ഞായറാഴ്‌ച, സെപ്റ്റംബർ 23, 2012

രണ്ട് കമ്യൂണിസ്റ്റുകള്‍ കണ്ടു മുട്ടിയാല്‍ .....?
രണ്ട് കമ്യൂണിസ്റ്റുകള്‍ കണ്ടു മുട്ടിയാല്‍ .....?

പ്രസ്ഥാനത്തിനും സമൂഹത്തിനും  വേണ്ടി ത്യാഗത്തിന്റെ ബലിക്കല്ലുകളില്‍  ജീവിതം എറിഞ്ഞുടയ്ക്കാന്‍  തയ്യാറെടുത്തു വരുന്നവരാണ് യഥാര്‍ത്ഥ കമ്യൂണിസ്റ്റ് സഖാക്കള്‍ എന്ന്  ത്യാഗോജ്ജ്വലമായ  കമ്യൂണിസ്റ്റ്  സമര ചരിത്രം കേട്ട് വളര്‍ന്ന തലമുറയെ
ആരും  പഠിപ്പിച്ചു കൊടുക്കേണ്ടതില്ല   . ചോര കൊടുത്തും ജീവന്‍ കൊടുത്തും അക്കാലത്തെ സഖാക്കള്‍  സംഘടിപ്പിച്ച പ്രവര്‍ത്തനങ്ങളും  അവര്‍ക്കിടയില്‍  ഉണ്ടായിരുന്ന ആഴത്തിലുള്ള സ്നേഹവും സാഹോദര്യ -പാരസ്പര്യങ്ങളും  , ഇന്നത്തെ സഖാക്കള്‍ക്ക് ഉണ്ടോ എന്ന് ചോദിച്ചാല്‍  അതിനുത്തരം പറയാന്‍  ചിലപ്പോള്‍  ആര്‍ക്കും കഴിഞ്ഞെന്നും വരില്ല ..

അങ്ങനെയൊരു പോരാട്ട  കാലത്ത്  പ്രസ്ഥാനത്തിന്റെ  സിരകളിലെ  രക്തവും ,ഊര്‍ജ്ജവും ആത്മാവും , ശരീരവും പോലെ
പ്രവര്‍ത്തിച്ചിരുന്ന രണ്ടു പഴയ സഖാക്കളുടെ മുഖങ്ങള്‍  കഴിഞ്ഞ ദിവസം ഒരു ടീവീ ചാനല്‍ വാര്‍ത്തയ്ക്കിടയില്‍ കണ്ടു .അവര്‍ പറഞ്ഞ കാര്യങ്ങളും കഥകളും ,ഓര്‍മകളുടെ അയവിറക്കലുമൊക്കെ കേട്ട്  അന്തവും കുന്തവും വിട്ടു ഒരു നിമിഷം തലയില്‍ കൈ വച്ചിരുന്നു പോയി !

