ബുധനാഴ്‌ച, ഓഗസ്റ്റ് 22, 2012

വീതം വയ്പ്പില്‍ തര്‍ക്കം :കോണ്‍ഗ്രസ്സില്‍ പുന:സംഘടന കീറാമുട്ടി


കേരള പ്രദേശ്‌ കോണ്ഗ്രസ് കമ്മിറ്റി പുനസംഘടിപ്പിക്കണം എന്ന ആവശ്യം അതിശക്തമായതിനെ തുടര്‍ന്ന് ഇതാ ആ സല്‍ക്കര്‍മ്മം ഉടന്‍ നടത്തുകയായി എന്ന പ്രഖ്യാപനം വന്നിട്ട്  നാള്‍ കുറെയായി . പക്ഷെ ഗ്രൂപ്പെണ്ണം ഒപ്പിച്ചു സ്ഥാനമാനങ്ങളും ജില്ലാക്കമ്മറ്റികളും ആള്‍ എണ്ണവും പങ്കുവയ്ക്കാന്‍ തുടങ്ങിയപ്പോള്‍  പതിവ് പോലെ ചില വിരുതന്മാര്‍  കയ്യൂക്ക് കാണിക്കാന്‍  തുടങ്ങിയതോടെ  സംഗതികള്‍ കൈ വിട്ട് പോകുന്നതായാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് 

കോണ്‍ഗ്രസ്സില്‍ ഇനി ഗ്രൂപ്പില്ല വഴക്കുമില്ല എന്ന് നാഴികയ്ക്ക് നാല്‍പ്പതു വട്ടം മര്യാദാ പുരുഷോത്തമന്മാരായി പ്രതിജ്ഞ എടുത്തവര്‍ പോലും  ഇപ്പോള്‍ എന്തേ എന്നേ കാണാത്തത്  ? എന്തേ എന്നേ നോക്കാത്തത്  ?എന്ന് പരിഭവിക്കാനും പരാതി പറയാനും തുടങ്ങിയിരിക്കുന്നു . ഗ്രൂപ്പില്ലാ എന്ന്  നേതാക്കന്മാര്‍ പറഞ്ഞാലും പിളരും തോറും വളരുന്ന കേരള കോണ്‍ഗ്രസുകളെ പോലെ  കോണ്‍ഗ്രസ്സില്‍ ദിനം പ്രതി ഗ്രൂപ്പുകളും ഉപഗ്രൂപ്പുകളും ഉണ്ടാകാന്‍ അധിക നേരമൊന്നും വേണ്ടാ എന്ന് കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാം ..

 ആരും ഒന്നും ഇല്ലാ എന്ന് പറഞ്ഞാല്‍ പോലും ഐ ഗ്രൂപ്പ് ,എ ഗ്രൂപ്പ് ,എന്നിവ തകര്‍ക്കാന്‍ പറ്റാത്ത വിധം പണ്ടേ അടിയുറച്ചു പോയതാണ് .പിന്നീടാണ്  അതിനല്‍ നിന്നു നാലാം ഗ്രൂപ്പും ,തിരുത്തല്‍ ഗ്രൂപ്പും ഉമ്മന്‍ ചാണ്ടി ഗ്രൂപ്പും  ചെന്നിത്തല ഗ്രൂപ്പും ,മുരളി ഗ്രൂപ്പും ,പദ്മജ ഗ്രൂപ്പും ഒക്കെ മണിക്കൂര്‍ കണക്കു വച്ചു പൊട്ടി മുളച്ചു വന്നത് . ഇതപര്യന്തമുള്ള സംഘടനയിലും  പുന: സംഘടന യിലും തിരഞ്ഞെടുപ്പിലും വീതം വയ്പ്പിലും എല്ലാം ഈ ഗ്രൂപ്പുകളും ഉപഗ്രൂപ്പുകളും കയ്യൂക്ക് അനുസരിച്ച് സ്ഥാനം പിടിച്ചിരുന്നതുമാണ് . എന്നാല്‍  ഇക്കുറി പാര്‍ട്ടിയിലെ രണ്ട് പ്രബലര്‍ ചേര്‍ന്നു  സംഘടന ഒന്നാകെ രണ്ടായി പകുത്തു പപ്പാതി വീതം കൈപ്പിടിയില്‍  ഒതുക്കാന്‍ ശ്രമിച്ചതോടെയാണ്‌ ഐക്യം അവതാളത്തിലാകുന്നത്.

