ബുധനാഴ്‌ച, ജൂൺ 26, 2013

ജോസ് തെറ്റയിലിന് എതിരേ പീഡനക്കേസ് ഏടുക്കാമോ?



രിതോര്‍ജ്ജ പ്രഭാവം കൊണ്ട് വിളറിപ്പോയ ഭരണമുന്നണിക്കും ഉമ്മന്‍ ചാണ്ടിക്കും തെല്ലൊരാശ്വാസം നല്‍കുന്നതാണ് അങ്കമാലിയില്‍ നിന്ന് വീണുകിട്ടിയ ലൈംഗികപീഡനക്കേസ്. ഇടതുമുന്നണി നേതാവായ ജനതാദള്‍ എം.എല്‍.എ ജോസ് തെറ്റയില്‍ ലൈംഗികാരോപണത്തിന്റെ പേരില്‍ ഇപ്പോള്‍ മാധ്യമ വിചാരണ നേരിടുന്നതാണ് ഉമ്മന്‍ചാണ്ടിക്കും സഹപ്രവര്‍ത്തകര്‍ക്കും ആശ്വാസമേകുന്നത്.

കേരള രാഷ്ട്രീയ ചരിത്രത്തില്‍ അങ്കമാലി ഇതിനുമുമ്പും കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും രക്ഷാകവചമായിട്ടുണ്ട്. ലോകത്തിലാദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തില്‍ വന്ന ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ മറിച്ചിട്ട ചരിത്രപ്രസിദ്ധമായ വിമോചന സമരത്തിന്റെ കാരണവും ആരംഭവേദിയും അങ്കമാലിയായിരുന്നു എന്നതും അത് ഇതുപോലൊരു ജൂണ്‍മാസത്തില്‍ തന്നെ ആയിരുന്നു എന്നതും കൗതുകകരമായ ആകസ്മികതയാണ്.

കേരള രാഷ്ട്രീയവും മന്ത്രി സഭകളും നേതാക്കളും ഇടതു വലതു വ്യത്യാസമില്ലാതെ ഇത്തരത്തില്‍ ലൈംഗിക അപവാദങ്ങളില്‍ കുടുങ്ങുന്നതും ഗത്യന്തരമില്ലാതെ രാജിവച്ചൊഴിഞ്ഞു പോകുന്നതും ആദ്യമായല്ല. ഏറ്റവുമൊടുവില്‍ പെണ്ണുകേസില്‍ കുടുങ്ങി മുന്‍മന്ത്രി കെ.ബി.ഗണേശ്കുമാറാണ് രാജിവച്ചത്.ഗണേശന് മുമ്പ് പി.റ്റി. ചാക്കോ, നീലലോഹിത ദാസ് നാടാര്‍,പി.കെ.കുഞ്ഞാലിക്കുട്ടി, പി ജെ. ജോസഫ് എന്നി മന്ത്രിമാര്‍ക്ക് സ്ത്രീ വിഷയവുമായി ബന്ധപ്പെട്ടു രാജി വയ്‌ക്കേണ്ടി വന്നിട്ടുണ്ട് . എന്തിനധികം തന്‍പ്രമാണിത്തവും അപ്രമാദിത്തവും കൊണ്ട് സകലമാനപേര്‍ക്കുമെതിരെ ലൈംഗികവും അല്ലാത്തതുമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന സാക്ഷാല്‍ പി.സി.ജോര്‍ജ്ജ് വരെ പെണ്ണുകേസില്‍ നിന്ന് കഷ്ടിച്ചു രക്ഷപ്പെട്ടയാളാണെന്ന് കേരളരാഷ്ട്രീയത്തിലെ തലമുറകള്‍ കണ്ട ഗൗരിയമ്മ പോലും ഈയിടെ പറഞ്ഞുവല്ലോ.

