ചൊവ്വാഴ്ച, മേയ് 22, 2012

മമതയുടെ ബംഗാള്‍ ,മറ നീക്കുന്ന ഫാസിസം ..

മറ നീക്കുന്ന ഫാസിസം 
------------------------------------------
ശ്ചിമ  ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നടപടികള്‍ അവര്‍ പുലര്‍ത്തുന്ന  ഏകാധിപത്യ  ഭരണ  

നയങ്ങളുടെ ഫാസിസ്റ്റ്  മുഖം വെളിപ്പെടുത്തുന്നതാണ്  ..തന്നെ വിമര്‍ശിക്കുന്നവര്‍ ബംഗാളില്‍ വേണ്ട  എന്നഅവരുടെ 
സമീപനവും അത് നടപ്പാക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും ജനാധിപത്യത്തെ പച്ചയ്ക്ക് കശാപ്പ് ചെയ്യുന്നതിന് 
തുല്യമാണെന്ന് അവിടെ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു .

മുപ്പത്തിനാല് വര്‍ഷത്തോളം  തുടര്‍ച്ചയായി ബംഗാള്‍ ഭരിച്ച ഇടതു പക്ഷ സര്‍ക്കാരും അതിനു നേതൃത്വം നല്‍കിയ സി പി എമ്മും ബംഗാളിനെ "പാര്‍ട്ടി സെല്‍" ആക്കി മാറ്റി എന്നായിരുന്നു  മമതയും അവരുടെ പാര്‍ട്ടിയും  എക്കാലവും  ഉയര്‍ത്തിയ ആരോപണം . ജനങ്ങളുടെ ജീവിക്കാനുള്ള അവകാശങ്ങളും  പ്രതികരിക്കാനുള്ള അവസരങ്ങളും പോലും ഇല്ലാതാക്കിയ സി പിഎം നെ ഭരണത്തില്‍ നിന്ന് തുടച്ചു മാറ്റണം എന്നാവശ്യപ്പെട്ട്   തൃണമൂല്‍ കോണ്ഗ്രസ്സും അവരുടെ സഖ്യ കക്ഷികളും നടത്തിയ നിരന്തര സമരത്തിന്റെ പ്രതിഫലനമായിരുന്നു  കഴിഞ്ഞ  വര്‍ഷം  അവിടെയുണ്ടായ   ഭരണ മാറ്റവും മമതയുടെ സ്ഥാനാരോഹണവും 

വലതു പക്ഷ വ്യതിയാനത്തിനും  , സാധാരണ ജനങ്ങളുടെ  അവകാശങ്ങള്‍ നിഷേധിച്ചു  കുത്തക മുതലാളിത്തത്തിനും വഴങ്ങിയ  സി പി എം സര്‍ക്കാരിനെതിരെ സിന്ഗൂരിലും നന്ദിഗ്രാമിലും  സമരം നടത്തിയ കര്‍ഷകരുടെ ചോരയില്‍ ചവിട്ടിയായിരുന്നു മമതയുടെ സര്‍ക്കാര്‍  അധികാരത്തില്‍ എത്തിയത് . സി പി എമ്മിന്റെ കുത്തക ഭരണത്തിനു അറുതി വന്നതോടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രാണവായു  കിട്ടിയ സന്തോഷത്തിലായിരുന്നു അവിടുത്തെ ജനങ്ങളും ജനാധിപത്യത്തെ അംഗീകരിക്കുന്ന ലോക സമൂഹവും .
എന്നാല്‍ മുന്‍ ഭരണത്തെ പോലും നാണിപ്പിക്കുന്ന വിധത്തിലാണ് ഭരണത്തിലേറി ഏതാനും മാസങ്ങള്‍ മാത്രം പിന്നിട്ട മമതയുടെ ജനാധിപത്യ വിരുദ്ധ നടപടികള്‍ . തികഞ്ഞ ഏകാധിപത്യ സ്വഭാവമാണ് ഇതിനകം അവര്‍ പ്രകടിപ്പിച്ചു കഴിഞ്ഞിട്ടുള്ളത് . രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നു ,ക്രമസമാധാന തകര്‍ച്ചയുടെ സൂചനയായി പോലീസിനെയും നിയമത്തെയും അവര്‍ ദുരുപയോഗം ചെയ്തു . 

സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്ന പത്രങ്ങളെയും മറ്റു മാധ്യമങ്ങളെയും ,നിരോധനം ചെയ്യുമെന്ന ഭീഷണി ,   വിമര്‍ശിക്കുന്നവരെ അധിക്ഷേപിക്കല്‍ അവരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇല്ലായ്മ ചെയ്യാനുള്ള നീക്കം എന്നിവ ബംഗാളില്‍ നടമാടുകയാണ് . 

പ്രതിപക്ഷത്തിരുന്നപ്പോള്‍  കൊലപാതക രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രചരണം നടത്തിയ മമത അധികാരത്തില്‍ വന്നു ഒരു വര്ഷം പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് തന്നെ 64 ഓളം രാഷ്ട്രീയ കൊലപാതകങ്ങള്‍ പശ്ചിമ ബംഗാളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും തൃണമൂല്‍ കോണ്ഗ്രസിന്റെ രാഷ്ട്രീയ എതിരാളികള്‍ ആണെന്നതാണ്  വസ്തുത .കൊലയാളികളെ സര്‍ക്കാര്‍തന്നെ  രക്ഷപ്പെടാന്‍  അവസരമൊരുക്കുന്നു എന്നും ശക്തമായ ആരോപണമുണ്ട് .

അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കരണ സ്വാതന്ത്ര്യവും ബംഗാളില്‍ കൂച്ചു വിലങ്ങിടപ്പെട്ട നിലയിലാണ് .ഈയിലെ മമതയെ കഥാപാത്രമാക്കി  കാര്‍ട്ടൂണ്‍ വരച്ച  ജാദബ്‌  പൂര്‍ സര്‍വ്വകലാശാലയിലെ  ഒരു കോളേജ്‌ പ്രൊഫസറെയും മറ്റൊരാളെയും അറസ്റ്റു ചെയ്തത് സംഭവം ഇതിനുഉദാഹരണമാണ് . 

ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്ന്  തുറന്നടിച്ചുകൊണ്ട് തന്നെ ആരും വിമര്‍ശിക്കാന്‍ പാടില്ല എന്ന സൂചനയും മമത നല്‍കി . കഴിഞ്ഞ ദിവസം സി എന്‍ എന്‍ /ഐ ബി എന്‍ ചാനല്‍ കോളേജ്‌ വിദ്യാര്തികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച  മുഖ്യമന്ത്രിയുമായി ഒരു മുഖാമുഖം  എന്ന പരിപാടിയില്‍ നിന്ന് മമത ക്ഷോഭം പൂണ്ടു ഇറങ്ങി പോയത് അവര്‍ പുലര്‍ത്തുന്ന അസഹിഷ്ണുതാ സമീപനത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് . 

കാര്‍ട്ടൂണ്‍ വരച്ച കോളേജു പ്രൊഫസര്‍ അറസ്റ്റില്‍ ആകപ്പെട്ട സാഹചര്യത്തെക്കുറിച്ച് ഒരു വിദ്യാര്‍ഥിനി ഉന്നയിച്ച സംശയമാണ്  മമതയെ ക്രുദ്ധയാക്കിയത് . വേദിയില്‍ ഇരിക്കുന്നവരും കേള്‍ക്കുന്നവരും പങ്കെടുക്കുന്നവരും എല്ലാം സി പി എം കാരും എസ് ,എഫ്.ഐ .ക്കാരും കലാപകാരികളും ആണെന്ന് പറഞ്ഞുകൊണ്ടാണ് തുടര്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ മമത ഭീഷണി സ്വരം മുഴക്കി വേദി വിട്ടത് .

 ടൈം മാസികയുടെ  സര്‍വേ പ്രകാരം ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള  നൂറു വ്യക്തികളില്‍ ഒരാളാണ് ശ്രീമതി മമതാ ബാനര്‍ജി .പക്ഷെ അവരുടെ ഇപ്പോഴത്തെ നടപടികള്‍ പരിശോധിക്കുമ്പോള്‍ ആ സ്വാധീന ശക്തി ഫാസിസ്സ് നയങ്ങളുടെ പേരിലാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .

സ്വതന്ത്രമായി ചിന്തിക്കാനും അഭിപ്രായം പറയാനും ആശയങ്ങള്‍ വിനിമയം ചെയ്യാനും കലാ സാംസ്കാരിക പ്രവര്‍ത്തനം നടത്താനും ധൈര്യമായി ജീവിക്കാനും,  ഒരു സമൂഹത്തില്‍ സാധ്യമല്ല എങ്കില്‍ ആ സാഹചര്യം തന്നെയാണ് ഇപ്പോള്‍ പശ്ചിമ ബംഗാളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത് . അതിനെ ഫാസിസം എന്നല്ലാതെ മറ്റെന്താണ് വിളിക്കുക ?

16 അഭിപ്രായങ്ങൾ:

 1. ഫാസിസത്തിന് കാലങ്ങളായി ഇന്ത്യാ മഹാരാജ്യം ചാര്‍ത്തിക്കൊടുത്തിരുന്ന സ്ഥിരം മുഖച്ഛായക്ക് ഒരു കൂട്ടെന്ന നിലയില്‍ ഈ സംഭവത്തെ കൂട്ടി വായിക്കേണ്ടിയിരിക്കുന്നു. അധികാരമത്ത്‌ പിടിച്ച മമതാ പാര്‍ട്ടിക്ക് ഒട്ടും മമതയില്ല എന്ന് ജനങ്ങള്‍ക്ക്‌ മനസിലായി തുടങ്ങിയിരിക്കുന്നു.

  എന്തായാലും ഒരു കാര്യം ഉറപ്പ് , ഇത്തരത്തിലുള്ള ഫാസിസ്റ്റ് ചിന്താഗതിക്കാര്‍ക്കും , അവരുടെ പാര്‍ട്ടിക്കാര്‍ക്കും അല്പ്പായുസ്സു മാത്രമേ ചരിത്രത്തില്‍ ഉണ്ടാകൂ..

  ആശംസകള്‍ രമേഷേട്ടാ..

  മറുപടിഇല്ലാതാക്കൂ
 2. ഓണം വന്നാലും ഉണ്ണി പിറന്നാലും ബംഗാളിക്ക് കഞ്ഞി കുമ്പിളിൽ തന്നെ....

  അതിലും തമാശ, ഇതിനെതിരെ സമരം നയിക്കേണ്ട സിപിഎം അവിടെ ജനങ്ങൾ വോട്ട് ചെയ്തതല്ലേ....... അനുഭവിക്കട്ടെ എന്ന നിലപാടിൽ ആണെന്ന് എവിടെയോ വായിച്ചുകേട്ടതാണു...

  നല്ല ലേഖനം രമേശേട്ടാ

  മറുപടിഇല്ലാതാക്കൂ
 3. മമത, ജയലളിത, മായാവതി....ഈ മൂന്നുപേരിലും എത്രയെത്ര ദുര്‍സാമ്യങ്ങളാണ്.

  മറുപടിഇല്ലാതാക്കൂ
 4. കേന്ദ്ര റയിൽവേ മന്ത്രിയായിരിക്കുമ്പോൾത്തന്നെ അവരിലെ ഏകാധിപത്യ സ്വഭാവം തല നീട്ടിത്തുടങ്ങിയിരുന്നു. തനിയ്ക്ക് ഒന്നൊപ്പിടാൻ ഒരു ഫയൽ പോലും കിട്ടുന്നില്ലെന്ന് ഒരു സഹ മന്ത്രി ഇവിടെയൊക്കെ നിലവിളിച്ചു നടന്നത് വളരെ മുമ്പൊന്നുമല്ല. മായാവതി-ജയലളിത ഗണത്തിലേയ്ക്ക് അവരും താഴ്ന്നെത്തിക്കഴിഞ്ഞു.