ആകെ പതിനാലു ജില്ലാ കമ്മിറ്റി അദ്ധ്യക്ഷന്മാരുടെയും പതിനെട്ടു ജനറല്‍ സെക്രട്ടറിമാരുടെയും ഇരുപതു സെക്രട്ടറി മാരുടെയും രണ്ട് വൈസ് പ്രസിഡന്റ്‌ മാരുടെയും ഒഴിവുകളാണ് ഉള്ളത് . പ്രസിഡന്റ്‌ സ്ഥാനത്തേക്ക്  തിരഞ്ഞെടുപ്പ് വേണ്ടാ എന്ന ധാരനയുള്ളത് കൊണ്ടു ചെന്നിത്തല തുടരും എന്നാണു ഇപ്പോളത്തെ വിവരം . ബാക്കിയുള്ള സ്ഥാനങ്ങളില്‍ പകുതി തങ്ങള്‍ക്കു വേണം  എന്ന്  ഉമ്മന്‍ ചാണ്ടി യും പഴയ എ വിഭാഗവും കൂടി വാശി പിടിച്ചതോടെയാണ്  ചര്‍ച്ചകള്‍ വഴിമുട്ടിയത് . ബാക്കിയുള്ളത്  ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ വിഭാഗത്തിനും എടുക്കാം എന്നാണു എ വിഭാഗത്തിന്റെ നിലപാട് .

പതിനാലു ജില്ലകള്‍ അപ്പാടെ കിട്ടിയാലും പോരാ പോരാ എന്ന് പറയിപ്പിക്കും വിധം നേതൃ ബാഹുല്യമുള്ള ഐ ഗ്രൂപ്പ്  ഉമ്മന്‍ചാണ്ടിയുടെ പിടിവാശിക്ക്‌  വഴങ്ങില്ല എന്ന്  ഉറപ്പിച്ചിരിക്കുകയുമാണ്..പോരെങ്കില്‍  ഐ ഗ്രൂപ്പിന്റെ ശക്തി കേന്ദ്രങ്ങളായ  കണ്ണൂരും എറണാകുളവും തങ്ങള്‍ എടുക്കും എന്ന ഉമ്മച്ചന്റെ ഭീഷണിയും ഐ ഗ്രൂപ്പിന് ദഹിച്ചിട്ടില്ല . എ ഗ്രൂപ്പിന്റെ കയ്യിലുള്ള കൊല്ലം കാസര്‍ ഗോഡ് ജില്ലകള്‍ പകരം നല്‍കാമെന്നു എ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചിട്ടുമുണ്ട് . ഇതൊന്നും സ്വീകാര്യമല്ലാത്ത ഉറച്ച നിലപാടിലാണ് ഐ വിഭാഗം . എല്ലാം അങ്ങ് ഡല്‍ഹിയില്‍ ചെന്നു ഹൈക്കമാന്റിനെ കൊണ്ടു പരിഹരിപ്പിച്ചെടുക്കാം   എന്ന ധാരണയില്‍ ചെന്നിത്തല  അങ്ങോട്ട്‌ പോകുന്നുണ്ടെങ്കിലും  വേല വേലായുധന്റെ അടുത്തു വേണ്ടാ എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി ഡല്‍ഹിയില്‍ പോകുന്നില്ല എന്നും തീരുമാനിച്ചു .