പീച്ചിയില്‍ നിന്നും ഒരു സ്വകാര്യ വാഹനത്തില്‍ സ്വയം ഡ്രൈവ് ചെയ്തു വരുമ്പോള്‍ തൃശൂരിനടുത്തു വച്ച് ആ കാര്‍ ഒരു കാളവണ്ടിയില്‍ മുട്ടുകയും ആ സമയത്ത് ഒരു സ്ത്രീ ചാക്കോയോടൊപ്പം ഉണ്ടായിരുന്നു എന്നതുമാണ് പി.ടി.ചാക്കോയെ പുറത്താക്കണമെന്ന് രാഷ്ട്രിയ എതിരാളികള്‍ക്ക് മുറവിളി കൂട്ടാന്‍ അവസരം നല്‍കിയത് . ചാക്കോയുടെ വിശ്വസ്തരായ ചിലര്‍ അദ്ദേഹത്തിന്റെ പത്‌നിയായിരുന്നു കൂടെയുണ്ടായിരുന്നത് എന്ന് സ്ഥാപിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് ചാക്കോയെ കൂടുതല്‍ കുഴപ്പത്തിലാക്കിയത് . ഇതിനു വേണ്ടി,സാധാരണയായി ചട്ടയും മുണ്ടും എന്ന ക്രിസ്ത്യന്‍ വനിതകളുടെ പാരമ്പര്യ വേഷം ധരിക്കുന്ന ആ വനിതയെ സാരി ധരിപ്പിച്ചു പത്രക്കാരുടെ മുന്നില്‍ അവതരിപ്പിക്കുന്ന നാടകം കൂടി അവര്‍ നടത്തി. ചാക്കോയോടൊപ്പം കാറിലുണ്ടായിരുന്നത് കൊച്ചിയിലെ രത്‌നകല എസ്. മേനോന്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്നു എന്നും തൃശൂരില്‍ നിന്ന് ഏറണാകുളത്തേക്ക് ഒരു ലിഫ്റ്റ് കൊടുക്കുക മാത്രമായിരുന്നു ചാക്കോ ചെയ്തതെന്നും പിന്നീട് വാര്‍ത്തകള്‍ വന്നെങ്കിലും സദാചാരവാദികളായ കേരളീയര്‍ അതൊന്നും മുഖവിലക്കെടുത്തില്ല. പ്രഹ്ലാദന്‍ ഗോപാലന്‍ എന്ന കോണ്‍ഗ്രസ് എം.എല്‍.എ.തന്നെ ചാക്കോയുടെ രാജി ആവശ്യപ്പെട്ടു നിയമ സഭയില്‍ നിരാഹാര സമരം ആരംഭിക്കുകയും ചാക്കോയില്‍ വിശ്വാസമില്ലെന്നു മുഖ്യമന്ത്രി ആര്‍.ശങ്കര്‍ പ്രസ്താവിക്കയും ചെയ്തപ്പോള്‍ ചാക്കോയുടെ രാജി അനിവാര്യമായി തീര്‍ന്നു. ഇക്കാരണത്താല്‍ അന്ന് കോണ്‍ഗ്രസ് വിട്ടവര്‍ ചേര്‍ന്നാണ് പിന്നീട് പി.ടി.ചാക്കോയുടെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കിയത് എന്നത് ചരിത്രം. ചരിത്രമൊക്കെ തല്‍ക്കാലം അവിടെ നില്‍ക്കട്ടെ.

