വ്യാഴാഴ്‌ച, മേയ് 31, 2012

'ശുംഭന്‍മാര്‍ ' ഇനി 'യുവര്‍ ഓണര്‍മാര്‍ '


മലയാളം ന്യൂസ് .31 May 2012

ന്ദ്രശേഖരന്‍ വധ കേസ് അന്വേഷണം ഉന്നത നേതാക്കളിലേക്ക് തിരിഞ്ഞ  സാഹചര്യത്തില്‍ 
മാധ്യമങ്ങളുടെ വായ്‌ മൂടിക്കെട്ടാന്‍ സി .പി .എം .കോടതിയിലേക്ക് നീങ്ങിയിരിക്കുകയാണ് .
കൊലപാതകത്തില്‍ തങ്ങള്‍ക്ക് അണുവിട പോലും ബന്ധം ഇല്ല എന്ന് സര്‍വ്വശക്തിയും ഉപയോഗിച്ച്  പാര്‍ട്ടി നേതൃത്വം പ്രചരണം നടത്തുന്നതിനിടയിലും അറസ്റ്റിലായ പ്രതികള്‍ എല്ലാം തന്നെ  സി പി എം ബന്ധം ഉള്ളവരാവുകയും അവര്‍ പോലീസിനു നല്‍കിയ മൊഴികള്‍ മാധ്യമങ്ങള്‍ വഴി പുറത്താവുകയും ചെയ്യുന്നതാണ് സി പി എമ്മിനെ നിയമ നടപടികള്‍ക്ക് പ്രേരിപ്പിക്കുന്നത് .

കൊലപാതക ഗൂഢ ാലോചനയില്‍ നേതാക്കളുടെ പങ്കു വെളിവാക്കുന്ന മൊഴികള്‍ മാധ്യമങ്ങള്‍ 
വഴി പുറത്തു വന്നു കൊണ്ടിരിക്കുന്നത് സി പി എമ്മിന് വലിയ ക്ഷതങ്ങളാണ്‌ ഉണ്ടാക്കിയിട്ടുള്ളത് .
പ്രതിരോധം ശക്തിപ്പെടുത്താനുള്ള പാര്‍ട്ടിയുടെ ശ്രമങ്ങള്‍  പുതിയ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുക വഴി മാധ്യമങ്ങള്‍ നിരന്തരം തകര്‍ക്കുകയാണ്  എന്നാണു അവരുടെ വിലയിരുത്തല്‍ 

കൊലപാതക പാര്‍ട്ടി യല്ല സി പി എം എന്ന് കേന്ദ്ര -സംസ്ഥാന നേതാക്കള്‍ ജനങ്ങളെയും അണികളെയും വിശ്വസിപ്പിക്കാന്‍ പാടുപെടുകയാണ് . ഇതിനിടയിലാണ്  പാര്‍ട്ടി ശത്രുക്കളെ പട്ടിക തയ്യാറാക്കി കൊന്നിട്ടുണ്ട് എന്ന  ഇടുക്കി ജില്ലാ സെക്രട്ടറി മണിയുടെ അഭിമാനപൂര്‍വ്വമുള്ള വെളിപ്പെടുത്തല്‍ ചാനലുകള്‍ ചൂടോടെ പ്രചരിപ്പിച്ചത് . അന്തര്‍ ദേശീയ തലത്തില്‍ പ്രചരിപ്പിച്ച ആ വാര്‍ത്ത  പാര്‍ട്ടിയെ അടിമുടി ഉലച്ചു കളഞ്ഞു .ചന്ദ്ര ശേഖരന്‍ വധത്തില്‍ മൌനം പാലിച്ച പാര്‍ട്ടി കേന്ദ്ര  നേതൃത്വത്തിന്റെ പോലും വായ്‌ തുറപ്പിച്ച വാര്‍ത്ത . ചന്ദ്ര ശേഖരന്‍ വധവും അതേതുടര്‍ന്ന് ഉണ്ടായ കോലാഹലവും സി പി എമ്മിന്റെ  ആഭ്യന്തര കാര്യമാണെന്ന് പറഞ്ഞു കൈ കഴുകിയ സി പി ഐ പോലും മണിയുടെ തുറന്നു പറച്ചില്‍ കേട്ട് ഞെട്ടിപ്പോയി എന്നത് കൊണ്ടാണ് ഈ മണിയുടെ മേല്‍ ഒരു കണ്ണ് വേണം എന്ന് സി പി ഐ ദേശീയ സെക്രട്ടറി എ .ബി .ബര്‍ദ്ദന്‍ പ്രകാശ്‌ കാരാട്ടിനോട്  പറഞ്ഞു പോയത് !  
എല്ലാം മാധ്യമങ്ങള്‍ പറ്റിച്ച പണിയാണ് ..മണി സഖാവൊക്കെ ഈ ക്വട്ടേഷന്‍ പണി നടത്തുന്ന കാലത്ത്  ദൃശ്യമാധ്യമങ്ങള്‍ ഇത്ര ശക്തമായിരുന്നില്ല .ഇപ്പോളത്തെ പിള്ളേര്‍ അങ്ങനെയല്ല ..ചാനലുകാര്‍ വന്നില്ലെങ്കില്‍ പറഞ്ഞതും ചെയ്തതും എല്ലാം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി എത്തിക്കാനും പയ്യന്മാര്‍  റെഡിയാണ് ..

പാര്‍ട്ടി പത്രവും ചാനലും ഒഴികെ ലോകത്താകമാനമുള്ള എല്ലാ പത്രങ്ങളും ചാനലുകളും വലതു 
പക്ഷ പിന്തിരിപ്പന്‍ ശക്തികള്‍ നിയന്ത്രിക്കുന്നതാണ് എന്ന ആക്ഷേപമാണ്  എല്ലാ കാലത്തും 
സി പി എം  ഉന്നയിച്ചു കൊണ്ടിരിക്കുന്നത് . കൊണ്ഗ്രസിനെ സഹായിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ 
കൂട്ടായി സിണ്ടിക്കേറ്റ്  രൂപീകരിച്ചു പ്രവര്‍ത്തിക്കുകയാണെന്നും അവര്‍ കാലങ്ങളായി ആക്ഷേപിക്കുന്നു .
പാര്‍ട്ടി സമ്മേളനങ്ങളില്‍ പ്രവര്‍ത്തകരും നേതാക്കളും  ചേരി തിരിഞ്ഞു കമ്മറ്റികള്‍ പിടിച്ചടക്കാന്‍ ശ്രമിച്ചെന്നും പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെയാണ് ലാവലിന്‍ അഴിമതി നടത്തിയതെന്നും മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു എന്നാണു അതില്‍ ഒരാക്ഷേപം. 

 മാധ്യമ പ്രവര്‍ത്തകരെ ഒന്നാകെ സ്പോണ്‍സര്‍ ചെയ്തിട്ടുള്ളത് കോണ്ഗ്രസ് പാര്‍ട്ടിയാണെന്നും അവര്‍ക്കുള്ള  ശമ്പളം നല്‍കുന്നത് വലതു പക്ഷമാണെന്നും മറ്റൊരാക്ഷേപം കൂടിയുണ്ട് . പാര്‍ട്ടി നേതാക്കള്‍ അഴിമതിയോ കൊലപാതകമോ സ്ത്രീപീഡനമോ നടത്തിയാല്‍  ഈ സിണ്ടിക്കേറ്റ് പത്രങ്ങളും  ചാനലുകളും അപ്പോള്‍ തന്നെ അത് വാര്‍ത്തയാക്കുകയും ചര്‍ച്ച നടത്തുകയും   പാര്‍ട്ടിയെ   വന്‍തോതില്‍  അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യും ! 

പാര്‍ട്ടിയ്ക്ക് അംഗീകാരം ലഭിക്കുന്ന കാര്യങ്ങള്‍ എന്തെങ്കിലുമാണ് സിണ്ടിക്കേറ്റ് പത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് എങ്കില്‍ തല്‍ക്കാലം മിണ്ടാതിരിക്കാം..പക്ഷെ ഇത്  തുടര്‍ച്ചയായി പാര്‍ട്ടിയെ ശത്രുക്കളും മാധ്യമങ്ങളും വളഞ്ഞിട്ടു കൊത്തിക്കീറുകയല്ലേ ചെയ്യുന്നത് ? ഇങ്ങനെ പോയാല്‍ എന്താകും പാര്‍ട്ടിയുടെ ഭാവി ?  

കോണ്ഗ്രസ് നേതാക്കളും ഉമ്മന്‍ ചാണ്ടി സര്‍ക്കാരും പോലീസും കൂടി എഴുതി കൊടുക്കുന്ന കഥയും തിരക്കഥയും സംഭാഷണവും  അതേപടി മാധ്യമങ്ങളില്‍  നല്‍കുകയാണത്രേ ! 

കുത്തക മാധ്യമങ്ങളുടെ നുണകള്‍ വിശ്വസിക്കുന്ന ജനങ്ങള്‍ മുഴുവന്‍ ദേശാഭിമാനിയും കൈരളിയും പറയുന്നത് വിശ്വസിച്ചാല്‍ പോരെ ? എന്നാണു പാര്‍ട്ടി ചോദിക്കുന്നത് .  