വിഎസ് അച്ചുതാനന്ദനും എം .എം .ലോറന്‍സുമായിരുന്നു ആ നേതാക്കള്‍ . ഇരുവരും അര നൂറ്റാണ്ടിലധികമുള്ള പ്രവര്‍ത്തന പരിചയവും അനുഭവ സമ്പത്തും കൊണ്ട് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ആധികാരിക ചരിത്രം രചിക്കാന്‍ പോലും പ്രാപ്തിയുള്ള  ഇരുത്തം വന്നവര്‍ . കമ്യൂണിസ്റ്റ് വസന്തം സ്വപ്നം  കാണുന്ന ലക്ഷോപ ലക്ഷം ജനങ്ങള്‍ സ്നേഹിക്കുന്ന   ധീര സഖാക്കള്‍ .
ഒരാള്‍ പുന്നപ്ര സമര നായകന്‍ ,കേരളത്തില്‍ സി പി ഐ എം എന്ന പ്രസ്ഥാനത്തിന് അടിസ്ഥാന ശില പാകിയ കര്‍മ്മ ധീരന്‍ .
മറ്റെയാള്‍ തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിന്റെ സംഘാടകനും അമരക്കാരനും  കുപ്രസിദ്ധതമായ ഇടപ്പള്ളി പോലീസ്‌ സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രതി ,, .പാര്‍ട്ടിയോട് അകലം പാളിച്ച കൃസ്ത്യന്‍ ന്യൂന പക്ഷ കേന്ദ്രങ്ങളില്‍ പാര്‍ട്ടി വളര്‍ത്താന്‍ അക്ഷീണം പ്രയത്നിച്ച നേതാവ് , മുന്‍ ഇടതുമുന്നണി കണ്‍വീനര്‍  .
.
മുകാലത്ത് കമ്യൂണിസ്റ്റുകാര്‍ കണ്ടു മുട്ടുമ്പോള്‍ ,പരസ്പരം തിരിച്ചറിയുമ്പോള്‍ അവിടെ അനിര്‍വചനീയമായ ഒരന്തരീക്ഷം രൂപപ്പെടുമായിരുന്നു എന്ന് പല സഖാക്കളും സ്മരിച്ചിട്ടുണ്ട് .അവര്‍ക്കിടയില്‍ അലൌകികമായ ഒരൂര്‍ജ്ജ പ്രവാഹത്തിന്റെ കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുമായിരുന്നത്രേ !

ലാല്‍സലാം എന്ന മോഹന്‍ലാല്‍ സിനിമയിലെ  കഥാപാത്രങ്ങളായ കമ്യൂണിസ്റ്റുകാര്‍ പരസ്പരം പരിചയപ്പെടുമ്പോള്‍ വൈകാരിക വിക്ഷോഭം ഉണ്ടാക്കുന്ന ഒരു ചോദ്യമുണ്ട് .  " ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടി എടുക്കാന്‍ ? "

വിപ്ലവ ഭൂമിയായ ആലപ്പുഴയിലെ പഴയകാല കമ്യൂണിസ്റ്റ്‌ നേതാവായിരുന്ന സഖാവ് വര്‍ഗീസ്‌ വൈദ്യരുടെ മകന്‍  ചെറിയാന്‍ കല്പക വാടിയാണ് ആ സിനിമ എഴുതിയത് ,അതിലെ നെട്ടൂരാന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം വര്‍ഗീസ്‌ വൈദ്യര്‍ ആണ്  . സ്വന്തം പിതാവിന്റെ രാഷ്ട്രീയ ജീവിതം കൂടി ഉള്‍പ്പെട്ടത് കൊണ്ട്  " ബീഡി യുണ്ടോ സഖാവേ ഒരു തീപ്പെട്ടി എടുക്കാന്‍ ? "..എന്ന ചോദ്യം ഉള്‍പ്പെടെയുള്ള ആ സിനിമയിലെ ഒട്ടു മിക്ക ഡയലോഗുകളും  ചരിത്ര സത്യങ്ങളുടെ പുനരാഖ്യാനം തന്നെയാണ്  എന്ന് ശ്രീ കല്പകവാടി  പറഞ്ഞിട്ടുണ്ട് .