ലൈംഗീകാരോപണത്തിന്റെ പേരില്‍ ജോസ് തെറ്റയില്‍ എം.എല്‍.എ.സ്ഥാനം രാജിവയ്‌ക്കേണ്ടതില്ല എന്നാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജനതാദളും അവരുള്‍പ്പെട്ട ഇടതുമുന്നണിയും തീരുമാനിച്ചിട്ടുള്ളത്. സമാനമായ ആരോപണങ്ങളുടെ പേരില്‍ ചിലര്‍ മന്ത്രി സ്ഥാനം രാജിവച്ചതല്ലാതെ ആരും ഇതുവരെ എം.എല്‍.എ.സ്ഥാനം രാജി വച്ചിട്ടില്ലല്ലോ എന്നാണ് അതിനുള്ള ന്യായമായി അവര്‍ പറയുന്നത്. ഒരാള്‍ എം.എല്‍.എ ആവുക എന്നത് അത്ര ചെറിയകാര്യമല്ല എന്നതും അതിനായി സംസ്ഥാനവും ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുമൊക്കെ സഹിക്കേണ്ടി വരുന്ന ത്യാഗങ്ങളും പരിഗണിച്ച് രാജിവയ്ക്കുന്നില്ല എന്ന തീരുമാനം പൊതു താല്‍പര്യത്തിന് ഗുണകരവും പ്രത്യുല്‍പ്പാദനപരവും ആണെന്ന് വിലയിരുത്താം. പക്ഷേ ധാര്‍മികതയുടെ പേരില്‍ ജോസ് തെറ്റയില്‍ രാജിവെക്കണമെന്ന് വേണമെങ്കില്‍ ആര്‍ക്കെങ്കിലും ആവശ്യപ്പെടാം. പക്ഷേ അങ്ങനെ ആവശ്യപ്പെടുന്നവര്‍ക്ക് അതിനുള്ള ധാര്‍മികമായ അവകാശമുണ്ടോ എന്നുമാത്രം ആരും ചോദിച്ചേക്കരുത്.
ജോസ് തെറ്റയിലിനെതിരെ വന്നിട്ടുള്ള ആരോപണങ്ങളും അതിനു തെളിവായി 'പീഡനത്തിന് ഇര'യായെന്ന് പറയപ്പെടുന്ന യുവതി ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് നല്‍കി, അതിലൂടെ ഈ മണ്‍സൂണ്‍കാലത്തെ മഴത്തണുപ്പില്‍ ചൂടു പകര്‍ന്ന മസാല ദൃശ്യങ്ങളും കണ്ട് കേരളം കോരിത്തരിച്ചിരിക്കുകയാണ്. ആ ചൂടന്‍രംഗങ്ങളില്‍ 'ഇര'യായെന്ന് സ്വയം സഹതപിക്കുന്ന യുവതിയുടെ അഭിനയ മികവും പെര്‍ഫോമന്‍സും വിലയിരുത്തുന്ന ഒരാള്‍ക്കും ആ യുവതി പീഡിപ്പിക്കപ്പെടുകയായിരുന്നു എന്ന് കണ്ണുമടച്ചു വിശ്വസിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും ഉഭയസമ്മത പ്രകാരം പൊതുജനങ്ങള്‍ക്കു ശല്യമാകാത്ത വിധത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ഇന്ത്യയില്‍ നിയമപരമായ തടസങ്ങള്‍ ഒന്നുമില്ല. അതേസമയം കുടുംബ ബന്ധങ്ങളുടേയും സാമൂഹികമായ ധാര്‍മികതയുടേയും പേരില്‍ ഇത്തരം ബന്ധങ്ങളെ സമൂഹം അംഗീകരിക്കുന്നുമില്ല.അതു പക്ഷേ നിയമപരമല്ല, കേവല ധാര്‍മിക സദാചാര പ്രശ്‌നം മാത്രമാണ്.
എന്ന് കരുതി വീഡിയോ ദൃശ്യങ്ങളില്‍ യുവതിയോടൊപ്പം കാണപ്പെട്ടത് ജോസ് തെറ്റയില്‍ ആണെന്ന് തെളിയുന്ന പക്ഷം അദ്ദേഹത്തിന്റെ അധാര്‍മികത ചോദ്യം ചെയ്യപ്പെടാതിരിക്കുന്നുമില്ല. കാരണം ഇവിടെ ആരോപണ വിധേയനായിരിക്കുന്ന വ്യക്തി പൊതു പ്രവര്‍ത്തകനും ജനപ്രതി നിധിയുമാണ്. സമൂഹത്തിനും ജനങ്ങള്‍ക്കും നീതിന്യായ വ്യവസ്ഥകള്‍ക്കും മാതൃകയായി നിലകൊള്ളേണ്ടവര്‍ കൂടിയാണ് ഇങ്ങനെയുള്ളവര്‍. അതു കൊണ്ടുതന്നെ സാധാരണക്കാരെപ്പോലെ അധാര്‍മികകാര്യങ്ങളില്‍ ഏര്‍പ്പെട്ടതിനു ശേഷം കീഴ് വഴക്കങ്ങളുടെ സാങ്കേതികതയില്‍ തൂങ്ങി അധികാരസ്ഥാനങ്ങളില്‍ കടിച്ചുതൂങ്ങുന്നതും ആശാസ്യമല്ല.