കൊലപാതകത്തിന്റെ പിറ്റേന്ന് ആ വാര്‍ത്ത താമസ്ക്കരിച്ച കൈരളിയും ദേശാഭിമാനിയും പിന്നീട്  ആദ്യം നിരത്തിയ വാര്‍ത്തഎന്തായിരുന്നു ?  ചന്ദ്രശേഖരനെ കൊന്നത് എന്‍ ഡി എഫു കാര്‍ ..പിന്നെ പറഞ്ഞു .ആര്‍ എസ് .എസ് . പിന്നെ പറഞ്ഞു ചന്ദ്രശേഖരന്റെ പാര്‍ട്ടിയായ ആര്‍ എം .പി . ..തുടര്‍ന്ന്  പറഞ്ഞു കോണ്ഗ്രസ് ..ഇതാ ഇപ്പോള്‍ പറയുന്നു  ചന്ദ്രശേഖരനോട് ഒരു ചെറിയ സമരത്തിന്റെ പേരില്‍  തീര്‍ത്താല്‍ തീരാത്ത കുടിപ്പകയുള്ള പ്രദേശത്തെ ഒരു വ്യവസായിയാണ് കൊലപാതകികള്‍ക്ക് ക്വട്ടേഷന്‍  കൊടുത്തതെന്ന് !  ഈ സത്യങ്ങളൊക്കെ ദേശാഭിമാനിയും കൈരളിയും ഗവേഷണം ചെയ്തു എടുത്ത സത്യങ്ങള്‍ ആകാന്‍ വഴിയില്ല .

അവിടെ പ്രവര്‍ത്തിക്കുന്ന പാവം മാധ്യമ പ്രവര്‍ത്തകര്‍ പാര്‍ട്ടി നേതാക്കള്‍ എഴുതി കൊടുക്കുന്ന കഥയും തിരക്കഥയുമല്ലേ  പ്രചരിപ്പിക്കുന്നത്   എന്ന്  തല്‍ക്കാലം ചോദിക്കുന്നില്ല . കൂട്ടത്തില്‍ നിന്ന് കുലം കുത്തുന്നത് ശരിയല്ലല്ലോ .. 

ഒരു വാദം എന്ന നിലയില്‍ ഇപ്പറഞ്ഞതൊക്കെ വിശ്വസിമാമെങ്കിലും ഇടുക്കിയിലെ മണി സഖാവ് പറഞ്ഞത് കേട്ട്  എങ്ങനെ ജനം നടുങ്ങാതിരിക്കും ? 

താന്‍ ഒരാവേശത്തില്‍ അങ്ങനെ പറഞ്ഞു പോയതാണ് പിന്നീട് മണി സഖാവ് തൃശൂരില്‍ പറഞ്ഞത് , അതും വയറു നിറച്ചു  പിണറായി വിജയന്‍റെ  ചീത്ത കേട്ടതിനു ശേഷം .മാര്‍ക്സിസ്റ്റു പാര്‍ട്ടി   ഇപ്പോള്‍ ഇന്ത്യയില്‍  പ്രചരിപ്പിക്കുന്നത്  മാര്‍ക്സിസമല്ല ശുദ്ധ  ഗാന്ധിസവും അഹിംസയും ആണെന്നും വിരണ്ടു പോയ മണി  സഖാവ്  പറഞ്ഞു കളഞ്ഞു .

 അഹിംസാ വാദികളായ കൊണ്ഗ്രസുകാരാണ് യഥാര്‍ഥത്തില്‍ വണ്‍ .. ടൂ  .ത്രീ .ഫോര്‍ ..കണക്കില്‍ പട്ടിക  കൊലപാതകം നടത്തുന്നതെന്നാണ് അദ്ദേഹം പറഞ്ഞതായി  കുത്തക മാധ്യമങ്ങള്‍ ചൂടോടെ പ്രചരിപ്പിച്ചത്  . . ഇത്തരം സത്യങ്ങള്‍ 
വിളിച്ചു പറയുമ്പോള്‍ പാര്‍ട്ടിയുടെ രക്ഷയെ കരുതി അതെല്ലാം അപ്പപ്പോള്‍ തന്നെ ലൈവ് ആയി കൊടുക്കുന്ന മാധ്യമങ്ങളെ  കോടതിയില്‍   കയറ്റാന്‍ തുടങ്ങിയാല്‍ പിന്നെ പാവം മാധ്യമ പ്രവര്‍ത്തകര്‍ എന്ത് ചെയ്യും ? പാവം കോണ്‍ ഗ്രസുകാര്‍ എന്ത് ചെയ്യും ? 

സാധാരണ കോടതിയെയും പോലീസിനെയും ഒന്നും അംഗീകരിച്ചു നല്‍കാന്‍ ഇഷ്ടമില്ലാത്ത പാര്‍ട്ടിയാണ് സി പി എം . കോടതി എതിര്‍ത്താലും പൊതു നിരത്തില്‍ ഗതാഗതം തടസപ്പെടുത്തി അവര്‍ സമരപ്പന്തല്‍  കെട്ടും .  കോടതി അലക്‌ഷ്യം എന്ന ഓലപ്പാമ്പ്  തങ്ങള്‍ക്കു പുല്ലാണ് എന്ന് പറയും . കോടതി വിധി പുറപ്പെടുവിക്കുന്ന ജഡ്ജ് "ശുംഭന്‍" അഥവാ പ്രകാശിക്കുന്നവനാണ് എന്നാക്ഷേപിക്കും  ..റോഡില്‍ കുത്തിയിരുന്നു ഗതാഗതം  തടയുന്നവരെ നീക്കം ചെയ്യാന്‍ വരുന്ന നിയമ പാലകരോട്  "പോലീസ്‌ ഞങ്ങള്‍ക്ക് പുല്ലാണ് " "ഭരണം മാറും സൂക്ഷിച്ചോ !  " എന്നിങ്ങനെ ആക്രോശിക്കും ..അതേ സി പി എം ആണ് ഇപ്പോള്‍ മാധ്യമങ്ങളുടെ  വാ അടപ്പിക്കാന്‍ വേണ്ടി കച്ച കെട്ടിയിറങ്ങി കോടതിവരാന്ത കയറുന്നത് .  സംഭവങ്ങള്‍ ആകെ മാറുകയാണ് .അല്ലെങ്കിലും മാറ്റം ഇല്ലാത്തത് മാറ്റം എന്ന പ്രക്രിയയ്ക്ക് മാത്രമാണ് എന്ന് മാര്‍ക്സും എംഗല്‍സും ചുമ്മാ പറഞ്ഞതല്ലല്ലോ !   ഇതുവരെ  "ശുംഭന്‍മാര്‍ " ആയിരുന്നവര്‍    ഇനിമുതല്‍  "യുവര്‍ ഓണര്‍" മാര്‍  ആവുകയാണ് . ഒരു മാറ്റം ആരാണ് ഇഷ്ടപ്പെടാത്തത് ? 
ജസ്റ്റ്‌ ഫോര്‍ എ ചേഞ്ച്‌ ...
കലികാലം എന്നല്ലാതെ എന്ത് പറയാന്‍ ? 
  

ചൊവ്വാഴ്ച, മേയ് 22, 2012

മമതയുടെ ബംഗാള്‍ ,മറ നീക്കുന്ന ഫാസിസം ..

മറ നീക്കുന്ന ഫാസിസം 
------------------------------------------
ശ്ചിമ  ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നടപടികള്‍ അവര്‍ പുലര്‍ത്തുന്ന  ഏകാധിപത്യ  ഭരണ  

നയങ്ങളുടെ ഫാസിസ്റ്റ്  മുഖം വെളിപ്പെടുത്തുന്നതാണ്  ..തന്നെ വിമര്‍ശിക്കുന്നവര്‍ ബംഗാളില്‍ വേണ്ട  എന്നഅവരുടെ 
സമീപനവും അത് നടപ്പാക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും ജനാധിപത്യത്തെ പച്ചയ്ക്ക് കശാപ്പ് ചെയ്യുന്നതിന് 
തുല്യമാണെന്ന് അവിടെ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു .

മുപ്പത്തിനാല് വര്‍ഷത്തോളം  തുടര്‍ച്ചയായി ബംഗാള്‍ ഭരിച്ച ഇടതു പക്ഷ സര്‍ക്കാരും അതിനു നേതൃത്വം നല്‍കിയ സി പി എമ്മും ബംഗാളിനെ "പാര്‍ട്ടി സെല്‍" ആക്കി മാറ്റി എന്നായിരുന്നു  മമതയും അവരുടെ പാര്‍ട്ടിയും  എക്കാലവും  ഉയര്‍ത്തിയ ആരോപണം . ജനങ്ങളുടെ ജീവിക്കാനുള്ള അവകാശങ്ങളും  പ്രതികരിക്കാനുള്ള അവസരങ്ങളും പോലും ഇല്ലാതാക്കിയ സി പിഎം നെ ഭരണത്തില്‍ നിന്ന് തുടച്ചു മാറ്റണം എന്നാവശ്യപ്പെട്ട്   തൃണമൂല്‍ കോണ്ഗ്രസ്സും അവരുടെ സഖ്യ കക്ഷികളും നടത്തിയ നിരന്തര സമരത്തിന്റെ പ്രതിഫലനമായിരുന്നു  കഴിഞ്ഞ  വര്‍ഷം  അവിടെയുണ്ടായ   ഭരണ മാറ്റവും മമതയുടെ സ്ഥാനാരോഹണവും 

വലതു പക്ഷ വ്യതിയാനത്തിനും  , സാധാരണ ജനങ്ങളുടെ  അവകാശങ്ങള്‍ നിഷേധിച്ചു  കുത്തക മുതലാളിത്തത്തിനും വഴങ്ങിയ  സി പി എം സര്‍ക്കാരിനെതിരെ സിന്ഗൂരിലും നന്ദിഗ്രാമിലും  സമരം നടത്തിയ കര്‍ഷകരുടെ ചോരയില്‍ ചവിട്ടിയായിരുന്നു മമതയുടെ സര്‍ക്കാര്‍  അധികാരത്തില്‍ എത്തിയത് . സി പി എമ്മിന്റെ കുത്തക ഭരണത്തിനു അറുതി വന്നതോടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രാണവായു  കിട്ടിയ സന്തോഷത്തിലായിരുന്നു അവിടുത്തെ ജനങ്ങളും ജനാധിപത്യത്തെ അംഗീകരിക്കുന്ന ലോക സമൂഹവും .
എന്നാല്‍ മുന്‍ ഭരണത്തെ പോലും നാണിപ്പിക്കുന്ന വിധത്തിലാണ് ഭരണത്തിലേറി ഏതാനും മാസങ്ങള്‍ മാത്രം പിന്നിട്ട മമതയുടെ ജനാധിപത്യ വിരുദ്ധ നടപടികള്‍ . തികഞ്ഞ ഏകാധിപത്യ സ്വഭാവമാണ് ഇതിനകം അവര്‍ പ്രകടിപ്പിച്ചു കഴിഞ്ഞിട്ടുള്ളത് . രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നു ,ക്രമസമാധാന തകര്‍ച്ചയുടെ സൂചനയായി പോലീസിനെയും നിയമത്തെയും അവര്‍ ദുരുപയോഗം ചെയ്തു . 

സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്ന പത്രങ്ങളെയും മറ്റു മാധ്യമങ്ങളെയും ,നിരോധനം ചെയ്യുമെന്ന ഭീഷണി ,   വിമര്‍ശിക്കുന്നവരെ അധിക്ഷേപിക്കല്‍ അവരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇല്ലായ്മ ചെയ്യാനുള്ള നീക്കം എന്നിവ ബംഗാളില്‍ നടമാടുകയാണ് . 

പ്രതിപക്ഷത്തിരുന്നപ്പോള്‍  കൊലപാതക രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രചരണം നടത്തിയ മമത അധികാരത്തില്‍ വന്നു ഒരു വര്ഷം പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് തന്നെ 64 ഓളം രാഷ്ട്രീയ കൊലപാതകങ്ങള്‍ പശ്ചിമ ബംഗാളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും തൃണമൂല്‍ കോണ്ഗ്രസിന്റെ രാഷ്ട്രീയ എതിരാളികള്‍ ആണെന്നതാണ്  വസ്തുത .കൊലയാളികളെ സര്‍ക്കാര്‍തന്നെ  രക്ഷപ്പെടാന്‍  അവസരമൊരുക്കുന്നു എന്നും ശക്തമായ ആരോപണമുണ്ട് .

അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കരണ സ്വാതന്ത്ര്യവും ബംഗാളില്‍ കൂച്ചു വിലങ്ങിടപ്പെട്ട നിലയിലാണ് .ഈയിലെ മമതയെ കഥാപാത്രമാക്കി  കാര്‍ട്ടൂണ്‍ വരച്ച  ജാദബ്‌  പൂര്‍ സര്‍വ്വകലാശാലയിലെ  ഒരു കോളേജ്‌ പ്രൊഫസറെയും മറ്റൊരാളെയും അറസ്റ്റു ചെയ്തത് സംഭവം ഇതിനുഉദാഹരണമാണ് . 

ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്ന്  തുറന്നടിച്ചുകൊണ്ട് തന്നെ ആരും വിമര്‍ശിക്കാന്‍ പാടില്ല എന്ന സൂചനയും മമത നല്‍കി . കഴിഞ്ഞ ദിവസം സി എന്‍ എന്‍ /ഐ ബി എന്‍ ചാനല്‍ കോളേജ്‌ വിദ്യാര്തികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച  മുഖ്യമന്ത്രിയുമായി ഒരു മുഖാമുഖം  എന്ന പരിപാടിയില്‍ നിന്ന് മമത ക്ഷോഭം പൂണ്ടു ഇറങ്ങി പോയത് അവര്‍ പുലര്‍ത്തുന്ന അസഹിഷ്ണുതാ സമീപനത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് . 

കാര്‍ട്ടൂണ്‍ വരച്ച കോളേജു പ്രൊഫസര്‍ അറസ്റ്റില്‍ ആകപ്പെട്ട സാഹചര്യത്തെക്കുറിച്ച് ഒരു വിദ്യാര്‍ഥിനി ഉന്നയിച്ച സംശയമാണ്  മമതയെ ക്രുദ്ധയാക്കിയത് . വേദിയില്‍ ഇരിക്കുന്നവരും കേള്‍ക്കുന്നവരും പങ്കെടുക്കുന്നവരും എല്ലാം സി പി എം കാരും എസ് ,എഫ്.ഐ .ക്കാരും കലാപകാരികളും ആണെന്ന് പറഞ്ഞുകൊണ്ടാണ് തുടര്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ മമത ഭീഷണി സ്വരം മുഴക്കി വേദി വിട്ടത് .

 ടൈം മാസികയുടെ  സര്‍വേ പ്രകാരം ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള  നൂറു വ്യക്തികളില്‍ ഒരാളാണ് ശ്രീമതി മമതാ ബാനര്‍ജി .പക്ഷെ അവരുടെ ഇപ്പോഴത്തെ നടപടികള്‍ പരിശോധിക്കുമ്പോള്‍ ആ സ്വാധീന ശക്തി ഫാസിസ്സ് നയങ്ങളുടെ പേരിലാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .

സ്വതന്ത്രമായി ചിന്തിക്കാനും അഭിപ്രായം പറയാനും ആശയങ്ങള്‍ വിനിമയം ചെയ്യാനും കലാ സാംസ്കാരിക പ്രവര്‍ത്തനം നടത്താനും ധൈര്യമായി ജീവിക്കാനും,  ഒരു സമൂഹത്തില്‍ സാധ്യമല്ല എങ്കില്‍ ആ സാഹചര്യം തന്നെയാണ് ഇപ്പോള്‍ പശ്ചിമ ബംഗാളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത് . അതിനെ ഫാസിസം എന്നല്ലാതെ മറ്റെന്താണ് വിളിക്കുക ?

ചൊവ്വാഴ്ച, മേയ് 15, 2012

വി എസിന്റെ കലാപം ആശയപരമോ ?

മലയാളം ന്യൂസ് (മിഡില്‍ ഈസ്റ്റ്‌ ) 15 April 2012

സി പി ഐ (എം ) ന്റെ ഉള്‍പ്പാര്‍ട്ടി  ജനാധിപത്യ പ്രക്രിയയ്ക്ക് പ്രഹരമേല്പ്പിച്ചുകൊണ്ടുള്ള വി .എസ് .അച്യുതാനന്ദന്റെ പ്രസ്താവനകള്‍ പാര്‍ട്ടി നേതൃത്വത്തിലും ഇടതു കേന്ദ്രങ്ങളിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു . 1964 ലെ പിളര്‍പ്പ് അനുസ്മരിച്ചുകൊണ്ട് പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയനെതിരെയുള്ള അദ്ദേഹത്തിന്‍റെ തുറന്ന പോര് സി പി എമ്മില്‍ കാലങ്ങളായി പുകയുന്ന ആശയ സമരത്തിന്റെ ഏറ്റവും തീഷ്ണമായ പ്രതിഫലനമായാണ് വിലയിരുത്തപ്പെടുന്നത് .

റെവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി .പി .ചന്ദ്ര ശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ സി പി എമ്മില്‍ വി എസും ,പിണറായിയും തമ്മില്‍ കൊമ്പ്
കോര്‍ത്തിട്ടുള്ളത് . സി പിഎം അടുത്തകാലത്തായി തുടര്‍ച്ചയായി കൊലപാതക രാഷ്ട്രീയത്തിന്റെ നിഴലില്‍ ആകുന്നതും  പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബി ഇതിനു ചുക്കാന്‍ പിടിക്കുന്നതും പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട് .  ഈ സാഹചര്യം കണക്കിലെടുത്ത് കൂടിയാണ് വി എസ് .തന്റെ പുതിയ നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുള്ളത് എന്ന് കരുതാം .