പുന്നപ്ര വയലാര്‍ സമരകാലത്തെ കമ്യൂണിസ്റ്റ്‌ നേതാക്കളില്‍ പലരും  ഇന്ന് ജീവിച്ചിരിപ്പില്ല .വര്‍ഗീസ്‌ വൈദ്യരും , ടീവീ തോമസും ,കെ എസ്  ബെന്നും ,സ്റ്റാലിന്‍ കുമാരപ്പണിക്കരും ഉള്‍പ്പെടെ ഒട്ടു മിക്ക പേരും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു .സര്‍ സി പി രാമസ്വാമി അയ്യരുടെ ചോറ്റു പട്ടാളത്തെയും അവരുടെ യന്ത്ര തോക്കുകളെയും അവഗണിച്ചു   സമര ഭൂമിയിലേയ്ക്ക് വാരിക്കുന്ത വുമായി പോയ കമ്യൂണിസ്റ്റ്  പടയെ നയിച്ച  സഖാവ് പികെ ചന്ദ്രാനന്ദനും ,വി എസ് അച്യുതാന്ദനും ,തിരുവിതാം കൂറില്‍ നിന്നു വേറിട്ട രാജ്യമായ കൊച്ചിയില്‍  നിന്ന് ആ സമരം വീക്ഷിച്ച സഖാവ് ലോറന്‍സും ഉള്‍പ്പെടെ വിരലില്‍ എണ്ണാന്‍ കഴിയുന്നവര്‍ മാത്രം  സജീവ രാഷ്ട്രീയത്തിലും അല്ലാതെയും ഇന്ന്   അവശേഷിക്കുന്നു.

ഇക്കാലത്ത് അവര്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍   സ്വാഭാവികമായും അന്നത്തെ തീഷ്ണമായ  രാഷ്ട്രീയ ജീവിത പാഠങ്ങള്‍  ഉള്‍ക്കൊണ്ട മുന്നേറിയവര്‍ എന്ന നിലയില്‍  വീണ്ടും ഓര്‍മ്മകളുടെ ഇരമ്പിക്കയറ്റം യൌവ്വന തീഷ്ണതയോടെ ഉണ്ടാകേണ്ടതാണ് .
"ബീഡി യുണ്ടോ സഖാവേ ...? എന്നൊന്നും ചോദിക്കണമെന്നില്ല പക്ഷെ അതേ വൈകാരിക ഭാവത്തോടെയും സ്നേഹത്തോടെയും  "സുഖമാണോ ? " എന്നെങ്കിലും ചോദിക്കും എന്ന് പ്രതീക്ഷിച്ചാല്‍  ആ പ്രതീക്ഷ ആസ്ഥാനത്താണെന്ന
 തിരിച്ചറിവ്  കമ്യൂണിസ്റ്റ്‌ ബന്ധങ്ങളിലെ വൈകാരികത സൂക്ഷിക്കുന്നവരെ ഏറെ വേദനിപ്പിക്കും .

അത്തരത്തില്‍ ഒരു തുടര്‍ച്ചയുടെ വൃത്തികെട്ട പര്യവസാനമാണ്  (?) കഴിഞ്ഞ ദിവസം ഉണ്ടായത് . ലോറന്സ് ആണ്  ആദ്യം ചെളി വാരി എറിഞ്ഞത് . കൂടം കുളം സമര ഭൂമിയിലേക്ക്‌ തിരിച്ച  വി എസ് പോലീസിനെ പേടിച്ചു തിരിച്ചു പോന്നു എന്ന പരിഹാസമായിരുന്നു ലോറ ന്സിന്റെത് . പണ്ട് പുന്നപ്ര സമരത്തില്‍ നിന്നും വി എസ് ഇങ്ങനെ പേടിച്ചു പിന്‍ മാറിയിട്ടുണ്ട് എന്നും അദ്ദേഹം വെളിപ്പെടുത്തി .പുന്നപ്രവയലാര്‍ സമര സേനാനി എന്ന നിലയില്‍  ധീരതയുടെ പര്യായമായി  പില്‍ക്കാലത്ത് വാഴ്ത്തപ്പെട്ട  വി. എസ് .പുന്നപ്ര സമരത്തില്‍ പങ്കെടുക്കാതെ  ഒളിച്ചോടിയ ചരിത്രം ഉണ്ടെന്നാണ്  ലോറന്‍സ്  ഓര്‍ത്തെടുത്തു  പറഞ്ഞത് . വാരിക്കുന്തവുമായി മരണം പോലും പ്രതീക്ഷിച്ചു ചന്ദ്രാനന്ദനും കൂട്ടരും മുന്നേറിയപ്പോള്‍ വി എസ് തനിക്കു അറസ്റ്റ് വാറണ്ട് ഉണ്ടെന്നു പറഞ്ഞു പിന്മാറുക യായിരുന്നത്രേ !
വി എസും  ഒട്ടും പിന്നാക്കം പോകാന്‍ തയ്യാറായില്ല .
സ്വന്തം ഭാര്യയെ  ഭ്രാന്തിയാക്കി മുദ്രകുത്തി ആശുപത്രിയില്‍ അടച്ച  വിദ്വാനാണ് ലോറന്‍സ് എന്നും താന്‍  മുഖ്യമന്ത്രിയായിരിക്കെ ലോറന്‍സിന്റെ മകള്‍  ഇക്കാര്യം പറഞ്ഞു  തനിക്ക് പരാതി തന്നിട്ടുണ്ട് എന്നും വി എസ് ഒരു മന:ക്ഷോഭവും ഇല്ലാതെ  പരസ്യമായി പറഞ്ഞു കളഞ്ഞു . സ്വന്തം ഭാര്യയെ ഭ്രാന്തിയാക്കാന്‍ തുനിഞ്ഞിറങ്ങിയ ആള്‍ ആശയപരമായി വിരുദ്ധ പക്ഷത്തു നില്‍ക്കുന്ന തന്നെ വെറുതെ വിടുമോ എന്നതാകാം വി എസ് ഈ ആരോപണം വഴി സ്ഥാപിക്കാന്‍ ശ്രമിച്ചത് .