പകുതി വീതം ഇരുകക്ഷികളും സമ്മതിച്ചാല്‍ തന്നെ വയലാര്‍ രവിയുടെ നാലാം ഗ്രൂപ്പിനും  മുരളീധരനും പദ്മജയും നയിക്കുന്ന ഉപ ഗ്രൂപ്പുകള്‍ക്കും  സ്ഥാനമാനങ്ങള്‍ കൊടുക്കാന്‍ ഹൈ കമാന്റ്  എന്ത് ചെയ്യും എന്നതാണ്   അടുത്ത ചോദ്യം 
അര്‍ഹമായ അംഗീകാരം കിട്ടാതെ ഒരിഞ്ചു പിന്നോട്ടില്ല എന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ്  പ്രാഥമിക ധാരണയില്‍ തഴയപ്പെട്ട ഇക്കൂട്ടര്‍ .  കരുണാകരന്‍ ജീവിച്ചിരുന്നപ്പോള്‍  പാര്‍ട്ടിയില്‍ പ്രബലരായിരുന്ന മുരളിയെയും പദ്മജയെയും ഏഴയലത്ത് അടുപ്പിക്കില്ല എന്ന നിലപാടിലാണ് കുറെ കാലമായി ഐ ഗ്രൂപ്പിലെ ചെന്നിത്തല അടക്കമുള്ള പ്രമുഖര്‍ .അത് കൊണ്ടു തന്നെ സ്വതന്ത്രമായ  സ്ഥാനമാനങ്ങള്‍   വേണമെന്ന് നേരെ സോണിയാ ഗാന്ധിയെ ചെന്നു കണ്ടു മുരളീധരന്‍ ആവശ്യപ്പെടിട്ടുണ്ട് . പദ്മജയ്ക്ക് വേണ്ടി മുരളി ഒന്നും പറഞ്ഞില്ലെങ്കിലും അവരും തരക്കേടില്ലാത്ത വിധത്തില്‍ പെര്‍ഫോം ചെയ്യുന്നുണ്ടെന്നാണ്  കോണ്ഗ്രസ് വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന സൂചന . 
പ്രസിഡന്റ്‌ സ്ഥാനം രമേശ്‌ ചെന്നിത്തല തന്നെ തുടരുകയും ബാക്കി എല്ലാ സ്ഥാനങ്ങളിലും പുതു മുഖങ്ങള്‍ വരണം എന്നുമാണ് പൊതു ധാരണ എന്നറിയുന്നു .വൈസ് പ്രസിഡന്റ്‌ മാരായി വി ,എസ് വിജയരാഘനും ,തമ്പാനൂര്‍ രവിയും വരുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട് . എങ്കിലും വീതം വയ്പ്പില്‍  എല്ലാ ഗ്രൂപ്പുകളുടെയും ഏകോപനം ഉണ്ടാകാത്ത സാഹചര്യത്തില്‍  ബാക്കി തീരുമാങ്ങള്‍  ഇനിയും വൈകാനാണ് സാധ്യത . എ ഗ്രൂപ്പിന്റെ ഔദ്യോഗിക പിതാവാണ് എ ,കെ ആന്റണിയെങ്കിലും കേരളത്തിലെ കാര്യം കേരളത്തിലുള്ളവര്‍  തീരുമാനിക്കട്ടെ എന്ന നിലപാടില്‍  ഗാലറിയില്‍  ഇരുന്നു കളി കാണുക മാത്രമാണ് അദ്ദേഹം ചെയ്യുന്നത് . . പണ്ട് ആപത്തു കാലത്ത് പിന്നില്‍ നിന്നു കുത്തിയവര്‍ തമ്മില്‍ അടിക്കട്ടെ എന്ന് കരുതിയാവും ഈ മൌനമെന്നുംസംശയിക്കേണ്ടിയിരിക്കുന്നു  

പാര്‍ട്ടിയില്‍    ജനാധിപത്യമില്ല ,കമ്മറ്റി പുന സംഘടിപ്പിക്കണം  മന്ത്രിസഭയില്‍  കഴിവുള്ള മന്ത്രിമാരില്ല എന്നൊക്കെ  പരിതപിച്ചു കൊണ്ടിരിക്കുന്ന വി എം സുധീരന് ഇത്തവണയും പാര്‍ട്ടിയില്‍  മാന്യമായ ഒരു സ്ഥാനം ഉണ്ടാകാന്‍ ഇടയില്ല എന്നാണു സൂചന . ഗ്രൂപ്പുകള്‍ക്ക് അതീതനായി നില്‍ക്കുന്നതിനാല്‍ സുധീരന് വേണ്ടി ഒരു ഗ്രൂപ്പും വാദിക്കുന്നില്ല എന്നതാണ് സ്ഥിതി . മുന്‍പ് തിരഞ്ഞെടുപ്പില്‍   സീറ്റ് കിട്ടിയത് പോലും ഹൈ കമാന്റ് ഇടപെട്ടത് കൊണ്ടായിരുന്നു . സമവായ ശ്രമത്തില്‍ പഴയത് പോലെ ഹൈ കമാന്റിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടായാല്‍ മാത്രമേ സുധീരന്റെ കാര്യത്തില്‍ ഒരു നീക്ക് പോക്ക്  ഉണ്ടാകാന്‍ സാധ്യതയുള്ളൂ 
ഏതായാലും എത്ര വെട്ടി ത്തേകിയാലും കുളം നന്നാകില്ല എന്ന സ്ഥിതിയിലാണ് കോണ്ഗ്രസ്സിന്റെ അവസ്ഥ നാള്‍ക്കു നാള്‍  പോകുന്നത് ..സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ എം എല്‍ എ ആയിട്ട് പോലും കെ പി സി സി പ്രസിഡന്റിനു  ഭരണത്തില്‍ പരിഗണനയോ പങ്കാളിത്തമോ കിട്ടാത്ത നിലയില്‍  ഉണ്ടായ അസംതൃപ്തി തുടക്കം മുതല്‍  പുകഞ്ഞു നില്‍ക്കുകയാണ് .