അതേസമയം വി എസിന്റെ നിലപാടുകള്‍ ആശയപരമാണോ അതോ വ്യക്തി വിദ്വേഷത്തില്‍ അധിഷ്ഠിതം ആണോ എന്ന കാര്യത്തില്‍ സി .പി .എമ്മിലും രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയിലും വ്യത്യസ്ത അഭിപ്രായങ്ങളും  ഉടലെടുത്തിട്ടുണ്ട് . ഇക്കാര്യം സംബന്ധിച്ച് വി എസിന്റെ മുന്‍കാല നിലപാടുകള്‍ വിലയിരുത്തിയുള്ള ചര്‍ച്ചകളും പാര്‍ട്ടിക്കുള്ളിലും പുറത്തും ആരംഭിച്ചിട്ടുണ്ട് .

1964 ഇല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെയര്‍മാനായിരുന്ന ഡാങ്കെയുടെ ഏകാധിപത്യ നടപടിയില്‍ പ്രതിഷേധിച്ചു താന്‍ അടക്കമുള്ള 32 നാഷണല്‍ കൌണ്‍സില്‍ അംഗങ്ങള്‍ പാര്‍ട്ടി വിട്ടു  പോയി പുതിയ പാര്‍ട്ടി രൂപീകരിച്ച അതേ സാഹചര്യമാണ് ഇപ്പോള്‍ സി പി എമ്മില്‍ ഉള്ളതെന്നാണ്  വി എസ് .കഴിഞ്ഞ ദിവസം പറഞ്ഞത് .  അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പാര്‍ട്ടി വിട്ട പ്രവര്‍ത്തകരെ പറഞ്ഞു തിരുത്തി അനുനയിപ്പിച്ചു തിരിച്ചു കൊണ്ടുവരുന്ന നടപടിയില്‍ പാര്‍ട്ടി നേതൃത്വത്തിനു വീഴ്ച പറ്റിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

സി പി എമ്മിലെ വലിയൊരു വിഭാഗം വി എസിന്റെ ഈ വിലയിരുത്തലുകളോട് യോജിക്കുന്നുണ്ട് .
എന്നാല്‍ ഇക്കാര്യം തന്നെ ചൂണ്ടിക്കാട്ടി വി .എസിന്റെ പ്രതിക്കൂട്ടിലാക്കാന്‍ മറു വിഭാഗവും ശ്രമം ആരഭിച്ചിട്ടുണ്ട് .

മുന്‍പ്  സി പി എം കല്‍ക്കട്ട പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ എം .വി .രാഘവന്‍ വിശാല ഇടതു ഐക്യത്തിന്റെ പേരില്‍ അവതരിപ്പിച്ച ബദല്‍ രേഖാ വിവാദത്തെ തുടര്‍ന്ന് 1986 ല്‍ അദ്ദേഹത്തെയും 1994 ല്‍ താന്‍ പ്രമാണിത്ത്വം ആരോപിച്ചു  ഗൌരി അമ്മയെയും  മാരാരിക്കുളത്തെ പരാജയത്തെ തുടര്‍ന്ന് യുവനേതാവ്  ടി .ജെ .ആഞ്ചലോസിനെയും  സി പി എമ്മില്‍ നിന്ന് പുറത്താക്കിയതിനു നേതൃത്വം കൊടുത്ത നേതാവായിരുന്നു വി എസ് . ഇക്കാലത്ത് പുറത്തു പോവുകയോ പുതിയ പാര്‍ട്ടികള്‍ രൂപീകരിക്കുകയോ ചെയ്ത ഈ നേതാക്കള്‍ക്കൊപ്പം വന്‍തോതില്‍ പാര്‍ട്ടി അംഗങ്ങളും അണികളും സി പി എമ്മില്‍ നിന്ന് കൊഴിഞ്ഞു പോയിട്ടുണ്ട് .

 അദ്ദേഹം പാര്‍ട്ടി സെക്രട്ടറി ആയിരുന്ന  1980- 92 കാലങ്ങളില്‍ ആയിരുന്നു സംസ്ഥാന സി പിഎമ്മില്‍ നിന്ന് അച്ചടക്ക നടപടിയുടെ പേരില്‍ തന്റെ എതിരാളികളെ വി എസ് വെട്ടി നിരത്തി ഏകാധിപത്യ സ്വഭാവം പ്രകടിപ്പിച്ചത് .അക്കാലങ്ങളില്‍ ഈ നേതാക്കളെ തെറ്റ് തിരുത്തി പാര്‍ട്ടിക്കൊപ്പം നിലനിര്‍ത്താന്‍ കഴിയാതിരുന്ന വി എസ് ,ഇപ്പോള്‍ റെവല്യൂഷനറി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തകരുടെ പേരില്‍ പാര്‍ട്ടിയില്‍ കലാപം ഉണ്ടാക്കുന്നതിനു പിന്നില്‍ ആശയ സമരം മാത്രമാണെന്ന് കരുതാന്‍ വയ്യെന്നാണ് വിമര്‍ശകരുടെ വാദം .

തനിക്കെതിരെ നീങ്ങുന്നവരെ വൈരനിര്യാതന ബുദ്ധിയോടെ വെട്ടി നിരത്തുന്ന നേതാവാണ് വി .എസ് എന്ന് ഇ .എം .എസ് ,ജനറല്‍ സെക്രട്ടറി ആയിരുന്ന കാലത്ത് സി പിഎം കേന്ദ്രക്കമ്മറ്റി രേഖയിലും കീഴ്‌ ഘടകങ്ങള്‍ക്കു കൈമാറിയ പാര്‍ട്ടി കത്തിലും  അടിവരയിട്ടു പ്രസ്താവിച്ചിട്ടുണ്ട് .  

പാര്‍ട്ടിയുടെ അടിസ്ഥാന തത്വങ്ങള്‍ കാറ്റില്‍ പറത്തി സി .പി .എമ്മിനെ പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള കണ്ണൂര്‍ ലോബി തെറ്റായ വഴികളിലൂടെ നയിക്കുന്നു എന്നതാണ് വി എസ് .അനുകൂലികളുടെ ശക്തമായ ആരോപണം . പാര്‍ട്ടിയിലെ ഏറ്റവും സീനിയര്‍ നേതാവ് എന്ന നിലയില്‍ പാര്‍ട്ടിയിലെ തന്റെ  ശുദ്ധീകരണ നടപടികള്‍ക്ക് താന്‍ തന്നെ സംസ്ഥാന നേതൃ പദവിയിലേക്ക് നിര്‍ദ്ദേശിച്ച കൊണ്ടുവന്ന  പിണറായി വിജയന്‍ കൈപ്പിടിയില്‍ ഒതുങ്ങാതെ കണ്ണൂര്‍ ലോബിക്കൊപ്പം ചേര്‍ന്നതാണ് വി എസിന്റെ പ്രതികാര ബുദ്ധി വിജയനെതിരെ ആളിക്കത്തുന്നതിനു പിന്നില്‍ ഉള്ളതെന്നും കണക്കാക്കപ്പെടുന്നു .

സി .പി എമ്മിലെ ഏറ്റവും മുതിര്‍ന്ന നേതാവ് ആണെങ്കിലും അത്രയും തന്നെ അച്ചടക്ക നടപടികളും 
വി എസിന് മേല്‍ ഉണ്ടായിട്ടുണ്ട്  പാര്‍ട്ടി ഔദ്യോഗിക വിഭാഗം ഉയര്‍ത്തിപ്പിടിക്കുന്ന ആശയത്തിന് വിരുദ്ധമായ അഭിപ്രായ പ്രകടനത്തിനും വിഭാഗീയതയുടെയും പേരിലായിരുന്നു പലപ്പോഴും അച്ചടക്ക നടപടികള്‍ 

 1962 ലെ ഇന്ത്യ -ചൈന യുദ്ധത്തില്‍ ചൈനയുടെ പക്ഷംചേര്‍ന്ന് അവിഭക്ത  പാര്‍ട്ടി ഔദ്ധ്യോഗിക പക്ഷത്തിന്റെ അഭിപ്രായത്തെ തള്ളി ഇന്ത്യന്‍ പക്ഷത്തോട് കൂറ് പുലര്‍ത്തിയ 
തിനാണ് അന്നത്തെ സെക്രട്ടറിയെറ്റ്  മെമ്പര്‍ ആയിരുന്ന ഓ.പി ,ജോസഫിനൊപ്പം  വി എസ് ആദ്യ പാര്‍ട്ടി നടപടി നേരിട്ടത് . ഇന്ത്യന്‍ പട്ടാളക്കാര്‍ സംഘടിപ്പിച്ച രക്തദാനത്തില്‍ പങ്കെടുത്തു എന്നതായിരുന്നു കുറ്റം . 