  മറുപടിഇല്ലാതാക്കൂ
 5. അധികാരത്തിന്റെ മത്ത്‌ മമതക്കും പിടിച്ചിരിക്കുന്നു. നിവൃത്തികേടുകൊണ്ട് ഇടതിനെതിരെ വോട്ട് ചെയ്ത വംഗ ജനത ഇപ്പോള്‍ ഖേടിക്കുന്നുണ്ടാവും.

  മറുപടിഇല്ലാതാക്കൂ
 6. മമതയോടുള്ള മമത കുറഞ്ഞു തുടങ്ങിയിരിക്കുന്നു. അടുത്തു തന്നെ വൻ വീഴ്ച്ചകളിൽ കാണാം ഈ രൂപത്തിനെ..

  മറുപടിഇല്ലാതാക്കൂ
 7. പ്രതികരണങ്ങള്‍ക്ക് നന്ദി ...:))

  മറുപടിഇല്ലാതാക്കൂ
 8. ജനാധിപത്യസംവിധാനമുള്ള രാജ്യത്ത്‌ ജനങ്ങളുടെ മനോഗതി മനസ്സിലാക്കാത്ത
  അധികാരികളുടെ ഗതി അധോഗതി!
  നന്നായിരിക്കുന്നു ലേഖനം.
  ആശംസകളോടെ

  മറുപടിഇല്ലാതാക്കൂ
 9. വിഷയവുമായി ബന്ധം ഇല്ലെങ്കിലും ഒരു അനുബന്ധ ഭീതി.

  "സ്വതന്ത്രമായി ചിന്തിക്കാനും അഭിപ്രായം പറയാനും ആശയങ്ങള്‍ വിനിമയം ചെയ്യാനും കലാ സാംസ്കാരിക പ്രവര്‍ത്തനം നടത്താനും ധൈര്യമായി ജീവിക്കാനും, ഒരു സമൂഹത്തില്‍ സാധ്യമല്ല എങ്കില്‍ ...."

  ഈ പറഞ്ഞവയും ഇതിനെക്കാളും കൂടുതലും ഉണ്ടായിട്ടും, ഇതൊന്നുമില്ലാത്ത മറ്റൊരു നാട്ടിലേക്ക് പലായനം. അതിനര്‍ത്ഥം അതിനേക്കാള്‍ വലിയ പലതും നമുക്ക് ഉണ്ട്. പ്രധാനമായും തൊഴിലവസരം.
  നമ്മുടെ സംസ്ഥാനത്ത് സര്‍ക്കാര്‍ ജോലി നേടിയവരുടെ അനുപാതവും സര്‍ക്കാര്‍ അവര്‍ക്ക് വേണ്ടി നീക്കി വെക്കുന്ന ബജറ്റ് വിഹിതവും തമ്മിലുള്ള അന്തരം വളരെ വലുതാണ്‌. കൊല്ലം കൊല്ലം അത് കൂടി വരികയും ചെയ്യുന്നു. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള സാദ്ധ്യതകള്‍ ഈ ന്യുനപക്ഷത്തിനു വേണ്ടി നേര്‍ത്തു നേര്‍ത്തു നേര്‍ത്തു ഇല്ലാതാവുന്നു. എന്നിട്ടും എന്നും നമ്മുടെ വിഷയങ്ങള്‍ സങ്കല്പീകങ്ങലായ സ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയവയുടെ ചുറ്റും കറങ്ങുകയും ചെയ്യുന്നു.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി ഹസീന്‍ ..മറ്റൊരു ലേഖനത്തിനുള്ള വിഷയം അവതരിപ്പിച്ചതിന് ..:)))

   ഇല്ലാതാക്കൂ
 10. നന്ദിഗ്രാമും,സിംഗൂറും ആവശ്യത്തിലധികം ‘ആഘോഷിച്ച’ മാധ്യമങ്ങൾ മമതയുടെ ഈ മറനീക്കുന്ന ഫാസിസം പലപ്പോഴും കണ്ടില്ലെന്നു നടിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 11. പിടിച്ചതിലും വലുതായിരുന്നു അളയില്‍