ഭരണത്തില്‍  എന്നത് പോലെ പാര്‍ട്ടി യിലും പിടി മുറുക്കി ആധിപത്യം ഉറപ്പിക്കാനുള്ള ഉമ്മന്‍ ചാണ്ടിയുടെ കരു നീക്കമായാണ്  ഐ വിഭാഗം ഇപ്പോഴത്തെ സാഹചര്യങ്ങളെ വിലയിരുത്തുന്നത് . അത് കൊണ്ടുതന്നെ ഏതു വിധേനയും അതിനു തടയിടാന്‍  പരമാവധി ശ്രമിക്കാനാണ്‌  ചെന്നിത്തയുടെ യും കൂട്ടരുടെയും ശ്രമം . അത് കൊണ്ടു കൂടിയാണ് ഉമ്മന്‍ ചാണ്ടി പോകുന്നില്ലെങ്കിലും ഡല്‍ഹിയിലേക്കു പോകാന്‍ ചെന്നിത്തല ഉറപ്പിച്ചതെന്നും വ്യക്തമായിട്ടുണ്ട് .

14 അഭിപ്രായങ്ങൾ:

  1. പൂച്ചക്കെന്തു കാര്യം പൊന്നുരുക്കുന്നിടത്ത്!

    മറുപടിഇല്ലാതാക്കൂ
  2. സത്യത്തില്‍ ഇതിനെകുറിച്ചു വേണ്ട ഒരു ലൈന്‍

    " അവന്മാര്‍ തമ്മിതല്ലി ചാവട്ടെ " എന്നായാല്‍ കുറച്ചു സമാധാനം ഉണ്ടാവും.

    മറുപടിഇല്ലാതാക്കൂ
  3. പവര്‍ പൊളിറ്റിക്സ് നാടകങ്ങള്‍ , പാവം പൊതു ജനം .അടുത്ത ഇലെക്ഷന് വിരല്‍ തുബിലൊരു മഷിപ്പൊട്ടിനായി ഇപ്പോഴേ കാത്തിരിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  4. ചാനലുകാരും പത്രക്കാരും എഴുതാനില്ലാതെ കഷ്ടപ്പെടേണ്ടി വരില്ല.

    മറുപടിഇല്ലാതാക്കൂ
  5. എന്താ ശങ്കരാ ഇവർ നന്നാവാത്തേ??????????????

    മറുപടിഇല്ലാതാക്കൂ
  6. സ്വന്തം പാര്‍ട്ടിയില്‍ ഒരു ഒത്തു തീര്‍പ്പുണ്ടാക്കാന്‍ കഷണിക്കുന്ന ഇത്തരക്കാര്‍ നാട് ഭരിച്ചാലത്തെ അവസ്ഥ അഹോ ഭയങ്കരം
    അതിന്റെ തിക്താനുഭവങ്ങള്‍ നാം കണ്ടുകൊണ്ടിരിക്കുകയും ആണല്ലോ! ഈശ്വരോ രക്ഷതു!!!
    താങ്ക്സ് രമേശ്‌
    fb യില്‍ നിന്നും ഇവിടെത്തി, ഇരിപ്പിടം എന്ന് കണ്ടാണ്‌ ക്ലിക്കിയത് പക്ഷെ അത് പോയി ചവറ്റു കൊട്ടയില്‍ വീണു
    ഏതായാലും നല്ല രസം
    പോരട്ടെ വീണ്ടും ചവറ്റു കൊട്ട വിശേഷങ്ങള്‍
    ഇത്തരക്കാരെ ചവറ്റു കൊട്ടയില്‍ തന്നെ തല്ലണം/ഇടണം, അതിനുള്ള കാലം അതിക്രമിച്ചുകൊണ്ടിരിക്കുന്നു
    നന്ദി നമസ്കാരം