1985 മുതല്‍ പോളിറ്റ്‌ ബ്യൂറോയില്‍ ഉണ്ടായിരുന്ന വി എസ്  വിഭാഗീയതയുടെ പേരിലും പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യ നിലപാട് എടുത്തതിന്റെയും പേരില്‍  2007 ല്‍ പി ബി യില്‍ നിന്ന് പിണറായിക്കൊപ്പം പുറത്താക്കപ്പെട്ടെങ്കിലും വീണ്ടും പി ബിയില്‍ എത്തി . നിലപാടുകളില്‍ മാറ്റം വരാതെ തുടര്‍ന്ന അദ്ദേഹത്തെ ഈയടുത്ത് ചേര്‍ന്ന   ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് പൂര്‍ണ്ണ മായും ഒഴിവാക്കുകയായിരുന്നു .

ഔദ്യോഗിക പാര്‍ട്ടിയില്‍ നിന്ന് പൂര്‍ണ്ണമായി ഒറ്റപ്പെട്ട വി എസ് ആകെ പ്രതീക്ഷ അര്‍പ്പിക്കുന്നത് അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കൊപ്പം സംസ്ഥാന വ്യാപകമായി ഉറച്ചു നില്‍ക്കുന്ന പതിനായിരക്കണക്കിനു പ്രവര്‍ത്തകരിലും അടിസ്ഥാന വര്‍ഗ്ഗ താല്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സാധാരണ ജന വിഭാഗങ്ങളിലുമാണ്.  

ഇവരുടെ വികാരവും പിന്തുണയും  പൂര്‍ണ്ണമായും തനിക്കൊപ്പമാക്കാന്‍ ടി .പി . ചന്ദ്രശേഖരന്റെ കൊലപാതകവും അനന്തര സംഭവങ്ങളും വി എസ് .നന്നായി പ്രയോജനപ്പെടുത്തി എന്ന് കരുതാം . നെയ്യാറ്റിന്‍കര  ഉപ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തന്റെ നിലപാടുകള്‍ സി പി എം സ്ഥാനാര്‍ഥിക്ക് എതിരായ വോട്ടുകളായി മാറിയാല്‍ അത് തന്നെയാവും ഔദ്ധ്യോഗിക പക്ഷത്തിന്റെ തെറ്റായ നയങ്ങള്‍ക്ക് എതിരെ കേന്ദ്ര നേതൃത്വത്തിനും തന്നെ പിന്തുണയ്ക്കുന്ന വലിയ ജനവിഭാഗത്തിനും വി എസിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ  സന്ദേശം 

എം വി രാഘവനും ,ഗൌരിയമ്മയും പാര്‍ട്ടിവിട്ട രാഷ്ട്രീയ സാഹചര്യവും വെല്ലുവിളിയും അല്ല വി എസ് ഉയര്‍ത്തുന്നത് എന്നതാണ് പാര്‍ട്ടി നേതൃത്വത്തെ ആശങ്കയിലാക്കുനത് . വി എസിന് സ്ഥാനാര്‍ഥിത്വം നിഷേധിച്ച ഘട്ടത്തിലും തുടര്‍ന്നും പാര്‍ട്ടിയുടെ ഇരുമ്പു മറകളെ വെല്ലുവിളിച്ചുകൊണ്ട്  സംസ്ഥാനവ്യാപകമായി പാര്‍ട്ടി അംഗങ്ങളും സാധാരണ പ്രവര്‍ത്തകരും വി എസിന്റെ ആശയങ്ങല്‍ക്കൊപ്പം തെരുവില്‍ ഇറങ്ങുന്നതാണ്  നേതൃത്വത്തിനു തല വേദനയുണ്ടാക്കുന്നത് .  അത് കൊണ്ട് തന്നെ വി എസിനെ അച്ചടക്ക നടപടികൊണ്ട് പെട്ടെന്ന് തളയ്ക്കാന്‍ അവര്‍ക്ക് കഴിയുമെന്നും കരുതാനാവില്ല . ഇടതു പക്ഷത്തുള്ള സി പി ഐ യെ പോലുള്ള  പാര്‍ട്ടികള്‍ വി എസിന് നല്‍കുന്ന പ്രത്യക്ഷ പിന്തുണയും  ഇക്കാര്യത്തിലെ ഗൌരവാവസ്ഥ ബോധ്യപ്പെടുത്തുന്നു .

ഞായറാഴ്‌ച, മേയ് 13, 2012

കൊലയാളികളും രക്തസാക്ഷികളും; ഒരു പുനര്‍വായന

ഇന്നത്തെ  മലയാളം ന്യൂസ് സണ്‍ഡേ പ്ലസ്‌  കവര്‍ സ്റ്റോറി 


ഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവ് വ്ളാദിമിര്‍ ലെനിനെ അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായ സ്റ്റാലിന്‍ വിഷം കൊടുത്തു കൊന്നതാണ് എന്ന  ആരോപണം വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നു .
റഷ്യന്‍ മ്യൂസിയത്തില്‍ എംബാം ചെയ്തു സൂക്ഷിച്ചിട്ടുള്ള  ലെനിന്റെ മൃതദേഹം 
ഹൂവര്‍ ഇന്‍സ്റ്റിറ്റ്യൂ ഷനിലെ ഗവേഷകനായ റഷ്യന്‍ ചരിത്രകാരന്‍ ലെവ് ല്യൂറിയാണ് സ്റ്റാലിനെതിരേ പുതിയ തെളിവുകളുമായി രംഗത്ത് വന്നത്  . നിരവധി തവണ മസ്തിഷ്കാഘാതങ്ങളുണ്ടായി ലെനിന്‍ തീര്‍ത്തും അനാരോഗ്യവാനായി കഴിയുമ്പോള്‍ സ്റ്റാലിന്‍ വിഷം കൊടുത്ത് അദ്ദേഹത്തെ വകവരുത്തുകയായിരുന്നു എന്നാണു  ല്യൂറിയുടെ വാദം. 
 ചക്രവര്‍ത്തി ഭരണത്തില്‍ നിന്ന് റഷ്യയെ മോചിപ്പിക്കാന്‍ ലെനിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ബോള്‍ഷെവിക് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക് ലെനിന്‍ തന്നെ കൊണ്ടുവന്ന നേതാവായിരുന്നു സ്റ്റാലിന്‍ .


ആ നിലയില്‍  പാല്‍ കൊടുത്ത കൈയ്യില്‍ തന്നെ തിരിഞ്ഞു കൊത്തി എന്ന അപഖ്യാതിയാണ് ഈ കൊലപാതകാരോപണം വഴി ചരിത്രത്തിലെ ഏറ്റവും ക്രൂരനായ കമ്യൂണിസ്റ്റ്‌  ഭരണാധികാരിയെന്നു വിശേഷിപ്പിക്കപ്പെടുന്ന  സ്റ്റാലിനും അദ്ദേഹത്തിന്‍റെ സിദ്ധാന്തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്കും  ലഭിക്കുന്നത്  . റഷ്യന്‍ മ്യൂസിയത്തില്‍ ഇന്നും  സൂക്ഷിക്കുന്ന ലെനിന്റെ ഭൌതിക ശരീരം അഥവാ 'ബോഡി വേസ്റ്റ്'  പോസ്റ്റ്‌ മോര്‍ട്ടത്തിനു വിധേയമാക്കിയാല്‍ 
യഥാര്‍ത്ഥ മരണ കാരണം പുറത്തുവരും എന്നാണു ചരിത്ര ഗവേഷകനായ ല്യൂറി അഭിപ്രായപ്പെടുന്നത് 


1917 ലെ ഒക്ടോബര്‍  വിപ്ലവത്തെത്തുടര്‍ന്ന് ചക്രവര്‍ത്തിയായിരുന്ന നിക്കോളാസ്‌ രണ്ടാമനില്‍ നിന്ന്  ഭരണം പിടിച്ചെടുത്തു സൈന്യാധിപനായ  കോർണിലോഫ് (1870-1918) കെറൻസ്കിയുടെ
നേതൃത്വത്തില്‍ താല്‍ക്കാലിക ഗവണ്മെന്റ് രൂപീകരിച്ചെങ്കിലും അത് ഫലവത്തായില്ല .കലാപ കലുഷിതമായ റഷ്യന്‍ രാഷ്ട്രീയാധികാരത്തെ  ലെനിനും കൂട്ടരും ചേര്‍ന്ന് ബോള്‍ഷെവിക് പാര്‍ട്ടി യുടെ കൊടിക്കുകീഴില്‍ ഉറപ്പിക്കുകയായിരുന്നു . 