  മറുപടിഇല്ലാതാക്കൂ
 12. എനിക്കറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ, മമത, ജയലളിത, മീരാകുമാര്‍,പ്രതിഭാ പാട്ടീല്‍........ഇവരെയൊക്കെക്കൊണ്ട് എന്നാ ഗുണമാണ് നാടിന്‌?
  (സോണിയാഗാന്ധി വിശ്രമത്തിലായകൊണ്ട് തല്‍ക്കാലം വെറുതെവിട്ടു)

  പെണ്ണ്‍ ഒരുംബിട്ടാല്‍........എന്ന്‌ പഴമക്കാര്‍ പറയില്ലേ???? അതുതന്നെ!!
  എന്ത് ചെയ്യാം?
  നന്നായി ഓടിക്കൊണ്ടിരുന്ന റയില്‍വേയെ കുട്ടിച്ചോറാക്കിയില്ലേ?
  പിടിവാശി കൊണ്ട് യു.പി.യെ.യെ പൊറുതിമുട്ടിക്കുന്നില്ലേ?
  കാത്തുകാത്തിരുന്ന് അധികാരം കയ്യില്‍ വന്നപ്പോള്‍ പലരോടും മുന്‍വൈരാഗ്യം തീര്ക്കുകയല്ലേ?

  ഈ അസഹിഷ്ണതയുടെ മൂടുപടം മാധ്യമങ്ങള്‍ വലിച്ചുകീറിയാലും ഒരുചുക്കും സംഭവിക്കാന്‍ പോണില്ല. പത്രവും ടി.വി.യും കാണാത്ത, വായിക്കാന്‍ അറിയാത്തവരുടെ നേതാവല്ലേ അവര്‍!!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ടീ വി .ഇല്ലാത്ത തമിഴ്‌ നാട്ടുകാര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ടീവി വാങ്ങികൊടുത്തിരുന്നു രാഷ്ട്രീയക്കാര്‍ അത് അത് കണ്ടിട്ടും ജയലിതയും ,കരുണാ നിധിയും ഒന്നിടവിട്ട് വന്നുകൊണ്ടേയിരിക്കുന്നു ..നാലെ മുക്കാല്‍ കൊല്ലം ദുരിതം അനുഭവിച്ചാലും തെരഞ്ഞെടുപ്പ് വേളയില്‍ കിട്ടുന്ന നക്കാപ്പിച്ച ഉണ്ടെങ്കില്‍ എല്ലാം മറക്കാനും പൊറുക്കാനും പഠിച്ചവരാണ് ഇന്ത്യയിലെ വോട്ടര്‍മാര്‍..സുനാമി വരെ മറന്നു ..പിന്നെയാണോ രാഷ്ട്രീയ ദുരന്തങ്ങള്‍ ..?
   മായാവതിയെ വിട്ടുകളഞ്ഞത് ശരിയായില്ല ..

   ഇല്ലാതാക്കൂ
 13. അധികാരം അത് മനുഷ്യനെ മൃഗമാക്കും. അതുകൊണ്ടല്ലേ ഗാന്ധിജി എനിക്ക് അധികാരം വേണ്ട എന്ന് പറഞ്ഞത്. നമ്മുടെ ജനാധിപത്യം എങ്ങോട്ടാണ് പോകുന്നത്?
  സ്വതന്ത്രമായി ചിന്തിക്കാനും അഭിപ്രായം പറയാനും ആശയങ്ങള്‍ വിനിമയം ചെയ്യാനും കലാ സാംസ്കാരിക പ്രവര്‍ത്തനം നടത്താനും ധൈര്യമായി ജീവിക്കാനും, ഒരു സമൂഹത്തില്‍ സാധ്യമല്ല എങ്കില്‍ ആ സാഹചര്യം തന്നെയാണ് ഇപ്പോള്‍ പശ്ചിമ ബംഗാളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്..

  ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നല്ല പണ്ടും അവിടെ അങ്ങിനെ തന്നെ ആയിരുന്നില്ലേ? സി പി എം ഒരു കൊലപാതക രഹിത ഭരണം ആണോ അവിടെ നടത്തിയിരുന്നത്?

  മറുപടിഇല്ലാതാക്കൂ