മകനെ വിവാഹം ചെയ്തുതരാമെന്ന വ്യവസ്ഥയില്‍ മുമ്പ് വിവാഹിതയായി ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞു നില്‍ക്കുന്ന 30 കാരിയെ എം.എല്‍.എ.പീഡിപ്പിച്ചു എന്നാണ് പോലീസിന് യുവതി നല്‍കിയ പരാതിയിലുള്ളതെന്ന് മനസിലാക്കുന്നു. ഇതിനു വേണ്ടി പിതാവ് തന്നെ മകനെ യുവതിക്കു പരിചയപ്പെടുത്തിയെന്നും ഇതിനു ശേഷം മകനും അച്ഛനെപ്പോലെ യുവതിയെ പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ ആരോപണം. സാമൂഹിക-ധാര്‍മിക ബോധമുള്ള ഏതെങ്കിലും ഒരച്ഛന്‍ തന്റെ ലൈംഗികതാല്‍പര്യത്തിന് വേണ്ടി ഈ വിധം മ്ലേച്ഛമായ ഒരുകരാറില്‍ ഏര്‍പ്പെടുമെന്ന് കരുതാന്‍വയ്യ. അഥവാ അങ്ങിനെ ഒരുകരാര്‍ ഉണ്ടാക്കിയെങ്കില്‍ തന്നെ അതിന് നിയമപരമായ എന്തെങ്കിലും പരിരക്ഷയുണ്ടോ ? ഉണ്ടെങ്കില്‍ അധാര്‍മികമെന്ന് സമൂഹം കരുതുന്ന വേശ്യാവൃത്തിക്കും നിയമ പരിരക്ഷ നല്‍കേണ്ടി വരില്ലേ? ഇന്ത്യയില്‍ കാര്യസാധ്യത്തിനായി പരസ്പര സമ്മതപ്രകാരം ശരീരം വില്‍ക്കുന്ന ആണുങ്ങളും പെണ്ണുങ്ങളുമെല്ലാം ഒരു ദിവസം തങ്ങളുടെ ഇടപാടുകാര്‍ക്കെതിരെ പീഡനക്കേസ് കൊടുക്കാന്‍ തുടങ്ങിയാല്‍ നമ്മുടെ രാജ്യത്തിന്റെ ഗതിയെന്താകും? യുവതിയുടെ പരാതിയില്‍ തന്നെ ഉണ്ടല്ലോ ഇതുവരും തമ്മില്‍ പരസ്പരം അംഗീകരിച്ച ഒരു കരാര്‍ ഉണ്ടായിരുന്നു എന്ന്. ആ കരാര്‍ ലംഘിച്ചതാണ് യഥാര്‍ഥത്തില്‍ ജോസ് തെറ്റയില്‍ ചെയ്ത കുറ്റം എന്നു കാണാം. അതിന് പീഡനക്കേസ് അല്ലല്ലോ പോലീസ് എടുക്കേണ്ടത്. നിയമത്തിന്റെ പിന്‍ബലമില്ലാത്ത കരാറിന്റെ പേരില്‍ കേസ് എടുക്കാന്‍ നിര്‍വാഹവുമില്ല. ഇതില്‍ നിന്ന് ഒരുകാര്യം വ്യക്തമാണ്. രാജ്യത്ത് നിലനില്‍ക്കുന്ന വനിതാ സംരക്ഷണ നിയമങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണ്. നിയമത്തിന്റെ പരിധിയില്‍ വരാത്ത അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ പോലും നിലവിലുള്ള നിയമങ്ങളിലെ വിള്ളലുകള്‍ ഉപയോഗിച്ച് രാഷ്ട്രീയമോ,സാമ്പത്തികമോ, വ്യക്തിപരമോ ആയ ലാഭത്തിനു വേണ്ടിയും ശത്രുസംഹാരത്തിനായും വളച്ചൊടിക്കപ്പോടുകയാണ്. താല്‍ക്കാലിക നേട്ടത്തിനു വേണ്ടിയുള്ള ഇത്തരം പ്രവൃത്തികള്‍ നമ്മുടെ ജനാധിപത്യ സംസ്‌കാരത്തിനും നീതിന്യായ വ്യവസ്ഥയ്ക്കും മേല്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങള്‍ എത്ര വലുതാണെന്ന് ആരാണ് തിരിച്ചറിയുക?
(മലയാളം ന്യൂസ് എഡിറ്റ്‌ പേജ് 26 ജൂണ്‍ )