 ടോഡ്കി യും സ്റ്റാലിനും 
  മൂന്നുതവണയുണ്ടായ മസ്തി\ഷ്കാഘാതങ്ങളെ തുടര്‍ന്ന് ഭരണ രംഗത്ത് നിന്ന് വിട്ടുനിന്ന ലെനിന് 
തന്റെ പിന്‍ഗാമിയായി സ്റ്റാലിന്‍ തന്നെ ചുമതലകള്‍ ഏറ്റെടുക്കണം എന്നായിരുന്നു ആഗ്രഹം ..പക്ഷെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ സ്റ്റാലിന്‍ തുടര്‍ന്ന മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങള്‍ മൂലം ലെനില്‍ തന്റെ ആദ്യ നിലപാടില്‍ നിന്ന് പിന്‍വാങ്ങി . സ്റ്റാലിനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം എന്ന് പോലും അദ്ദേഹം ആവശ്യപ്പെട്ടത്രേ 
.
സ്റ്റാലിനെ നീക്കം ചെയ്ത് പകരം ലിയോണ്‍ ട്രോഡ്സ്കിയെ അവരോധിക്കണം എന്നതായിരുന്നു ലെനിന്റെ ആവശ്യം .എന്നാല്‍ രോഗാതുരനായ ലെനിന്റെ വാക്കുകളെ ഉപജാപത്തിലൂടെ സ്റ്റാലിന്‍ മറികടക്കുകയായിരുന്നു 

.ഇതിനായി ലെനിന്റെ മന:സാക്ഷി സൂക്ഷിപ്പുകാരായിരുന്ന ഗ്രിഗോറി സിനവ്യൂ ,  ലെവ് കാമനോവ്‌ എന്നിവരെ സ്റ്റാലിന്‍ വശത്താക്കി പോളിറ്റ് ബ്യൂറോയില്‍ ലെനിന്റെ ആവശ്യങ്ങളെ പ്രതിരോധിക്കുകയും ഭൂരിപക്ഷമുണ്ടാക്കി  സ്ഥാനം കയ്യടക്കുകയും ചെയ്യുകയാരുന്നുവത്രേ. 

രാഷ്ട്രീയ ഗുരു ആയിരുന്നെങ്കിലും അന്ത്യനാളുകളില്‍ ലെനിന്‍ തനിക്കെതിരായി നിലപാടെടുത്തതോടെ  സ്റ്റാലിന് അദ്ദേഹത്തോടുള്ള വിരോധം കൂടിയതായാണ് കരുതപ്പെടുന്നത് .
ഇതെതുടര്‍ന്നായിരുന്നു അദ്ദേഹത്തെ ഇല്ലായ്മ ചെയ്യാന്‍ സ്റ്റാലിന്‍ പദ്ധതി ഒരുക്കിയതെന്നും അതിനു  പാര്‍ട്ടി പോളിറ്റ് ബ്യൂറോയെ പോലും ഉപയോഗിച്ച് എന്നും ആരോപണം ഉയര്‍ന്നിരുന്നു . 

1924 ജനുവരി 24 നായിരുന്നു ലെനിന്‍ മരിച്ചതായി റഷ്യന്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തുവന്നത് . രോഗ ബാധിതനായി ബോധം പോലും ഇല്ലാതെ ദുരിതപൂര്‍ണ്ണമായ ജീവിതം നയിക്കുന്ന  സഖാവ് ലെനിന് ദയാവധം അനുവദിക്കണമെന്ന് അദ്ദേഹത്തിന്‍റെ പത്നിയായ സഖാവ് 
ഉല്യനോവ ആവശ്യപ്പെട്ടുവെന്നു സ്റ്റാലിന്‍ 1923 മാര്‍ച്ച് 23 നു പോളിറ്റ് ബ്യൂറോയ്ക്കുവേണ്ടി  പുറപ്പെടുവിച്ച പാര്‍ട്ടി കത്തില്‍ വ്യക്തമാക്കിയിരുന്നു . 

സയനൈഡ്‌ വിഷം നല്‍കി അദ്ദേഹത്തെ പെട്ടെന്ന് കൊന്നു തരണമെന്ന് സ: ഉല്യനോവ്‌ ആവശ്യപ്പെട്ടു എന്നാണു കത്തിലൂടെ സ്റ്റാലിന്‍ പാര്‍ട്ടിയെയും അണികളെയും  വിശ്വസിപ്പിക്കാന്‍ ശ്രമിച്ചത് . ഇക്കാര്യം പോളിറ്റ് ബ്യൂറോയില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ ട്രോഡ്സ്കി ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നുവത്രേ . 

സംഗതി ഇങ്ങനെയൊക്കെയായിരുന്നെങ്കിലും    ലെനിന്‍ സ്വാഭാവിക മരണം പൂകി എന്നാണു കമ്യൂണിസ്റ്റ്‌ രേഖകളില്‍ ഉള്ളത് . ലെനിന്റെ മരണ ശേഷം 1929 ല്‍ ട്രോഡ്സ്കി തന്നെ ലെനിന്‍ വധിക്കപ്പെടുകയായിരുന്നു എന്ന ആരോപണം ഉന്നയിച്ചെങ്കിലും അത് വേണ്ടത്ര ഫലപ്രദമായി ആരും ഏറ്റെടുത്തില്ല . പാര്‍ട്ടിയിലും ഭരണത്തിലും അധികാരം കിട്ടാതെ പോയ ഒരാളുടെ കൊതിക്കെറുവ് നിറഞ്ഞ ജല്പനമായിമാത്രമേ ട്രോഡ്കിയുടെ വാക്കുകളെ റഷ്യന്‍ ജനത കണക്കാക്കിയുള്ളൂ . ലെനിന്റെ ഭാര്യയെ പോലും കയ്യിലെടുക്കാനും അവരുടെ അക്കൌണ്ടില്‍ ലെനിന്റെ മരണത്തെ എഴുതിചേര്‍ക്കാനുമുള്ള സ്റ്റാലിന്റെ കുതന്ത്രങ്ങള്‍ ഫലവത്തായി എന്നുവേണം കരുതാന്‍ .

 റഷ്യയിലെ കമ്യൂണിസ്റ്റ്‌ ഭരണത്തെയും സ്റ്റാലിന്റെ ഭരണ കാലത്ത് കുഴിച്ചു മൂടപ്പെട്ട  ക്രൂരതകളെയും കുറിച്ചുള്ള നിരവധി സത്യങ്ങള്‍ പുറത്തു വന്നു കൊണ്ടിരിക്കുകയാണ് . അതില്‍ ഒടുവിലത്തേതാണ് ലെനിന്റെ മരണം .

ഈ അടുത്തകാലം വരെ ജര്‍മ്മനിയിലെ നാസികളുടെ മേല്‍ കെട്ടി വയ്ക്കപ്പെട്ട റഷ്യയിലെ  കാറ്റി ന്‍ കൂട്ടക്കൊല സത്യത്തില്‍ സ്റ്റാലിന്റെ നിര്‍ദ്ദേശപ്രകാരം  കമ്യൂണിസ്റ്റ്‌ ഭരണകൂടം തന്നെ ചെയ്തതാണെന്ന് റഷ്യന്‍  മുന്‍ പ്രസിഡന്റ്‌ ദിമിത്രി മേട്യോടെവിന്‍  കുറ്റസമ്മതം നടത്തിരുന്നു .  
കാറ്റിന്‍ കൂട്ടക്കൊല ഏറ്റുപറഞ്ഞ റഷ്യന്‍ മുന്‍ പ്രസിഡന്റ്‌ ദിമിത്രിയോവ്‌ 
1940 ഏപ്രില്‍ പത്തിന് റഷ്യയിലെ കാറ്റിന്‍ വനത്തില്‍ വച്ച്  പോളണ്ടിലെ ബുദ്ധിജീവികളും ,കലാകാരന്മാരും ,സൈനിക ഓഫീസര്‍മാരും ,രാഷ്ട്രീയപ്രവര്‍ത്തകരും അടക്കം  22000 പേരെയാണ് തലയ്ക്കു പിന്നില്‍ വെടിവച്ചു കൊലപ്പെടുത്തിയത് . നാസികളാണ് ക്രൂരമായ ഈ മനുഷ്യക്കുരുതിക്ക് പിന്നിലെന്നായിരുന്നു എഴുപതുകൊല്ലം റഷ്യന്‍ കമ്യൂണിസ്റ്റ്‌ ഭരണകൂടം ലോകത്തെ വിശ്വസിപ്പിച്ചിരുന്നത് .

എഴുപതാം രക്ത സാക്ഷിവാര്‍ഷികം ആചരിക്കുന്നതിനായി പുറപ്പെട്ട പോളണ്ട് പ്രസിഡന്റ്‌ 
ലെ കസിന്‍സ്കിയും  ഭാര്യയും 94 പോളണ്ട് ഉദ്ധ്യോഗസ്തരും വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് അന്നത്തെ  റഷ്യന്‍ പ്രസിഡന്റ്‌  ദിമിത്രി പാപഭാരം പേറുന്ന മനസോടെ ചരിത്രപരമായ കുറ്റസമ്മതം നടത്തിയത് .