കാലം പോകെപ്പോകെ  ആശയ അധികാര  സമരങ്ങളില്‍  പെട്ട്  ഒരേ പാര്‍ട്ടിയിലുള്ളവര്‍  വിരുദ്ധ ധ്രുവങ്ങളില്‍ ആയിത്തീര്‍ന്നു   എന്നത്    സമകാലിക  യാഥാര്‍ത്ഥ്യം . കാലങ്ങളായി  പരസ്പരം പോരാടുന്നതിനിടയില്‍  ഉന്നയിച്ച വിമര്‍ശനങ്ങളും തുടര്‍ന്നുണ്ടായ   വൈകാരിക   ദൌര്‍ബല്യങ്ങളുമാകണം    അച്യുതാനന്ദനെകൊണ്ട്  ലോറന്‍സിന്റെ കുടുംബകാര്യങ്ങളെതെരുവിലെ വിഴുപ്പലക്കു വിശേഷമാക്കാന്‍   പ്രേരിപ്പിച്ചത് .

ഇരുവരും തമ്മിലുള്ള വഴക്കുകളും പാര്‍ട്ടിയിലെ ഇന്നത്തേത് പോലുള്ള അസ്വാരസ്യങ്ങളും ഇല്ലാതിരുന്ന ഒരു കാലത്ത്  പാര്‍ട്ടി ശത്രുക്കള്‍ പറഞ്ഞു പരത്തിയ ആരോപണങ്ങള്‍ക്കും കഥകള്ക്കുമാണ്  വര്‍ഷങ്ങള്‍ക്കിപ്പുറം നാണം കെട്ട ഗ്രൂപ്പ് വഴക്കുകളുടെ ഫലമെന്നോണം ഇരു നേതാക്കളും ഔദ്യോഗികമായ ചരിത്ര ഭാഷ്യം നല്കിയിരിക്കുന്നത്.