14 അഭിപ്രായങ്ങൾ:

  1. മറുപടികൾ

    1. തെറ്റയിൽ സംഭവത്തെ വസ്തുനിഷ്ട്മായി വിലയിരുത്തുന്ന നിഷ്പക്ഷമായ ബ്ലോഗ്‌ തന്നെ. ഒരുപക്ഷേ പ്രസ്തുത സ്ത്രീ പറയുന്ന "മകനെക്കൊണ്ട്‌ തന്നെ വിവാഹം കഴിപ്പിക്കാം" എന്ന തെറ്റയിലുമായുള്ള കരാർ തീർച്ചയായും യുക്തി പൂർണ്ണമാണെന്ന് കരുതുക പ്രയാസ്സം. മറിച്ച്‌ വ്യഭിചരിക്കുന്ന തെറ്റയിലിനുപോലും നിറവേറ്റാൻ കഴിയാത്ത ഏതോ "ഗുരുതരമായ" പ്രവർത്തി ചെയ്യിക്കാൻ വേണ്ടിയാകണം ഈ Blackmail നടന്നത്‌. Laptop ലഭിച്ചാൽ അത്‌ എന്താണു് എന്ന് മനസ്സിലാകും. ചിലപ്പോൾ ഇതുമാതിരി അവർ നടത്തിയ വേറെയും പലകാര്യങ്ങളും !

      ഇല്ലാതാക്കൂ
  2. ഒരുകാര്യം വ്യക്തമാണ്. രാജ്യത്ത് നിലനില്‍ക്കുന്ന വനിതാ സംരക്ഷണ നിയമങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണ്. നിയമത്തിന്റെ പരിധിയില്‍ വരാത്ത അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ പോലും നിലവിലുള്ള നിയമങ്ങളിലെ വിള്ളലുകള്‍ ഉപയോഗിച്ച് രാഷ്ട്രീയമോ,സാമ്പത്തികമോ, വ്യക്തിപരമോ ആയ ലാഭത്തിനു വേണ്ടിയും ശത്രുസംഹാരത്തിനായും വളച്ചൊടിക്കപ്പോടുകയാണ്. താല്‍ക്കാലിക നേട്ടത്തിനു വേണ്ടിയുള്ള ഇത്തരം പ്രവൃത്തികള്‍ നമ്മുടെ ജനാധിപത്യ സംസ്‌കാരത്തിനും നീതിന്യായ വ്യവസ്ഥയ്ക്കും മേല്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങള്‍ എത്ര വലുതാണെന്ന് ആരാണ് തിരിച്ചറിയുക?