പോളിഷ് തടവുകാര്‍ റഷ്യയുടെ ശത്രുക്കള്‍ ആണെന്നും അവരെ വകവരുത്തണം എന്നും ആവശ്യപ്പെട്ടു അന്നത്തെ റഷ്യന്‍ പോലീസ്‌ മേധാവി ബേറിയ അയച്ച കത്തും അതിന്മേല്‍ അംഗീകാരം കൊടുത്തുകൊണ്ട് സ്റ്റാലിന്‍ ചാര്‍ത്തിയ കയ്യൊപ്പും ഇന്ന് ലോകമന:സാക്ഷിയെ മരവിപ്പിച്ച മനുഷ്യവേട്ടയുടെ സാക്ഷ്യപത്രമായി റഷ്യന്‍ ചരിത്ര രേഖകളില്‍ ഇടം പിടിച്ചു കഴിഞ്ഞു . 
ഇരുപതു മില്യന്‍ മനുഷ്യരെ സ്റ്റാലിന്‍ ഭരണകൂടം കൂട്ടക്കൊല ചെയ്തതായാണ് കണക്കാക്കപ്പെടുന്നത് . ഇതില്‍ പത്തു ലക്ഷം പേര്‍ രാഷ്ട്രീയ കാരണങ്ങളാല്‍ വധിക്കപ്പെട്ടവരാണ് .14.5 (പതിന്നാലര)  മില്യന്‍ ജനങ്ങളെ വെള്ളവും ആഹാരവും കൊടുക്കാതെ പട്ടിണിക്കിട്ടു കൊല്ലുകയാരുന്നു  !  
കാലങ്ങളായി മൂടിവയ്ക്കപ്പെടുന്ന സത്യങ്ങള്‍ മറനീക്കി പുറത്തുവരുമ്പോള്‍  രക്തസാക്ഷിത്വങ്ങള്‍ ഉയര്‍ത്തിക്കാട്ടി അവരുടെ അസ്ഥിമാടങ്ങളില്‍ നിന്ന് ഭരണഗോപുരങ്ങള്‍ ഉയര്‍ത്തിയവര്‍ ധരിച്ചിരുന്ന കൊലയാളികളുടെ മുഖാവരണങ്ങള്‍ ഒന്നൊന്നായി ചരിത്രം വലിച്ചു കീറി പുറത്തിടുകയാണ് . 

ചൊവ്വാഴ്ച, മേയ് 08, 2012

മുഖം തകര്‍ക്കപ്പെട്ട ഒഞ്ചിയം

മലയാളം ന്യൂസ് /8/5/2012
 കോഴിക്കോട് വടകര ഒഞ്ചിയം ഗ്രാമത്തെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പോരാട്ട ചരിത്രത്തിലെ ചുവന്ന അദ്ധ്യായമാക്കി മാറ്റിയ അനശ്വര രക്ത സാക്ഷിയായിരുന്നു മണ്ടോടി കണ്ണന്‍ എന്ന സഖാവ് എം .കണ്ണന്‍ .  വസൂരി, കോളറ, ദാരിദ്ര്യ്യം തുടങ്ങിയവയ്‌ക്കെതിരായി ജനങ്ങള്‍ക്കിടയില്‍ രാവും, പകലും പ്രവര്‍ത്തിച്ചു പ്രശസ്‌തിയാര്‍ജ്ജിച്ച സ. മണ്ടോടി കണ്ണന്‍ ഒഞ്ചിയംകാരുടെ കണ്ണിലുണ്ണിയായിരുന്നു. 

ഭക്ഷ്യക്ഷാമത്തിനെതിരായും കൃഷിഭൂമിക്കും വേണ്ടിയുമുള്ള സമര ത്തിന്റെ പേരില്‍  ഒഞ്ചിയത്തു സ.  കണ്ണന്റെ നേതൃത്വത്തില്‍  നടന്ന  ശക്തിയായ സമരത്തെ തുടര്‍ന്നാണ്    1943 ഏപ്രിൽ 30ന്  അവിടെ പോലീസ്‌ വെടിവയ്പ്പിലും മര്‍ദ്ദനത്തിലും   , കൊല്ലാച്ചേരി കുമാരനും ,അളവക്കൻ കൃഷ്ണനും മേനോൻ കണാരനും അടക്കം പത്തോളം പേര്‍ രക്ത സാക്ഷിത്വം വരിച്ചത് . വെടിവയ്പ്പിനെ തുടര്‍ന്നു  പോലീസുകാര്‍ പിടിച്ചു കൊണ്ടുപോയ കണ്ണന്‍ ബൂട്ട് കൊണ്ടുള്ള മര്‍ദ്ദനമേറ്റ്‌ ഒഴുകിയ   രക്തം കൊണ്ട് ജയിലിലെ വെളുത്ത ഭിത്തിയില്‍ ചെങ്കൊടി വരച്ചതിനു ശേഷമാണ് മരണം വരിച്ചതത്രേ .ഒഞ്ചിയത്തുകാരെയും  വിപ്ലവ പാതയില്‍ സഞ്ചരിക്കുന്നവരെയും എന്നും ആവേശം കൊള്ളിക്കുന്ന കമ്യൂണിസ്റ്റ്‌ ചരിത്രമാണത്  . 

ആ കമ്യൂണിസ്റ്റ്‌  രക്തസാക്ഷികള്‍ അനശ്വരമാക്കിയ   ഒഞ്ചിയം ഗ്രാമത്തിന്റെ ദീപ്തമുഖമാണ്  അക്രമ രാഷ്ട്രീയത്തിന്റെ പുതിയ കോമരങ്ങള്‍ കഴിഞ്ഞ ദിവസം വെട്ടിയും കുത്തിയും വികൃതമാക്കിയത് . ത്യാഗത്തിന്റെ ബലിക്കല്ലില്‍ ജീവിതം എറിഞ്ഞുടച്ചവര്‍  ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യങ്ങള്‍ ഏറ്റെടുത്തു പ്രവര്‍ത്തിച്ച  ടി പി ചന്ദ്ര ശേഖരന്‍ എന്ന  വിപ്ലവകാരിയുടെ കൊലപാതകത്തോടെ ഒഞ്ചിയം ഉയര്‍ത്തിപ്പിടിച്ച കമ്യൂണിസ്റ്റ്‌ പാരമ്പര്യത്തിനാണ് മുറിവേറ്റത്     ചന്ദ്ര ശേഖരനും സ:കണ്ണനെ പോലെ ആദര്‍ശ ഭ്രംശമില്ലാതെ പ്രവര്‍ത്തിച്ചു വന്ന നേതാവായിരുന്നു എന്നതിന് തെളിവായിരുന്നു ഒഞ്ചിയത്തെ ജനങ്ങള്‍ ഔദ്യോഗിക കമ്യൂണിസ്റ്റു പാര്‍ട്ടിയെ വിട്ടു കൂട്ടത്തോടെ അദ്ദേഹത്തിനൊപ്പം അണിനിരന്ന സംഭവം .

പൊരുതുന്ന ജനതയുടെ വിപ്ലവ പ്രതീക്ഷകള്‍ക്ക് എന്നും  ആവേശവും മാതൃകയും ആയിരുന്നു 'ഒഞ്ചിയംസമരവും' എക്കാലവും  കമ്യൂണിസ്റ്റ് മൂല്യം ഉയര്‍ത്തിപ്പിടിച്ച നിലകൊള്ളുന്ന  അവിടുത്തെ  ഗ്രാമീണ ജനങ്ങളും .

ബ്രിട്ടീഷ്‌ അടിമത്തത്തിനെതിരെയും ജന്മിത്ത ഭീകരതയ്ക്കെതിരെയും  കമ്യൂണിസ്റ്റ്‌ പ്രവര്‍ത്തകര്‍ നടത്തിയ  സമരം പോലീസ്‌ വെടിവയ്പ്പില്‍ കലാശിച്ചതോടെ  ഒഞ്ചിയത്തിന്റെ മുഖം ചരിത്രം ഒരിക്കലും വിസ്മരിച്ചു പോകാത്തവിധം  തുടുത്തു നിന്നു  . ആ മുഖ ശോഭയില്‍ തുടര്‍ന്നങ്ങോട്ട് കമ്യൂണിസ്റ്റ്‌  പ്രസ്ഥാനം  മലബാര്‍ മേഖലയില്‍ ആത്മ വിശ്വാസത്തോടെ മുന്നേറി   .ബ്രിട്ടീഷ്‌ ഭരണം കടല്‍ കടന്നു .ജന്മിത്തവും നാട് വാഴിത്തവും കുഴിച്ചു മൂടപ്പെട്ടു .അധികാരത്തിന്റെ കോട്ട കൊത്തളങ്ങളില്‍  വിജയങ്ങളുടെ    ചെങ്കൊടി പലകുറി പാറി.  രക്ത സാക്ഷികളുടെ ചോരപ്പൂക്കള്‍ വീണു നനഞ്ഞ മണ്ണില്‍ പിന്നീട് ചെങ്കൊടി രണ്ടായി കീറി സി പി എമ്മും ,സിപി ഐയും ഉണ്ടായപ്പോള്‍ ഇടതു പക്ഷത്തു ഉറച്ചു നിന്ന സിപിഎം  ഒഞ്ചിയത്തെ   അധീശത്വ ശക്തിയായി   തഴച്ചു വളര്‍ന്നു . 