    മറുപടിഇല്ലാതാക്കൂ
  7. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  8. തല്ലണം അല്ല തള്ളണം എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്

    മറുപടിഇല്ലാതാക്കൂ
  9. സ്വതേ ചുക്കിച്ചുളിഞ്ഞിരിക്കുന്ന തലച്ചോറ് ഇതുവായിച്ചിട്ട് ഒന്നുകൂടി ചളുങ്ങിയെന്നു തോന്നുന്നു. അപ്പോ രമേശ് എന്തുകൊണ്ടാണ് പദ്മജയെ അടുപ്പിക്കാത്തത്? (ചെന്നിത്തല, ചെന്നിത്തല.....അരൂരല്ല). നാടുവിട്ടിട്ട് കാലമേറെയായേയ്. പഴയതൊന്നും ഓര്‍മ്മനില്‍ക്കുന്നില്ല.

    "ഏതായാലും എത്ര വെട്ടിത്തേകിയാലും കുളം നന്നാകില്ല എന്ന സ്ഥിതിയിലാണ് കോണ്‍ഗ്രസ്സിന്റെ അവസ്ഥ നാള്‍ക്കു നാള്‍ പോകുന്നത്" എന്നൊരു വാചകം എഴുതിയത് ആശ്വാസമായി. അതുകൊണ്ട് വിവക്ഷ പിടികിട്ടി.

    മറുപടിഇല്ലാതാക്കൂ
  10. ഞാന്‍ കോണ്‍ഗ്രസ്കാരനല്ല. പക്ഷെ രാഷ്ട്രീയം ശ്രദ്ധിക്കുന്ന ആളെന്ന നിലയില്‍ ഈ വിഷയവും നോക്കാറുണ്ട്.
    പക്ഷെ പറഞ്ഞു വരുന്നത് സുധീരനെ പറ്റിയാണ്. എത്ര ആദര്‍ശം ഉണ്ട് എന്ന് പറഞ്ഞാലും എനിക്ക് വ്യക്തിപരമായി ഒരു താല്‍പര്യവും തോന്നാറില്ല അദ്ധേഹത്തോട്. ഉണ്ടെന്നു പറയുന്ന ആദര്‍ശത്തെ മാര്‍ക്കറ്റ് ചെയ്യാനാണ് പുള്ളിക്ക് താല്പര്യം. പാര്‍ട്ടി വേദികളെ ഉപയോഗിക്കാതെ വെറും മാധ്യമ ശ്രദ്ധക്ക് വേണ്ടിയുള്ള അഭ്യാസം പോലെ. ഒരര്‍ത്ഥത്തില്‍ മറ്റൊരു അച്ചുദാനന്തന്‍.. . കോണ്ഗ്രസ് നന്നായാലും ഇല്ലേലും സുധീരനെ എന്നോ പുറത്താക്കണം

    മറുപടിഇല്ലാതാക്കൂ
  11. ആദര്‍ശ പുണ്യാളന്‍മാരെയൊന്നും ഇനി കോണ്ഗ്രസ്സിന് ഭാരവാഹികളായി ആവശ്യമുണ്ടെന്ന്‌ തോന്നുന്നില്ല. ഒന്ന് ഉള്ളതിനെ സഹിക്കാന്‍ പറ്റുന്നില്ല...അപ്പോഴാണ് ഇനി ആ സൈസില്‍ മറ്റൊന്ന്.ആദര്‍ശംകൊണ്ട് ഒന്നുകില്‍ നാടുനന്നാക്കാന്‍ കഴിയണം. അല്ലെങ്കില്‍ സംഘടന നന്നാക്കാന്‍.

    മറുപടിഇല്ലാതാക്കൂ
  12. മഹാത്മാഗാന്ധി അന്നേ പറഞ്ഞിരുന്നു..............???
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