ഭ്രാന്തോ മാനസിക അസ്വാസ്ഥ്യങ്ങളോ ആര്‍ക്കും വരാം .കമ്യൂണിസ്റ്റ്‌ കാരായത് കൊണ്ട് ലോറന്‍സിന്റെ ഭാര്യയ്ക്ക്  അത് വരാന്‍ പാടില്ല എന്നില്ല .അമ്മയ്ക്ക് ഇത്തരത്തില്‍ അസുഖമുണ്ട് അവര്‍ക്ക് ചികില്‍സ വേണം എന്ന് അച്ഛന്‍  തീരുമാനിച്ചാല്‍  അത് സ്നേഹമുള്ള എല്ലാമാക്കള്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നു വരില്ല . അവര്‍ അതിനെ എതിര്‍ത്തെക്കും ,ചിലപ്പോള്‍ കുടുംബാങ്ങല്‍ക്കിടയിലോ ഉറ്റ മിത്രങ്ങക്കിടയിലോ അവരിലുള്ള വിശ്വാസം കൊണ്ട് അതൊരു പരാതിയായി പറഞ്ഞെന്നുമിരിക്കും . കമ്യൂണിസ്റ്റ്‌ കാര്‍ക്ക്  പാര്‍ട്ടി സഖാക്കളും നേതാക്കളുമാണ്  ഏറ്റം പ്രിയപ്പെട്ട കുടുംബക്കാര്‍ .ആ നിലയില്‍ ലോറന്‍സിന്റെ മകള്‍ വി എസിനോട് പരാതി പറഞ്ഞിട്ടുണ്ടാകും ..  മൂവാറ്റുപുഴ  പൈന്കുളത്തെ ഡോ :പുളിക്കന്റെ മാനസിക ചികില്‍സാ കേന്ദ്രത്തില്‍  കഴിയുന്ന ലോറന്‍സിന്റെ ഭാര്യ യുടെ ഇന്നത്തെ അവസ്ഥ അറിഞ്ഞോ അറിയാതെയോ വര്‍ഷങ്ങള്‍ക്കു ശേഷം വി എസ് പഴിക്കു പകരം പഴി പറഞ്ഞ്  ഇത്തരം ഒരാരോപണം ഉന്നയിക്കുമ്പോള്‍  തകര്‍ന്നു പോകുന്നത് ലക്ഷോപലക്ഷം കംയൂനിസ്സ്റ്റ്‌ കുടുംബങ്ങള്‍ തങ്ങളില്‍ പരസ്പരം അര്‍പ്പിച്ചിട്ടുള്ള വിശ്വാസവും കരുതലും കൂടിയാണ്  എന്നതോര്‍ക്കണമായിരുന്നു .

പുന്നപ്ര സമരകാലത്ത് വി എസ്  പൂഞ്ഞാറില്‍ ആയിരുന്നു എന്ന ശത്രു പക്ഷത്തെ വിമര്‍ശനം വര്‍ഷങ്ങള്‍ക്കു ശേഷം ലോറന്‍സ് ഏറ്റെടുക്കുകവഴി ഇതുവരെ പാര്‍ട്ടി പ്രചരിപ്പിച്ച ആ സമര ചരിത്രത്തിനും കളങ്കമേറ്റിരിക്കുന്നു .അന്തരിച്ച  പുന്നപ്ര സമരസേനാനി കെ എസ് ബെന്നിന്റെ എഴുതി പൂര്‍ത്തീകരിക്കാതെ പോയ  ആത്മ കഥയില്‍ അദ്ദേഹം വി എസിനെ സംബന്ധിച്ച ഈ ചരിത്ര സത്യം  പറയുന്നുണ്ട്, പാര്‍ട്ടി വിജനത്തോടെ സി പി ഐയിലെത്തിയ  കെ എസ് ബെന്നുമായി നാല് വര്ഷം  മുന്‍പ് പ്രസിദ്ധീകരണാര്‍ഥം  ഈ ലേഖകനുമായി നടത്തിയ ഒരു സംഭാഷണത്തില്‍ അദ്ദേഹം ഈ സംഭവം   വായനക്കാര്‍ക്കായി  പങ്കുവച്ചിരുന്നു. പക്ഷെ ഇന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഏറെക്കുറെ വി എസിനൊപ്പം തന്നെ സിപിഎമ്മില്‍ പ്രാധാന്യമുള്ള ലോറന്‍സിനെ പോലൊരു നേതാവ് അതാവര്‍ത്തിക്കുംപോള്‍  അതിന്റെ പ്രത്യാഖാതം പാര്‍ട്ടി സമര ചരിത്ര നിഷേധത്തില്‍ മാത്രം ഒതുങ്ങുന്നതാവില്ല .