    മറുപടിഇല്ലാതാക്കൂ
  3. പ്രതി ഒരു സാധാരണക്കാരനല്ല. ഒരു പൊതുപ്രവർത്തകനാണ്. അതിലുപരി എമ്മല്ലെയും. അങ്ങിനെയുള്ള ഒരാൾ പൊതുജീവിതത്തിൽ വച്ചു പുലർത്തേണ്ട ചില നല്ല കീഴ്വഴക്കങ്ങൾ ഉണ്ട്. അതിന് സാരമായ മങ്ങലേൽക്കുമ്പോൾ - സാഹചര്യത്തെളിവുകളെല്ലാം പ്രതിക്കെതിരാണെന്ന് ജനം വിശ്വസിക്കുന്ന സമയത്ത് തീർച്ചയായും സ്വയം രാജി വച്ച് പൊതുരംഗം ശുദ്ധമാക്കാൻ കളമൊരുക്കേണ്ടതാണ്. അതിന് മുൻപ് നടന്നിട്ടുള്ള ഇത്തരം കേസുകളിൽ അവരെന്തു ചെയ്തുവെന്നും അതിന്റെ പിന്നാലെ പോകുന്നതും ഒട്ടും ആശാസ്യമല്ല.

    മറുപടിഇല്ലാതാക്കൂ
  4. എല്ലാറ്റിനും ഒരു കാലം ........ പൂക്കാൻ , കായ്ക്കാൻ , പിന്നെ നശിക്കാനും

    മറുപടിഇല്ലാതാക്കൂ
  5. എന്തെക്കെയോ......?
    കാലം തെളിയിക്കട്ടെ.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. "പീഡനരംഗങ്ങള്‍"""" കണ്ടിട്ട് ചിരിവന്നുപോയ് പെണ്ണ് കൊഞ്ചി കുഴഞ്ഞു ചിരിച്ചു തകര്‍ത്താടുന്നു. ഇതാണോ പീഡനം എന്ന് പറയുന്നത്.

    മറുപടിഇല്ലാതാക്കൂ
  7. എന്നാലും നമ്മുടെ നാടിന്റെ ഒരു പോക്കേ!!!
    നേതാക്കന്മാരുടെ ലീലാവിലാസങ്ങൾ കേൾക്കാനും
    കാണാനും നല്ല രസം അല്ലെ!!!!
    ഇനി എന്തെല്ലാം കാണാനും കേൾക്കാനും ഇരിക്കുന്നു അല്ലെ!
    എന്തായാലും പത്രക്കാരും ടി വിക്കാരും ഇതോരാഘോഷം ആക്കി മാറ്റി!!
    എന്നാലും "പെണ്ണൊരുമ്പെട്ടാൽ...." !!!
    എന്നു പറഞ്ഞു നിർത്തുന്നു എന്റെ മാഷെ!!!
    വിഷയം നന്നായി അവതരിപ്പിച്ചു facebookil വായിച്ചിരുന്നു. :-)

    മറുപടിഇല്ലാതാക്കൂ
  8. വ്യക്തികളുടെ തികച്ചും വ്യക്തിപരമായ കാര്യങ്ങളിലേക്ക്
    ഒളിക്കണ്ണ് നീട്ടിയിരിക്കുന്ന മാധ്യമങ്ങളും അതിനെ കൊട്ടിഘോഷിച്ച്
    ആനന്ദിക്കുന്ന ഭൂരിപക്ഷ ജനതയും... മലയാളിയുടെ സാമൂഹിക അധപതനനത്തിന്റെ നേർക്കാഴ്ച്ചകൾ തന്നെ ഇതൊക്കെ..!

    മറുപടിഇല്ലാതാക്കൂ
  9. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  10. പെണ്ണൊരുമ്പെട്ടാൽ.....ലെഖനം നന്നായിരിക്കുന്നു.അവതരണ ശൈലിയും.

    മറുപടിഇല്ലാതാക്കൂ
  11. പെണ്ണൊരുമ്പെട്ടാൽ.....ലെഖനം നന്നായിരിക്കുന്നു.അവതരണ ശൈലിയും.

    മറുപടിഇല്ലാതാക്കൂ
  12. നല്ല പോസ്റ്റ്..
    പ്രശ്നത്തെ കൂടുതല് മനസ്സിലാക്കാ൯ സഹായകം..

    മറുപടിഇല്ലാതാക്കൂ
  13. സാറിപ്പോ എയ്ത്തൊന്നും ല്ല്യേ?

    മറുപടിഇല്ലാതാക്കൂ