ആധുനികവല്ക്കരിക്കപ്പെട്ട പാര്‍ട്ടിയില്‍ നവ ലിബറലിസത്തിന് കീഴ്പ്പെട്ട നേതാക്കള്‍ നടപ്പിലാക്കിത്തുടങ്ങിയ  വലതു പക്ഷ വ്യതിയാനങ്ങള്‍ ശക്തമായപ്പോള്‍ ഒഞ്ചിയം വീണ്ടും കൂടുതല്‍ ഇടതു പക്ഷത്തേക്ക് ചേര്‍ന്ന് നിന്നുകൊണ്ട് ശക്തമായി പ്രതികരിച്ചു ..അതിന്റെ ഫലമാണ് ടി .പി .ചന്ദ്രശേഖരന്‍ നേതൃത്വം കൊടുത്ത മാര്‍ക്സിസ്റ്റ്‌ (റവല്യൂഷനറി )പാര്‍ട്ടിയുടെ ഉദയം  . ഒഞ്ചിയം സമര പാരമ്പര്യത്തെ മുറുകെപിടിച്ചവര്‍ ഒന്നായി പുതിയ ബദലില്‍ അണിനിരന്നു മാര്‍ക്സിസ്റ്റ്‌ ചിന്തകനായ പ്രൊഫ :എം .എന്‍ .വിജയന്‍ ഒരിക്കല്‍ പ്രവചിച്ചത് പോലെ  സി പി എം ഒഞ്ചിയത്തെ  നേതാക്കളുടെ മാത്രം പാര്‍ട്ടിയായി .. സി.പി എമ്മിനെ പിന്നോട്ട് തള്ളി  മാര്‍ക്സിസ്റ്റ്‌ (റവല്യൂഷനറി)  പാര്‍ട്ടി ഒഞ്ചിയത്തെ ഒന്നാം പാര്‍ട്ടിയായി . 

വടകര താലൂക്കിലെ ശക്തികേന്ദ്രങ്ങള്‍ ആയിരുന്ന നാല് പാര്‍ട്ടി ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും പുതിയ പാര്‍ട്ടി കീഴടക്കി . ലോകസഭാതെരഞ്ഞെടുപ്പില്‍ മത്സരിച്ച ചന്ദ്രശേഖരന്‍ ഔദ്യോഗിക പാര്‍ട്ടിയെ ബഹുദൂരം പിന്നിലാക്കി കമ്യൂണിസത്തില്‍ നിന്ന് വ്യതിചലിച്ച നേതാക്കള്‍ക്ക് വരാനിരിക്കുന്ന വിപത്തുകളെ കുറിച്ച് ജനാധിപത്യ രീതിയില്‍  മുന്നറിയിപ്പ് നല്‍കി . പ്രാദേശികമായ  വെല്ലുവിളികളെ ആശയം കൊണ്ടുമാത്രം നേരിടാനാവില്ലെന്ന് സി പിഎമ്മിന് നന്നായി അറിയാം ..
ഒഞ്ചിയത്തു പാര്‍ട്ടി വിട്ടവരെ എന്ത് വിലകൊടുത്തും നേരിടുമെന്ന് കുഞ്ഞിരാമന്‍ മാസ്റ്റര്‍ അനുസ്മരം ഉദ്ഘാടനം ചെയ്തു കൊണ്ട് പിണറായി വിജയന്‍ പറഞ്ഞു .അവരെ കുലം  കുത്തികള്‍ എന്നക്ഷേപിച്ചു .യോഗം കഴിഞ്ഞു അദ്ദേഹം എ .കെ .ജി .സെന്ററില്‍ എത്തുന്നതിനു മുന്‍പ് വിമത നേതാവും ബ്രാഞ്ച് സെക്രട്ടറിയും ആയ  ജയരാജനെ അക്രമികള്‍ അദ്ദേഹത്തിന്‍റെ ജോലിസ്ഥലത്ത് വച്ച് വെട്ടി നുറുക്കി.

പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നവരെ കൊന്നിട്ടായാലും അടിച്ചൊതുക്കിയിട്ടായാലും പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുമെന്ന് ഇ.പി .ജയരാജന്‍ മുന്നറിയിപ്പ് നല്‍കി . 
പാര്‍ട്ടി ചരിത്രത്തില്‍ എന്നും ആഘോഷിക്കപ്പെട്ട ഒഞ്ചിയം ഇന്ന്  വിജയം കൊയ്ത പ്രസ്ഥാനങ്ങളുടെ കെട്ടുകാഴ്ചകളുടെ  നരച്ച ഓര്‍മ്മ മാത്രമാണ് ..ആധുനിക വല്ക്കരണത്തിന്റെ ഭാഗമായി പരിഷ്കരിക്കപ്പെട്ട  പ്രസ്ഥാനങ്ങളില്‍ നിന്ന് ഒഞ്ചിയം കുതറി മാറിയതാണോ പാരമ്പര്യങ്ങളില്‍ മുറുകെ പിടിക്കുക വഴി  വരുതിയില്‍ നിന്ന് പിഴച്ചു പോയ  ഒഞ്ചിയത്തെ പ്രസ്ഥാനങ്ങള്‍ കൈവിട്ടതാണോ എന്നത് ചരിത്രവും രാഷ്ട്രീയവും നിരീക്ഷിക്കുന്നവരുടെ പഠന വിഷയം ആണ് .

ഏതായാലും അവര്‍ കുലം കുത്തികള്‍ ആയി പരിണാമം പൂണ്ടു എന്നതാണ് പുതിയ കമ്യൂണിസ്റ്റ്‌  ചരിത്രം .ഒഞ്ചിയത്തിന്റെ  പാരമ്പര്യത്തില്‍ ഉറച്ചു നിന്ന് കൊണ്ട് അവിടുത്തെ മൂല്യ ബോധമുള്ള ജനത വിപ്ലവത്തില്‍ മായം കലര്‍ത്തി എന്നാരോപിക്കപ്പെടുന്നവരുടെ   ഉറക്കം കെടുത്തി എന്നത് വര്‍ത്തമാന കാല സത്യവും .

അരനൂറ്റാണ്ടിനു ഇപ്പുറത്ത്  ചന്ദ്രശേഖരന്റെ അരും കൊലയോടെ  ഒഞ്ചിയത്തെ മണ്ണ് വീണ്ടും  രക്തം വീണു കുതിര്‍ന്നിരിക്കുന്നു .കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രത്തിലോ കണക്കിലോ ഒരിക്കലും വരാന്‍ ഇടയില്ലാത്ത ഒരു രക്ത സാക്ഷിത്വം .   വിപ്ലവ പ്രസ്ഥാനങ്ങള്‍ എന്നവകാശപ്പെടുന്നവര്‍ക്ക്   ഇതിനെ  വെറുമൊരു  ഗുണ്ടാ അതിക്രമം മാത്രമായി ലഘൂകരിക്കാം  ..തിരഞ്ഞെടുപ്പ് വേദികളില്‍ മുതലെടുപ്പ് രാഷ്ട്രീയത്തിന് കച്ചമുറുക്കുന്നവര്‍ക്ക് പരസ്പരം വിരല്‍ ചൂണ്ടാനുള്ള  ആരോപണ പ്രത്യാരോപണ  വിശേഷങ്ങളുമാകാം 

പക്ഷെ   ചരിത്രം പഠിച്ചു വളരുന്ന, ചുവന്ന സൂര്യോദയങ്ങളെ   സ്വപ്നം കാണുന്ന നവ മുകുള ങ്ങള്‍ക്ക്  ഒഞ്ചിയം നല്‍കുന്ന പുതിയ  പാഠം എന്താണ് ? 

സഖാവ് കണ്ണന്‍ അടക്കമുള്ള അനശ്വര രക്തസാക്ഷികള്‍ സ്വജീവിതം ത്യജിച്ചു നടത്തിയ സമരത്തിലൂടെകുഴിച്ചു മൂടപ്പെട്ട  ജന്മിത്തവും മാടമ്പി ഗുണ്ടായിസവും വീണ്ടും കുഴിമാടങ്ങള്‍ തകര്‍ത്ത് ഭീകര രൂപികളായി പുറത്തു വന്നിരിക്കുന്നു എന്നോ ? 

മരിക്കും വരെ രക്തസാക്ഷികളുടെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും  ആദര്‍ശങ്ങളില്‍ ഉറച്ചു നിന്നും പോരാടിയ അരുമ സഖാവിനെ ഇല്ലായ്മ ചെയ്യുകയും ഉറ്റവര്‍ക്ക് പിരിയും  നേരമോരന്ത്യ ചുംബനം നല്‍കാന്‍ പോലും കഴിയാത്തവിധം ആ മുഖം തകര്‍ത്തുകളയുകയും ചെയ്തപ്പോള്‍  അതിനു  അച്ചാരം നല്‍കിയവര്‍ ആരായാലും  ഒന്നോര്‍ക്കണമായിരുന്നു .

നിങ്ങള്‍ വെട്ടിയും കുത്തിയും വികൃതമാക്കിയപ്പോള്‍ തകര്‍ന്നു പോയത്  ചന്ദ്രശേഖരന്‍ എന്ന നിഷേധിയായ പച്ചമനുഷ്യന്റെ  മുഖം മാത്രമല്ല   വിപ്ലവ ചരിത്രം  പോരാട്ടവഴികളില്‍ നെഞ്ചോട്‌ ചേര്‍ത്തു പിടിച്ച ഒഞ്ചിയത്തിന്റെ മുഖം കൂടിയാണെന്ന്