റെ മക്കള്‍ക്ക്‌ പേരിനൊപ്പം ഹസന്‍ എന്ന മുസ്ലിം നാമധേയം അദ്ദേഹം നല്‍കിയത് .


തന്റെ പേര്  ഖമല്‍ ഹസ്സന്‍ എന്നാക്കി കൂടുതല്‍ മുസ്ലിം വല്ക്കരിക്കാനുള്ള സന്നദ്ധത വഴി മനുഷ്യസ്നേഹിയായ പിതാവിന്റെ പാരമ്പര്യം തുടരുക മാത്രമല്ല പേരിന്റെ പേരില്‍ വിദേശ രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന  മുസ്ലിം സഹോദരന്മാര്‍ക്ക് ഐക്യദാര്‍ഡ്യം 
പ്രഖ്യാപിക്കുക കൂടിയാണ് കമല്‍ ചെയ്യുന്നത് . 


ഒപ്പം മുസ്ലിം നാമം ഉള്ളതുകൊണ്ട് ആരും തീവ്രവാദി ആകുന്നില്ല എന്നും എല്ലാ തീവ്ര വാദികളും മുസ്ലിംകള്‍ അല്ല എന്നുമുള്ള  ഒരു വലിയ  സന്ദേശം കൂടി അദ്ദേഹം നല്‍കുന്നു 
സുരക്ഷിതത്വ പരിശോധനകളുടെ പേരില്‍ അമേരിക്ക നടത്തുന്ന മുഖം നോക്കാതെയുള്ള ഇത്തരം നടപടികളില്‍ അതിശക്തം പ്രതിഷേധിക്കുന്നവരും   അവരുടെ സുരക്ഷിതത്വ സംവിധാനങ്ങളെ പ്രകീര്‍ത്തിക്കുന്നവരും ഉണ്ട്. ലോകത്തെയും അമേരിക്കയെയും കിടിലം കൊള്ളിച്ച സെപതംബര്‍ 11 ആക്രമണങ്ങളില്‍ നിന്ന് ലഭിച്ച പാഠം ഉള്‍ക്കൊണ്ടാണ് അമേരിക്ക 
സുരക്ഷിതത്വ കാര്യങ്ങളില്‍  അന്യരാജ്യങ്ങളുടെ വിമര്‍ശനം ഉണ്ടായിട്ടുപോലും നടപടികള്‍ കര്‍ക്കശമാക്കിയതെന്നു ഒരു  വാദത്തിനു പറയാം .

അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഇന്ത്യന്‍ മുസ്ലിം നാമധാരികള്‍ക്ക് ഇതാണ് അവസ്ഥയെങ്കിലും  ഇന്ത്യന്‍ വിമാനത്താവളങ്ങളിലും നമ്മുടെ മര്‍മ്മ പ്രധാന നഗരങ്ങളിലും ഏതു നാമത്തില്‍ ഉള്ള വിദേശ പൌരനും സ്വതന്ത്രമായി നടക്കാം എന്നതു  വിരോധാഭാസമായി തോന്നുന്നു. അമേരിക്കാന്‍ പ്രസിഡന്റ്‌   ഒബാമയ്ക്കോ ബ്രിട്ടിഷ് പ്രധാനമന്ത്രി കാമറൂണിനോ ഹോളിവുഡ് താരം അര്‍നോള്‍ഡ്‌ ഷ്വായിറ്റ്‌സ്വനഗര്‍ക്കോ    അവിടങ്ങളില്‍ ഉള്ള സാധാരണ പൌരന്‍ മാര്‍ക്കോ ഇന്ത്യയില്‍ വന്നു ചെത്തി നടക്കാന്‍ യാതൊരു വിലക്കും ഇല്ല . 
ഇവ രുടെയോന്നും ജാതിയും മതവും  ആരും നോക്കാറുമില്ല .
ഈ സാഹചര്യത്തില്‍ കമല ഹാസന്‍ തുടക്കമിട്ട ഈ വിപ്ലവം ഇന്ത്യയിലെ സാഹോദര്യം കൊതിക്കുന്ന എല്ലാ ജന വിഭാഗങ്ങളും ഏറ്റെടുക്കേണ്ടതാണ് . ഒരു നാമം കൊണ്ട് ഇന്ത്യന്‍ സഹോദരങ്ങള്‍  അപമാനിതര്‍ ആകുന്നു എങ്കില്‍ അതേ നാമങ്ങള്‍ കൊണ്ട് നാം  ഈ വൈദേശിക അന്യായത്തെയും  ഉപരോധിക്കണം.


ഇന്ത്യന്‍ മുസ്ലിംകള്‍ തന്നെയാണ്  അതിനു മുന്‍കൈ എടുക്കേണ്ടത്.. പണ്ട് വൈദേശികര്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി  വിദേശ വസ്ത്രങ്ങള്‍ ബഹിഷ്കരിക്കണം എന്ന് മഹാത്മാ ഗാന്ധി പറഞ്ഞത് പോലെ   ഇന്ത്യന്‍ മുസ്ലിമുകളുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും നിരക്കാത്ത വൈദേശിക പേരുകള്‍ ഉള്ളവര്‍ അതുപേക്ഷിക്കാന്‍    തയ്യാറാകണം . 
ഒരു പ്രതിഷേധ സമരത്തിന്റെ ഭാഗമായി കമല്‍ ഹാസന്‍ അനുവര്‍ത്തിച്ച മാതൃക മറ്റൊരു രീതിയില്‍ ഏറ്റെടുക്കാന്‍ ഇന്ത്യന്‍ സമൂഹം ഒന്നായി മുന്നോട്ടു വന്നെങ്കില്‍ ...