ഏതായാലും വി എസിന്റെ യഥാര്‍ത്ഥ മുഖം അറിഞ്ഞോ അറിയാതെയോ അദ്ദേഹം തന്നെ അനാവരണം ചെയ്തു കൊണ്ടിരിക്കുകയാണ്

 അദ്ദേഹത്തിന്‍റെ ഉള്ളില്‍ കത്തി ജ്വലിക്കുന്നു എന്ന്  നാം വിശ്വസിച്ച  ആദര്‍ശത്തിന്റെയും ചരിത്ര ബോധത്തിന്റെയും തീഷ്ണതയ്ക്ക്    എവിടെവച്ചോ മങ്ങല്‍ സംഭവിച്ചിരിക്കുന്നു .

,അടുത്ത കാലത്ത് ടി കെ ഹംസയ്ക്കെതിരെ നടത്തിയ രോഷ പ്രകടനത്തില്‍  എകെ ജിയുമായി ബന്ധപ്പെട്ടു വി എസ് നടത്തിയ പരാമര്‍ശവും യഥാര്‍ത്ഥ ചരിത്രത്തിനു നിരക്കുന്നതായിരുന്നില്ല .അമരാവതിയില്‍ എകെ ജി പട്ടിണി സമരം നടത്തുമ്പോള്‍  കോഴിക്കോട് ഡി സി സി പ്രസിഡന്റ്‌ ആയിരുന്ന ഹംസ "കാലന്‍ വന്നു വിളിച്ചിട്ടും എന്തേ പോകാത്തെ ഗോവാലാ ഗോവാലാ" എന്ന്  മുദ്രാവാക്യം വിളിച്ചു എന്നാണു വി എസ് പറഞ്ഞത് . ഇടുക്കി ജല വൈദ്യുതിയുമായി ബന്ധപ്പെട്ടു കുമിളിക്കടുത്തു കര്‍ഷകരെ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ക്കെതിരെ 1961 ജൂണില്‍  എ കെ ജി നടത്തിയ സമരത്തിനു എതിര്‍ മുദ്രാവാക്യം വിളിക്കാന്‍ പോയിട്ട് ടി കെ ഹംസ അന്ന്  കോണ്ഗ്രസില്‍  ഉണ്ടായിരുന്നോ  എന്ന് തന്നെ സംശയമാണ് .1968  ലാണ്  ഹംസ പ്രദേശ്‌  കോണ്ഗ്രസ്  അംഗം ആകുന്നത് 1979   -82  കാലഘട്ടത്തിലാണ്  അദ്ദേഹം ഡി സി സി പ്രസിഡന്റ്‌ ആയതും , അത് വച്ചു നോക്കുമ്പോള്‍ എക്കാലത്തെയും പോലെ   ഇതും തല്‍ക്കാലം ജയിക്കാന്‍ വേണ്ടി വി എസ് പറഞ്ഞതായിരിക്കാം എന്ന് കരുതാനേ നിര്‍വാഹമുള്ളൂ   .

പക്ഷെ  വി എസിന്റെ ഈ നടപടികള്‍ അല്പമെങ്കിലും  ചരിത്ര ബോധമുള്ളവരുടെ ഉള്ളില്‍  അദ്ദേഹത്തെ കുറിച്ചുള്ള ധാരണകളില്‍    വലിയ തോതില്‍  തിരുത്തല്‍  വരുത്താനിടയാക്കും എന്നതില്‍ തര്‍ക്കമില്ല ...

7 അഭിപ്രായങ്ങൾ:

 1. പണ്ട് പുന്നപ്ര സമരത്തില്‍ നിന്നും വി എസ് ഇങ്ങനെ പേടിച്ചു പിന്‍ മാറിയിട്ടുണ്ട് എന്നും അദ്ദേഹം വെളിപ്പെടുത്തി .പുന്നപ്രവയലാര്‍ സമര സേനാനി എന്ന നിലയില്‍ ധീരതയുടെ പര്യായമായി പില്‍ക്കാലത്ത് വാഴ്ത്തപ്പെട്ട വി. എസ് .പുന്നപ്ര സമരത്തില്‍ പങ്കെടുക്കാതെ ഒളിച്ചോടിയ ചരിത്രം ഉണ്ടെന്നാണ് ലോറന്‍സ് ഓര്‍ത്തെടുത്തു പറഞ്ഞത് . വാരിക്കുന്തവുമായി മരണം പോലും പ്രതീക്ഷിച്ചു ചന്ദ്രാനന്ദനും കൂട്ടരും മുന്നേറിയപ്പോള്‍ വി എസ് തനിക്കു അറസ്റ്റ് വാറണ്ട് ഉണ്ടെന്നു പറഞ്ഞു പിന്മാറുക യായിരുന്നത്രേ !
  ലോറന്‍സും ഒട്ടും പിന്നാക്കം പോകാന്‍ തയ്യാറായില്ല .
  സ്വന്തം ഭാര്യയെ ഭ്രാന്തിയാക്കി മുദ്രകുത്തി ആശുപത്രിയില്‍ അടച്ച വിദ്വാനാണ് ലോറന്‍സ് എന്നും താന്‍ മുഖ്യമന്ത്രിയായിരിക്കെ ലോറന്‍സിന്റെ മകള്‍ ഇക്കാര്യം പറഞ്ഞു തനിക്ക് പരാതി തന്നിട്ടുണ്ട് എന്നും വി എസ് ഒരു മന:ക്ഷോഭവും ഇല്ലാതെ പരസ്യമായി പറഞ്ഞു കളഞ്ഞു .

  ഈ വിഴുപ്പലക്ക് ഇങ്ങിനെ തുടര്‍ന്നാല്‍ .......:)

  മറുപടിഇല്ലാതാക്കൂ
 2. കമ്മ്യൂണിസം എന്ന സുന്ദര ആശയത്തിനു സംഭവിച്ച വിലയിടിച്ചില്‍ തന്നെയാണ് അതിന്റെ നേതാക്കള്‍ക്കും സംഭവിക്കുന്നത്. മുതലാളിത്തം കൂടുതല്‍ സജീവമാകുന്ന ഒരു സമൂഹത്തില്‍ ഒഴുക്കിനെതിരെ നീന്താതെ ഒഴുക്കില്‍ തന്നെ തുഴഞ്ഞു വ്യത്യസ്തരാകാന്‍ ശ്രമിക്കുന്നതിലെ പരിഹാസ്യത പൊതു ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട് എന്നിവര്‍ അറിയുന്നോ ആവോ

  മറുപടിഇല്ലാതാക്കൂ
 3. വീ.എസിനെ പരസ്യമായി ആക്രമിക്കുന്നതില്‍ എതിര്‍ചേരിയിലുള്ള മറ്റേതു നേതാവിനെക്കാളും മുമ്പിലാണ് എം.എം.ലോറന്‍സ്‌. പക്ഷെ, എന്തിന്റെ പേരിലായാലും സ്വകാര്യമായി അഭ്യര്‍ഥിച്ച ഒരു സഹായം വി.എസ് പുറത്തുപറയാന്‍ പാടില്ലായിരുന്നു. അതും ഒരു കുടുംബകാര്യം.

  മറുപടിഇല്ലാതാക്കൂ
 4. രണ്ടുപേരും ചെയ്ത തെറ്റ് ഒന്നു തന്നെയാണ്. വിഴുപ്പലക്കൽ... അതിൽ ഒരാൾ മറ്റെയാളേക്കാൾ കേമനായെന്നോ പറയാൻ പാടില്ലായിരുന്നെന്നൊ പറയുന്നതിൽ അർത്ഥമില്ല. ഇത്തരം രാഷ്ട്രീയം നിറുത്തുകയാണ് വേണ്ടത്. ജനങ്ങളുടെ മുന്നിൽ സ്വയം അപഹാസ്സ്യരാവുകയാ‍ണ് തങ്ങളെന്ന സാധാരണക്കാരുടെ തിരിച്ചറിവുപോലും ഇവർക്കില്ലാതെ പോവുന്നത് കഷ്ടമാണ്.

  [‘ലോറന്‍സും ഒട്ടും പിന്നാക്കം പോകാന്‍ തയ്യാറായില്ല .’ എന്ന വാചകത്തിൽ ‘വീയെസ്സും ഒട്ടും പിന്നാക്കം പോകാൻ തെയ്യാറായില്ല’ എന്നല്ലെ ശരി എന്നൊരു സംശയം.]

  മറുപടിഇല്ലാതാക്കൂ
 5. രാഷ്ടത്തിനും,മനുഷ്യനന്മയ്ക്കും വേണ്ടി ജീവിതകാലം മുഴുവന്‍ ത്യാഗോജ്ജ്വലമായ
  പ്രവര്‍ത്തനങ്ങള്‍ നടത്തി സഹജീവികള്‍ക്ക് സുശോഭനമായ വഴിത്താരകള്‍ തുറന്നു
  കൊടുത്ത മഹാരഥന്മാരെ പോലും മറക്കുന്ന കാലമാണ്!എന്നാല്‍ പലരുടെയും യശസ്സിന് കളങ്കം ചാര്‍ത്തി എഴുത്തുകാരന്‍ അവനവന്റെ ഹിതമനുസരിച്ചുള്ള ഏച്ചുക്കെട്ടലുകള്‍ വരുത്തി ചരിത്രത്തെ വികൃതമാക്കുന്ന അവസ്ഥയാണ് ഇന്ന് പരക്കെ കണ്ടുവരുന്നത്.അസഹിഷ്ണുതയും ഒരു കാരണം.പുതുതലമുറ ആ
  ചരിത്രം പഠിക്കേണ്ടിവരുന്നു.മഹാന്മാരുടെ ഗുണമേറും സ്വഭാവം പഠിച്ച് ചിന്തിച്ച്
  വിവേകം കൈവരിക്കാനാണ് കുട്ടികളെ ഉല്‍ബോധിപ്പിക്കാറുള്ളത്.ഇന്ന് ആര്‍ക്കും ആരേയും അംഗീകരിക്കാന്‍ കഴിയുന്നില്ല.നന്മകള്‍ കാണാന്‍ മനസ്സില്ല!അവനവന്‍
  അവനവനിലേയ്ക്ക് ചുരുങ്ങുകയാണ്.മറ്റുള്ളവന്‍റെ കഴിവിനെ പുകഴ്ത്തിയാല്‍
  തന്‍റെ വിലയിടിയുമല്ലോ എന്ന മിഥ്യാധാരണ.കാലത്തില്‍ വന്ന മാറ്റം!കാലത്തെ
  മുന്നിലെത്തിച്ചര്‍ക്കും വന്നിരിക്കുന്നു.ഇനി എവിടെയൊക്കെ തിരുത്തലുകള്‍...,..??!!!
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 6. വയസ്സായാല്‍ പിള്ളേരെപ്പോലെ ആകുമെന്ന് പറയുന്നത് ഇങ്ങിനെയാവും അല്ലെ!

  മറുപടിഇല്ലാതാക്കൂ
 7. രണ്ടുപ്പേർക്കും ചിന്നന്റെ അസുഖം ആരംഭിച്ചു കാ‍ണും...

  മറുപടിഇല്ലാതാക്കൂ